24 May Friday

മെക്‌സിക്കോയുടെ വിശുദ്ധപുരുഷൻ

എ എൻ രവീന്ദ്രദാസ്Updated: Thursday May 10, 2018

1986 മെക്സിക്കോ. ഫുട്ബോൾ പ്രണയികളുടെ സ്വപ്നങ്ങളിലെ ഫുട്ബോൾ യാഥാർഥ്യമാക്കി മാറ്റിയ എത്രയോ അനശ്വരനിമിഷങ്ങൾ. എന്നിട്ടും 13‐ാമത് ലോകകപ്പിൽ 24 ടീമുകളുടെ 52 മത്സരങ്ങൾ പൂർത്തിയായപ്പോൾ മനസ്സിൽ നിറഞ്ഞു നിന്നത് ഒരു ഇരുപത്തഞ്ചുകാരൻ. എട്ടു വർഷത്തിനുള്ളിൽ രണ്ടാമതൊരിക്കൽകൂടി ലോക മേധാവിത്വത്തെ പുൽകിയ അർജന്റീനയുടെ നായകനും നിയന്താതാവുമായ സാക്ഷാൽ ദ്യേഗോ അർമാൻഡൊ മാറഡോണ. 

മെക്സിക്കോ ലോകകപ്പുമായി മാറഡോണയുടെ പേര് ബന്ധപ്പെട്ടു കിടക്കുന്നതുപോലെ, പെലെ ഉൾപ്പെടെ മറ്റേതെങ്കിലും കളിക്കാരന്റെ പേര് ഏതെങ്കിലും ലോകകപ്പ് ടൂർണമെന്റുമായി കെട്ടിപ്പിണഞ്ഞു കിടക്കുന്നുണ്ടോ എന്ന് സംശയമാണ്. അവിശുദ്ധമായി ഒരു തവണ കൈക്രിയ നടത്തിയിട്ടുകൂടി ടൂർണമെന്റിനു കൊടിയിറങ്ങിയപ്പോഴേക്കും മാറഡോണ മെക്സിക്കോയുടെ വിശുദ്ധ പുരുഷനായി മാറിക്കഴിഞ്ഞിരുന്നു.

എല്ലാ അർഥത്തിലും മാറഡോണയുടെ ടൂർണമെന്റായിരുന്നു ഇത്. മെക്സിക്കോസിറ്റിയിൽ നടന്ന ക്വാർട്ടർ െെഫനലിൽ ഇംഗ്ലണ്ടിനെ നേരിട്ട അർജന്റീന അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒപ്പം മാറഡോണ എന്ന കളിക്കാരന്റെ പ്രതിഭാശാലിത്വവും. 50‐ാം മിനിറ്റിലും 55‐ാം മിനിറ്റിലും മാറഡോണ നേടിയ ഗോളുകൾക്ക് അർജന്റീന മുന്നിലെത്തിയപ്പോൾ, ആദ്യഗോൾ അങ്ങേയറ്റത്തെ വിവാദമുയർത്തി.

ഇംഗ്ലണ്ട് പ്രതിരോധത്തിലെ ബുച്ചറെയും സ്റ്റീവൻസിനെയും കബളിപ്പിച്ച് മുന്നേറിയ മാറഡോണയെ തടുക്കാൻ ആജാനബാഹുവായ ഗോളി പീറ്റർ ഷിൽറ്റൻ ചാടിവീണു. എങ്ങനെയോ പന്ത് ഷിൽറ്റനെ കബളിപ്പിച്ച് വലയിലായി. അതൊരു ഹാൻഡ്ബോളായിരുന്നുവെന്ന് മത്സരം നിയന്ത്രിച്ച ടുണീഷ്യക്കാരൻ റഫറി മാത്രമേ കാണാതിരുന്നുള്ളു. ദൈവത്തിന്റെ കൈയും തന്റെ തലയുമായിരുന്നു ഗോളിനു കാരണമെന്നായിരുന്നു മാറഡോണ പറഞ്ഞത്. എന്നാൽ 19 വർഷം കഴിഞ്ഞ് 2005 ആഗസ്ത്് 24ന് ദ്യോഗോ  മാറഡോണ സ്വന്തം ടെലിവിഷൻ പരിപാടിയിൽ ഏറ്റുപറഞ്ഞു. അത് 'മാറഡോണയുടെ കൈ' തന്നെയായിരുന്നുവെന്ന്. കൈയുയർത്തി ചാടിയ ഷിൽറ്റനെ കീഴടക്കാൻ അഞ്ചടി നാലിഞ്ച് ഉയരക്കാരനായ മാറഡോണ പന്ത് കൈകൊണ്ട് തട്ടിയിടുകയായിരുന്നു.

പക്ഷേ, മാറഡോണയുടെ രണ്ടാംഗോൾ  കാഴ്ചക്കാരെ കോരിത്തരിപ്പിച്ചു. ഗോൾമുഖത്തിന് വളരെ അകലെവച്ച് പന്ത് കിട്ടിയ മാറഡോണ, നീണ്ട ഓട്ടത്തിനിടയിൽ മൂന്ന് പ്രതിരോധക്കാരെ അനായാസം വെട്ടിച്ച്, നാലാമൻ ഓടിയടുക്കേ ഗോളി ഷിൽറ്റനെ ഞൊടിയിടയിൽ കബളിപ്പിച്ച് പന്ത് നിഷ്പ്രയാസം വലയിലാക്കി. പരിശീലന മത്സരത്തിൽപ്പോലും ഇത്ര നീണ്ട ഡ്രിബിളിങ്ങ് സങ്കൽപ്പിക്കാനാവാത്ത ഒരുകാലത്താണ് മാറഡോണ ഇത് സാക്ഷാൽകരിച്ചത്.

