27 May Wednesday

1952 ലെ തെരഞ്ഞെടുപ്പിനും മുമ്പ്‌ വോട്ടുചെയ്‌ത ഹിമാചലിലെ 103 വയസുള്ള വോട്ടർ; കിന്നരദേശത്തെ ശ്യാം ശരൺ നേഗി

നന്ദിനി മേനോൻ nandinitram@gmail.comUpdated: Sunday Feb 16, 2020

കൽപ്പ ഗ്രാമം

1952 ഫെബ്രുവരി 21. ഈ ദിനത്തിന്‌  ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്‌. സ്വതന്ത്ര ഇന്ത്യയിൽ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ്‌ നടന്നത്‌ അന്നാണ്‌. അടുത്ത വെള്ളിയാഴ്‌ച ആ തെരഞ്ഞെടുപ്പിന്‌ 68 വർഷം. എന്നാൽ, തെരഞ്ഞെടുപ്പ്‌ ദിനത്തിനും മാസങ്ങൾക്കുമുമ്പ്‌ വോട്ടുചെയ്‌തവരുണ്ട്‌. ഹിമാചൽ പ്രദേശിലെ കിന്നോർ അടക്കമുള്ള പർവതപ്രദേശങ്ങളിലുള്ളവർ. അന്ന്‌ ആദ്യം വോട്ടുചെയ്‌ത ശ്യാം ശരൺ നേഗി നൂറ്റി മൂന്നാം വയസ്സിലും ആരോഗ്യവാനായി ഇന്നും കിന്നരദേശത്തുണ്ട്‌

 
സ്വതന്ത്ര ഇന്ത്യ കന്നിവോട്ട്‌ ചെയ്‌തത്‌ എന്നാണ്‌? രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പ്‌ നടന്ന 1952 ഫെബ്രുവരി 21 എന്നാണ്‌ ഉത്തരം. എന്നാൽ, അതിനും മാസങ്ങൾക്കുമുമ്പ്‌ കുറെ വോട്ടുകൾ പെട്ടിയിൽവീണു. അതെങ്ങനെ?  68 വർഷംമുമ്പ്‌. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു, 1952 ഫെബ്രുവരി 21. കൊളോണിയൽ നുകം വലിച്ചെറിഞ്ഞ്‌ നമ്മൾതന്നെ നമ്മുടെ ഭരണകൂടത്തെ തെരഞ്ഞെടുക്കുന്നതിന്റെ ലഹരിയിൽ രാജ്യം. സ്വാതന്ത്ര്യത്തിന്‌ ജീവൻ ഹോമിച്ചവരുടെ ഓർമയിൽ ജനത ഉത്തേജിതരായി. ജനാധിപത്യത്തിന്റെ ഉത്സവം കെങ്കേമമാക്കാനുള്ള ഉത്സാഹവും ആകാംക്ഷയും ആവേഗവും നാടാകെ പടർന്നു. ഒപ്പം സംശയങ്ങളും.  
 

ആ നിവേദനം ഏറ്റു

 

ഹിമാചൽപ്രദേശിലെ കിന്നോർ ജില്ലയിൽനിന്ന്‌ ഒരു നിവേദനം ഡൽഹിയിലെ തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്ത്‌ ലഭിക്കുന്നു.  ചൈനാ അതിർത്തിയോട്‌ ചേർന്ന കിന്നോർപോലുള്ള സ്ഥലങ്ങൾ ഡിസംബർമുതൽ മാർച്ചുവരെ കൊടുംശൈത്യത്തിന്റെ പിടിയിലാകും. ഗ്രേറ്റർ ഹിമാലയൻ പർവതനിരകളിൽ ചിതറിക്കിടക്കുന്ന ചെറുഗ്രാമങ്ങൾ തമ്മിൽ മാസങ്ങളോളം ഒരു സമ്പർക്കവുമുണ്ടാകില്ല. ഉണക്കിയ പഴങ്ങളും ധാന്യപ്പൊടികളും ഉപ്പിലിട്ട പച്ചക്കറികളുമായി ഇരുണ്ട പകലും വിറങ്ങലിച്ച രാവും തള്ളിനീക്കുന്ന സഹനത്തിന്റെ ശീതകാലം. അവർക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിൽ പങ്കാളികളാകാൻ പ്രയാസം. കിന്നോറിന്‌ സൗകര്യപ്പെടുന്ന ദിവസത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ മാറ്റണമെന്നായിരുന്നു നിവേദനത്തിലെ ഉള്ളടക്കം. നിവേദനം ഏറ്റു. കിന്നോറിൽ തെരഞ്ഞെടുപ്പ്‌ നാലുമാസത്തോളം നേരത്തെയാക്കി, 1951 ഒക്ടോബർ 25ന്.
 
