ഇഎംഎസിന്റെ 113ാം ജന്മദിനമാണ് ജൂൺ 13. രാഷ്ട്രീയ കേരളത്തിന്റെ എക്കാലത്തേയും ചരിത്രവും വർത്തമാനവുമാണ് ത്യാഗനിർഭരമായ ആ ജീവിതം. ആരും പറയാത്ത, അറിയാത്ത, ജീവിതസന്ദർഭങ്ങളിൽ ചിലത് ഓർത്തെടുക്കുകയാണ് മരുമകൾ കെ എസ് ഗിരിജ. ഈയിടെ വിടപറഞ്ഞ ഇഎംഎസിന്റെ മകൻ എസ് ശശിയുടെ ഭാര്യ.
ജൂൺ 13.
ശശി പോയതിനു ശേഷം ആദ്യമായി വരുന്ന അച്ഛന്റെ ജന്മദിനം. മറ്റേതുദിവസത്തെയും പോലെത്തന്നെ, ഈ ദിവസവും ശശിയുടെ അഭാവം എന്നെ അലട്ടുന്നു. ശശി ഒപ്പമില്ലെന്ന, ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ എത്ര ശ്രമിച്ചിട്ടും പിടിവിടുന്നു. ഓർമകളാണ് തുണ. തുഴയിട്ട് അതിലാണ്ടു മുങ്ങുമ്പോൾ എനിക്കവരുമായി സംസാരിക്കാം. ആ ചിരിയും വർത്തമാനവും അകത്തെവിടെയോ കേൾക്കാം.
ശശിയുണ്ടായിരുന്നപ്പോഴും അച്ഛന്റെ ജന്മദിനങ്ങൾ സാധാരണപോലെ കടന്നുപോയിരുന്നു. അച്ഛനെപ്പോലെ ശശിക്കും ആഘോഷങ്ങളിൽ താൽപ്പര്യമില്ല. ഏറിയാൽ പുറത്തെവിടെയെങ്കിലും പോയി ഒന്നിച്ചുള്ള ഒരുച്ച ഭക്ഷണം. അതും ഞങ്ങളുടെ മക്കൾ മുതിർന്നശേഷം, അവരുടെ ചെറിയ സന്തോഷങ്ങൾക്ക് നിന്നുകൊടുക്കുകയായിരുന്നു ഇരുവരും. അച്ഛനോടൊപ്പം ഡൽഹിയിലും തിരുവനന്തപുരത്തും താമസിച്ചിരുന്നപ്പോൾ ഞങ്ങളങ്ങനെ പുറത്തുപോയി ഭക്ഷണം കഴിക്കാറുണ്ട്. അതോടെ തീരും അച്ഛന്റെ പിറന്നാളാഘോഷം. ചുരുക്കം ചില പിറന്നാളുകൾ കുടുംബാംഗങ്ങളോടൊപ്പം ഉണ്ടായിട്ടില്ലെന്നല്ല. വലിയ സംഗമങ്ങൾക്കോ സന്ദർഭങ്ങൾക്കോ ആ ജീവിതത്തിൽ സ്ഥാനമില്ലായിരുന്നു.
അച്ഛൻ മരിച്ചശേഷം, തൃശൂരിൽ കോസ്റ്റ്ഫോർഡിന്റെ ഇഎംഎസ് സ്മൃതിയിൽ പങ്കെടുക്കാറുണ്ട്.

ശശിയും ഗിരിജയും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടൊപ്പം
ശശിയും ഞാനും ഒന്നിച്ചാണ് പോകാറ്. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരെയൊക്കെ കണ്ട് പരിചയം പുതുക്കും. ചരമദിനങ്ങളിൽ അനുസ്മരണയോഗത്തിനൊന്നും ശശി പോയിട്ടില്ല, അച്ഛനില്ലാതെ അച്ഛനെപ്പറ്റി മറ്റുള്ളവർ പറയുന്നത് കേട്ടിരിക്കാൻ വയ്യെന്നാണ് പറയാറ്. ആ ദിവസത്തിൽ ഒരു കാരണവുമില്ലാതെ എവിടേക്കെങ്കിലും ട്രെയിനോ ബസ്സോ കയറി ശശി യാത്രപോവും.
രാജ്യമറിയുന്ന വലിയൊരു നേതാവിന്റെ മകനെന്ന പരിവേഷത്തിലല്ല ശശിയുടെ വിവാഹാലോചന എന്നെ തേടിവന്നത്. വിവാഹം കഴിഞ്ഞ്, ശശിയുടെ ഭാര്യയായി ആ വീട്ടിലെത്തിയപ്പോൾ എനിക്കും പെട്ടെന്നത് പിടികിട്ടി. ഏതൊരു സാധാരണക്കാരന്റെയും കുടുംബാന്തരീക്ഷം. അവിടെ ഞാൻ മരുമകളേക്കാൾ മകളും ചിലവേള പേരക്കുട്ടിയുമായി മാറി. അത്ര വാത്സല്യവും കരുതലുമായിരുന്നു. ശശിയുടെ ആലോചന വന്ന ദിവസങ്ങളെ എനിക്കിപ്പോഴും കണ്ണടച്ചാൽ കാണാം. അത്ര അടുത്താണത്. ഇതിലും വല്യൊരു മഹാരാജാവിന്റെ ആലോചന വരാനില്ല കുട്ടിക്ക്. അടുക്കളയിൽനിന്ന് അമ്മ, വല്യച്ഛനോട് സംസാരിക്കുകയാണ്.

