06 October Thursday
ഇന്ത്യൻ കമ്യൂണിസ്റ്റ്‌ 
പാർടിയുടെ 
സ്ഥാപക നേതാവ് 
മുസഫർ അഹമ്മദ് 
സ്വാതന്ത്ര്യസമരത്തിലെ 
മുന്‍നിരപ്പോരാളി

സ്വാതന്ത്ര്യപോരാട്ടത്തിലെ കമ്യൂണിസ്റ്റ് നക്ഷത്രം

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022

സ്വാതന്ത്ര്യസമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് വിപ്ലവകാരിയാണ് മുസഫർ അഹമ്മദ്. ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിയുടെ സ്ഥാപക നേതാവ്. പഴയ ബംഗാളിലെ നവഖാലി ജില്ലയിൽ സാങ്‌വിപ് ഗ്രാമത്തിൽ 1889 ആഗസ്‌ത്‌ അഞ്ചിന് ജനനം. ഹൂഗ്ലിയിലെ മൊഹസിൻ കോളേജിൽ പഠിക്കുമ്പോൾ വിപ്ലവകവി ഖാസി നസ്രുൾ ഇസ്ലാമുമായി ബന്ധം സ്ഥാപിച്ചത് വഴിത്തിരിവായി. ഗാന്ധിജിയുടെ ആഹ്വാനത്തില്‍ ആവേശഭരിതരായി ക്ലാസുകൾ ബഹിഷ്‌കരിച്ച് വിദ്യാർഥിയായ മുസഫർ നിസ്സഹകരണ പ്രസ്ഥാനത്തിൽ സജീവമായി. ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊലയ്‌ക്കെതിരെ പ്രതിഷേധിക്കാൻ തെരുവിലിറങ്ങി. ചൗരിചൗര സംഭവത്തിന്റെ പേരിൽ ഗാന്ധിജി നിസ്സഹകരണ സമരം അവസാനിപ്പിച്ചതിനോട്‌ യോജിക്കാനായില്ല.

ഇത്‌ കോൺഗ്രസിന്റെ സമരരീതിയില്‍ വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കി. 1917ലെ റഷ്യൻ വിപ്ലവത്തെതുടർന്ന് ഇന്ത്യയിൽ പ്രചരിക്കാൻ തുടങ്ങിയ സോഷ്യലിസ്റ്റ് ആശയങ്ങൾ മുസഫറിന്റെ വീക്ഷണഗതിയെ സ്വാധീനിച്ചു. 1920ൽ ഖാസി നസ്രുൽ ഇസ്ലാമുമായി ചേർന്ന് മുസഫർ കൽക്കത്തയിൽനിന്ന്‌ ‘നവയുഗ്' പത്രം പുറത്തിറക്കി.  മാർക്‌സിസ്റ്റ് കൃതികൾ വായിച്ചതോടെ മാർക്‌സിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി.

1920 ഒക്ടോബർ 17ന് സോവിയറ്റ് യൂണിയനിലെ താഷ്‌കന്റിൽ എം എൻ റോയ്, അബനീമുഖർജി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റ്‌പാർടി രൂപീകരിച്ചു. ഈ സന്ദർഭത്തിൽത്തന്നെ കൽക്കത്ത, ബോംബെ, മദിരാശി, ലാഹോർ എന്നിവിടങ്ങളിൽ വിവിധ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പുകൾ പ്രവർത്തനം തുടങ്ങി.  ബ്രിട്ടീഷ് സർക്കാർ കമ്യൂണിസ്റ്റുകാരെ അമർച്ചചെയ്യാൻ സൃഷ്ടിച്ച 1924ലെ കാൺപുർ ഗൂഢാലോചനക്കേസിൽ മുസഫറും പ്രതിയായി. ശിക്ഷിക്കപ്പെട്ടെങ്കിലും ക്ഷയരോഗം പിടിപെട്ടതിനാല്‍ വിട്ടയച്ചു.

