08 August Saturday

യോഗാദിനം ഡിജിറ്റലാകുമ്പോള്‍; രീതികളിലുള്ള മാറ്റം ജനങ്ങള്‍ സ്വീകരിക്കണം

ഡോ. പി ടി അജീഷ്Updated: Saturday Jun 20, 2020

ഡോ. പി ടി അജീഷ്

ഡോ. പി ടി അജീഷ്

ജൂൺ 21 അന്തര്‍ദേശീയ യോഗാദിനം. എസ്‌സിഇആർടി റിസർച്ച്‌ ഓഫീസർ ഡോ. അജീഷ്‌ പി ടി എഴുതിയ ലേഖനം.

വീണ്ടുമൊരു അന്താരാഷ്ട്ര യോഗാദിനാഘോഷം കൂടി വന്നെത്തിയിരിക്കുകയാണ്. ഇന്നിപ്പോള്‍ ഏത് ആഘോഷമായാലും ദിനാചരണമായാലും കേവലം ഒരു ദിവസം മാത്രമായി ആചരിക്കുന്ന പ്രഹസനത്തിലേക്ക് വഴിമാറിയിരിക്കുന്നു. കൊറോണ വൈറസ് വഴിമുടക്കിയ 2020 ജൂണ്‍ 21 ന് നടക്കുന്ന അന്തര്‍ദേശീയയോഗാദിനം ആഘോഷിക്കേണ്ടിവരുന്നത് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ മാത്രമാകുന്നുവെന്നത് മറ്റൊരു ചരിത്രം. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന അത്യന്തം ഗൗരവമേറിയ ഈ സാഹചര്യത്തില്‍ ആഘോഷങ്ങളുടെ രീതികളിലുള്ള മാറ്റം ജനങ്ങള്‍ തീര്‍ച്ചയായും സ്വീകരിക്കുവാന്‍ തയാറാകണം. ആദ്യത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണം രാജ്യതലസ്ഥാനത്ത് അരങ്ങേറിയപ്പോള്‍ ഒറ്റ വേദിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തു എന്ന് ഗിന്നസ് റെക്കാര്‍ഡില്‍ സ്ഥാനം നേടിയിരുന്നു. എന്നാല്‍  സാമൂഹിക അകലവും ശാരീരിക അകലവും പാലിക്കേണ്ട ഈ പ്രത്യേക സാഹചര്യത്തില്‍ സ്വന്തം വീടുകളില്‍ തന്നെ പ്രത്യേക സ്ഥലത്ത് യോഗ അഭ്യസിക്കുന്നതാണ് ഉചിതം.

ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ളതും അല്ലാത്തതുമായ 200 ല്‍പരം രാജ്യങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി യോഗാദിനം ജനങ്ങള്‍ പൂര്‍ണമനസ്സോടെയാണ് ആഘോഷിച്ചത.് ഇത്തരമൊരു പ്രത്യേക കാലഘട്ടത്തെ അതിജീവിച്ചു മുന്നേറുവാനുള്ള ആഹ്വാനമാണ് ഈ വര്‍ഷത്തെ യോഗാദിനം ലോകത്തിന് നല്‍കുന്നത്. കൊറോണയ്ക്കെതിരെയുള്ള ജാഗ്രത സന്ദേശമായ 'ടമ്യേ ഒീാല, ടമ്യേ ടമളല' എന്നത് ജനങ്ങള്‍ എറ്റെടുത്തപ്പോള്‍ അതിനു സമാനവും ധീരവുമായ സന്ദേശമാണ് യോഗാദിനം ജനങ്ങള്‍ക്ക് നല്‍കുന്നത്. 'വീട്ടില്‍ വച്ച് കുടുംബത്തോടൊപ്പം യോഗ പരിശീലനം' എന്നതാണ് ഈ വര്‍ഷത്തെ യോഗാദിന സന്ദേശം. ഡിജിറ്റല്‍ മീഡിയയുടെ സഹായത്തോടെ ലോകത്തെ മുഴുവന്‍ ജനങ്ങളും ജൂണ്‍ 21 ന് സ്വന്തം വീടുകളില്‍ നിലയുറപ്പിച്ച് ഒത്തൊരുമയോടെ യോഗപരിശീലിച്ചുകൊണ്ട് ഈ വര്‍ഷത്തെ യോഗാദിനത്തെയും അവിസ്മരണീയമാക്കാം. ഇത് ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കാതെ ദിവസേന നിശ്ചിതനേരം കായിക പരിശീലനത്തില്‍ മുഴുകാന്‍ ഏവരും സമയം കണ്ടെത്തണം. ശരീരത്തിനും മനസ്സിനും കരുത്തും ദൃഢതയും വര്‍ധിക്കുകയും ഇത് ക്രമേണ സൗഖ്യം അഥവാ വെല്‍നസ് എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. സമാനമായ നേട്ടങ്ങള്‍ യോഗാ പരിശീലനത്തിലൂടെയും നമുക്ക് ലഭിക്കുന്നു. അതിനാല്‍ ആരോഗ്യ പരിപാലന മാര്‍ഗമായി നമുക്ക് യോഗയെ കാണാവുന്നതാണ്. മത്സരവും സമ്മര്‍ദവും തിങ്ങിനിറഞ്ഞ ഈ ലോകത്ത് ഇവയെ ലഘൂകരിക്കുവാനുള്ള മാര്‍ഗമായും ഇതിനെ കരുതാം. ഇന്നിപ്പോള്‍ കാലഘട്ടത്തിന്റെ വളര്‍ച്ചയില്‍ യോഗയും വളര്‍ന്നു. വിവിധ ശാരീരിക രോഗങ്ങള്‍ പരിഹരിക്കുവാനുള്ള ചികിത്സാരീതിയായി 'യോഗാതെറാപ്പി' എന്ന മേഖല വികാസം പ്രാപിച്ചത് ഈ അടുത്ത കാലത്താണ്. കൂടാതെ യോഗയെ ഒരു കായിക ഇനമായി സ്കൂള്‍തലം മുതല്‍ അംഗീകരിച്ചിട്ടുള്ളതും ഇതിന്റെ ജനകീയ അടിത്തറയുടെ ഉത്തമോദാഹരണമാണ്. ഇന്നിപ്പോള്‍ ദേശീയതല യോഗാമത്സരങ്ങള്‍ ലൈവായി ഓണ്‍ലൈനില്‍ നടന്നുവരികയാണ്. രാജ്യത്തെവിടെനിന്നുമുള്ള മത്സരാര്‍ഥികള്‍ക്കും വിധികര്‍ത്താക്കളുടെ നിര്‍ദേശമനുസരിച്ച് ഇതിന്റെ ഭാഗമാകാം. ഇത് യോഗയുടെ  പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും തെളിവാണ്. കൂടാതെ നിരവധി സര്‍വകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും സംഘടനകളും യോഗാദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ യോഗാ ക്വിസ് മത്സരങ്ങളും വെബിനാറുകളും സംഘടിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്.

സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായന രേഖക്ക് നേര്‍ മുകളില്‍ വരുന്ന ജൂണ്‍ 21 ഗ്രീഷ്മ അയനാന്തന ദിനം എന്നറിയപ്പെടുന്നു. ഈ ദിവസം സൂര്യരശ്മി ഉത്തരായന രേഖയില്‍ ലംബമായി പതിക്കുന്നു. ഇന്ത്യ ഉള്‍പ്പെടുന്ന ഉത്തരാര്‍ദ്ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പകലും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിയും അനുഭവപ്പെടുന്ന ദിനമാണ് ജൂണ്‍ 21. വലയ സൂര്യഗ്രഹണം ദൃശ്യമാകുന്നു എന്നതാണ് ഈ വര്‍ഷത്തെ യോഗാദിനത്തിന്റെ പ്രത്യേകത. വിദ്യാഭ്യാസത്തിലൂടെ ആത്യന്തികമായി ലക്ഷ്യംവയ്ക്കുന്നത് ഓരോ വ്യക്തിയുടെയും സര്‍വതോ·ുഖമായ വികസനമാണ്. വിദ്യാഭ്യാസം ആര്‍ജിക്കുന്നതിലൂടെ ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ സധൈര്യം കരുത്തോടെ നേരിടുവാനും യുക്തി പൂര്‍വമായി പ്രതികരിക്കാനുമുള്ള കഴിവും ശേഷിയും പഠിതാവില്‍ വളര്‍ന്നുവരുന്നു. ലോകം വിപ്ലവകരമായ രീതിയില്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യപൂര്‍ണമായി വ്യക്തികള്‍ക്ക് ജീവിതം നയിക്കുന്നതിന് ശാരീരിക സൗഖ്യം അത്യന്താപേക്ഷിതമാണ്. ഇതിന് ഇതരകായിക വ്യായാമങ്ങളോടൊപ്പം യോഗയും നിത്യ ജീവിത ക്രമത്തിന്റെ ഭാഗമാകേണ്ടതുണ്ട്.

