19 January Tuesday

ആരോഗ്യമേഖലയ്ക്ക് ഫുൾ എ പ്ലസ്‌

എം വി പ്രദീപ്‌Updated: Wednesday Dec 2, 2020

എന്നേക്കുമായി കണ്ണടഞ്ഞുപോകുമായിരുന്ന എത്ര മനുഷ്യരിലാണ് ജീവൻ പിന്നെയും തുടിച്ചത്,  മിടിപ്പില്ലാതായി പോകുമായിരുന്ന എത്രയോ കുഞ്ഞുഹൃദയങ്ങളാണ്‌ ഇപ്പോഴും അമ്മമാരുടെ നെഞ്ചിലെ ചൂടേറ്റുകിടക്കുന്നത്; അവർക്കൊക്കെ കരുതലായത് ആരോഗ്യവകുപ്പിന്റെ നിതാന്ത ജാഗ്രതയാണ്  നാലരവർഷംകൊണ്ട് ആരോഗ്യരംഗത്തുണ്ടാക്കിയ മാറ്റങ്ങൾ എണ്ണിയെണ്ണി പറയാൻ ഏറെയുണ്ട്. പുരസ്കാരങ്ങളുടെ പട്ടികമാത്രംമതി അതിന്റെ വലുപ്പമറിയാൻ നിപാ, കോവിഡ്‌ കാലത്ത്‌ കേരളമെങ്ങനെ ജീവിച്ചുവെന്ന്‌ നോക്കിയാൽമാത്രം മതി നമ്മുടെ ആരോഗ്യമേഖലയുടെ മികവറിയാൻ

 

ഇമ്മിണി ബല്യ ഒന്ന്
ദേശീയ ആരോഗ്യസൂചികയിൽ മറ്റ് സംസ്ഥാനങ്ങളെയെല്ലാം ഏറെ പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തി. 23 സൂചികയിലൂടെ പരിശോധിച്ചാണ് ഈ നേട്ടം. രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശുമരണനിരക്കും അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്കും ഇവിടെയാണ്‌.  രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളിലെ പ്രസവം, ജനനസമയത്തെ സ്ത്രീപുരുഷ അനുപാതം എന്നിവയിലും കേരളം ഒന്നാമതാണ്.

80 ആശുപത്രിക്ക്‌ ദേശീയ അംഗീകാരം
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യ 12 സ്ഥാനവും കേരളത്തിന്. പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കയ്യൂർ കുടുംബാരോഗ്യകേന്ദ്രവും ഇന്ത്യയിൽ ഒന്നാമതായി. 80 ആരോഗ്യ സ്ഥാപനത്തിന്‌ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം കിട്ടി.  തുടർച്ചയായ രണ്ടാം തവണ രാജ്യത്തെ ഉയർന്ന സ്‌കോർ നേടിയാണ് ആരോഗ്യമേഖല ചരിത്രമെഴുതിയത്. 

നൽകിയത്‌ 7100 കോടി  
മെഡിക്കൽ കോളേജുകൾ, ക്യാൻസർ കെയർ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ജില്ലാ–ജനറൽ–താലൂക്ക് ആശുപത്രികളുൾപ്പെടുന്ന  83 പദ്ധതിയിൽ  70  പദ്ധതിക്ക്‌‌ ഇതിനകം 7100 കോടി രൂപയുടെ ഭരണാനുമതി നൽകി.  കിഫ്‌ബി വഴി 3200 കോടി രൂപയുടെ പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.


