25 March Saturday

സാമ്പത്തികലോകം 2022- ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Saturday Jan 7, 2023

മാന്ദ്യവും വിലക്കയറ്റവും ഒരുപോലെ ഗ്രസിച്ചവര്‍ഷം എന്നതായിരിക്കും 2022ലെ ലോകസമ്പദ്ഘടനയെ സംബന്ധിച്ച സമഗ്രമായ വിലയിരുത്തല്‍. അഥവാ 1970കളിലെപ്പോലെ ഒരു സ്റ്റാഗ്ഫ്ളേഷന്‍ വര്‍ഷം. ഒരുവശത്ത് പിന്‍വാങ്ങുന്ന കോവിഡിന്‍റെ പാര്‍ശ്വഫലങ്ങള്‍. മറുവശത്ത് ഉക്രെയ്ന്‍ യുദ്ധത്തിന്‍റെ കെടുതികള്‍. വിലക്കയറ്റമോ മാന്ദ്യമോ ഏതാണു വേണ്ടത്? രണ്ടുംകൂടി ഒരുമിച്ച് ഇല്ലാതാക്കാനാവില്ല. ആഗോള മൂലധനം തീരുമാനിച്ചിരിക്കുന്നത് മാന്ദ്യം രൂക്ഷമായാലും വിലക്കയറ്റത്തിനു കടിഞ്ഞാണ്‍ ഇടണമെന്നാണ്. ഇതാണ് ലോകഭരണകൂടങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നയം. ആദ്യം മാന്ദ്യത്തെ പരിശോധിക്കാം.
 

ആഗോളമാന്ദ്യം

2020ല്‍ കോവിഡുമൂലം ലോകസമ്പദ്ഘടന 4.9 ശതമാനം കുത്തനെ ഇടിഞ്ഞു. 2021ല്‍ 5.8 ശതമാനം ഉയര്‍ന്നു. എങ്കിലും കോവിഡിനു മുമ്പുണ്ടായ നിലയിലേക്ക് ഈ ഉയര്‍ന്ന വളര്‍ച്ച ലോകസമ്പദ്ഘടനയെ എത്തിച്ചിരുന്നില്ല. 2022ല്‍ 4.4 ശതമാനം വളരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ഐഎംഎഫിന്‍റെ ഒക്ടോബര്‍ മാസത്തെ മതിപ്പുകണക്കു പ്രകാരം ലോകസമ്പദ്ഘടനയുടെ വളര്‍ച്ച 3.2 ശതമാനം മാത്രമായിരിക്കും.

അവസാന കണക്ക് വരുമ്പോള്‍ ആഗോള സാമ്പത്തിക വളര്‍ച്ച 3.2 ശതമാനത്തില്‍ താഴുന്നതിനാണു സാധ്യത. ചിത്രം  2ല്‍ 2022ലെ ഐഎംഎഫിന്‍റെ തന്നെ 2022ലെ സാമ്പത്തിക പ്രകടനം സംബന്ധിച്ച മതിപ്പുകണക്കില്‍ വന്ന മാറ്റങ്ങള്‍ കാണാം. ജനുവരി മാസത്തില്‍ ഐഎംഎഫ് പറഞ്ഞത് 2022ല്‍ ലോകസമ്പദ്ഘടന 4.4 ശതമാനം വളരുമെന്നാണ്. ഏപ്രില്‍ മാസമായപ്പോള്‍ അത് 3.6 ശതമാനമായി താഴ്ത്തി. ജൂലൈ മാസത്തില്‍ 3.2 ശതമാനമായി. ഒക്ടോബര്‍ മാസത്തിലും 3.2 ശതമാനത്തില്‍ തന്നെ പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ 2023ല്‍ വളര്‍ച്ച 2.7 ശതമാനം മാത്രമായിരിക്കും.
 

വിലക്കയറ്റം


ഉക്രയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് എണ്ണവില ബാരലിനു 40 ഡോളര്‍ ഉണ്ടായിരുന്നത് ഒക്ടോബര്‍ മാസത്തില്‍ 102 ഡോളറായി (ചിത്രം3). ഇപ്പോള്‍ കുറച്ചു താഴ്ന്നിട്ടുണ്ടെങ്കിലും ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. യൂറോപ്പിലേക്കുള്ള റഷ്യയുടെ ഗ്യാസ് വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഈ മഞ്ഞുകാലത്ത് ഗ്യാസിന്‍റെ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്.

