26 May Tuesday

മാസ്ക്‌ നിർമിക്കാം... ഇന്ദ്രൻസ്‌ പഠിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


തിരുവനന്തപുരം
തിരുവനന്തപുരം സെൻട്രൽ ജയിലിൽ ചൊവ്വാഴ്ച ഒരു അതിഥിയെത്തി. ജയിലിലെ മാസ്‌ക്‌ നിർമാണ യൂണിറ്റ്‌ സന്ദർശിച്ച്‌ മാസ്ക്‌ നിർമാണം എല്ലാവർക്കും സാധിക്കുന്നതാണെന്ന്‌ തെളിയിച്ചായിരുന്നു മടക്കം. നടനും ടെയ്‌ലറുമായ ഇന്ദ്രൻസായിരുന്നു സെൻട്രൽ ജയിലിലെ അതിഥി. യൂണിറ്റിലെ ഒരു തയ്യൽമെഷീൻ കുറച്ചുനേരത്തേക്ക്‌ സ്വന്തമാക്കി മാസ്ക്‌ എങ്ങനെ നിർമിക്കാമെന്ന ചെറിയ "ക്ലാസും' ഇന്ദ്രൻസ്‌ നൽകി. തുണിവെട്ടുന്നതുമുതൽ അവ ധരിക്കുന്നതെങ്ങനെയെന്നുവരെ പരിശീലിപ്പിച്ചാണ്‌ മലയാളത്തിന്റെ പ്രിയനടൻ വ്യത്യസ്തനായത്‌. മാസ്കിനുള്ളിൽ കൂടുതൽ സംരക്ഷണം കിട്ടാൻ നോൺ വുവൺ ഫാബ്രിക്‌ മെറ്റീരിയൽകൂടി ഉപയോഗിക്കാം. ഇവ  നടുക്കുവച്ച്‌ മൂന്ന്‌ അരിക്‌ തയ്‌ക്കും. നാടയ്‌ക്ക്‌ പകരം ഇലാസ്‌റ്റിക്കും വയ്‌ക്കാം. തയ്‌ച്ചുകഴിഞ്ഞശേഷം ഇവ നല്ലായി ഇസ്‌തിരിയിടും. ഇഷ്‌ടപ്പെട്ട ഏത്‌ നിറത്തിലും മാസ്‌ക്‌ നിർമിക്കാം–-ഇന്ദ്രൻസ്‌ പറയുന്നു.

ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ, സിനിമാമേഖലയിലുള്ളവർ ഉൾപ്പെടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു. സാമൂഹ്യസുരക്ഷ മിഷനാണ്‌ ബോധവൽക്കരണ വീഡിയോ തയ്യാറാക്കിയത്‌.

വീട്ടിലിരുന്നും തുന്നാം
കുഞ്ഞുടുപ്പുകളിൽ ചിത്രങ്ങൾ തുന്നിപ്പിടിപ്പിക്കുംപോലെ, കുട്ടികൾ ചിത്രം വരയ്‌ക്കുംപോലെ...  ഒരു ക്രാഫ്‌റ്റ്‌ ചെയ്യുംപോലെയേയുള്ളൂ മാസ്‌ക്‌ നിർമാണവും എന്ന്‌ നടൻ ഇന്ദ്രൻസ്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. വീട്ടിൽ വൃത്തിയുള്ള പഴയ തുണിയും സൂചിയും നൂലുമുണ്ടെങ്കിൽ ആർക്കും മാസ്‌ക്‌ നിർമിക്കാം. തയ്യൽ മെഷീൻ നിർബന്ധമേയില്ല. പഴയ തുണി മൂന്നോ നാലോ മടക്കാക്കിയാൽ മതി.

മുമ്പൊക്കെ വീടുകളിൽ എല്ലാ സ്‌ത്രീകളും ഒഴിവുവേളയിൽ എന്തെങ്കിലും തുന്നും. ഇന്ന്‌ അത്‌ കുറവാണ്‌. ആ കാലം നമുക്ക്‌ തിരികെ കൊണ്ടുവരാം. നമ്മുടെ മക്കളിൽ തുന്നലിനോട്‌ ആഭിമുഖ്യമുണ്ടാക്കാൻ ഇതുവഴി കഴിയും. നമുക്കുവേണ്ടിയാണ്‌ സർക്കാർ ഇത്തരം കാര്യങ്ങൾ പറയുന്നത്‌. അവ വിജയിപ്പിക്കാൻ  ചെയ്യുന്ന ഇത്തരം നടപടികൾ വിജയിപ്പിക്കണമെന്നും  ഇന്ദ്രൻസ്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top