 

7000 പുതിയ തസ്‌തിക
പുതിയ തസ്‌തികകൾ സൃഷ്ടിച്ച്‌ നിയമനം നൽകിയതിൽ ആരോഗ്യ വകുപ്പ്‌ സർവകാല റെക്കോഡ്‌ നേടി. ആർദ്രം മിഷനിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം വർധിപ്പിക്കാൻ 1830 തസ്‌തിക സൃഷ്ടിച്ചു. ഒരു  ഡോക്ടറുടെ സ്ഥാനത്ത്‌ മൂന്ന് ഡോക്ടർമാരായി. മെഡിക്കൽ കോളേജുകൾ മുതൽ കുടുംബാരോഗ്യകേന്ദ്രങ്ങൾ വരെയുള്ള ഇടങ്ങളിലാണ്‌ ഇങ്ങനെ നിയമനം നൽകിയത്‌.

ലാബ് ഫീസിൽ നിയന്ത്രണം
സംസ്ഥാനത്ത്‌  ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക്‌  (രജിസ്‌ട്രേഷനും നിയന്ത്രണവും) നിയമം കൊണ്ടുവന്നു. സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിച്ചതിലൂടെ സ്റ്റാൻഡേഡ് നിർണയിക്കാനും ചികിത്സാ ചെലവ് കുറയ്ക്കാനും കഴിഞ്ഞു.

സ്നേഹത്തിന്റെ തണൽ
സാന്ത്വന ചികിത്സയ്ക്കായി പാലിയേറ്റീവ് പരിചരണനയം 2019ൽ പ്രഖ്യാപിച്ചു. നിലവിലെ സാമൂഹ്യാധിഷ്ഠിത പാലിയേറ്റീവ് പരിചരണ സംവിധാനം വികസിത രാജ്യങ്ങൾക്കുപോലും  മാതൃകയാണ്. 

ആർദ്രമാണ്
പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള ‘ആർദ്രം മിഷൻ’ സമാനതകളില്ലാത്ത വികസനം ആരോഗ്യമേഖലയിൽ സാധ്യമാക്കി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. പ്രാഥമികതലംമുതൽ മെഡിക്കൽ കോളേജുകൾവരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച സൗകര്യമായി. മികച്ച ഒപി സൗകര്യം, രജിസ്‌ട്രേഷൻ കൗണ്ടറുകൾ, മുൻകൂട്ടി ബുക്കിങ് സൗകര്യം, മെച്ചപ്പെട്ട കാത്തിരിപ്പ് സ്ഥലങ്ങൾ, കുടിവെള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ, സ്ത്രീ –-ഭിന്നശേഷി സൗഹൃദം, പ്രീ–-ചെക്കപ്പ് ഏരിയ, ലാബുകൾ, ഡിസ്‌പ്ലേകൾ, സ്വകാര്യതയുള്ള പരിശോധനാ മുറികൾ, വിവിധ ക്ലിനിക്കുകൾ എന്നിവ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുണ്ട്.

നിപായും തോറ്റു
കോഴിക്കോട്‌ ജില്ലയിൽ നിപാ വൈറസ് രണ്ട് പ്രാവശ്യവും ഫലപ്രദമായി തടഞ്ഞത് സുപ്രധാന നേട്ടമാണ്. ആദ്യതവണ രണ്ടാമത്തെ മരണത്തോടെ നിപാ സ്ഥിരീകരിച്ചതും വൈറസിനെ നിയന്ത്രിക്കാനായതും വലിയ നേട്ടമായി. അടുത്തിടെ എറണാകുളത്ത് നിപാ സ്ഥിരീകരിച്ച യുവാവിനെ രക്ഷിക്കാനും സാധിച്ചു.

ദുരന്തനിവാരണം
പ്രകൃതിദുരന്ത സമയങ്ങളിൽ എല്ലാംമറന്ന് കർമനിരതരാകാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. ഓഖി ദുരന്തനിവാരണത്തിലും പ്രളയാനന്തര പകർച്ചവ്യാധി ദുരന്തനിവാരണത്തിലും ഫലപ്രദമായി ഇടപെട്ടു.