തെരഞ്ഞെടുപ്പ്‌ ജോലികളെക്കുറിച്ചൊന്നും ഉദ്യോഗസ്ഥർക്ക് വലിയ ധാരണയില്ല.  സ്വാതന്ത്ര്യത്തിലേക്ക് ആദ്യത്തെ കാൽവയ്‌പ്‌ എന്ന പൊതുവികാരം എല്ലാവരെയും ചേർത്തുനിർത്തി. തെരഞ്ഞെടുപ്പുജോലിക്ക് മുപ്പത്തിമൂന്നുകാരനായ ശ്യാം ശരൺ നേഗിയും നിയമിക്കപ്പെട്ടു. കിന്നരദേശത്തിന്റെ പടിപ്പുരയായ കൽപ്പയിലെ അധ്യാപകനാണ്‌ നേഗി. 
 

ഇതിഹാസങ്ങളിലെ കിന്നരദേശം

 

 സത്‌ലജ് നദിക്കിരുവശത്തുമായി ആകാശത്തെ വെല്ലുവിളിച്ച്‌ ദുർഗമമായ താഴ്‌വരകളും അപ്രാപ്യമായ ശൃംഗങ്ങളും ഭയാനകമായ പാറക്കെട്ടുകളും ഇരുട്ടിലമർന്നു കിടക്കുന്ന ഗർത്തങ്ങളുമായി  കൊച്ചുഗ്രാമങ്ങൾ. വിശ്വവിഖ്യാതമായ ഗോൾഡൻ ആപ്പിളിന്റെ നാട്. പുരാണേതിഹാസങ്ങളിൽ കിന്നരദേശത്തിന് അലൗകികമാനങ്ങളുണ്ട്. പാതി മനുഷ്യരും പാതി കുതിരയുമായ കിന്നരനും പാതി മനുഷ്യസ്‌ത്രീയും പാതി പക്ഷിയുമായ അവന്റെ ഇണയും അനശ്വര പ്രേമത്തിന്റെ പ്രതീകങ്ങൾ. അതിവിചിത്രങ്ങളായ വാദ്യോപകരണങ്ങൾ മീട്ടിക്കൊണ്ട് പാട്ടുപാടി നിലാവിന്റെ മേലാപ്പ്‌ തുരന്ന് മഞ്ഞിൻ വെള്ളിപ്പാടകൾ നീക്കി ഭൂമിയിലേക്കിറങ്ങി വരുന്ന അമാനുഷികർ. ജനനമോ മരണമോ ഇല്ലാത്തവർ. പ്രണയത്തിനായിമാത്രം നിലകൊള്ളുന്നവർ. അതിഗാഢമായി തമ്മിൽപ്പുണർന്ന തങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ  മൂന്നാമതൊരു മനുഷ്യജീവിയെ സ്വാഗതംചെയ്യാൻ അവർ തയ്യാറല്ല.  ഈ ഇതിഹാസ കഥാപാത്രങ്ങളുടെ ചിത്രങ്ങളിലോ ശില്പങ്ങളിലോ മടിയിലൊരു കുഞ്ഞിനെപ്പോലും കാണാനാകാത്തതും അതുകൊണ്ടുതന്നെ. സുന്ദരന്മാരും സുന്ദരികളുമായ കിന്നരദേശവാസികളെക്കുറിച്ച് അവിശ്വസനീയവും അത്ഭുതപ്പെടുത്തുന്നതുമായ വിവരണങ്ങളാണ് ഇതിഹാസങ്ങളിൽ നിറയെ.
 

ഡ്യൂട്ടി അക്കരെ, വോട്ട്‌ ഇക്കരെ

 

