06 July Wednesday

ഇഎംഎസ്: കേരളം കാതോർക്കുന്ന വാക്കുകൾ

കെ എൻ ഗണേശ്Updated: Tuesday Jun 14, 2022

ഇ എം എസ്

മലയാളികൾ ഉദ്ഗ്രഥിതമായ ഒരു ഭാഷാസാംസ്‌കാരികസമുദായമാണെന്നും ഈ സമുദായത്തിന്റെ ആവാസസ്ഥാനമെന്ന നിലയിൽ കേരളത്തിന് ഒരു സംസ്ഥാനമായി നിൽക്കാനുള്ള എല്ലാ അർഹതയുമുണ്ടെന്നുമുള്ള ഇ എം എസിന്റെ ശക്തമായ വാദമാണ് കേരളസംസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ആശയപരമായ പിൻബലം നൽകിയത്.

    കെ എൻ ഗണേശ്

കെ എൻ ഗണേശ്

ഇ എം എസിനെ ഓർമിക്കാൻ പല കാരണങ്ങളുണ്ട്. കേരളത്തിൽ ഇപ്പോൾ നടക്കുന്ന വികസനചർച്ച കാണുന്ന പലരും ഇ എം എസിന്റെ സാന്നിധ്യം മോഹിച്ചുകാണും. ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെ കുറിച്ച് ഇ എം എസിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ പലരും കാതോർക്കും. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം, സംവരണചർച്ച, മതമൗലികവാദം തുടങ്ങിയവയെക്കുറിച്ചെല്ലാം ഇ എം എസിന് പലതും പറയാനുണ്ടാകും.
ഇ എം എസിനെക്കുറിച്ച് മറിച്ചും പലർക്കും പറയാനുണ്ടാകും. ഇ എം എസ് വിയോജനക്കുറിപ്പുകൾ എന്ന പേരിൽ ഒരു ലേഖനസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇ എം എസ്‌

ഇ എം എസ്‌

  ഒരു ബ്രാഹ്മണമാർക്‌സിസ്റ്റ് എന്ന നിലയിൽ തമിഴ്‌നാടിന്റെ  രീതിയിലുള്ള ബ്രാഹ്മണവിരുദ്ധ പ്രസ്ഥാനത്തെ കേരളത്തിൽ തകർത്തുകളഞ്ഞ ആളായി വിലയിരുത്തിയിട്ടുണ്ട്.

ചരിത്രഗവേഷണത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതെ ചരിത്രം എഴുതിയ ആളായി ചിത്രീകരിച്ചിട്ടുണ്ട്. രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടി സ്വന്തം പാർടിയെ പോലും തകർക്കാൻ മടിയില്ലാത്ത ആളായി കണക്കാക്കിയിട്ടുണ്ട്. അതായത് ചിലർക്ക് ഇ എം എസ് വെളുപ്പാണെങ്കിൽ മറ്റു ചിലർക്ക് കറുപ്പാണ്. ചിലർക്ക് ഇ എം എസ് ആധുനികകേരളത്തിന്റെ സ്രഷ്ടാവാണെങ്കിൽ മറ്റു ചിലർക്ക് കുടിലബുദ്ധിയായ ചാണക്യനാണ്.

ഇ എം എസിനെ ഓർത്തെടുക്കാൻ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. കേരളസംസ്ഥാനരൂപീകരണത്തിൽ തനതായ സംഭാവന നൽകിയ രാഷ്ട്രീയനേതാവാണ്. കേരളത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹം എഴുതി. ഒന്നേകാൽ കോടി മലയാളികൾ, കേരളം മലയാളികളുടെ മാതൃഭൂമി, ദേശീയപ്രശ്നം കേരളത്തിൽ, കേരളം ഇന്നലെ ഇന്ന് നാളെ, കേരളചരിത്രം ഒരു മാർക്‌സിസ്‌റ്റ്‌ വീക്ഷണം എന്നിവ പല ഘട്ടങ്ങളിലായി അദ്ദേഹം നടത്തിയ കേരളപഠനങ്ങളാണ്. 