ഇ എം എസ് ,ഐസിപി നമ്പൂതിരി
ഇതേത് മഹാരാജാവ്? ഞാനവരുടെ വർത്തമാനത്തിന് ചെവിയോർത്തു. പതുക്കെ മനസ്സിലായി. സാക്ഷാൽ ഇ എം എസിന്റെ മകൻ ശശിയുടെ കാര്യമാണ് പറയുന്നത്. ഐസിപി നമ്പൂതിരിയാണ് ആലോചനയുമായി അമ്മാമനെ സമീപിച്ചിരിക്കുന്നത്.
അന്ന് ഞാനും ശശിയും സിഎയ്ക്ക് പഠിക്കുകയാണ്. അതായിരിക്കാം ഞങ്ങളുടെ ചേർച്ചക്ക് അവർ പൊതുവായി കണ്ട കാര്യം. പിന്നെ, രണ്ടു കുടുംബക്കാരും തികഞ്ഞ കമ്യൂണിസ്റ്റുകാർ. എന്റെ അച്ഛനും വല്യച്ഛനും സിപിഐക്കാരായിരുന്നു. എന്നാൽ അമ്മാമൻ കടുത്ത മാർക്സിസ്റ്റും. ഈ പൊരുത്തത്തിനു പുറമെ എന്റെ അമ്മവീടായ മുതുകുറുശ്ശിയും ഏലംകുളവും ഒരേ കുടുംബമാണ്. ചുരുക്കത്തിൽ അമ്മയുടെ അമ്മാത്തുനിന്നുതന്നെയാണ് ആലോചന. സമ്മതം മൂളാൻ ആർക്കും മറ്റൊന്നും നോക്കേണ്ടിവന്നില്ല.
ഒരാഴ്ച കഴിഞ്ഞ്, 1984 ഡിസംബർ 20നാണ് ശശിയും ഒരു ബന്ധുവും കൂടി ‘പെണ്ണുകാണാൻ’ വരുന്നത്. കണ്ടതേ, തമ്മിലിഷ്ടമായി എന്ന മട്ടായി. മനസ്സുകൊണ്ട് ഒന്നായതിന്റെ പിറ്റേന്നുതന്നെ ഭാവി മരുമകളെ കാണാൻ ഇ എം എസും ശശിയുടെ സഹോദരിമാരായ ഡോ. മാലതിയും രാധയും ഏടത്തിയമ്മ ഡോ. യമുനയും മക്കളുംകൂടി വീട്ടിൽ വന്നു.
എന്റെ വീട് തൃശൂർ ജില്ലയിലെ പൂക്കോട് എന്ന ഗ്രാമത്തിൽ ആണ്. അന്നത്തെ ഭാഷയിലും കാഴ്ചയിലും ശരിക്കുമൊരു കുഗ്രാമം എന്നുവേണം പറയാൻ. ഇ എം എസ് അവിടെയെത്തുന്നു എന്നത് ശരിക്കുമൊരു വാർത്തയായി. കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി, മാർക്സിസ്റ്റ് ആചാര്യൻ വരുന്നു എന്ന മട്ടിലാണ് നാട്ടുകാർ ആ സന്ദർശനത്തെ എതിരേറ്റത്. അങ്ങനെ തീർത്തും സ്വകാര്യമാവേണ്ടൊരു വീട്ടുകാര്യം വലിയൊരു നാട്ടുകാര്യമായി മാറി. വീട്ടുകാരേക്കാൾ നാട്ടുകാർ ആ വരവ് ആഘോഷിച്ചു.
1985 മേയ് 20ന് വിവാഹം നിശ്ചയിച്ച് അവരന്ന് മടങ്ങി. പെണ്ണു കാണാനെത്തിയ ശശിക്ക് ഒരൊറ്റ നിബന്ധനയെ ഉണ്ടായിരുന്നുള്ളു. ശശി ആദ്യമായി എന്നോട് മിണ്ടിയതും അതുപറഞ്ഞാണ്. അച്ഛനും ശശിയും മാത്രമേ ഡൽഹിയിലെ വീട്ടിലുള്ളൂ. അച്ഛന്റെ ചിട്ടകൾക്കനുസരിച്ചാണ് അവിടെ ജീവിതം ക്രമീകരിച്ചിട്ടുള്ളത്. അച്ഛന്റെ കാര്യം കഴിഞ്ഞേ മറ്റെന്തും ഉള്ളൂവെന്ന് സാരം. അതിന് തയ്യാറാണോ എന്നാണ് ചോദ്യം. ഉത്തരത്തിന് രണ്ടാമതൊന്ന് ആലോചിച്ചതേയില്ല. കാരണം പതിനാറാമത്തെ വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട പെൺകുട്ടിയാണ് ഞാൻ. ഒരച്ഛന്റെ സ്നേഹവായ്പും തണലും പരിരക്ഷയും വല്ലാതെ മോഹിച്ചിരുന്നവൾ. ഭാവി വിവാഹജീവിതത്തെപ്പറ്റി ഞാനും ഒരു മോഹം ഉള്ളിൽകൊണ്ടുനടന്നിരുന്നു. വിവാഹം കഴിക്കുന്ന ആളുടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടാവണം. അത് ഞാനെന്റെ വീട്ടുകാരോട് പറഞ്ഞിട്ടുമുണ്ട്.