സെമിയിൽ ഫ്രാൻസിനെ മറികടന്ന് പശ്ചിമജർമനി തുടർച്ചയായ രണ്ടാമത്തെ ഫൈനലിൽ കയറി. മാറഡോണയുടെ മാന്ത്രികബൂട്ടിൽ വിരിഞ്ഞ രണ്ട് ഗോളുകൾക്ക് ബൽജിയത്തെ മുക്കി അർജന്റീനയും അങ്കംകുറിച്ചു. ഫൈനലിൽ ജർമനിയുടെ രണ്ടിനെതിരെ അർജന്റീന മൂന്നു ഗോളടിച്ചെങ്കിലും അതിലൊന്നും മാറഡോണയുടെ വകയായിരുന്നില്ല. പക്ഷേ ലോഥർ മത്തേയൂസിന്റെ കർശന നിരീക്ഷണത്തിലായിരുന്നിട്ടും അർജന്റീനയുടെ ഗോളുകൾക്ക് ഒത്താശചെയ്യാൻ മാറഡോണയ്ക്ക് കഴിഞ്ഞു. ബ്രൗണും വൽദാനൊയും നേടിയ ഗോളുകൾക്ക് അർജന്റീന ജയിച്ചെന്നുറപ്പിച്ചതായിരുന്നു. എന്നാൽ ആറു മിനിറ്റിനുള്ളിൽ റൂമിനിഗ്ഗെയും വോളറും നിറയൊഴിച്ച ഗോളുകളിലൂടെ ജർമനി തിരിച്ചെത്തിയതോടെ അന്ത്യയാമം അവിസ്മരണീയമായി. ഏഴ് മിനിറ്റ് ബാക്കിയിരിക്കെ മാറഡോണയുടെ പാസുമായി മുന്നേറിയ ബുറുച്ചിഗ ഗോളി ഷൂമാക്കറുടെ കഥകഴിക്കുന്നു (3‐2). അർജന്റീന ലോകത്തിന്റെ  നെറുകയിൽ. മാറഡോണയെന്ന മഹാമാന്ത്രികന്റെ കളി മിടുക്കാണ് 86 ലോകകപ്പിന്റെ ഏറ്റവും ചേതോഹരമായ ഓർമ. ഇംഗ്ലണ്ടിനെതിരെയും ബൽജിയത്തിനെതിരെയും മാറഡോണ നേടിയ ഗോളുകൾ ലോകകപ്പിന്റെ ചരിത്രത്തിലെതന്നെ അപൂർവസുന്ദരങ്ങളായ വിസ്മയങ്ങളായി നിലനിൽക്കുന്നു.

കപ്പ് നിലനിർത്താൻ അർജന്റീന എത്തുന്നു. എന്നാൽ ഫുട്ബോളിനെയും ലോകകപ്പിനെയും കാൽക്കീഴിലാക്കിയ ലാറ്റിനമേരിക്കയുടെ വശ്യമനോഹരമായ ശൈലിക്കും പൈതൃകത്തിനും നേരെ കൊഞ്ഞനം കുത്തുകയായിരുന്നു മാറഡോണയും സംഘവും ഇറ്റാലിയ 90ൽ ചെയ്തത്. ചരിത്രത്തിലെ ഏറ്റവും വിരസമായ ഫൈനലായിരുന്നു '96ലെ ജർമനി ‐ അർജന്റീന അങ്കം. ഉടനീളം പരുക്കൻ അടവുകളും അമിത പ്രതിരോധവും ഇരുപക്ഷവും പുറത്തെടുത്തപ്പോൾ അവസാന മിനിറ്റിൽ ലഭിച്ച സംശയാസ്പദമായ പെനൽറ്റിയിലൂടെ ജർമനി (1‐0) ജയിക്കുകയാണുണ്ടായത്. കാമറൂണിന്റെ കുതിച്ചുകയറ്റമായിരുന്നു ഈ ടൂർണമെന്റിന്റെ പ്രത്യേകത. ആദ്യമത്സരത്തിൽ ചാമ്പ്യൻമാരായ അർജന്റീനയെ ഞെട്ടിച്ചു മുന്നേറിയ റോജർമില്ലയുടെ കാമറൂൺ ക്വാർട്ടറിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി.

ഗോൾ കുടുങ്ങാതിരിക്കാനുള്ള ഒരു ടീമിന്റെ തന്ത്രവും ഗെയിംപ്ലാനും കുറ്റവിചാരണ ചെയ്യേണ്ടതില്ല. എന്നാൽ തങ്ങൾക്ക് പന്ത് വേണ്ട, എതിരാളികളുടെ മെയ്യ് മാത്രം മതി എന്ന കർക്കശമായ ശാഠ്യത്തോടെ ഫൈനലിലെ തന്ത്രം നടപ്പാക്കിയ അർജന്റീനയെക്കുറിച്ച് ഒന്നും പറയാതിരിക്കുകയാണ് ഭേദം. ഒരർഥത്തിൽ 'വിപരീതകളി' യായി രുന്നു മാറഡോണയുടെ സംഘത്തിന്റേത്.

പ്രധാന വാർത്തകൾ
 Top