ഉക്രയ്ന്‍ യുദ്ധം ഭക്ഷ്യവില കുതിച്ചുയരുന്നതിനും കാരണമായി. എഫ്എഒയുടെ ആഗോള ഭക്ഷ്യവില സൂചികയെ അടിസ്ഥാനമാക്കിയുള്ള സൂചികയാണ് ചിത്രം 4ല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2020ല്‍ സൂചിക ഏതാണ്ട് 100 ആയിരുന്നത് 2022ല്‍ 147 ആയി ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഗോതമ്പും സൂര്യകാന്തി എണ്ണയും കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഉക്രയ്ന്‍. ഇവയുടെ വിളവെടുപ്പും കയറ്റുമതിയും തടസ്സപ്പെട്ടതോടെയാണ് വിലക്കയറ്റമുണ്ടായത്.
 

നയസമീപനങ്ങള്‍

വിലക്കയറ്റം നിയന്ത്രിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം നാറ്റോയുടെ ഏകപക്ഷീയമായ വിപുലീകരണം ഉപേക്ഷിച്ച് ഉക്രയ്ന്‍ യുദ്ധം ഒത്തുതീര്‍പ്പില്‍ എത്തിക്കുകയെന്നതാണ്. എണ്ണ, ധാന്യ വിലകള്‍ ഇതുവഴി കുറയ്ക്കാം. വില നിയന്ത്രണ നടപടികളും സര്‍ക്കാരുകള്‍ക്കു സ്വീകരിക്കാം.

രണ്ടാമതൊരു മാര്‍ഗ്ഗമുണ്ട്. പലിശനിരക്ക് ഉയര്‍ത്തുക. പലിശനിരക്ക് ഉയരുമ്പോള്‍ നിക്ഷേപം ഇടിയും ആളുകള്‍ കടമെടുത്ത് ചരക്കുകള്‍ വാങ്ങുന്നതു കുറയ്ക്കും. ഇതു രണ്ടുംമൂലം കമ്പോളത്തിലെ ഡിമാന്‍റ് താഴും. അതിന്‍റെ ഫലമായി വില താഴും.

അമേരിക്കയും കൂട്ടരും രണ്ടാമത്തെ മാര്‍ഗ്ഗമാണു തെരഞ്ഞെടുത്തത്. അവര്‍ 3 ശതമാനം പലിശനിരക്ക് ഉയര്‍ത്തി. അമേരിക്ക പലിശനിരക്ക് ഉയര്‍ത്തുമ്പോള്‍ മറ്റുള്ള രാജ്യങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന ഡോളര്‍ അമേരിക്കയിലേക്കു തിരിച്ച് ഒഴുകാന്‍ തുടങ്ങും. ഇതു തടയാന്‍ എല്ലാ ലോകരാജ്യങ്ങളും അമേരിക്കന്‍ സര്‍ക്കാരിനെ അനുകരിച്ച് പലിശനിരക്ക് ഉയര്‍ത്തി.
 

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പതനം

മുതലാളിത്ത ഭരണകൂടങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നയത്തിന്‍റെ അനിവാര്യ പ്രത്യാഘാതമാണ് മാന്ദ്യം. ഇന്നു ലോകത്ത് ആധിപത്യംപുലര്‍ത്തുന്ന ഫിനാന്‍സ് മൂലധനത്തെ സംബന്ധിച്ചിടത്തോളം വിലക്കയറ്റമാണ് ഏറ്റവും വലിയ ശത്രു. അവരുടെ ധനം പണത്തിലാണല്ലോ സൂക്ഷിക്കുന്നത്. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ പണത്തിന്‍റെ മൂല്യം ഇടിയും. അതുകൊണ്ട് ലോകത്തെ എല്ലാ കേന്ദ്ര ബാങ്കുകളും വിലക്കയറ്റം നിയന്ത്രിക്കുകയാണ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയെന്നാണു കരുതുന്നത്.