ശശിയുമായുള്ള വിവാഹം കഴിഞ്ഞ് പിന്നീടൊരിക്കൽ ഞാനെന്റെ ഒരു സുഹൃത്തിനെ കണ്ടുമുട്ടിയപ്പോൾ പറഞ്ഞത്, കല്യാണം കഴിക്കുന്ന ആളുടെ അച്ഛൻ ജീവിച്ചിരിക്കണമെന്നല്ലേ താൻ ആശിച്ചുള്ളു, ഇതിപ്പോ ഇതിലും വലിയൊരു അച്ഛനെ ആർക്കാ കിട്ടാ എന്നാണ്. എന്നെ കാണാൻ വന്ന ദിവസം ശശിക്കു കൊടുത്ത വാക്ക് അച്ഛൻ മരിക്കുന്ന ദിവസംവരെ പാലിക്കാനായി എന്നത് ജീവിതത്തിലെ വലിയ സമ്പാദ്യമാണ്. അച്ഛനെ ശുശ്രൂഷിച്ചും ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞും ആ ജീവിതത്തോടൊപ്പം എന്റെ ജീവിതവും തുഴയാനായത് സൗഭാഗ്യമാണെന്ന് ഞാൻ സദാ ഓർമിക്കും. അച്ഛനെ ശുശ്രൂഷിക്കുക എന്നത് എന്നെ സംബന്ധിച്ച് സന്തോഷകരമായിരുന്നു. സ്വതവേ അതൊന്നും ഇഷ്ടമില്ലാത്ത അച്ഛനും അതാസ്വദിച്ചിരുന്നു. മരിക്കുംവരെ ഞങ്ങളോടൊപ്പം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്.

ശശി, ഇ എം എസ്, ഗിരിജ (ആദ്യകാലചിത്രം)
രണ്ടുപേരുടെയും അവസാന യാത്രവരെ അവരോടൊപ്പമുണ്ടായി. കാറിൽ, ആശുപത്രിയിലെത്തുംവരെ, എന്റെ തോളത്തുചാരിയിരുന്ന്, എന്റെ കൈപിടിച്ചാണ് അവർ രണ്ടുപേരും പോയത്. ഞങ്ങളുടെ വിവാഹവും അന്ന് വലിയ വാർത്തയായി. മകന്റെ വിവാഹത്തിൽ ഇ എം എസിന് പങ്കെടുക്കാനായില്ല എന്ന മട്ടിൽ പത്രങ്ങൾ അന്നത് നല്ലപോലെ ആഘോഷിച്ചു. ഞങ്ങളുടെ വിവാഹത്തലേന്നാണ് പി സുന്ദരയ്യയുടെ മരണം. തിരുവനന്തപുരത്തുനിന്ന് തൃശൂർക്ക് പുറപ്പെട്ട ശേഷമാണ് ആ മരണവാർത്ത അവർ അറിയുന്നത്. അച്ഛന്റെ വിഷമാവസ്ഥ ശശിക്കു മനസിലായി. സുന്ദരയ്യയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുകയാണ് വേണ്ടതെന്ന് ശശിയും അച്ഛനെ നിർബന്ധിച്ചു. എന്നാൽ ഞങ്ങളുടെ വീട്ടിൽ വന്ന് പറഞ്ഞിട്ട് പോകാമെന്നായി അച്ഛൻ. അങ്ങനെ വിവാഹത്തലേന്ന് രാത്രി അവർ വീട്ടിൽവന്നു. അവിടെ നിന്നാണ് വിജയവാഡയ്ക്ക് പോകുന്നത്.
വിവാഹച്ചടങ്ങുകൾ ഒന്നും വേണ്ടെന്നും 50 പേരിൽ കൂടുതൽ പാടില്ലെന്നും ശശി ആദ്യമേ പറഞ്ഞിരുന്നു. ചടങ്ങുകൾ ഒന്നും ഉണ്ടായില്ല. സബ്രജിസ്ട്രാർ വന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ക്ഷണിതാക്കളുടെ എണ്ണത്തിൽ ശശിക്കു കൊടുത്ത വാക്ക് പാലിക്കാൻ കഴിഞ്ഞില്ല.