കേരളത്തിന്റെ സമ്പദ്ഘടന മുതൽ ഭാഷയും സംസ്‌കാരവും വരെ എല്ലാ മേഖലകളെക്കുറിച്ചും അദ്ദേഹം നിരീക്ഷണങ്ങൾ നടത്തി. ഈ നിരീക്ഷണങ്ങൾ കേരളസമൂഹത്തെയും സംസ്‌കാരത്തെയും സംബന്ധിച്ച വിലയിരുത്തലുകളിൽ ഒട്ടൊന്നുമല്ല സ്വാധീനം ചെലുത്തിയിട്ടുള്ളത്.

എ കെ ജി, ഇ എം എസ്‌, സുന്ദരയ്യ

എ കെ ജി, ഇ എം എസ്‌, സുന്ദരയ്യ


ഇന്ത്യൻ ദേശീയതയുടെ സ്വഭാവത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായി വരുന്ന ഘട്ടത്തിലാണ് ഇ എം എസ്‌ ഈ വിഷയത്തെകുറിച്ചുള്ള ആദ്യ രചനകൾ നടത്തുന്നത്. ജവഹർലാൽ നെഹ്‌റു   ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന പുസ്തകത്തിൽ നാനാത്വത്തിൽ ഏകത്വം എന്ന് പിന്നീട് പ്രസിദ്ധമായ ആശയം അവതരിപ്പിച്ചു കഴിഞ്ഞിരുന്നു. ആർ എസ് എസ് ഹിന്ദുമഹാസഭ വിഭാഗം അവരുടെ ഹിന്ദുരാഷ്ട്രത്തിന്റെയും അഖണ്ഡഭാരതത്തിന്റെയും ആശയങ്ങളും മുസ്ലിം ലീഗ് അവരുടെ മതരാഷ്ട്രസങ്കൽപ്പവും അവതരിപ്പിച്ചു.

ഇതിനോടൊപ്പം കമ്യൂണിസ്റ്റ് പാർടി അവരുടെ ഇന്ത്യൻ ദേശീയതയെയും 17 ഉപദേശീയതകളെയും കുറിച്ചുള്ള ആശയങ്ങളും അവതരിപ്പിച്ചു. ഈ ചർച്ചയിൽ കമ്യൂണിസ്റ്റ് പാർടിയുടെ നിലപാടിനെ ശക്തിപ്പെടുത്തിയത് യഥാക്രമം ഇ എം എസ്‌, ഹിരൺ മുഖർജി, പി സുന്ദരയ്യ എന്നിവർ തയാറാക്കിയ കേരളം, ബംഗാൾ, ആന്ധ്ര എന്നീ പ്രദേശങ്ങളെ സംബന്ധിച്ച പഠനങ്ങളാണ്. വ്യത്യസ്ത ഭാഷാസാംസ്‌കാരിക പ്രദേശങ്ങൾ എന്ന നിലയിൽ ഈ പ്രദേശങ്ങളുടെ വളർച്ചയും ഇന്ത്യൻ ദേശീയതയുടെ വളർച്ചയിൽ ഈ പ്രദേശങ്ങൾ നൽകിയ സംഭാവനയുമാണ് അവർ പരിശോധിച്ചത്.

ഇന്ത്യ കേവലമായി അഖണ്ഡഭാരതമോ വിഭക്തഭാരതമോ അല്ലെന്നും ഓരോ ദേശീയപ്രദേശത്തിനും ഇന്ത്യയുടെ രൂപീകരണത്തിൽ നിർണായകമായ പങ്കുണ്ടെന്നും സ്ഥാപിക്കാനും അവർക്കു കഴിഞ്ഞു.

ഇ എം എസ്‌, അഴീക്കോടൻ, സി എച്ച്‌ കണാരൻ

ഇ എം എസ്‌, അഴീക്കോടൻ, സി എച്ച്‌ കണാരൻ


സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ രൂപീകരണഘട്ടത്തിലാണ് ദേശീയപ്രശ്നം കൂടുതൽ മൂർത്തമായി അവതരിപ്പിക്കപ്പെട്ടത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളുടെ മേലുള്ള നാടുവാഴിത്തത്തിന്റെ അവകാശങ്ങൾ വളർന്നുവന്ന ജനാധിപത്യ പ്രസ്ഥാനങ്ങൾ ഒന്നൊന്നായി നശിപ്പിച്ചു.

തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും ഭരണാധികാരങ്ങൾ, അവർ കൈയടക്കി വച്ചിരുന്ന ക്ഷേത്രങ്ങളുടെയും ക്ഷേത്രസ്വത്തുക്കളുടെയും മേലുള്ള അവകാശങ്ങൾ, അവരുടെ ജന്മാവകാശങ്ങൾ തുടങ്ങിയവ ഇല്ലാതായതാണ് കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനുള്ള അടിത്തറയായത്. മലയാളികൾ ഉദ്ഗ്രഥിതമായ ഒരു ഭാഷാസാംസ്‌കാരിക സമുദായമാണെന്നും ഈ സമുദായത്തിന്റെ ആവാസസ്ഥാനമെന്ന നിലയിൽ കേരളത്തിന് ഒരു സംസ്ഥാനമായി നിൽക്കാനുള്ള എല്ലാ അർഹതയുമുണ്ടെന്നുമുള്ള ഇ എം എസിന്റെ ശക്തമായ വാദമാണ് കേരള സംസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ആശയപരമായ പിൻബലം നൽകിയത്.

കേരളം ഗോകർണം മുതൽ കന്യാകുമാരി വരെയുള്ള പരശുരാമ ക്ഷേത്രമാണെന്ന വാദം, മലബാറിനെ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി നിലനിർത്തണമെന്ന വാദം, ഇന്ത്യൻ യൂണിയനിലെ ഒരു ദക്ഷിണ പ്രദേശത്തിന്റെ ഭാഗമായി കേരളം വരണമെന്ന വാദം തുടങ്ങിയവയെല്ലാം കേരളത്തിൽ ഉണ്ടായിരുന്നു. അവയെയെല്ലാം മറികടന്നാണ് മലയാളികളുടെ മാതൃഭൂമിയായ കേരളം ഒരു യാഥാർഥ്യമായത്.

ഇ എം എസിന്റെ നേതൃത്വത്തിൽ നടന്ന ഒരു പ്രതിഷേധപ്രകടനം

ഇ എം എസിന്റെ നേതൃത്വത്തിൽ നടന്ന ഒരു പ്രതിഷേധപ്രകടനം


കേരളത്തിന്റെ ദേശരൂപീകരണത്തിന്റെ വിശദീകരണം എന്ന നിലയിലാണ് ഇ എം എസിന്റെ ചരിത്രപരമായ അന്വേഷണങ്ങൾ വളർന്നുവന്നത്. അതിന്റെ കേന്ദ്രബിന്ദു തമിഴും സംസ്‌കൃതവുമടക്കമുള്ള വ്യത്യസ്ത മൊഴിവഴക്കങ്ങളിൽ നിന്നുള്ള മലയാളഭാഷയുടെ വളർച്ചയായിരുന്നു. ഭാഷയുടെ വളർച്ച സാധ്യമാക്കിയത് ജനവിഭാഗങ്ങളുടെ ഉദ്ഗ്രഥനമാണ്. എല്ലാ ജാതിമതവിഭാഗങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. ബ്രാഹ്മണാധിപത്യത്തിന്റെ കീഴിലുള്ള ജാതിവ്യവസ്ഥയുടെ വളർച്ച, സൈനിക ഫ്യൂഡൽ ഘടനയോടെയുള്ള നാടുവാഴിത്തം, സാമ്പത്തിക ബന്ധങ്ങളുടെ അടിത്തറയായ ജന്മി‐കുടിയാൻ സമ്പ്രദായം എന്നിവ ചേർന്നാണ് മേൽ സൂചിപ്പിച്ച ഉദ്ഗ്രഥനം സാധ്യമാക്കിയത്.

