20 September Monday

ഇന്ദുകലാമൗലിയുടെ പ്രണയം... പ്രഭാവര്‍മ്മ എഴുതുന്നു

പ്രഭാവര്‍മ്മUpdated: Thursday Aug 5, 2021

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു.

എഴുതുന്നത് പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ.

Idioms and phrases തുടര്‍ച്ച

'Fall in love എന്നാല്‍ പ്രണയത്തിലായി എന്നുതന്നെയാണ് അര്‍ത്ഥമെങ്കിലും അതില്‍ ഒരു fall ഉണ്ടല്ലോ. Fall ആകട്ടെ, വീഴ്ചയാണുതാനും. പ്രണയത്തില്‍പ്പെടുന്നവരില്‍ ഒരാള്‍ അല്‍പം താണുകൊടുത്താലേ പ്രണയം മുമ്പോട്ടുപോകൂ എന്നതിന്റെ സൂചനയാവാം ഈ 'Fall' തരുന്നത്. It seems Raghu is falling in love with his class-mate!
ഇങ്ങനെ പ്രണയത്തിലായ രഘു അടുത്ത ഘട്ടത്തില്‍ പ്രണയത്തിലേക്ക്‌ 'head over heels' ആയി എന്നു വരാം. Be head over heels എന്നത് ഈ പശ്ചാതലത്തിൽ പ്രണയത്തിലേക്കു മുതലക്കൂപ്പുകുത്തലാണ്. അതായതു്  തീവ്ര പ്രണയത്തിലാവലാണ്. Raghu and Sheela are head over heels in love with each other!

ഇങ്ങനെയായ രഘുവും ഷീലയും പ്രണയത്താല്‍ ചുറ്റുപാടു മറന്നാലോ? അതിനെ Be lovey-dovey എന്നു പറയും. പൊതു സ്ഥലത്ത് എല്ലാം മറന്ന് പരസ്പരം കെട്ടിപ്പിടിച്ചും ചുംബിച്ചും സ്‌നേഹം പ്രകടിപ്പിക്കുന്ന അവസ്ഥയാണത്. Raghu and Sheela are so lovey-dovey. We can't stand it. So, I avoid going along with them.

ഇങ്ങനെയുള്ള തീവ്ര പ്രണയത്തിലായാല്‍ കാമുകനു കാമുകിയുടെയും കാമുകിക്കു കാമുകന്റെയും പോരായ്മകള്‍, ദൂഷ്യവശങ്ങള്‍  തുടങ്ങിയവയൊന്നും കാണാന്‍ കഴിയാതെ പോവും. അപ്പോള്‍ നമുക്കു പറയാം; They are so blinded by love എന്ന്. അങ്ങനെ blinded ആയാല്‍ പ്രണയിക്കുന്നയാളില്‍ നല്ലതേ കാണാനാവൂ. വസ്തുനിഷ്ഠമായ വിലയിരുത്തല്‍ അസാധ്യമാവും.

To fancy some one എന്നും പറയാം. ഒരാളില്‍ വളരെ ആകര്‍ഷിക്കപ്പെടുന്ന അവസ്ഥയാണിത്. Joy really fancies Molly എന്നു പറയാം. Joe loves Molly with all his heart and soul! എന്നു പറഞ്ഞാല്‍ ജോ മോളിയെ പൂര്‍ണ്ണമായി സ്‌നേഹിക്കുന്നു എന്ന് അര്‍ത്ഥം. ഇത്തരം അവസ്ഥയില്‍ Joe is under Molly's spell എന്നും പറയാം. ജോ മോളിയില്‍ ഏതാണ്ട് ഒരു ഇന്ദ്രജാലത്തിലെന്നപോലെ സ്വയം നഷ്ടപ്പെട്ടു കഴിയുന്നു എന്നര്‍ത്ഥം. ഇങ്ങനെ വന്നാല്‍ Joe is likely to whisper sweet nothings in Molly's ear. പ്രണയ സല്ലാപമാണ് whisper sweet nothings.