ഇ എം എസും ഭാര്യ ആര്യാ അന്തർജനവും
എങ്കിലും കഴിയുന്നത്ര അടുത്ത ബന്ധുക്കളിലും സുഹൃത്തുക്കളിലുമായി ക്ഷണം ഒതുങ്ങി. തിരുവനന്തപുരത്തും ലളിതമായൊരു സൽക്കാരം ഉണ്ടായിരുന്നു. പാർടി സഖാക്കളും അവിടെയുള്ള ബന്ധുക്കളുമായി കുറച്ചുപേർ. നവവധുവിന്റെ പകപ്പോ പരിചയക്കുറവോ ഒന്നുമില്ലാതെ വളരെ പെട്ടെന്ന് ആ അന്തരീക്ഷവുമായി ഞാനിണങ്ങി. കാട്ടിക്കൂട്ടലുകൾ ഇല്ലാത്ത കുടുംബാന്തരീക്ഷം. ഉപായങ്ങളില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരായി ജീവിക്കുന്നവർ. അച്ഛൻ ലാളിത്യത്തിന്റെ പ്രതിരൂപമായിരുന്നുവെങ്കിൽ അമ്മ അതിലുമേറെ. ആരാണ് അക്കാര്യത്തിൽ മുന്നിൽ എന്നായിരുന്നു എന്റെ എക്കാലത്തേയും സംശയം.
ഏറെ കേട്ട് പരിചിതമായ ഏലംകുളം തറവാട്ടിലേക്ക് വിവാഹം കഴിഞ്ഞ് ആദ്യനാളുകളിലൊന്നും പോയിട്ടില്ല. ആ തറവാടുമായി വൈകാരികമായി വലിയൊരു അടുപ്പം ശശിക്കോ അച്ഛനോ ഉണ്ടായിരുന്നതായും തോന്നിയിട്ടില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ ഡൽഹിക്ക് പോയി. ജൂൺ 12ന് അവിടെയെത്തി. 13ന് അച്ഛന്റെ പിറന്നാൾ. ഞാനാ കുടുംബാംഗമായശേഷം ആദ്യം വരുന്ന പിറന്നാളാണ്. എല്ലാ വർഷവും ജൂൺ 13 വരുമ്പോൾ ഞാനാദിവസം ഓർക്കും. എന്റെ വകയായി അച്ഛന് എന്താണൊരു പിറന്നാൾ സമ്മാനം കൊടുക്കുക എന്നായി ചിന്ത. ഒടുവിൽ നല്ലൊരു പേഴ്സ് വാങ്ങി കൊടുക്കാം എന്നുറച്ചു.
കുറേ തിരഞ്ഞ് ഡൽഹി ജൻപഥ് മാർക്കറ്റിൽ നിന്ന് ഞങ്ങൾ അന്ന് വാങ്ങിക്കൊടുത്ത പേഴ്സാണ് അച്ഛൻ മരിക്കുംവരെ യാത്രകളിൽ കൊണ്ടുനടന്നത്. അച്ഛന്റെ മരണശേഷം ശശി നിധിപോലെ അതെല്ലാം സൂക്ഷിച്ചു. അച്ഛൻ വ്യായാമത്തിനുപയോഗിച്ചിരുന്ന സൈക്കിൾ, കണ്ണട, പേന, ഞാനെന്റെ ആദ്യസമ്മാനമായി വാങ്ങിക്കൊടുത്ത പേഴ്സ് എല്ലാം. ഏലംകുളത്തേക്കുള്ള യാത്രകൾ ഒരു പരിധിയോളം യാന്ത്രികമായിരുന്നു. ഉണ്ടാകുമായിരുന്നുവെന്ന് ഞാനാശിച്ചിരുന്ന ഭൂതകാലക്കുളിരൊന്നും കിട്ടിയില്ല. വിശേഷാവസരങ്ങളിൽ പോകും. ബന്ധുക്കളെ കാണും. തിരിച്ചുപോരും. അത്രതന്നെ.
ആദ്യനാളുകളിൽ ശശിയും അച്ഛനും ഞാനും മാത്രമായിരുന്നു ഡൽഹിയിലെ വീട്ടിലെ അന്തേവാസികൾ. എന്നാൽ പിന്നീടുള്ള ജീവിതത്തിൽ വലിയ പാഠങ്ങൾ പഠിക്കാൻ ആ നാളുകളാണ് ഉപകരിച്ചത്. രാവിലെ നാലിന് അച്ഛൻ എഴുന്നേൽക്കും. പിന്നെ രാത്രി പത്തോടെ കിടക്കുംവരെ ചിട്ടതെറ്റിക്കാതുള്ള ദിനസരി. എന്നെ കാണാൻ വന്ന ആദ്യദിവസം തന്നെ അച്ഛൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഡൽഹിയിലെ തണുപ്പുകാലത്ത് രാവിലെ നാലുമണിക്കൊക്കെ എണീക്കാൻ ഗിരിജക്ക് ബുദ്ധിമുട്ടാവോന്ന്. പുലർച്ചക്കുള്ള എണീക്കൽ അത്ര സുഖമുള്ള കാര്യമല്ലായിരുന്നു എനിക്ക്. എങ്കിലും ആ ‘മടി’ യൊന്നും പുറത്തു കാട്ടിയില്ല. ബുദ്ധിമുട്ടില്ലെന്ന് അപ്പഴേ പറഞ്ഞു.