മഹാകവി കാളിദാസന്റെ കുമാരസംഭവത്തിലെ 'ശാരീരമാദ്യം ഖലു ധര്‍മ്മസാധനം' എന്ന ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം ഈ നാളുകളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഏതൊരു കാര്യവും നന്നായി ചെയ്യുവാന്‍ ഓരോ മനുഷ്യനും ആദ്യം വേണ്ടത് സ്വസ്ഥമായ ശരീരമാണ്. അതിനാല്‍ പകര്‍ച്ചവ്യാധി വ്യാപനഘട്ടമായ ഈ സമയത്ത് വീടുകളില്‍ സുരക്ഷിതരായിരുന്ന് ശരീരസംരക്ഷണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നതാണ് ഏറെ ഉത്തമം. വീടുകളില്‍ ലഭ്യമാകുന്ന പരിമിതമായ സ്ഥലത്തുവച്ചു തന്നെ ഇത് പരിശീലിക്കുവാന്‍ കഴിയും എന്നത് എല്ലാ വിഭാഗം ജനങ്ങളും യോഗ ഇഷ്ടപ്പെടുവാന്‍ കാരണമായി. യോഗയെ കുറിച്ച് കേള്‍ക്കാത്തവര്‍ ഇന്ന് വിരളമാണ്. വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് യോഗ ഇത്രയധികം ജനകീയമായത്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ എല്ലാവിഭാഗം ജനങ്ങളുടെ ഇടയിലും ഇതിന് ശരവേഗത്തിലുള്ള പ്രചാരം ലഭിച്ചിരിക്കുകയാണ്. ലോകത്തെ വികസിതവും വികസ്വരവുമായ രാജ്യങ്ങളെല്ലാം യോഗയെ താത്പര്യപൂര്‍വം സ്വാഗതം ചെയ്തുകൊണ്ട്  അതിന്റെ പ്രചരണത്തിന് മുന്‍കൈ എടുക്കുന്നു. ഓരോ വ്യക്തിയുടെയും ശാരീരിക, മാനസിക, സാമൂഹിക, വൈകാരിക വികാസം മെച്ചപ്പെടുത്തുന്നതില്‍ സ്ഥിരമായ യോഗപരിശീലനത്തിന് ക്രിയാത്മകമായ പങ്കുവഹിക്കുവാനാകും.