പ്രണയത്തിന്റെ ഒരു ഘട്ടത്തില്‍, പ്രിയപ്പെട്ടവനു പ്രിയപ്പെട്ടതെന്തൊക്കെയോ, അതൊക്കെ പ്രിയപ്പെട്ടവള്‍ക്കും പ്രിയപ്പെട്ടതാവും. മറിച്ചും. കാമുകനു സ്വന്തം നിലയ്ക്ക് ഇഷ്ടമുള്ളതായിക്കൊള്ളണമെന്നില്ല. എങ്കിലും തന്റെ കാമുകിക്ക് ഇഷ്ടമുള്ളതാണല്ലൊ എന്നോര്‍ക്കുമ്പോള്‍ കാമുകന് അതിനോട് ഒരു പ്രതേ്യക മമത തോന്നും. ഇക്കാര്യം വയലാര്‍ ഒരു പാട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

'ഇന്ദുകലാമൗലി തൃക്കൈയാലോമനിക്കും
സ്വര്‍ണമാന്‍പേട എന്റെ സഖിയായി....
കന്മദം മണക്കും കൈലാസത്തിലെ
കല്ലോലിനിയുമെന്റെ  സഖിയായി... പ്രിയ
സഖിയായി!'

പാര്‍വ്വതിക്ക് ഇഷ്ടമാവുകയാണ്, ശിവനു പ്രിയങ്കരമായതു സര്‍വ്വവും. ശിവന്‍ തൃക്കൈയാല്‍ ലാളിക്കുന്നുണ്ട് പേടമാനെ. അതുകൊണ്ട് പേടമാൻ പാർവതിക്കു സഖിയായി. കൈലാസത്തിലെ കല്ലോലിനി ശിവനു പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പാര്‍വ്വതിക്കും പ്രിയപ്പെട്ടതായി!

ഈ അവസ്ഥയ്ക്ക് to be smitten with some one എന്നു പറയും. ആരിലെങ്കിലും പൂര്‍ണമായി ആകൃഷ്ടനായി, അഥവാ ആകൃഷ്ടയായി, പരിപൂര്‍ണ ആനന്ദത്തില്‍ കഴിയലാണത്. Molly is smitten with Joe, whom she met last year എന്നു പറയാം.

She was profusely talking about him. I was sure that she would always be his 'one and only' എന്നു പറഞ്ഞാല്‍ to be unique to the other person  എന്നര്‍ത്ഥം.

പ്രണയത്തിലാവുമ്പോള്‍ വസ്തുനിഷ്ഠ വിലയിരുത്തല്‍ അസാധ്യമാവുമെന്നും പ്രണയിക്കുന്നതാരെയോ, ആ വ്യക്തിയുടെ തെറ്റിന്റെ വശങ്ങള്‍ കാണാന്‍ കഴിയാതെയാവും എന്നു പറഞ്ഞല്ലോ. അങ്ങനെ വന്നാല്‍ പിന്നീടു പരിതപിക്കേണ്ടിവന്നുവെന്നു വരാം. അപ്പോള്‍ പറയാനും ഇംഗ്ലീഷില്‍ സവിശേഷമായ ഒരു പ്രയോഗമുണ്ട്. 'hook, line and sinker' എന്നതാണത്. Raju fell for Sheela hook, line, and sinker എന്നു പറയാം. തീവ്രതരമായ സ്‌നേഹത്തിലാവുകയും, പറഞ്ഞതൊക്കെ വിശ്വസിക്കുകയും ചെയ്ത ശേഷം ചതിക്കപ്പെട്ടുവെന്നു തോന്നുന്നെങ്കില്‍ പറയാവുന്നതാണിത്.

പിന്നെയുള്ളതു  break up, split up ഒക്കെയാണ്. ബന്ധം അവസാനിപ്പിക്കല്‍. It seems Joe and Molly have split up എന്നു പറഞ്ഞാല്‍ ജോയും മോളിയും ബന്ധം അവസാനിപ്പിച്ചു എന്നാണ്. I thought they were going to tie the knot. But they broke up. Tie the knot വിവാഹം കഴിക്കലാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

I had an intense love affair with her. I believed what she said and totally trusted her. But she deceived me completely. I am sorry that I fell for her words, hook, line, and sinker.
ഇങ്ങനെ തിരിച്ചറിയുന്നതിനു മുമ്പുള്ള ഘട്ടത്തിലാകട്ടെ പ്രണയിക്കുന്ന വ്യക്തിയെ പൂര്‍ണചന്ദ്രനെപ്പോലെ മനസ്സില്‍ സ്ഥാപിക്കും. ചന്ദ്രനില്‍ ചെറുകളങ്കമുണ്ടെങ്കിലും അതിനെക്കുറിച്ചൊന്നും നമ്മള്‍ പറയാറില്ലല്ലൊ.