വാണിജ്യ സമൂഹങ്ങളെന്ന നിലയിൽ ജൂതന്മാരുടെയും മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും വരവും അദ്ദേഹം കണ്ടു. ഇതിന്  ജാതി ജന്മി നാടുവാഴിത്തം എന്ന്‌ അദ്ദേഹം പേരു നൽകി. പ്രമുഖ ആസമീസ് ചരിത്രകാരനായ അമലേന്ദു ഗുഹയുടെ ഒരു സങ്കൽപ്പത്തെ ആധാരമാക്കി ഇത്തരത്തിൽ വളർന്നുവന്ന ജനസമൂഹത്തിന് പ്രാദേശിക സാംസ്‌കാരിക സമുദായം എന്നാണ് അദ്ദേഹംപേരിട്ടത്. അതായത്, ആധുനിക ദേശീയസങ്കൽപ്പത്തിലേക്ക് പൂർണമായി മാറാത്ത, എന്നാൽ അതിന്റെ ചില ഘടകങ്ങൾ വളർന്നു വന്ന സമൂഹം.

ഇ എം എസ്‌ മുഖ്യമന്ത്രിയായ ശേഷം ഒരു ചടങ്ങിൽ

ഇ എം എസ്‌ മുഖ്യമന്ത്രിയായ ശേഷം ഒരു ചടങ്ങിൽ


കേരളത്തിലെ വിഭവങ്ങളും സമ്പത്തും കൈയടക്കുന്നതിനു വേണ്ടി അതിനെ രാഷ്ട്രീയമായി വെട്ടിമുറിക്കുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്. കേരളത്തിലെ സമൂഹരൂപമായ ജാതി ജന്മി നാടുവാഴിത്തത്തെ നിലനിർത്തി. ജന്മിമാരെയും മലബാറിലെ നാടുവാഴികളെയും നികുതിദായക ഭൂവുടമകളാക്കി മാറ്റുകയും അവരുടെ ഭരണപരമായ അവകാശങ്ങൾ എടുത്തുകളയുകയും ചെയ്തു. വനഭൂമികളും സമുദ്രവുമടക്കമുള്ള  സമസ്തവിഭവങ്ങളും വിദേശവാണിജ്യവും ബ്രിട്ടീഷുകാരുടെ കൈവശമായി. ജന്മിമാർ മിച്ചഉൽപ്പന്നം കൈവശപ്പെടുത്തുന്ന ഇത്തിൾക്കണ്ണി വർഗമായി.

ചുരുക്കത്തിൽ ഒരു സാംസ്‌കാരിക സമുദായത്തിൽ നിന്ന് ദേശീയ സമൂഹത്തിലേക്കുള്ള മാറ്റം സാധിക്കണമെങ്കിൽ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും കേരളത്തിൽ അധീശത്വം പുലർത്തുന്ന ജാതിജന്മി നാടുവാഴിത്തത്തിന്റെയും അന്ത്യത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളു.

കേരളത്തിന്റെ ജനാധിപത്യപരമായ പരിവർത്തനത്തിന്റെ തുടക്കമാണത്.കേരളത്തിന്റെ ജനാധിപത്യപരിവർത്തനത്തിന്റെ ദിശ എന്തായിരിക്കണമെന്നത് ഇ എം എസിനെ തുടർച്ചയായി മഥിച്ച പ്രശ്നമായിരുന്നു. അതിന് രണ്ടുരീതികൾ അദ്ദേഹം ഉപയോഗിച്ചതായി കാണാം. ഒന്ന് ഭരണവർഗ സാമ്പത്തിക നയങ്ങളുടെ സൂക്ഷ്‌മവിമർശനം. രണ്ട്, നിലവിലുള്ള മൂർത്തസാഹചര്യങ്ങൾക്കനുസരിച്ച് സാധ്യമായ ബദൽ സാമ്പത്തികനയങ്ങളുടെ വളർച്ച.