ആധുനികതയുടെ മാറ്റം മനുഷ്യരുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. വ്യക്തിഗത കാര്യങ്ങള്‍ പോലും ചെയ്യുവാന്‍ മറ്റുള്ളവരെ ആശ്രയിക്കുന്ന പ്രവണത കൂടിവരുന്നു. ഇതു കാരണം അലസതയുടെ തോത് ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്. 'അലസമായ മനസ് പിശാചിന്റെ പണിപ്പുര' എന്ന പഴഞ്ചൊല്ല് ഇന്നത്തെ ലോകത്ത് ഏറെ അര്‍ത്ഥപൂര്‍ണമാവുകയാണ്. സുഭിക്ഷമായി ഭക്ഷണം  കഴിച്ച് ചലനരഹിതരായി വെറുതെയിരിക്കുന്നവരില്‍ സംഭരിക്കപ്പെടുന്ന അധികോര്‍ജത്തെ ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കുവാന്‍ ആളുകള്‍ ശ്രമിക്കുന്നില്ല. ഇന്ന് സമൂഹത്തില്‍ നടന്നുവരുന്ന സാമൂഹിക മൂല്യച്യുതിക്കു കാരണമാകുന്നതുതന്നെ മനുഷ്യന്റെ തെറ്റായ ചിന്താഗതിയും മനോഭാവവുമാണ്.  ലോകത്ത് അധിവസിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും സന്തോഷകരമായ ജീവിതം നയിച്ച് മുന്നോട്ട് നീങ്ങുന്നതിനായി യോഗ ജീവിതയാത്രയുടെ ഭാഗമാക്കുന്നത് ഉചിതമായിരിക്കും. വ്യത്യസ്ത ജാതി, മത, വര്‍ഗ, വര്‍ണ വിഭാഗത്തില്‍പ്പെട്ടവരും, വിഭിന്ന സംസ്കാരങ്ങള്‍ പാലിക്കുന്നവരുമായ ജനങ്ങള്‍ക്കിടിയില്‍ സംഭവിക്കുന്ന എല്ലാതരം സംഘര്‍ഷങ്ങളെയും സമചിത്തതയോടെ പരിഹരിക്കുവാനുള്ള സമീപനരീതി യോഗാപഠനത്തിലൂടെ കഴിയുന്നു.

1893 ല്‍ അമേരിക്കയിലെ ചിക്കാഗോയിലെ ഒരു മതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ പങ്കെടുക്കുകയും അപ്പോള്‍ അരങ്ങേറിയ പ്രസിദ്ധമായ ചിക്കാഗോ സര്‍വമത പ്രസംഗത്തിലൂടെ പാശ്ചാത്യ ലോകത്തിന് യോഗയെ സംബന്ധിച്ച് പരിചയപ്പെടുത്തുകയുമുണ്ടായി. ഈ സമ്മേളനം അന്തര്‍ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ആധുനിക കാലഘട്ടത്തിലെ യോഗയുടെ വളര്‍ച്ചക്ക് നിദാനമാവുകയും ചെയ്തു.  ശരീരത്തിന്റെയും മനസ്സിന്റെയും യോജിപ്പിലൂടെ ആത്മസൗഖ്യം നേടുന്നതിനുള്ള ഉപാധിയാണ് യോഗ. ഇത് ലോകത്തിലെ മുഴുവന്‍ ജനങ്ങളുടെയും മനോശാരീരിക നിലയും ഒരുമയും മെച്ചപ്പെടുത്തുന്ന സമീപനം എന്ന രീതിയില്‍ വ്യാഖ്യാനിക്കാനാകും. എന്നാല്‍ ജനങ്ങളുടെ മനോഭാവം ആകെ മാറിയതിന്റെ തെളിവാണ് ഈ കൊറോണക്കാലത്തുപോലും വര്‍ധിച്ചു വരുന്ന കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും എണ്ണം. മാതാപിതാക്കളെ മക്കള്‍ കൊലപ്പെടുത്തുന്നു, പണത്തിനായി സുഹൃത്തുക്കളെ കൊല്ലുന്നു, കമിതാക്കളുടെയും ദമ്പതിമാരുടെയും ആത്മഹത്യ തുടങ്ങിയ ചൂടേറിയ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയെ. മലയാളിയുടെ നഷ്ടപ്പെട്ട മനോനില വീണ്ടെടുക്കുന്നതിന് ചിട്ടയായ ആരോഗ്യ പാലന മാര്‍ഗങ്ങളുടെ പട്ടികയില്‍ യോഗയെയും ഉള്‍പ്പെടുത്താം.

ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ നിരന്തരമായ അഭ്യര്‍ഥനയെത്തുടര്‍ന്ന് യോഗ ലോകത്തിലെ സര്‍വയിടങ്ങളിലും ആഘോഷിക്കുവാനായി പൊതുവായ ഒരു ദിവസം വേണമെന്ന ആവശ്യം പ്രമേയമായി ഐക്യരാഷ്ട്രസംഘടനയുടെ ജനറല്‍ അസംബ്ലിക്കു മുമ്പാകെ എത്തി. എല്ലാ അംഗരാജ്യങ്ങള്‍ക്കും ഈ വിഷയം സ്വീകാര്യമായതോടെ 2014 ഡിസംബര്‍ 11þാം  തീയതി യു.എന്‍ ജനറല്‍ അസംബ്ലി പ്രസ്തുത വിഷയത്തിലുള്ള പ്രമേയം അംഗീകരിച്ച് വര്‍ഷത്തില്‍ പകലിന് ഏറ്റവും ദൈര്‍ഘ്യമുള്ള ദിവസമായ ജൂണ്‍ 21 എല്ലാവര്‍ഷവും അന്തര്‍ദേശീയ യോഗാദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു. അങ്ങനെ 2015 ജൂണ്‍ 21 ന് ആദ്യത്തെ അന്തര്‍ദ്ദേശീയ യോഗാദിനം  ലോകമെമ്പാടും സമുചിതമായി ആഘോഷിച്ചു. അതൊരു നാഴികക്കല്ലായി മാറുകയായിരുന്നു. പിന്നീടിങ്ങോട്ട് ഓരോ വര്‍ഷം കഴിയുന്തോറും എല്ലാ വിഭാഗം ജനങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും ഏക മനസ്സോടെ ഈ ദിവസത്തെ ഏറ്റെടുക്കുകയും മുഴുവന്‍  ഭൂഖണ്ഡങ്ങളിലും ഇതിന്റെ പ്രചാരം വ്യാപിപ്പിക്കുന്നതിനും സാധിച്ചിട്ടുണ്ട്.

2020 ജൂണ്‍ 21 ന് ലോകം ആറാമത് അന്തര്‍ദേശീയ യോഗാ ദിനം ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കോവിഡ് 19 വ്യാപനം ഈ ദിനത്തിന്റെ മാറ്റ് കുറയ്ക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കൊറോണ വൈറസ് പോലുള്ള പകര്‍ച്ചവ്യാധികളെ തടയുന്നതിന് സുരക്ഷാ മാനദണ്ഡങ്ങള്‍ നാം പാലിക്കുന്നതുപോലെതന്നെ ശരീരത്തിന്റെ പ്രതിരോധശക്തിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. മികച്ച പ്രതിരോധ ശക്തിയുള്ളവരുടെ ശരീരത്തില്‍ വൈറസ് ബാധയുടെ ആക്രമണം കാര്യമായി ബാധിക്കില്ല എന്ന കാര്യം നാം മനസ്സിലാക്കണം. അതിനാല്‍ സ്ഥിരമായി യോഗാ പരിശീലനത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് കായികക്ഷമതയും രോഗപ്രതിരോധശേഷിയും കരസ്ഥമാക്കുവാന്‍ ഏവരും ശ്രമിക്കണം. ഈ യോഗാദിനത്തിന്റെ കാതലായ ഉദ്ദേശ്യവും  ലക്ഷ്യവും അതുതന്നെയാണ്.

ഈ വര്‍ഷം മനുഷ്യകുലത്തിനു നേരെ മഹാദുരന്തമായി വന്നുഭവിച്ച കൊറോണ വ്യാപനത്തില്‍ അധികം പുറത്തിറങ്ങുവാന്‍ കഴിയാതെ വീട്ടിനുളളില്‍ കഴിയുന്നവര്‍ക്കും, മുമ്പ് സ്ഥിരമായി മൈതാനത്തോ പാര്‍ക്കിലോ വ്യായാമം ചെയ്തിരുന്നവര്‍ക്കും ഇന്നിപ്പോള്‍ അനായാസേന വ്യക്തിഗതമായി വീടിനുള്ളില്‍ തന്നെ പരിശീലിക്കുവാന്‍ കഴിയുന്ന വ്യായാമ മുറകളില്‍ ഒന്നാണ് യോഗ. പ്രധാന വ്യായാമമുറകള്‍ അഭ്യസിക്കുന്നതിന് മുന്നോടിയായി ശരീരത്തിലെ സന്ധികളെയും പേശികളെയും സജ്ജമാക്കുന്ന സൂക്ഷ്മ ശിഥിലീകരണ വ്യായാമങ്ങളാണ് ആദ്യം ആരംഭിക്കേണ്ടത്. തുടര്‍ന്ന് പ്രധാന വ്യായാമ മുറകള്‍ പരിശീ ലിക്കാം. യോഗയിലെ മിക്കവാറും ആസനങ്ങളും പരസ്പര പൂരകങ്ങളാണ്. തുടക്കക്കാര്‍ക്ക് എല്ലാ യോഗാസനങ്ങളും ചെയ്യുവാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞെന്നുവരില്ല. ആയതിനാല്‍ അത്തരക്കാര്‍ യോഗയില്‍ ശാസ്ത്രീയ അടിത്തറയുളള ഒരാളില്‍ നിന്നും ആദ്യ പാഠങ്ങള്‍ അഭ്യസിക്കുന്നതാണ് അഭികാമ്യം.