എന്തായിരുന്നു ഇത്രയും വർഷങ്ങൾ നമ്മളനുഭവിച്ചിരുന്ന അസ്വാതന്ത്ര്യം എന്നറിയാത്ത ജനതയെ പുതിയ സ്വാതന്ത്ര്യത്തിന്റെ പാഠങ്ങൾ പഠിപ്പിക്കാനുള്ള കഠിനശ്രമത്തിലായിരുന്നു ശ്യാം ശരൺ നേഗിയും കൂട്ടുകാരും.  വിദേശശക്തിയുടെ അടിമകളായിരുന്നു എന്നുപോലും മനസ്സിലാക്കാൻ കൂട്ടാക്കാത്ത നിരക്ഷരരായ, പർവതനിവാസികളെ ഒന്നിച്ചുചേർക്കാനുള്ള പരിശ്രമം. സമ്മതിദാനത്തിന്റെ മൂല്യത്തെക്കുറിച്ചും അത് ഉപയോഗപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗ്രാമങ്ങൾതോറും നേഗിയും സംഘവും പ്രചാരണം നടത്തി, ഒപ്പംതന്നെ വോട്ടർ പട്ടിക, ബാലറ്റ് പേപ്പർ, ചൂണ്ടുവിരലിൽ മഷി പുരട്ടൽ, പെട്ടികൾ സീലു ചെയ്യൽ,  അവ എത്തേണ്ടയിടത്ത് എത്തിക്കൽ,  സൂചിയും നൂലും പിന്നും പശയും മറ്റും ഏറ്റുവാങ്ങൽ, ബൂത്ത് തയ്യാറാക്കൽ, രണ്ടു രാത്രികൾ കിടക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കൽ തുടങ്ങിയവയ്‌ക്കുവേണ്ടിയുള്ള ക്ലാസുകളിലെല്ലാം പങ്കെടുത്തു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് കൃത്യമായ അറിവില്ലെങ്കിൽപ്പോലും രാജ്യത്തെ സംബന്ധിക്കുന്ന ഒരു വലിയ കുതിപ്പിൽ താനും പങ്കാളിയാകുന്നു എന്ന ആവേശത്തിലായിരുന്നു നേഗി. അപ്പോഴാണ് വലിയൊരു നിരാശയിൽ വീണത്. കൽപ്പ സ്വദേശിയും അധ്യാപകനുമായ അദ്ദേഹത്തിന് സത്‌ലജ് നദിയുടെ അക്കരെയാണ്‌ ഡ്യൂട്ടി, വോട്ട് ഇക്കരെയും. കന്നിവോട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നേഗിക്കത്‌ സഹിക്കാനാകില്ല. പോളിങ്‌  ഓഫീസറോട്‌  സങ്കടം ബോധിപ്പിച്ചു. മുൻപരിചയമില്ലാത്ത കാര്യമാണെങ്കിലും ഓഫീസർ സ്വന്തം പ്രായോഗികബുദ്ധിയിൽ നേഗിക്കു മുന്നിൽ ഒരു നിർദേശംവച്ചു. ബൂത്തിലെ കാര്യങ്ങൾ  തയ്യാറാക്കിയശേഷം രാത്രി നേഗിക്ക് സ്വന്തം ഗ്രാമത്തിൽ പോകാം, പിറ്റേന്ന് എത്രയും നേരത്തെ വോട്ട് രേഖപ്പെടുത്തിയശേഷം തിരിച്ച് ഡ്യൂട്ടിയിൽ പ്രവേശിക്കണം. രാത്രി ദേവദാരു വൃക്ഷങ്ങൾക്കിടയിലൂടെ സൈക്കിൾ ചവിട്ടി  വീട്ടിലെത്തിയ നേഗി അത്യുത്സാഹത്തോടെ രാവിലെ ആറിനുതന്നെ വോട്ട്‌ ചെയ്യാനെത്തി. പോളിങ്‌ ഓഫീസർ എത്തുമ്പോൾ ഏഴുമണി. നേഗിയുടെ പ്രത്യേക സാഹചര്യം മാനിച്ച് ഏഴേകാലിന് അദ്ദേഹത്തെ വോട്ടുചെയ്യാൻ അനുവദിച്ചു. അങ്ങനെ 1952 ഫെബ്രുവരി 21ന്  നടന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ 1951 ഒക്ടോബർ 25ന് രാവിലെ ഏഴേകാലിന്‌ വോട്ടുചെയ്‌ത്‌ നേഗി ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ആയി.
 

കൽപ്പയിലെ മഞ്ഞുകാലം

 