ഈ നയത്തില്‍ നിന്നു വ്യതിചലിച്ച ബ്രട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് രാജിവയ്ക്കേണ്ടി വന്നു. നിയോലിബറല്‍ നയങ്ങളുടെ കടുത്ത വക്താവായിരുന്നു അവര്‍. അതിന്‍റെ ഭാഗമായി അധികാരമേറ്റപ്പോള്‍ വലിയ നികുതിയിളവുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ സബ്സിഡികള്‍ വെട്ടിക്കുറച്ചില്ല. ഇതിന്‍റെ ഫലമായി കമ്മി കൂടുമെന്നും വിലക്കയറ്റം രൂക്ഷമാകുമെന്നും ഉറപ്പായി. ബ്രിട്ടനില്‍ നിന്ന് ഫിനാന്‍സ് മൂലധനം പുറത്തേയ്ക്കു കുത്തിയൊഴുകാന്‍ തുടങ്ങി. ബ്രിട്ടന്‍ വലിയ ധനകാര്യ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന നിലയിലായി. ലിസ് ട്രസിന് രാജിവയ്ക്കേണ്ടി വന്നു. ബ്രിട്ടന്‍ പോലൊരു സാമ്പത്തിക ശക്തിയുടെ പ്രധാനമന്ത്രിയെ അട്ടിമറിച്ചുകൊണ്ട് മറ്റു ലോകരാജ്യങ്ങള്‍ക്കു ഫിനാന്‍സ് മൂലധനം വലിയ ജാഗ്രതാ സന്ദേശമാണു നല്‍കിയത്.


ജനവിരുദ്ധ പ്രത്യാഘാതങ്ങള്‍


ഇപ്പോഴത്തെ വിലക്കയറ്റം ഉക്രയ്ന്‍ യുദ്ധവും ചൈനയില്‍ നിന്നുള്ള ഇലക്ട്രോണിക് സാമഗ്രികളുടെ ദൗര്‍ലഭ്യവുംമൂലവുമാണല്ലോ. അതുകൊണ്ട് പലിശനിരക്ക് ഉയര്‍ത്തിയാലും ആഗ്രഹിക്കുന്നപോലെ വില താഴാന്‍ പ്രയാസമാണ്. ഈയാഴ്ചത്തെ ഇക്കണോമിസ്റ്റ് വാരികയില്‍ ഇംഗ്ലണ്ടില്‍ ഗ്യാസ് വാങ്ങാന്‍ പണം ഇല്ലാത്തതുകൊണ്ട് ചൂടുകൊള്ളാനുള്ള പൊതുയിടങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് വിശദമായൊരു റിപ്പോര്‍ട്ട് ഉണ്ട്. അത്രയ്ക്കു ദയനീയമാണ് പലയിടത്തും പാവങ്ങളുടെ സ്ഥിതി.

മാന്ദ്യം തൊഴിലില്ലായ്മയെ രൂക്ഷമാക്കുന്നു. ഐഎല്‍ഒയുടെ കണക്കു പ്രകാരം ലോകത്ത് 20 കോടി ആളുകള്‍ക്ക് തൊഴിലില്ല. ആഗോള തൊഴിലില്ലായ്മ 7.1 ശതമാനമാണ്. യുവജനങ്ങള്‍ക്കിടയില്‍ ഇത് 15 ശതമാനമാണ്.

മാന്ദ്യം കൂടുതല്‍ ബാധിക്കുന്നത് പാവപ്പെട്ടവരെയും ദരിദ്രരാജ്യങ്ങളെയുമാണ്. അതുകൊണ്ട് ലോകത്ത് അസമത്വവും ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു. 2022ലെ ആഗോളവരുമാനത്തിന്‍റെയും സ്വത്തിന്‍റെയും വിതരണത്തിലുള്ള അസമത്വത്തിന്‍റെ കണക്കാണ് ചിത്രം 7ല്‍ നല്‍കിയിട്ടുള്ളത്. ലോകത്തെ വരുമാനത്തിന്‍റെ 52 ശതമാനം ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകള്‍ക്കാണു ലഭിക്കുന്നത്. അതേസമയം ഏറ്റവും പാവപ്പെട്ട 50 ശതമാനം പേരുടെ വരുമാനം ആഗോള വരുമാനത്തിന്‍റെ 8.5 ശതമാനമാണ്.

സ്വത്തിന്‍റെ വിതരണത്തിലെ അസമത്വം സ്വാഭാവികമായും വരുമാനത്തേക്കാള്‍ രൂക്ഷമാണ്. ഏറ്റവും പാവപ്പെട്ട 50 ശതമാനം ജനങ്ങള്‍ക്ക് ലോകത്തെ സ്വത്തിന്‍റെ 2 ശതമാനം മാത്രമേ സ്വന്തമായുള്ളൂ. 76 ശതമാനം സ്വത്തും ഏറ്റവും സമ്പന്നരായ 10 ശതമാനത്തിന്‍റെ കൈകളിലാണ്.
ഇതിന്‍റെയൊക്കെ ഫലമായി ദാരിദ്ര്യവും പട്ടിണിയും പെരുകി. സൊമാലിയ പോലുള്ള ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ ക്ഷാമത്തിന്‍റെ വക്കിലാണ്. ജനങ്ങളുടെ ചെലവില്‍ വിലക്കയറ്റം താഴ്ത്തി ഫിനാന്‍സ് മൂലധന താല്‍പ്പര്യം സംരക്ഷിക്കാനാണ് ലോകരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്.


