പാരിസ്
‘മൂന്നാംസിനിമ’യുടെ മാനിഫെസ്റ്റോ രചയിതാവെന്ന പേരില്‍ വിഖ്യാതനായ അര്‍ജന്റീനന്‍ സംവിധായകനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ഫെര്‍ണാന്‍ഡോ സൊളാനസ് (84) കോവിഡിനിരയായി. അദ്ദേഹവും ഭാര്യ അങ്ഹേല കൊറീയയും മൂന്നാഴ്ചയിലേറെയായി പാരിസില്‍ ചികിത്സയിലായിരുന്നു. "സ്ഥിതി മോശമെങ്കിലും പൊരുതുകയാണ്' എന്നാണ് രോഗകാര്യം വെളിപ്പെടുത്തി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. വൈകാതെ കോവിഡിന് കീഴടങ്ങി.
അര്‍ജന്റീനയുടെ യുനെസ്കോ അംബാസഡറാണ്. ഹോളിവുഡ്, യൂറോപ്യന്‍ സിനിമകള്‍ക്ക് ബദലായി മൂന്നാംസിനിമയുടെ പ്രഖ്യാപനമറിയിച്ച "ഹവര്‍ ഓഫ് ഫര്‍ണസി'(1968)ലൂടെ ലോകശ്രദ്ധ നേടി. "രാഷ്ട്രീയമായ മൂന്നാംസിനിമ' എന്ന ആശയം മൂന്നാലോകരാഷ്ട്രങ്ങളിലെ പൊരുതുന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ആവേശമായി. ലാറ്റിനമേരിക്കയിലെ കോളനിവാഴ്ചയ്ക്കെതിരായ പോരാട്ടം അടയാളപ്പെടുത്തിയ ചിത്രം സുഹൃത്ത് ഓക്ടോവിയോ ഗെതിനോക്ക് ഒപ്പമാണ് ഒരുക്കിയത്. സുര്‍, എല്‍ വയജെ, ലാ ന്യൂബ്, മെമ്മോറിയ ഡെല്‍ സാക്വിയോ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി അന്താരാഷ്ട്രപുരസ്കാരം നേടി. വെനീസ്, കാന്‍ മേളകളില്‍ ആദരിക്കപ്പെട്ടു. 21–--ാമത് മോസ്കോമേളയുടെ പ്രസിഡന്റായി.
വലതുപക്ഷ പട്ടാള സ്വേഛാധിപത്യവാഴ്ചയെ ചോദ്യംചെയ്തതിന് വേട്ടയാടപ്പെട്ടതോടെ 1976ല്‍ അര്‍ജന്റീനയില്‍നിന്ന് പലായനം ചെയ്യേണ്ടിവന്നു. ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടതോടെ 1983ല്‍ തിരിച്ചെത്തി. രാഷ്ട്രീയ നിലപാടുകളുടേ പേരില്‍ ശാരീരികആക്രമണങ്ങള്ക്കിരയായി. ഇടതുപക്ഷ മൂല്യങ്ങള്‍ പേറുന്ന രാഷ്ട്രീയപാര്‍ടി രൂപീകരിച്ച് 2007ലെ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥിയായി. 2013ല്‍ ബ്യൂനോസ് അയരേസില്നിന്ന് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മകന് ഹുവാന്‍ ദിയാഗോ സൊളാനസും ശ്രദ്ധേയനായ ചലച്ചിത്രകാരനാണ്.
കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ(ഐഎഫ്എഫ്കെ) 2019ലെ സമഗ്രസംഭാവന പുരസ്കാരം സമര്‍പ്പിച്ചത് സൊളാനസിനായിരുന്നു. പുരസ്കാരം ഏറ്റുവാങ്ങാന്‍ ഭാര്യയ്ക്കൊപ്പമാണ് എത്തിയത്. മേളയില്‍ അരവിന്ദന് സ്മാരക പ്രഭാഷണം നടത്തി. ലോകക്ലാസിക് ഗണത്തില്‍പെടുന്ന വിഖ്യാത സിനിമ "ഹവര്‍ ഓഫ് ഫര്‍ണസി'ന്റെ ഫിലിം റീല്‍ കേരളത്തില്‍നിന്ന് മടങ്ങുംമുമ്പ് അദ്ദേഹം ചലച്ചിത്രഅക്കാദമിക്ക് സ്നേഹസമ്മാനമായി നല്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..