അങ്ങനെ അച്ഛൻ എണീക്കുന്നതോടെ ഞാനും എഴുന്നേൽക്കാൻ തുടങ്ങി. ക്രമേണ അതൊരു ശീലമായി. ആ ശീലം അച്ഛൻ മരിക്കുന്ന ദിവസം വരെ തുടർന്നു. എണീറ്റു കഴിഞ്ഞാൽനാലരയോടെ ഡൈനിങ് റൂമിലിരുന്ന് ഞങ്ങളൊന്നിച്ചാണ് ചായ കുടിക്കുക. ആ സമയത്താണ് ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള സംസാരം. അവസാനകാലം വരെ നില നിന്ന ഊഷ്മളമായൊരു ബന്ധം ഉണ്ടാവാൻ കാരണമായത് പുലർകാലത്തെ മുടങ്ങാതെയുള്ള ആ സംഭാഷണശകലങ്ങളായിരിക്കാം. അച്ഛന്റെ ചെറുപ്പകാലവും രാഷ്ട്രീയ പ്രവേശവും സംസാരത്തിൽ വരും.

ശശിയും ഗിരിജയും പേരക്കുട്ടിയോടൊപ്പം
അമ്മയുടെയും ശശിയുടെയും ബന്ധുക്കളുടെയും കാര്യങ്ങളും കടന്നുവരും. സംസാരം തീരുന്നതോടെ പിന്നെ അരമണിക്കുറോളം പുറത്തുള്ള നടത്തം. ചെറിയ ചില വ്യായാമങ്ങളും കുളിയും കഴിഞ്ഞ് ഏഴരയോടെ പത്രവായനയും ബ്രേക്ക് ഫാസ്റ്റും കഴിയും. എട്ടുമണിക്ക് സെൻട്രൽ കമ്മിറ്റി ഓഫീസിൽനിന്ന് വണ്ടിവരും. ഒരുമണിക്ക് തിരിച്ചെത്തും. ഭക്ഷണവും 20 മിനിറ്റ് ഉറക്കവും കഴിഞ്ഞ് രണ്ടുമണിക്ക് തിരിച്ചുപോവും. ആറിന് മടങ്ങി വന്നാൽ വായിക്കാനിരിക്കും. രാത്രി എട്ടുമണിയോടെ ഭക്ഷണം. വീണ്ടും വായന. പത്തുവരെ. പിന്നെ ഉറങ്ങാൻ കിടക്കും. അതായിരുന്നു അച്ഛന്റെ ജീവിതം.
മിക്കവാറും ഞായറാഴ്ചകളിൽ ഏതെങ്കിലും ബന്ധുക്കളുടെ വീടുകളിൽ എല്ലാവരുംകൂടി പോവും. അച്ഛനും അക്കാര്യത്തിൽ മടിയില്ലായിരുന്നു. ചിലപ്പോൾ പാർടിയിലെ അടുത്ത സഖാക്കളുടെ വീടുകളിലേക്കായിരിക്കും സന്ദർശനം. രാത്രി ഭക്ഷണം കഴിച്ചാണ് മിക്കവാറും മടങ്ങാറ്. പലപ്പോഴും ബന്ധുക്കൾ ഞങ്ങളുടെ വീട്ടിലും വരും. കേന്ദ്രകമ്മിറ്റിയുള്ള അവസരങ്ങളിൽ കേരളത്തിൽനിന്നുള്ള അംഗങ്ങൾ എല്ലാവർക്കും ഒരു ദിവസം ഞങ്ങളുടെ വീട്ടിലായിരുന്നു അത്താഴം.
വി എസ്, നായനാർ, ഇ ബാലാനന്ദൻ , ടി കെ രാമകൃഷ്ണൻ, എസ് ആർ പി, കെ എൻ രവീന്ദ്രനാഥ്, എം എം ലോറൻസ്, സുശീലാ ഗോപാലൻ, എം എ ബേബി തുടങ്ങിയവരൊക്കെ മൂന്നുനാലുമാസത്തിലൊരിക്കൽഇങ്ങനെ വരാറുണ്ട്. സുർജിത്തും ബി ടി ആറും ബാസവ പുന്നയ്യയും വരാറുണ്ട്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ചന്ദ്രശേഖറും വി പി സിങ്ങും അച്ഛനെ കാണാൻ വീട്ടിൽ വന്നിട്ടുണ്ട്. ചില ചടങ്ങുകളിൽ അച്ഛനോടൊപ്പം പോയപ്പോൾ രാജീവ് ഗാന്ധിയേയും കണ്ടിട്ടുണ്ട്. രാഷ്ട്രപതിമാരായിരുന്ന കെ ആർ നാരായണനും ശങ്കർദയാൽ ശർമയും വീട്ടിൽ വന്നിട്ടുണ്ട്.
ഇതിൽ, പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം പിറ്റേന്ന്, ചന്ദ്രശേഖറിന്റെ വരവിൽ ഒരുതമാശ കൂടിയുണ്ടായി. വീട്ടിൽവന്നുപോവുന്ന വിശിഷ്ടാതിഥികൾക്ക് മര്യാദയ്ക്ക് ചായ കൊടുക്കാൻ നല്ലൊരു ഗ്ലാസുപോലുമില്ലാത്ത അവസ്ഥയായിരുന്നു ഞങ്ങളുടെ വീട്ടിൽ. ഞാനിക്കാര്യം ശശിയോടു പറഞ്ഞപ്പോൾ ഉടൻ വന്നു പരിഹാരം. അതാണ് സംഭവം കൂടുതൽ കൊഴുപ്പിച്ചത്. ശശി പറഞ്ഞു, സിസി ഓഫീസിൽ നല്ല കപ്പുകൾ കാണും. ഞാനത് പോയി എടുത്തുവരാം. വീട്ടിൽനിന്ന് നിന്ന് നടക്കാവുന്ന ദൂരമേയുള്ളു അശോക റോഡിലെ സി സി ഓഫീസിലേക്ക്.