കഴിഞ്ഞ ഡിസംബറിൽ ഒടുവിൽ കൽപ്പയിൽ ഞങ്ങളെത്തുമ്പോൾ മൈനസ് രണ്ടാണ് ശൈത്യം, രാത്രി മൈനസ് പത്തിലും അധികം. പൈപ്പുകൾക്കകത്ത് വെള്ളം കട്ടപിടിക്കുന്നതിനാൽ ഹോട്ടലുകളെല്ലാം അടഞ്ഞുകിടപ്പാണ്. റോഡരികിലെ ബോർഡുകളും മഞ്ഞുമൂടി ഒട്ടും വ്യക്തമല്ല. ഉച്ചനേരത്തും ഇരുണ്ടിരിക്കുന്ന പൈൻമരക്കാടുകൾക്കിടയിലൂടെയുള്ള മഞ്ഞുറഞ്ഞ വഴികളിലൂടെ ഞങ്ങളുടെ കാർ പല ഊടുവഴികളും ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നു. അവസാനം റോളിങ്‌രങ്‌ എന്ന ചെറുതെങ്കിലും മനോഹരമായ ഹോട്ടലിന്റെ ബാൽക്കണിയിൽ കൈയൊന്നു നീട്ടിയാൽ തൊടാമെന്ന്‌ തോന്നുംവിധം നിൽക്കുന്ന ഗ്രേറ്റർ ഹിമാലയൻ റേഞ്ചിലെ കിന്നോർ പർവതനിരകളെ നോക്കിനിന്നപ്പോൾ, യാത്രയുടെ ക്ഷീണവും അസ്ഥി തുളയ്‌ക്കുന്ന ശൈത്യവും മാന്തിക്കീറുന്ന മഞ്ഞുകാറ്റും മറന്നു. അന്തിവെയിലിൽ സ്വർണം ചാർത്തിയ മഞ്ഞുമലകൾക്കിടയിൽ ആകാശത്തേക്ക്‌ നീണ്ടൊരു വലിയ ചൂണ്ടുവിരൽപോലെ കിന്നോർ കൈലാസം. താഴെ തട്ടുകളിലായി പടർന്നു പടർന്നു കിടക്കുന്ന ആപ്പിൾ മരങ്ങളെല്ലാം അരയ്‌ക്കൊപ്പം മഞ്ഞിൽമുങ്ങി ഇലകളെല്ലാം പൊഴിഞ്ഞ് ശിഖരങ്ങളെല്ലാം കറുത്ത് നെറുകയിൽ കൂപ്പുകൈയുകളുമായി നീണ്ടൊരു തപസ്സിലെന്നപോലെ. സെപ്‌തംബറിൽ അവസാന കനിയും നൽകി അപർണകളായി നിൽക്കുന്ന മരങ്ങൾക്കിടയിൽ ഞങ്ങൾക്ക്‌ തൊട്ടുമുന്നിൽ ഒരു മരത്തിൽമാത്രം മൂന്ന്‌ പൊൻനിറമുള്ള പഴങ്ങൾ നിലാവ്‌ മാഞ്ഞതും ശൈത്യം വന്നതുമറിയാതെ വരണ്ടുതുടങ്ങിയ കവിളുകളിൽ പഴയൊരോർമതൻ പരാഗങ്ങൾ മിനുക്കി ആരെയോ കാത്ത്... 
 

ശ്യാം ശരൺ നേഗി

ശ്യാം ശരൺ നേഗി

നൂറ്റിമൂന്നിലും ചെറുപ്പം

 

കൽപ്പയിൽനിന്ന്‌ മൂന്ന് കിലോമീറ്റർ  താഴെ ചെറിയൊരങ്ങാടിയാണ് റെക്കോങ്‌ പിയോ. പർവതഗ്രാമങ്ങളിലെ അങ്ങാടികൾക്ക് സന്ധ്യയിൽ പ്രത്യേക ചന്തമാണ്‌. അരിഞ്ഞെടുത്ത മല്ലിയിലകളുടെ മണവും മസാലചേർത്ത കൊഴുത്ത ചായയുടെ ആവിയും ചാരനിറത്തിലുള്ള വലയങ്ങളായി പടരുന്ന നേർത്ത ലഹരിയുടെ ചൂടും പുതിയ കൂട്ടുകാരെ  സ്വാഗതംചെയ്യുന്ന ഇടുങ്ങിയ കണ്ണുകളിലെ ഈറൻ വെളിച്ചവും ചേർന്നൊരു വശ്യതയുണ്ട്. അങ്ങാടികൾക്കകത്തെ റോഡുകൾക്കെല്ലാം പൊതുവെ മാൽറോഡ് എന്നാകും പേര്. മാൽറോഡിലൂടെ ചൂടുള്ള  മസാലക്കടലയും കൊറിച്ച്‌ നടക്കാൻ പ്രത്യേക രസമാണ്‌. ഒരുപാടു കൂട്ടുകാരെ ഈ നടത്തത്തിനിടയിൽ കിട്ടിയിട്ടുമുണ്ട്.  ജീപ്പുമായി വന്ന അജയ്കുമാർ എന്ന ചെറുപ്പക്കാരനോടാണ് ആദ്യം നേഗിയെക്കുറിച്ചന്വേഷിച്ചത്. ഞങ്ങളുടെ ഹോട്ടലിന്റെ  പിന്നിലൂടെ ചെളിയും മഞ്ഞും മൂടിയ കുത്തനെയുള്ള പടികൾ കയറി നൂറുവർഷത്തിലധികം പഴക്കമുള്ള മരവീടിന്റെ മുറ്റത്ത് പിറ്റേന്നു രാവിലെ വന്നുനിന്നപ്പോൾ, നൂറ്റിമൂന്നുകാരനായ ആ മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ചും ഞങ്ങൾക്ക്‌ ആശങ്കയുണ്ടായിരുന്നു. തീർത്തും നിശ്ശബ്ദമായ ആ അന്തരീക്ഷത്തിൽ അടഞ്ഞുകിടക്കുന്ന പല വാതിലുകളിൽ തട്ടി അജയ് ആരോടോ സംസാരിച്ചു.
 