'ചൊല്ലാര്‍ന്നോരഴകല്ലയോ  പനിമതി-
ക്കങ്കം കറുത്തെങ്കിലും' എന്നു കവിത. ചന്ദ്രന്റെ പ്രഭയെക്കുറിച്ചേ പറയു. ഈ അവസ്ഥയില്‍ കാമുകനെ അഥവാ കാമുകിയെ പൂര്‍ണ്ണചന്ദ്രനായി മനസ്സിന്റെ ആകാശത്തു സ്ഥാപിക്കാനതിനുമുണ്ട് ഇംഗ്ലീഷില്‍ സവിശേഷമായ ഒരു പ്രയോഗം 'hung the Moon' എന്നതാണത്. സാധാരണ കഴിവുകള്‍ മാത്രമുള്ള ഒരാളെ അസാധാരണ കഴിവുള്ളയാളായി 'larger than life' രൂപത്തില്‍ മനസ്സില്‍ പ്രതിഷ്ഠിക്കലാണിത്. All of us know that Raghu is a man of ordinary skill. But, his girlfriend loves to think that he hung the moon.

'Be an item'  എന്ന ഒരു പ്രയോഗമുണ്ട്. പ്രണയത്തിലിരിക്കുന്ന ഇരുവരെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്. In the class room, they did not even talk to each other. So, I did not think that they were an item.

'Blind date' എന്നതും പ്രണയവുമായി ബന്ധപ്പെട്ട ഒരു പ്രയോഗം തന്നെ. മുമ്പ് ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത യുവാവിനെയും യുവതിയെയും കണ്ടുമുട്ടിക്കാനും പ്രണയിപ്പിക്കാനും ഒരാള്‍  ശ്രമിച്ചാല്‍, അയാള്‍ blind dates ഉണ്ടാക്കുന്നുവെന്നു പറയാം. Thara's friend Sobha kept organising blind dates for me. She is bent on creating an impression that I have an affair with Thara.

ആദ്യഭാഗം: വാക്കിനപ്പുറം പായുന്ന ശൈലികള്‍

രണ്ടാംഭാഗം: ഇവിടെ പറഞ്ഞാല്‍ കാലൊടിയും; അവിടെ അഭിനന്ദനം

മൂന്നാം ഭാഗം: ഹോബ്‌സന്റെ പരിപ്പുവടയും നെല്‍സന്റെ കണ്ണും

നാലാംഭാഗം: തല്ലാനും തലോടാനും സ്വയം പുകഴ്ത്താനും സംഗീതം

അഞ്ചാം ഭാഗം: വ്യാജസ്തുതി ഇംഗ്ലീഷിലായാല്‍

ആറാം ഭാഗം: നല്ല ഇംഗ്ലീഷ്‌ ജയിലിലെത്തിക്കാം

ഏഴാം ഭാഗം: ഫ്രൈ ചെയ്യാൻ വലിയ മീൻ വേറെയുള്ളപ്പോൾ

എട്ടാം ഭാഗം: ബാര്‍ അറിയാനും കുറുക്കുവഴി

ഒമ്പതാം ഭാഗം: സ്ഥലം വിടാന്‍ 'കുറുവടി'; പഴയതിന് 'ഈച്ച ചന്ത'

പത്താം ഭാഗം : കഥ മുഴുവനായിത്തന്നെ അറിയാന്‍ 'എന്‍ചിലാഡ' വേണം

പതിനൊന്നാം ഭാഗം: കൊണ്ടുനടക്കാന്‍ പ്രണയത്തിന്റെ ഒരു ടോര്‍ച്ച്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top