അവിടെച്ചെന്ന് കപ്പുകൾ എടുത്ത് ഒരു പ്ലാസ്റ്റിക് കവറിലാക്കി ശശി വീട്ടിലെത്തുമ്പോഴേക്കും വീടും പരിസരവും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെക്കൊണ്ട് നിറഞ്ഞിരുന്നു. അതിനിടെ ചന്ദ്രശേഖർ വീട്ടിലെത്തി. ശശിയെ വീട്ടിലേക്ക് കടക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ഗേറ്റിൽ തടഞ്ഞു. കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറും സംശയം ജനിപ്പിച്ചിരിക്കണം. അതു തുറന്നുനോക്കി പരിശോധിക്കുന്നതിനിടെ ഇ എം എസിന്റെ മകനാണ് താനെന്ന് ശശി പറയുന്നുണ്ട്. സംശയദുരീകരണത്തിന് അവരിലാരോ അകത്തുവന്ന് ചോദിച്ച ശേഷമാണ് ഒടുവിൽ ശശിയെ കടത്തിവിടുന്നത്.
ശശി വന്ന്, ഞാനാ കവർ തുറന്നു നോക്കിയപ്പോൾ ശരിക്കും അന്തം വിട്ടു. വീട്ടിലുള്ളതിനേക്കാൾ പരമദയനീയമായ കപ്പുകൾ. ചായക്കറവീണ്. വക്കുപൊട്ടി. ആ കപ്പിൽ പ്രധാനമന്ത്രിക്ക് ചായ കൊടുക്കാഞ്ഞത് എന്തായാലും നന്നായെന്ന് തോന്നി. ഈ ചായക്കാര്യവും ‘ആനക്കാര്യ’മായി അന്ന് ഡൽഹി പത്രങ്ങളെല്ലാം നല്ലപോല ആഘോഷിച്ചു. ‘ടൈംസ് ഓഫ് ഇന്ത്യ’ യിലെല്ലാം ഒന്നാം പേജ് വാർത്തയായിരുന്നു. ഇ എം എസിന്റെ വീട്ടിൽ നല്ലൊരു ചായക്കപ്പുപോലുമില്ല എന്ന മട്ടിലായിരുന്നു വാർത്ത.
ശശിയെ വീട്ടുപടിക്കൽ പൊലീസ് തടഞ്ഞതും ചോദ്യം ചെയ്തതും എല്ലാം അവർ പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പി. ഇത് വായിച്ച് ഡൽഹിയിലുള്ള ഞങ്ങളുടെയൊരു ബന്ധു വിളിച്ചു പറഞ്ഞതാണ് രസം. ഇതിപ്പോ ഞങ്ങളപ്പോലുള്ളവരുടെ വീട്ടിലാണെങ്കിൽ ഞങ്ങളുടെ പിശുക്കായേനെ. ഇ എം എസിന്റെ വീട്ടിലായപ്പോ ലാളിത്യമായി.ഞങ്ങളതു പറഞ്ഞ് ഒരുപാട് ചിരിച്ചിട്ടുണ്ട് അക്കാലത്ത്. ഇതുപോലെ ചെറുതും വലുതുമായി എത്രയോ സന്ദർഭങ്ങൾ തള്ളിക്കേറി വരുന്നു. ഒറ്റശ്വാസത്തിൽ എല്ലാം പുറത്തിടാൻ വയ്യ.

ഇ എം എസും ബഷീറും- ഫോട്ടോ: പി മുസ്തഫ
അച്ഛനോടൊപ്പമുള്ള യാത്രകളിൽ ആളുകൾ അച്ഛനെ തിരിച്ചറിയുന്നതും അവരെല്ലാം എത്രയോ കാലത്തെ പരിചയക്കാരെപ്പോലെ അടുത്തുവന്ന് അച്ഛനുമായി സംസാരിച്ചുപോകാറുള്ളതും ആസ്വദിക്കാറുണ്ട് ഞാൻ. കാറിൽ പോവുമ്പോൾ ലെവൽക്രോസിൽപെട്ട്, അത് തുറക്കാൻ കാത്തുകിടക്കുന്ന ക്ഷണനേരത്താവും അച്ഛനെ തിരിച്ചറിയുന്ന അന്നാട്ടുകാർ ഓടിക്കൂടുക. കാറിന്റെ ഗ്ലാസ് താഴ്ത്തി കൈ കൊടുത്ത് ചിരിച്ചുകൊണ്ടിരിക്കുന്ന അച്ഛന്റെ രൂപം എനിക്കിപ്പോഴും കണ്ണിൽനിന്ന് മായുന്നില്ല. ആരോടുമൊന്നും പറയാതെ, മുറ്റത്തിരുന്നിരുന്ന സ്കൂട്ടറെടുത്ത് പെട്ടെന്ന് ഓർമ വന്ന, അത്യാവശ്യമായതെന്തോ വാങ്ങാൻ പുറത്തുപോയ പോലെ ശശിയും.വിങ്ങുന്ന ഒരു ശൂന്യത വന്ന് നിറയും.