കേരളത്തിന്റെ ജനാധിപത്യപരമായ പരിവർത്തനത്തിന്റെ തുടക്കമാണത്.കേരളത്തിന്റെ ജനാധിപത്യപരിവർത്തനത്തിന്റെ ദിശ എന്തായിരിക്കണമെന്നത് ഇ എം എസിനെ തുടർച്ചയായി മഥിച്ച പ്രശ്നമായിരുന്നു. അതിന് രണ്ടുരീതികൾ അദ്ദേഹം ഉപയോഗിച്ചതായി കാണാം. ഒന്ന് ഭരണവർഗ സാമ്പത്തിക നയങ്ങളുടെ സൂക്ഷ്‌മവിമർശനം. രണ്ട്, നിലവിലുള്ള മൂർത്തസാഹചര്യങ്ങൾക്കനുസരിച്ച് സാധ്യമായ ബദൽ സാമ്പത്തികനയങ്ങളുടെ വളർച്ച. ഇവയെ ആധാരമാക്കി വികേന്ദ്രീകൃത ആസൂത്രണം വരെയുള്ള നിരവധി മേഖലകളിൽ അദ്ദേഹം നടത്തിയ ഇടപെടലുകളെ ഇവിടെ പരിശോധിക്കുന്നില്ല. ഒന്നു മാത്രമാണ് ഇവിടെ പ്രധാനം. വികസനരംഗത്തെ നേരിയ ഇടപെടൽ പോലും പുരോഗമനാത്മകവും ജനാധിപത്യപരവുമായ സാമൂഹ്യപരിവർത്തനത്തിനുള്ള ഉപാധിയായി കാണാൻ സാധിക്കണം. എത്ര പരിമിതമായ സാഹചര്യങ്ങളിൽ നിന്നു കൊണ്ടും ഇതു സാധ്യമാകുമെന്ന് അദ്ദേഹം കരുതി

ഇ എം എസ്‌ ഒരു പ്രസംഗവേദിയിലേക്ക്‌         ഫോട്ടോ: പി മുസ്‌തഫ

ഇ എം എസ്‌ ഒരു പ്രസംഗവേദിയിലേക്ക്‌ ഫോട്ടോ: പി മുസ്‌തഫ

ഇതിന്റെ ഫലമായി വളർന്നു വരുന്നത് ഒരു ജനാധിപത്യസമൂഹമാണ്. ഒരു പ്രദേശത്തെ ഭാഷയും സംസ്‌കാരവും അവിടത്തെ ജനങ്ങളുടെ ചരിത്രപരമായ ആർജിത അനുഭവങ്ങളുടെ ഭാഗമാണ്. അവ സൃഷ്ടിക്കുന്ന ഏകോപനം ആ സമൂഹത്തിന്റെ ആധാരശിലയുമാണ്. ഇവയിൽ നിലനിൽക്കുന്ന ജാതിജന്മി നാടുവാഴിത്ത ആധിപത്യത്തിന്റെതായ ഘടകങ്ങൾ തള്ളിക്കളയണം.

അതേ സംസ്‌കാരത്തിൽ നിലനിൽക്കുന്ന മാനവിക ഉദ്ഗ്രഥനത്തിന്റെയും സാമൂഹ്യ ഏകോപനത്തിന്റെയും തലങ്ങൾ വളർത്തണം.ലോകത്തിൽ വളർന്നുവന്ന സമസ്ത ഭാവുകത്വങ്ങളും വൈജ്ഞാനിക തലങ്ങളും ഉൾക്കൊള്ളുന്ന  ഭാഷയായി മലയാളത്തിന് വളരാൻ കഴിയണം. മലയാളത്തിന്റെ വളർച്ചയെ ഇത്തരത്തിലുള്ള ഒരു ദേശീയ ജനാധിപത്യ സംസ്‌കാരത്തിന്റെ നിർമിതിയുടെ സൂചകമായി അദ്ദേഹം കണ്ടു.

സ്‌കൂൾതലത്തിലുള്ള ബോധനമാധ്യമം മലയാളം തന്നെയാകണമെന്ന് ഇ എം എസ് ശക്തമായി വാദിച്ചതിന്റെ അടിത്തറയും ഇതുതന്നെയായിരുന്നു. ജാതിമതസ്വത്വ ശക്തികൾ സൃഷ്ടിക്കുന്ന ശിഥിലീകരണത്തെ മറികടക്കാൻ ഭാഷാസംസ്‌കൃതിയുടെ അടിസ്ഥാനത്തിലുള്ള ജനാധിപത്യപരമായ ഉദ്ഗ്രഥനത്തിന്‌ സാധിക്കുമെന്നും അതുവഴി സമഗ്രമായ സാമൂഹ്യപരിവർത്തനത്തിനാവശ്യമായ അടിത്തറ വളർത്തിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം കരുതി.