1925ൽ മുസഫർ അഹമ്മദിന്റെ നേതൃത്വത്തിൽ ബംഗാളിൽ തൊഴിലാളി കർഷകപാർടി രൂപീകരിച്ചു. പാർടിയുടെ മുഖപത്രമായ 'ലംഗാളി'ന്റെ എഡിറ്ററായി.  1926 ഏപ്രിൽ 15ന് ബ്രിട്ടീഷ് സർക്കാർ 'ലംഗാൾ' അടച്ചുപൂട്ടി. ‘ഗണവാണി' എന്ന പേരിൽ പത്രം വീണ്ടും പ്രസിദ്ധീകരിച്ചു. മുസഫർ തന്നെയായിരുന്നു എഡിറ്ററും പബ്ലിഷറും. കോൺഗ്രസിനകത്ത് പ്രവർത്തിച്ച് ആ പാർടിയെ ഇടതുപക്ഷ പാതയിൽ നയിക്കാനും സാധാരണ ജനങ്ങളുടെ പാർടിയായി അതിനെ മാറ്റിയെടുക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശ്രമിച്ചു. കോൺഗ്രസിനകത്തെ ഇടതുപക്ഷത്തിന് ശക്തിപകരുന്നതിനും ട്രേഡ്‌യൂണിയൻ സമരങ്ങൾ വളർത്തിക്കൊണ്ടുവരുന്നതിനും പ്രവർത്തനം ഗുണംചെയ്തു.

സൈമൺ കമീഷനെതിരെ കൽക്കത്തയിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി. 1928ൽ കൽക്കത്തയിൽ ചേർന്ന കോൺഗ്രസ് സമ്മേളനപ്പന്തലിനു മുന്നിൽ 50,000 വ്യവസായത്തൊഴിലാളികൾ പങ്കെടുത്ത ചരിത്രപ്രസിദ്ധമായ മാർച്ച്‌ സംഘടിപ്പിച്ചു. പൂർണസ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം കോൺഗ്രസ് സമ്മേളനം അംഗീകരിക്കണമെന്നായിരുന്നു ആവശ്യം. അക്കാലത്തെ തൊഴിലാളി സമരങ്ങളിൽ മുസഫറിന്റെ നേതൃശേഷി പ്രകടമായി. കമ്യൂണിസ്റ്റ്‌ പാർടിക്കെതിരെ ബ്രിട്ടീഷ് സർക്കാർ പ്രതികാര നടപടി തീവ്രമാക്കി. 1929ലെ മീററ്റ് ഗൂഢാലോചനക്കേസിലെ പ്രധാന കുറ്റാരോപിതരിൽ ഒരാൾ മുസഫറായിരുന്നു. നാടുകടത്തലായിരുന്നു ആദ്യ ശിക്ഷ. പിന്നീട്‌ മൂന്നുവർഷം കഠിനതടവായി കുറച്ചു. 1939ൽ രണ്ടാം ലോകയുദ്ധകാലത്ത്‌ മുസഫർ അഹമ്മദ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളെ ജയിലിലടച്ചു. ഐഎൻഎ തടവുകാരുടെ വിചാരണയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രക്ഷോഭത്തിൽ മുസഫറിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ്‌പാർടി വലിയ പങ്കുവഹിച്ചു. ഐഎൻഎയോടുണ്ടായിരുന്ന എതിർപ്പെല്ലാം മാറ്റിവച്ചായിരുന്നു അവരുടെ മോചനത്തിനായുള്ള പ്രക്ഷോഭം. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ഏറ്റവും ഉശിരുള്ള സാമ്രാജ്യത്വവിരുദ്ധ ശക്തിയായി കമ്യൂണിസ്റ്റ്‌ പാർടിയെ വളർത്തിയെടുക്കുന്നതിൽ മുസഫർ അഹമ്മദ് നിർണായക പങ്കുവഹിച്ചു. 1973 ഡിസംബർ 18ന്‌ അന്തരിക്കുമ്പോൾ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top