24 September Sunday

‘ഇന്ത്യ എന്ന ആശയം'

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽനിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള ഐതിഹാസികമായ ജനകീയ സമരകാലത്താണ്  ‘ഇന്ത്യ എന്ന ആശയം' ഉയർന്നുവന്നത്. ബഹുവിധമായ സങ്കീർണ തലങ്ങളെക്കുറിച്ച് അവബോധമുള്ളപ്പോഴും ഒരു രാജ്യമെന്നനിലയിൽ  അതിലെ ജനങ്ങളുടെ ഗണ്യമായ വിഭാഗത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള ഐക്യത്തിന് അനുകൂലമായി വൈവിധ്യങ്ങൾക്ക് അതീതമായി മുന്നേറിക്കൊണ്ടിരിക്കുന്നു’ എന്നതാണ്‌ അന്ന്‌ ഇന്ത്യ അർഥമാക്കിയത്‌.

സ്വാതന്ത്ര്യസമരമാണ് ഈ വൈവിധ്യത്തെ കൂട്ടിയോജിപ്പിക്കുകയും അറുന്നൂറിലധികം വരുന്ന ഫ്യൂഡൽ നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുകയും ചെയ്‌ത് ഒരു അഖിലേന്ത്യാബോധത്തിന് രൂപം നൽകിയത്.

ഇന്ത്യൻ നേഷൻഹുഡ് (ഇന്ത്യ എന്ന ആശയം) സംബന്ധിച്ച്‌  പ്രശസ്‌ത തത്വചിന്തകനായ അകീൽ ബിൽഗ്രാമി  ഇങ്ങനെ പറയുന്നു: ‘‘സ്വാതന്ത്ര്യസമരത്തിന്റെ നിർണായകമായ അവസാനത്തെ മൂന്ന് ദശകത്തിൽ ഇന്ത്യ സാക്ഷ്യംവഹിച്ച ബൃഹത്തും ഈടുറ്റതുമായ ബഹുജന മുന്നേറ്റം, ജനങ്ങളെയാകെ ആവേശംകൊള്ളിക്കുന്ന തരത്തിലുള്ള എല്ലാത്തിനെയും ഉൾക്കൊള്ളുന്നതും ബദലുമായ ഒരു ആശയത്തിന്റെ അഭാവത്തിൽ സാധ്യമാകുമായിരുന്നില്ല’’ (സോഷ്യൽ സയന്റിസ്റ്റ്, വോള്യം 39, 2011, നവംബർ 1, 2).ഭാഷാപരവും മതപരവും വംശീയവും സാംസ്കാരികവും മറ്റുമായ ഇന്ത്യയുടെ വൈവിധ്യങ്ങൾ മറ്റൊരു രാജ്യത്തും കണ്ടിട്ടില്ലാത്തത്ര വ്യത്യസ്‌തമാണ്‌. ഈ വിപുലമായ വൈവിധ്യത്തെ കൂട്ടിച്ചേർത്തത് ബ്രിട്ടീഷുകാരാണെന്ന് വാദിക്കുന്നവർ അവഗണിക്കുന്ന ഒരു വസ്തുതയുണ്ട്. ഇതേ ബ്രിട്ടീഷുകാരാണ് ലക്ഷക്കണക്കിനാളുകളുടെ മരണത്തിനും വർഗീയമായി ചേരിതിരിഞ്ഞുള്ള കൂട്ടപ്പലായനത്തിനും ഇടയാക്കിയ വിഭജനം നടത്തിയത്‌.

 മതനിരപേക്ഷ ജനാധിപത്യ ആധുനിക ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സ്ഥാനത്ത് ആർഎസ്എസും ബിജെപിയും ഹിന്ദുരാഷ്ട്രം എന്ന സങ്കൽപ്പനത്തെ പ്രതിഷ്ഠിക്കുകയാണിപ്പോൾ. ഇന്ത്യ എന്ന ആശയത്തിനെതിരെ "ഹിന്ദുദേശീയത'യെ പരിപോഷിപ്പിക്കുകയാണ്‌.