ഇ എം എസിന്റെ മരണത്തിന്‌ ശേഷം കാൽനൂറ്റാണ്ടോട് അടുക്കുന്ന ഇന്നത്തെ ഘട്ടത്തിൽ ഈ കാഴ്‌ചപ്പാട് എത്രമാത്രം പ്രയോഗതലത്തിൽ വന്നിട്ടുണ്ടെന്ന്‌ പരിശോധിക്കേണ്ടതുണ്ട്. ഇ എം എസ് പ്രതീക്ഷിച്ചതു പോലെ സ്‌കൂൾ വിദ്യാഭ്യാസം സാർവത്രികമാവുകയും അതിന്റെ ഉള്ളടക്കം വൻതോതിൽ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പ്രതീക്ഷിച്ചതിന് നേർവിപരീതമായി ഇംഗ്ലീഷ് മാധ്യമത്തിലാണ് കേരളത്തിലെ 50 ശതമാനത്തിലധികം കുട്ടികൾ പഠിക്കുന്നത്. സംസ്‌കൃതം, അറബിക്, മറ്റുഭാഷകൾ എന്നിവയിലെ ബോധനം മൂലം മലയാളം അക്ഷരം അറിയാത്ത കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. ഭാഷാബോധനത്തിലുണ്ടായ ഈ തകർച്ച മലയാളികളുടെ സാംസ്‌കാരികമായ ഏകോപനത്തെയും സ്വാധീനിക്കുന്നുണ്ട്.

കുട്ടികളുടെ ഭാഷാപഠനത്തെ ഒന്നുകിൽ സ്വാധീനിക്കുന്നത് മതവീക്ഷണമാണ്; അല്ലെങ്കിൽ മധ്യവർഗത്തൊഴിലുകളും മറുനാടുകളിലെ തൊഴിലുകളും നേടുന്നതിന് ഇംഗ്ലീഷും അന്യഭാഷകളുമാണ് സഹായിക്കുക എന്ന ഉറച്ച വിശ്വാസമാണ്. ദേശീയസംസ്‌കൃതിയുടെ അല്ലെങ്കിൽ മലയാളികളുടെ ജനാധിപത്യപരമായ വികാസത്തിന് ഭാഷാബോധനത്തിന്റെ വളർച്ച എന്ന ആശയം ബഹുഭൂരിപക്ഷത്തെയും സ്വാധീനിക്കുന്നില്ല. മലയാളപുസ്തകങ്ങളുടെ വായനപോലും കുറഞ്ഞുവരുന്ന അവസ്ഥയാണ്. കുട്ടികളുടെ താൽപ്പര്യത്തെ ഉണർത്തുന്ന ബാലസാഹിത്യ രചനകളുടെ അഭാവം ഉദാഹരണമാണ്. നൂറ്റാണ്ടിനുമുമ്പ് രചിക്കപ്പെട്ട ‘ആലിസും’ ‘ഓസിലെ മായാവി’യും ‘പിനോഖിയോ’യും ഇന്നും ആകർഷണീയമാകുമ്പോൾ അതിന് സമാനമായ ഒന്നും കേരളത്തിലില്ല.

മുതിർന്നവരുടെ സാംസ്‌കാരികജീവിതവും ശിഥിലീകരിക്കപ്പെടുകയാണ്. ഉൽപ്പാദനത്തിന്റെ സർഗാത്മകതയ്‌ക്ക്‌ പകരം ഉപഭോഗ സംസ്‌കൃതിയുടെ അനുഭവപരത സ്ഥാനം പിടിക്കുന്നതോടെ എല്ലാ സാംസ്‌കാരിക രൂപങ്ങളും അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുന്നു. അനുഭവങ്ങൾ വ്യക്തിപരവും ജാതിമതസ്വത്വബോധത്തിന്റെ അടിസ്ഥാനത്തിലും ആകാമെന്നതു കൊണ്ട് സാംസ്‌കാരിക ആവിഷ്‌കാരങ്ങളുടെ വിലയിരുത്തലും അത്തരത്തിലാകുന്നു.