അമേരിക്കയിലെ പ്രസിദ്ധമായ ഓസ്റ്റിയോപതിക് മെഡിസിന്‍ അസോസിയേഷന്‍ യോഗയുടെ ആരോഗ്യസംബന്ധമായ നേട്ടങ്ങള്‍ കണ്ടെത്തുന്നതിനായി നിരവധി പഠനങ്ങള്‍ നടത്തിയിട്ടുളള സ്ഥാപനമാണ്. സ്ഥിരമായി യോഗാപരിശീലനത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ശരീരപേശികളുടെ അയവും കരുത്തും വര്‍ധിക്കുന്നു. ഹൃദയ, ശ്വസനക്ഷമത മെച്ചപ്പെടുന്നു, ശരീരഭാര നിയന്ത്രണം തുടങ്ങിയ ശാരീരിക നേട്ടങ്ങള്‍ക്ക് ഇടയാകുന്നു. കൂടാതെ സമ്മര്‍ദം, ഉത്കണ്ഠ, ഭയം, ആക്രമണോത്സുകത, വിഷാദം തുടങ്ങിയ പ്രശ്നങ്ങളെ ലഘൂകരിച്ചുകൊണ്ട് മാനസികമായ ആരോഗ്യം കൈവരിക്കുന്നതിനും ഇത് സഹായിക്കുന്നു. എല്ലാത്തിനുമുപരിയായി ലോകം ഇതുവരെ അഭിമുഖീകരിച്ചതും ഇനി നേരിടുവാനിരിക്കുന്നതുമായ എല്ലാവിധ പകര്‍ച്ചവ്യാധി വിപത്തുകളെയും തടഞ്ഞുനിര്‍ത്തുന്നതിന് മനുഷ്യശരീരത്തിന് കരുത്ത് പകരുവാന്‍, 'രോഗപ്രതിരോധ ശേഷി' എന്ന സമ്പത്ത് ആര്‍ജിക്കുവാന്‍ യോഗ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇന്നിപ്പോള്‍ യോഗാപഠനം സംസ്ഥാന ദേശീയ പാഠ്യപദ്ധതികളുടെ ഭാഗമാണ്. നിലവിലുള്ള ആരോഗ്യ കായിക വിദ്യാഭ്യാസ പഠനത്തില്‍ യോഗയും ഉള്‍പ്പെടുന്നു. അതിനാല്‍ കുട്ടികള്‍ക്ക് വളരെ ചെറിയ ക്ലാസുകള്‍ മുതല്‍ തന്നെ യോഗയുടെ ബാലപാഠങ്ങള്‍ ഗ്രഹിക്കുന്നതിന് അവസരമുണ്ട്. കൂടാതെ സ്കൂള്‍ വിദ്യാര്‍ഥികളില്‍ യോഗാ പഠനവും പരിശീലനവും വ്യാപകമാക്കുന്നതിനായി 'യോഗ ഒളിമ്പ്യാഡ്' പോലുള്ള മത്സരങ്ങളും നടന്നു വരുന്നു. ഈ വര്‍ഷം കൊറോണ വില്ലനായി അവതരിച്ചതുകാരണം യോഗ ഒളിമ്പ്യാഡ് മത്സരത്തില്‍ പങ്കെടുക്കേണ്ട പ്രതിഭകളുടെ അവസരം നഷ്ടപ്പെട്ടത് ഏറെ ഖേദകരമാണ്. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തെ പ്രധാനപ്പെട്ട സര്‍വകലാശാലകളും കലാലയങ്ങളും യോഗയുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ നടത്തിവരികയാണ്. യോഗയുടെ പ്രചാരം രാജ്യവ്യാപകമായി വര്‍ധിപ്പിക്കുന്നതിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ പങ്കുവഹിച്ചു എന്ന് നിസ്സംശയം പറയാം.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായ പ്രകാരവും വിവിധ പഠനറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ്ബാധ കൂടുതലായും ബാധിച്ചത് വിവിധ ജീവിതശൈലീരോഗമുള്ള വ്യക്തികളെയാണ്. ഇത്തരക്കാര്‍ യാതൊരുവിധ ശരീര ചലനവും കായികാധ്വാവുമില്ലാതെ പൂര്‍ണമായും ശാരീരിക നിശ്ചലാവസ്ഥ പാലിക്കുന്നവരാണ്. ഇവര്‍ക്കാണ് അപ്രതീക്ഷിതമായി ജീവിതചര്യാരോഗങ്ങള്‍ എളുപ്പത്തില്‍ പിടിപെടുന്നത്. ഇത്തരം വ്യക്തികള്‍ വേണ്ടത്ര ശാരീരിക കായിക പ്രവര്‍ത്തനങ്ങളില്‍ മുഴുകാത്തതിനാല്‍ ഹൃദ്രോഗങ്ങള്‍, രക്തസമ്മര്‍ദം, പ്രമേഹം, വിവിധതരം ശ്വാസകോശരോഗങ്ങള്‍, കൊളസ്ട്രോള്‍, വിവിധതരം കാന്‍സറുകള്‍ എന്നിവ വന്നുഭവിക്കുന്നതിന് ഇടവരുന്നു. ഇത്  രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യപരിപാലന സംവിധാനങ്ങളുടെ ചെലവിനും തത്ഫലമായി ഉത്പാദനക്ഷമയുടെ നഷ്ടപ്പെടലിനും മനുഷ്യാധ്വാനത്തിന്റെ ശോഷണത്തിനും കാരണമാകുന്നു. ഇത്തരം സംഭവവികാസങ്ങള്‍ ക്രമേണ സമൂഹത്തിനു അമിത ഭാരമായി മാറുന്നു.