ഇ ഹെൽത്ത്‌
കേരളത്തിലെ ഇ-–ഹെൽത്ത് ചികിത്സാ സമ്പ്രദായത്തെ കേന്ദ്ര സർക്കാരിന്റെ വിദഗ്‌ധോപദേശക സമിതി നീതി ആയോഗ് അഭിനന്ദിച്ചു. ആശുപത്രികളിൽ രോഗി ക്യൂ നിൽക്കേണ്ടിവരുന്നതിന് പരിഹാരമായ ഇ ഹെൽത്തിലൂടെ രോഗിയുടെ മുഴുവൻ വിവരങ്ങളും തുടർ ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാവുന്ന വിധം ക്രോഡീകരിക്കാനായി. 86 ആശുപത്രിയിൽ ഈ സംവിധാനമുണ്ട്. ആർദ്രം മിഷന്റെ ഭാഗമായി 80 ആശുപത്രിയിൽ ഉടൻ പ്രവർത്തനസജ്ജമാകും. 2.58 കോടി ജനങ്ങളുടെ ആരോഗ്യരേഖ ഇ-ഹെൽത്തിന്റെ ഭാഗമായി ശേഖരിച്ചു.

ആശുപത്രികൾ
താലൂക്ക് ആശുപത്രികളിൽ ക്യാഷ്വാലിറ്റിയും വാർഡുകളുമെല്ലാം നവീകരിച്ചു. 44 അധിക ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിച്ചു. 85 താലൂക്കാശുപത്രിയിൽ ഡയാലിസിസ് കേന്ദ്രങ്ങൾ സജ്ജമാക്കി. മെഡിക്കൽ കോളേജുകൾ മികവിന്റെ കേന്ദ്രമാകുന്നു. ജില്ലാ–ജനറൽ ആശുപത്രികളിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ലഭ്യമാക്കി. ജില്ലാ ആശുപത്രികളിൽ കാത്ത്‌ലാബും ഇന്റൻസീവ് കൊറോണറി കെയർ യൂണിറ്റും പക്ഷാഘാത ചികിത്സയ്ക്കായി സ്‌ട്രോക്ക് സെന്ററുകളും ആരംഭിച്ചു.  വീട്ടിൽവച്ച് ഡയാലിസിസ് ചെയ്യാനാകുന്ന സിഎപിഡി  ക്ലിനിക്കുകൾ ആരംഭിച്ചു. ഹൃദ്രോഗം, പക്ഷാഘാതം, ഹൈപ്പർടെൻഷൻ, പ്രമേഹം, വൃക്കരോഗങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കായി ദ്വിതീയ ചികിത്സ ലഭ്യമാക്കി. 

കരുണ തുടരുന്നു
കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി (കെഎഎസ് പി ) ഇൻഷുറൻസ് പദ്ധതിക്കും സംസ്ഥാനം തുടക്കം കുറിച്ചു. ഒരു കുടുംബത്തിന് ഓരോ വർഷവും അഞ്ച്‌ ലക്ഷം രൂപയുടെ സൗജന്യചികിത്സയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നടത്തിപ്പ് ചുമതലയ്ക്ക് കേരള ഹെൽത്ത് ഏജൻസിക്ക് രൂപം നൽകി. ആർക്കും ചികിത്സ നിഷേധിക്കാതെ കാരുണ്യ ബെനവലന്റ് ഫണ്ട് ഫലപ്രദമായി നിലവിലുണ്ട്.

ക്യാൻസറിനെയും ഭയക്കേണ്ട
ക്യാൻസർ ചികിത്സയ്‌ക്കും നിയന്ത്രണത്തിനും കേരള ക്യാൻസർ കൺട്രോൾ സ്ട്രാറ്റജി രൂപീകരിച്ചു. നിലവിലുള്ള പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ചികിത്സാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഏകീകൃത ചികിത്സാ സംവിധാനങ്ങൾ എല്ലാവർക്കും പ്രാപ്യമാകുന്ന കേരള ക്യാൻസർ ഗ്രിഡ് രൂപീകരണം പുരോഗമിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top