ഇ എം എസും ഹർകിഷൻ സിങ് സുർജിത്തും

ഇ എം എസും ഹർകിഷൻ സിങ് സുർജിത്തും

ലബ്ധപ്രതിഷ്ഠരായ സാഹിത്യകാരന്മാരെയും ഈ കാഴ്ചപ്പാടിലൂടെ വിലയിരുത്താനുള്ള പ്രവണത ശക്തിപ്പെടുന്നു എന്നു മാത്രമല്ല, പലരും സ്വന്തം ഉൽപ്പന്നങ്ങൾക്ക് കമ്പോളം കണ്ടെത്താൻ ഈ മാർഗങ്ങൾ ഉപയോഗിക്കുന്നു.

വ്യക്തികളെയും കലാരൂപങ്ങളെയും വിവിധകള്ളികളിലാക്കുന്നതു കൂടാതെ ചിലരെ വാഴ്‌ത്താനും ചിലരെ ഇകഴ്‌ത്താനും ഇതേ കള്ളികൾ തന്നെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. മതമൗലികവാദത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും അകമ്പടി കൂടിയാകുമ്പോൾ ചില സാംസ്‌കാരിക രൂപങ്ങൾക്ക് അധീശത്വ സ്വഭാവം കൈവരികയാണ്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഗോവധനിരോധനവും ഹിജാബിന്റെ മേലുള്ള വിലക്കും ഉദാഹരണമാണ്. മറ്റു മതസ്ഥരുടെ അതേ നാണയത്തിലുള്ള പ്രതിരോധം ശിഥിലീകരണത്തെ ശക്തിപ്പെടുത്തുകയും ജനാധിപത്യവൽക്കരണത്തെ തടയുകയും ചെയ്യുന്നു.

ഭാഷാദേശീയ സംസ്‌കൃതിയുടെ വികാസം ജാതിമതലിംഗനിരപേക്ഷവും ജനാധിപത്യപരവുമായ പ്രക്രിയയാണ്. ഇതിലാണ് ഇ എം എസ് ഊന്നിയതും. മേൽപ്പറഞ്ഞ ഭിന്നതകളും വർഗവൈരുധ്യങ്ങളും ഭാഷാദേശീയ സംസ്‌കൃതിയെ സ്വയം ഇല്ലാതാക്കുന്നില്ല. അവ ഇല്ലാതാക്കുന്നതിനുള്ള ജനാധിപത്യപരമായ വേദി ഒരുക്കുക മാത്രമാണ് ചെയ്യുന്നത്. പിന്നീട് വരുന്ന മാറ്റങ്ങൾ മനുഷ്യർ സൃഷ്ടിക്കുന്നതാണ്.

ഇ എം എസിന്റെ കാഴ്ചപ്പാടിൽ മർദിതരും ചൂഷിതരുമായ ജനവിഭാഗങ്ങൾ അധീശവർഗങ്ങളുമായുള്ള പോരാട്ടങ്ങളിലൂടെ സൃഷ്ടിക്കുന്നതാണ്. അവരിൽ അധഃസ്ഥിത ജനസമൂഹങ്ങളും ഗോത്രസമൂഹങ്ങളും തീരദേശവാസികളും സ്ത്രീകളുമെല്ലാം പെടും.

ഭാഷാദേശീയസംസ്‌കൃതികളുടെ വികാസം ഇന്ത്യ ഭരിക്കുന്ന കോർപറേറ്റ് വർഗീയശക്തികൾ ആഗ്രഹിക്കുന്നില്ല. അവരുടെ ലക്ഷ്യം ഹൈന്ദവവർഗീയതയുടെ സമഗ്ര അധീശത്വം ലാക്കാക്കി ഉള്ള സാംസ്‌കാരികദേശീയ രൂപങ്ങളുടെ വളർച്ചയാണ്. അതിൽ അധഃസ്ഥിതരുടെയും ന്യൂനപക്ഷങ്ങളുടെയും ഗോത്രസമൂഹങ്ങളുടെയും സംസ്‌കാരം പെടില്ല. ഇന്ത്യൻ ഭരണകൂടം സാമ്രാജ്യത്വത്തിന്റെ കീഴാളസഖ്യ കക്ഷിയാണ്.