കമ്യൂണിസ്റ്റുകാരുടെ പങ്ക്

‘ഇന്ത്യ എന്ന ആശയ'ത്തിന്റെ ഉരുത്തിരിയൽ പ്രക്രിയയിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ പ്രധാനപ്പെട്ട പങ്കുവഹിച്ചു. ‘ഇന്ത്യ എന്ന ആശയ'ത്തിന്റെ അന്തഃസത്തയായി ഇന്നും തുടരുന്നത്‌ മൂന്ന് വിഷയമാണ്‌. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ കമ്യൂണിസ്റ്റുകാർ ഭൂപ്രശ്നത്തിൽ നടത്തിയ സമരങ്ങൾ (കേരളത്തിലെ പുന്നപ്ര വയലാർ, ബംഗാളിലെ തേഭാഗ പ്രസ്ഥാനം, അസമിലെ സുർമവാലി സമരം, മഹാരാഷ്ട്രയിലെ വർളി കലാപം മുതലായവ). ഭൂപരിഷ്കരണത്തിന്റെ പ്രാധാന്യം കേന്ദ്ര സ്ഥാനത്തേക്ക് കൊണ്ടുവന്ന്‌ ‘ഇന്ത്യ എന്ന ആശയം' കെട്ടിപ്പടുക്കുന്നതിലേക്ക് മഹാഭൂരിപക്ഷംവരുന്ന ഇന്ത്യയിലെ കർഷക ജനസാമാന്യത്തെ അണിനിരത്തി.  

കമ്യൂണിസ്റ്റുകാർ സ്വതന്ത്ര ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള പുനഃസംഘടനയ്ക്കുവേണ്ടിയുള്ള വമ്പിച്ച ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകി. അങ്ങനെ അവർ യുക്തിസഹമാംവിധം ശാസ്ത്രീയവും ജനാധിപത്യപരവുമായ അടിസ്ഥാനത്തിൽ ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം സൃഷ്ടിക്കുന്ന കാര്യത്തിൽ മറ്റു പലർക്കുമൊപ്പം പ്രധാന പങ്കുവഹിച്ചു. വിശാല ആന്ധ്രയ്ക്കും ഐക്യ കേരളത്തിനും സംയുക്ത മഹാരാഷ്ട്രയ്ക്കും വേണ്ടിയുള്ള സമരങ്ങൾ നയിച്ചത്, മറ്റു പലർക്കുമൊപ്പം രാജ്യത്തെ അതികായരായ കമ്യൂണിസ്റ്റുകാരായി ഉയർന്ന ആളുകളായിരുന്നു.

മതനിരപേക്ഷതയോടുള്ള കമ്യൂണിസ്റ്റുകാരുടെ അചഞ്ചലമായ പ്രതിബദ്ധത ഇന്ത്യയിലെ യാഥാർഥ്യങ്ങൾ അംഗീകരിക്കുന്നതിനെ ആധാരമാക്കിയാണ്. ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന ഐക്യത്തിലെ അളവറ്റ വൈവിധ്യം നിലനിർത്തണമെങ്കിൽ ഈ ബഹുസ്വരതയിലെ സമാനതകളുടെ കണ്ണികൾ ശാക്തീകരിച്ചുകൊണ്ടുമാത്രമേ സാധ്യമാകൂ എന്ന്‌ പാർടി തുടക്കംമുതൽതന്നെ പറഞ്ഞതാണ്‌. ഇന്ത്യയുടെ വിഭജനവും തുടർന്നുണ്ടായ ഭീകരമായ വർഗീയ ചേരിതിരിവും അനന്തര ഫലങ്ങളുംമൂലം ‘ഇന്ത്യ എന്ന ആശയ'ത്തിന്റെ സാക്ഷാൽക്കരണത്തിന് മതനിരപേക്ഷത അവിഭാജ്യഭാഗമായി.

ഗ്രാമീണ ഇന്ത്യയിലെ ചൂഷിതരായ മഹാഭൂരിപക്ഷത്തെയും ഒന്നിച്ചു കൊണ്ടുവരിക; സാമൂഹ്യമായി അടിച്ചമർത്തപ്പെടുന്ന ജനതയെയാകെ, വിശിഷ്യാ നിന്ദ്യവും നീചവുമായ ജാതി അടിസ്ഥാനത്തിലുള്ള അടിച്ചമർത്തലുകൾക്കും അതിക്രമങ്ങൾക്കും ഇപ്പോഴും വിധേയരായിക്കൊണ്ടിരിക്കുന്നവരെയാകെ കൂട്ടിയോജിപ്പിക്കുക; നിരവധി ഭാഷാ ദേശീയ ജനവിഭാഗങ്ങളെയാകെ ഒന്നിപ്പിക്കുക; നാനാ മതവിഭാഗങ്ങളിൽപ്പെടുന്ന ഇന്ത്യൻ ജനതയെയാകെ ഒരുമിപ്പിക്കുക; സർവോപരി, എല്ലാ ഇന്ത്യക്കാരെയും സാമ്പത്തികവും സാമൂഹ്യവുമായ നീതിയിൽ യോജിപ്പിച്ചണിനിരത്തുകയെന്നതാണ് ഇന്ന്‌ സിപിഐ എം മുന്നോട്ടുവയ്‌ക്കുന്ന ‘ഇന്ത്യ എന്ന ആശയ'ത്തിന്റെ പിന്നിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top