തുറന്നുതന്ന ചിത്രപ്പണികളുള്ള ഇരട്ട വാതിലിലൂടെ അകത്തു കയറി. നേർത്ത ഇരുളുമൂടിയ ഇടുങ്ങിയ ഇടനാഴിയിൽ കിഴക്കോട്ട്‌ തുറന്നിട്ട ഒറ്റ ജനാലയ്‌ക്കുനേരെ വിരിച്ചിട്ട  കട്ടിക്കമ്പിളിയിൽ വിളർത്ത വെയിലും ചൂടിയിരിക്കുകയായിരുന്നു ആ വയോധികൻ. പരിചയപ്പെടുത്തലുകൾ ഏറെ വേണ്ടിവന്നില്ല, കാത്തിരുന്ന അതിഥികളോടെന്നപോൽ സംസാരിച്ചുതുടങ്ങി. രാഷ്ട്രീയം, സാമൂഹ്യം, കാലാവസ്ഥ, പ്രകൃതി, കുടുംബം... വിഷയങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നു. ഭാര്യ വർഷങ്ങൾക്കുമുമ്പ്‌ മരിച്ചു. നാലാമത്തെ മകനും കുടുംബവുമാണ്‌ ഒപ്പം. ചെറിയ കേൾവിക്കുറവും ഒരു കണ്ണിന്റെ ഭാഗിക അന്ധതയുമൊഴിച്ചാൽ വസ്‌തുതകൾ കൃത്യമായി നിരത്തിവച്ച്‌ സംസാരിക്കാൻ  ബുദ്ധിമുട്ടുമില്ല. 2019ലെ പൊതുതെരഞ്ഞെടുപ്പിലും വോട്ടുചെയ്‌തെന്ന്‌ അഭിമാനത്തോടെ പറഞ്ഞു.  വോട്ട്‌ രേഖപ്പെടുത്താതെ അവകാശങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാൻ കഴിയില്ല എന്ന്‌ ഉറച്ചുവിശ്വസിക്കുന്നു നേഗി. അതുകൊണ്ടുതന്നെ സിസ്റ്റമാറ്റിക്‌ വോട്ടേഴ്‌സ്‌ എഡ്യൂക്കേഷൻ ആൻഡ്‌ ഇലക്ടറൽ പാർട്ടിസിപ്പേഷന്റെ (എസ്‌വിഇഇപി) മുഖ്യപ്രചാരകനും ബ്രാൻഡ്  അംബാസഡറുമാണ് നേഗി.  തെരഞ്ഞെടുപ്പ്‌ കമീഷന്റെ വജ്രജൂബിലി ആഘോഷിച്ച 2010ൽ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ നവീൻ ചാവ്‌ല കൽപ്പയിൽ വന്ന്‌ നേഗിയെ ആദരിച്ചു. ജില്ലാ കലക്ടർ ഇടയ്‌ക്കുവന്ന്‌ കാണാറുണ്ട്, അധ്യാപകവൃത്തിക്കുള്ള പെൻഷനും കിട്ടുന്നുണ്ട്. ചായ കഴിക്കാനുള്ള സ്നേഹംപുരണ്ട നിർബന്ധങ്ങൾ കൈകൂപ്പി ഒഴിവാക്കി ഞങ്ങളിറങ്ങി. ഒറ്റവാതായനത്തിലൂടെ വരുന്ന മഞ്ഞവെയിൽ പുതച്ച് നിറഞ്ഞുചിരിച്ച് അദ്ദേഹമിരുന്നു.
പ്രധാന വാർത്തകൾ
 Top