19 June Saturday
ഡിവൈഎഫ്‌ഐയുടെ ഭക്ഷണപ്പൊതിവിതരണം ശ്രദ്ധേയമാകുന്നു

വിശന്ന വയറുകളെ അന്നമൂട്ടാൻ 
പാഥേയവുമായി ഉണ്ണിമായ

പി കെ സുമേഷ്‌Updated: Monday Jun 7, 2021


പട്ടാമ്പി
കരുതലിന്റെ പൊതിച്ചോറുമായി ഉണ്ണിമായ വഴിയരികിൽ കാത്തുനിൽക്കുകയാണ്‌.  സ്വന്തം വീട്ടുകാരുടെ വിശപ്പകറ്റാനല്ല, വിശന്നുവലഞ്ഞ്‌ വാഹനമോടിച്ച്‌ വരുന്ന ഡ്രൈവർമാരുടെ കണ്ണുകൾ ഉടക്കുന്നതിന്‌ ‘നിങ്ങൾ ഭക്ഷണം കഴിച്ചോ’ എന്ന ബോർഡും പിടിച്ച്‌ രാത്രി ഏഴുമുതൽ പത്തുവരെയാണ്‌ ഈ യുവജനപോരാളി വഴിയരികിൽ നിൽക്കുന്നത്‌.

ഡിവൈഎഫ്‌ഐ ശങ്കരമംഗലം മേഖലാ കമ്മിറ്റിയംഗമായ ഉണ്ണിമായ പൊതിച്ചോറുമായി വഴിയരികിൽ കാത്തുനിൽക്കുന്ന ചിത്രം ഇതിനകം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.
ലോക്ക്‌ഡൗൺ കാലത്ത്‌  ഭക്ഷണം കിട്ടാതെ വിശന്ന്‌ വലഞ്ഞുവരുന്ന ഡ്രൈവർമാർക്കും മറ്റ്‌ യാത്രക്കാർക്കും ഏറെ ആശ്വാസമാകുകയാണ്‌ ഡിവൈഎഫ്‌ഐയുടെ സന്നദ്ധ പ്രവർത്തനം. പട്ടാമ്പി–- നിലമ്പൂർ–- -പെരുമ്പിലാവ് സംസ്ഥാനപാതയിൽ ശങ്കരമംഗലത്താണ്‌ രാത്രി യാത്രക്കാർക്ക് ഭക്ഷണവുമായി  ഡിവൈഎഫ്ഐ രംഗത്തുള്ളത്‌.  പട്ടാമ്പി, ശങ്കരമംഗലം മേഖലാ കമ്മിറ്റികളാണ് ഉച്ച മുതൽ പാതിരാവരെ തെരുവിൽ യാത്രക്കാരുടെ വിശക്കുന്ന വയറിന് അന്നം നൽകുന്നത്.

പട്ടാമ്പി മേഖല കമ്മിറ്റി നേതൃത്വത്തിൽ കഴിഞ്ഞ 20 ദിവസമായി ഉച്ചയ്ക്ക് പൊതിച്ചോറ്‌ നൽകുന്നു. ഇതിന്റെ തുടർച്ചയെന്നോണം ശങ്കരമംഗലം മേഖലാ കമ്മിറ്റി ശങ്കരമംഗലം സെന്ററിലും ഭക്ഷണം വിതരണം ചെയ്യുന്നു. വീടുകളിൽനിന്നും തയ്യാറാക്കി കൊണ്ടുവരുന്ന നൂറിലേറെ ഭക്ഷണപ്പൊതികളാണ് യാത്രക്കാർക്ക് ആശ്വാസമാകുന്നത്. ഉണ്ണിമായക്ക്‌ പുറമെ രാത്രികാല ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നത്  ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ്‌ സെക്രട്ടറി പി ആർ രജീഷ്, മേഖല സെക്രട്ടറി എം എസ് ശ്രീജേഷ്, എം കെ ഹാരിസ്, നിസാർ, അഹമ്മദ്, സാദിക്ക്, സുരേഷ്, നവാസ്‌, എം അഖിൽ, വിനീത് എന്നിവരാണ്.

രാത്രിയിൽ ഭക്ഷണ വിതരണത്തിന്‌ പ്ലക്കാർഡ്‌ പിടിച്ചു നിൽക്കുന്ന ഉണ്ണിമായയുടെ ചിത്രം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉൾപ്പെടെയുള്ള നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആരും ഇവിടെ പട്ടിണി കിടക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ നെഞ്ചേറ്റുകയാണ് യുവത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top