ഇ എം എസ്‌, ആര്യാ അന്തർജനം, എ കെ ജി തുടങ്ങിയവർ

ഇ എം എസ്‌, ആര്യാ അന്തർജനം, എ കെ ജി തുടങ്ങിയവർ

സാമ്രാജ്യത്വം സൃഷ്ടിക്കുന്ന ഉപഭോഗസംസ്‌കാരത്തിന്റെ വിധേയരൂപങ്ങൾ വളർത്തിക്കൊണ്ടു വരുന്നതിലാണ് അവരുടെ ഊന്നൽ.

ഇവ രണ്ടും ചേരുമ്പോൾ ഒരു നൂറ്റാണ്ടുകാലം മുമ്പുള്ള സമൂഹവൈരുധ്യങ്ങളുടെ പുതിയ രൂപങ്ങളിലേക്ക് നാം എത്തിച്ചേരുകയാണ്. സാമ്രാജ്യത്വ കോർപറേറ്റ് കൈയേറ്റങ്ങൾക്കെതിരായി വിഭവസാമഗ്രികളുടെയും തൊഴിൽശക്തികളുടെയും വികാസവും ഹൈന്ദവ വർഗീയ ആധിപത്യത്തിനെതിരായി ഭാഷാദേശീയ  സംസ്‌കൃതിയുടെ വികാസവും ഒന്നിച്ചു കൊണ്ടുപോകേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കേരളസംസ്ഥാനരൂപീകരണഘട്ടത്തിൽ നടത്തിയ സമരം പുതിയ സാഹചര്യങ്ങളിൽ പുനഃസൃഷ്ടിക്കേണ്ടതായി വരുന്നു. ഭാഷാദേശീയസംസ്‌കൃതിയിൽ ഊന്നിനിന്നു കൊണ്ട് ലോകസംസ്‌കൃതിയുടെ ഗുണഫലങ്ങൾ മുഴുവൻ ഉൾക്കൊള്ളുന്ന മലയാളി സമൂഹത്തിന്റെ വളർച്ചയാണ് ഇന്നത്തെ ആവശ്യം.

ഇ എം എസ് ഈ വിഷയത്തെപ്പറ്റി എഴുതിയ നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും ഗൗരവമേറിയ ഈ ദൗത്യത്തിന് മാർഗദർശകങ്ങളാണ്. ഇവയെല്ലാം അതേ പടി ഉപയോഗിക്കണം എന്നല്ല പറയുന്നത്. നിലവിലുള്ള സാംസ്‌കാരിക അവസ്ഥയുടെ വിമർശനത്തിനും പുതിയ വഴിത്താരകൾ കണ്ടെത്തുന്നതിനും അവ ഏറെ സഹായകരമാകും. ഭാഷാസംസ്‌കൃതിയുടെ വളർച്ചയുടെ പ്രാധാന്യത്തെ സംബന്ധിച്ച ഇ എം എസിന്റെ നിരീക്ഷണങ്ങൾ പുരോഗമനസാമൂഹ്യപ്രവർത്തകർ പോലും വേണ്ടവിധത്തിൽ ചർച്ച ചെയ്യാറില്ല.

അവയുടെ സമകാലീനപ്രസക്തി പോലും ചിലയിടങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടു കണ്ടിട്ടുണ്ട്. മതനിരപേക്ഷ ജനാധിപത്യ ദേശീയതയ്‌ക്കെതിരെ ഏറ്റവും ശക്തമായ വെല്ലുവിളി ഉയരുമ്പോൾ ദേശീയപ്രശ്നത്തെ സംബന്ധിച്ച അന്നത്തെ സംവാദങ്ങൾ വീണ്ടും പരിശോധിക്കുന്നത് എന്തു കൊണ്ടും അഭികാമ്യമാണ്  .

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top