സ്ഥിരമായി നിശ്ചിത നേരം യോഗാ പരിശീലനത്തിന് മാറ്റിവയ്ക്കുന്നതിലൂടെ കായികക്ഷമത വര്‍ധിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി വികസിക്കുകയും ചെയ്യുന്നു. ഓരോ വര്‍ഷവും ജൂണ്‍ 21 എന്ന ഒറ്റദിവസം കെങ്കേമമായി യോഗാദിനം ആചരിച്ച് ഫോട്ടോയും വീഡിയോയും എടുത്ത് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്ന രീതിയില്‍ നിന്നും മാറ്റം ഉണ്ടാകണം. ജൂണ്‍ 21 ന്റെ ഊര്‍ജവും ആവേശവും മുന്നോട്ടുള്ള ഓരോ ദിവസങ്ങളിലും ഉണ്ടായിരിക്കണം. എന്റെ ആരോഗ്യ സംരക്ഷണം എന്റെ മാത്രം ഉത്തരവാദിത്തമാണെന്ന ചിന്ത ഓരോരുത്തരിലും പ്രവര്‍ത്തിക്കുമ്പോള്‍ ദിവസവും വ്യായാമത്തിന്റെ ഭാഗമായി നിശ്ചിത സമയം യോഗയും പരിശീലിക്കുന്നതിന് താത്പര്യം കാണിക്കും. കരുത്തും കായികക്ഷമതയും നേടി, വൈറസുകള്‍ക്കുനേരെ പോരാട്ടം നടത്തി വിജയം കരസ്ഥമാക്കുക എന്ന ഒറ്റ ലക്ഷ്യത്തിനാണ് വരും നാളുകളില്‍ ഓരോരുത്തരും പ്രയത്നിക്കേണ്ടത്.

തയാറാക്കിയത്: ഡോ. അജീഷ് പി ടി, റിസര്‍ച്ച് ഓഫീസര്‍, എസ്‌സിഇആര്‍ടി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top