വീട്ടിലേക്കുള്ള വഴിതെറ്റി പരിഭ്രാന്തയായ കുട്ടിയെപോലെ ഞാനപ്പോൾ ഞെട്ടിയെഴുന്നേൽക്കും. കരയരുതെന്ന് ശശി പറയുംപോലെ. ആ കൈകൾ എന്റെ ചാരത്തുണ്ട്. ശശിയേയും ഒരുവട്ടം മാത്രമേ ഞാൻ കരഞ്ഞു കണ്ടിട്ടുള്ളു. അച്ഛൻ മരിച്ച ദിവസവും ശശി സ്വാഭാവികതയോടെ പെരുമാറി. വന്നുപോവുന്നവരോട് കഴിയുന്നത്ര ഉപചാരം കാട്ടി. എന്നാൽ അച്ഛന്റെ സംസ്കാരം കഴിഞ്ഞ് തിരിച്ചുവന്ന്, രാത്രി ഉറങ്ങാൻ കിടന്ന ശശി പുലർച്ചക്ക് ഞെട്ടിയെഴുന്നേറ്റ് പൊട്ടിക്കരയുന്നതാണ് കണ്ടത്. അതുവരെ അമർത്തിപ്പിടിച്ച സങ്കടങ്ങളുടെ കടലാവണം. ഞാനന്ന് എന്തോ പറഞ്ഞ് ശശിയെ ആശ്വസിപ്പിച്ചിരിക്കണം...
(ദേശാഭിമാനി വാരികയിൽ നിന്ന്)
സുന്ദരയ്യയുടെ മരണവും ശശിയുടെ വിവാഹവും
എന്റെ ഇളയ മകൻ ശശിയുടെ വിവാഹം നിശ്ചയിച്ചത് മെയ് 20നായിരുന്നു. തൃശൂർവച്ചു നടക്കുന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ തൃശൂർക്ക് തിരിക്കാനിരിക്കുമ്പോഴാണ് എന്നിൽ വലിയ ആഘാതമേൽപ്പിച്ച ഒരു സന്ദേശം എനിക്കു ലഭിച്ചത്. എന്നെ കമ്യൂണിസ്റ്റ് പാർടിയിൽ ചേർത്ത രണ്ട് സെൻട്രൽ കമ്മിറ്റി മെമ്പർമാരിലൊരാളും ചിരകാലം സഹപ്രവർത്തകനുമായി പ്രവർത്തിച്ച ആളുമായ പി സുന്ദരയ്യ അന്തരിച്ചു. പിറ്റേന്നു ഉച്ചയ്ക്കുശേഷം വിജയവാഡയിൽവച്ച് ശവസംസ്കാരം നടക്കും. അതിൽ പങ്കെടുക്കാനുള്ള ആഗ്രഹം ഒരുവശത്ത്, എന്റെ അവസാന സന്താനത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാതിരിക്കുന്നതിലുള്ള വിഷമം മറുവശത്ത്. ഈ രണ്ടു വികാരങ്ങൾക്കിടയ്ക്ക് ഞാൻ വിഷമിക്കുകയായിരുന്നു. സുന്ദരയ്യയുമായി എനിക്കുള്ള ബന്ധം മനസ്സിലാക്കിയ ശശി തന്നെയാണ് ആ വിഷമസന്ധിയിൽനിന്ന് എന്നെ മോചിപ്പിച്ചത്.
വിവാഹത്തിൽ പങ്കെടുത്തില്ലെങ്കിലും പി എസിന്റെ ശവസംസ്കാരത്തിൽ ഞാൻ പങ്കെടുക്കണമെന്ന് അയാൾ നിർബന്ധിച്ചു. എങ്കിലും, വധൂഗൃഹത്തിലുള്ളവരെക്കൂടി കണ്ടു സംസാരിച്ച് അവരുടെ അനുവാദം വാങ്ങാതെ പോകുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. അങ്ങനെ അവരെക്കണ്ട് കാര്യം പറഞ്ഞിട്ടാണ് തൃശൂരിൽനിന്ന് തീവണ്ടികയറി ചെന്നൈയിലേക്കും അവിടെനിന്ന് വിജയവാഡക്ക് കാർ വഴിയും പോയി ശവസംസ്കാരത്തിൽ പങ്കെടുത്തതിനുശേഷം തിരിച്ചുവന്നത്. വിവാഹച്ചടങ്ങ് കഴിഞ്ഞ് വധുവിനെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരിക എന്ന ചടങ്ങിൽ പങ്കെടുക്കാറായപ്പോഴേക്ക് ഞാൻ തിരിച്ചെത്തുകയും ചെയ്തു.
വധുവിന്റേത് ഒരു കമ്യൂണിസ്റ്റ് കുടുംബമായിരുന്നു. ഗിരിജയുടെ അമ്മ അന്തരിച്ച സിപിഐ നേതാവ് പി എസ് നമ്പൂതിരിയുടെ ഭാര്യയുടെ അനുജത്തിയായിരുന്നു. സിപിഐയുടെ ഒരു പ്രാദേശിക സജീവപ്രവർത്തകനായിരുന്നു ഗിരിജയുടെ പിതൃസഹോദരൻ. 1950‐ൽ ഒളിവിലായിരുന്ന കാലത്ത് ഒരു രാത്രിയും പകലും ഞാൻ അവിടെ കഴിച്ചു കൂട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആദ്യം വിവാഹാലോചന വന്നതെന്നതിനാൽ എനിക്കതിൽ പൂർണമായ സംതൃപ്തിയായിരുന്നു. ശശിയെന്നപോെല ഗിരിജയും ചാർട്ടേഡ് അക്കൗണ്ടൻസിക്ക് പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്തിരുന്നു.
പക്ഷേ, പരീക്ഷ പാസായി ചാർട്ടേഡ് അക്കൗണ്ടന്റെന്ന ആ പദവി കിട്ടിയില്ല. എങ്കിലും ശശിയെപ്പോലെ തന്നെ ചാർട്ടേർഡ് അക്കൗണ്ടന്റെന്ന ആ പദവി ഇല്ലാതെതന്നെ കണക്കുവെക്കൽ ജോലിചെയ്യാൻ കഴിവുണ്ടായിരുന്നു. അത്തരം ഏതെങ്കിലും ജോലിനേടി അന്ന് ഡൽഹിയിൽ താമസിച്ച എന്നെ പരിചരിച്ചുകൊണ്ട് ശശിയും ഗിരിജയും ഡൽഹിയിൽ താമസിക്കാനാണ് തീരുമാനിച്ചത്.
വിവാഹം കഴിഞ്ഞ് ആറുവർഷത്തോളം കാലം ശശിയും ഗിരിജയും ഗിരിജയുടെ പ്രസവത്തിന് ശേഷം അവരുടെ രണ്ട് കുട്ടികളും ഡൽഹിയിൽ തന്നെയാണ് താമസിച്ചത്. പിന്നീട് ഞാൻ എന്റെ പ്രവർത്തനകേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോൾ ശശിയും ഗിരിജയും തിരുവനന്തപുരത്തേക്കു വന്നു. ചാർട്ടേഡ് അക്കൗണ്ടൻസിക്ക് പഠിച്ച് അതുസംബന്ധിച്ച ജോലിയിൽ ഏർപ്പെട്ടു പരിചയമുള്ളതിനാൽ അന്ന് വികസിച്ചുകൊണ്ടിരുന്ന ദേശാഭിമാനിയുടെ മാനേജ്മെന്റ് വിഭാഗത്തിൽ അവരിരുവരും ജോലിക്കാരാവുകയും ചെയ്തു.

ശശിയും ഗിരിജയും മക്കൾ അനുപമ, അപർണ മരുമക്കൾ ജിഗീഷ്, രാജേഷ് എന്നിവർക്കൊപ്പം
ഈ സാഹചര്യം നിമിത്തം ഗിരിജയുടെ രണ്ടു പെൺകുട്ടികൾ ‐ അമ്മിണി എന്ന് വിളിക്കുന്ന അനുപമയും മണിക്കുട്ടി എന്ന് വിളിക്കുന്ന അപർണയും ‐ പെറ്റുവീണതു മുതൽ ഞങ്ങളോടൊപ്പമായിരുന്നു. അതുകൊണ്ട് ശശിയടക്കം എന്റെ മക്കളിലാർക്കും മറ്റൊരു പേരക്കുട്ടിക്കും ഇല്ലാത്തവിധം അമ്മിണിയും മണിക്കുട്ടിയും പടിപടിയായി വളരുന്നതും കളിക്കുന്നതും സ്കൂളിൽ പോകുന്നതുമെല്ലാം കണ്ട് നിർവൃതിയടയാൻ എനിക്ക് കഴിഞ്ഞു.
എന്റെ ആരോഗ്യം അടിക്കടി മോശമായി വരാൻ തുടങ്ങിയ കാലത്താണ് ശശിയും നവവിവാഹിതയായ ഗിരിജയും ഡൽഹിക്കു വന്നത്. അവിടെയായിരുന്ന കാലത്തും പിന്നീട് തിരുവനന്തപുരത്തു വന്നപ്പോഴും അനുദിനമെന്നതുപോലെ മോശമായി വന്ന എന്റെ ആരോഗ്യസ്ഥിതി വീക്ഷിച്ച് എനിക്ക് വേണ്ടതെല്ലാം ചെയ്തു തരുന്നതിൽ ശശിയും ഗിരിജയും പ്രത്യേക ശ്രദ്ധചെലുത്തുന്നു.
(ചിന്ത പബ്ലിഷേഴ്സ്
പ്രസിദ്ധീകരിച്ച ഇ എം എസ് നമ്പൂതിരിപ്പാടിന്റെ
‘തിരിഞ്ഞു നോക്കുമ്പോൾ’ എന്ന പുസ്തകത്തിൽ നിന്ന്).
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..