ഇന്ത്യയിലെ സ്ഥിതി


ബ്രിട്ടനെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നുവെന്ന് മോദി സര്‍ക്കാര്‍ പെരുമ്പറ കൊട്ടിക്കൊണ്ടിരിക്കുകയാണ്. രാജ്യങ്ങളുടെമൊത്തം ജിഡിപി പരിശോധിക്കുമ്പോള്‍ നമ്മുടെ സ്ഥാനം ഉയര്‍ന്നിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നമ്മുടെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത അനുക്രമം ഉയര്‍ന്നുവന്നു. 1980കള്‍ മുതല്‍ അത് വികസിത രാജ്യങ്ങളേക്കാള്‍ ഉയര്‍ന്നതാണ്. അതുകൊണ്ട് മൊത്തം ആഗോള ഉല്‍പ്പാദനത്തില്‍ നമ്മുടെ വിഹിതം ഉയര്‍ന്നുവരും.

എന്നാല്‍ ഇന്ത്യാ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. രാജ്യത്തെ വരുമാനം 130 കോടി ജനങ്ങള്‍ക്കിടയില്‍ പങ്കുവയ്ക്കാനുള്ളതാണ്. പ്രതിശീര്‍ഷ വരുമാനം എടുത്താല്‍ നമ്മുടെ സ്ഥാനം 142ാമത്തേതാണ്. രാജ്യത്തെ തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവുമെല്ലാം മറച്ചുവച്ച് ഇന്ത്യ മോദി ഭരണത്തില്‍ മുകളിലെത്തിയെന്ന തെറ്റിദ്ധാരണയുണ്ടാക്കാനാണ് ശ്രമം.

രാജ്യത്തെ തൊഴിലില്ലായ്മ ഇന്ന് ചരിത്രത്തിലേറ്റവും ഉയര്‍ന്ന നിലയിലാണ്. ഇന്ത്യയിലെ തൊഴിലില്ലായ്മ സാധാരണഗതിയില്‍ 23 ശതമാനമാണ്. എന്നാല്‍ മോദി ഭരണത്തിന്‍ കീഴില്‍ അത് 68 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. തൊഴിലവസരങ്ങള്‍ അധികം സൃഷ്ടിക്കാത്ത സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

2022ല്‍ പുതിയ പട്ടിണി സൂചികയും പ്രസിദ്ധീകരിക്കപ്പെട്ടു. 121 രാജ്യത്തില്‍ 107ാമത്തെ സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. മുന്‍ റിപ്പോര്‍ട്ട് പ്രകാരം 101 ആയിരുന്നു. 2022ല്‍ പുറത്തുവന്ന ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 132 ആയി താഴ്ന്നു. പട്ടിണി സൂചികയെക്കുറിച്ച് ഇന്ത്യാ സര്‍ക്കാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തി. പക്ഷേ മാനവവികസന സൂചിക ഐക്യരാഷ്ട്രസഭയുടേതാണല്ലോ. യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ മറ്റു മാര്‍ഗ്ഗമില്ല. സാമ്പത്തികവളര്‍ച്ച ഉണ്ടാകുന്നതുമൂലം മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതുപോലുള്ള നേട്ടം ഇന്ത്യയിലെ ജനങ്ങള്‍ക്കു ലഭിക്കുന്നില്ലായെന്നകാര്യം വ്യക്തമാണ്.

സര്‍ക്കാര്‍ നയങ്ങള്‍


മറ്റു മുതലാളിത്ത ഭരണകൂടങ്ങള്‍ സ്വീകരിച്ച സാമ്പത്തിക നയങ്ങള്‍തന്നെയാണ് ഇന്ത്യയിലും അനുവര്‍ത്തിച്ചത്. 2022ല്‍ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയത് റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയതാണ്. അഞ്ച് തവണയായി, റിപ്പോ നിരക്ക് കോവിഡിനു മുമ്പുള്ള കാലത്തേക്കാള്‍ 6.25 ശതമാനമായി ഉയര്‍ത്തിയിരിക്കുകയാണ്. ഇതുമൂലം ഇന്ത്യയിലെയും സാമ്പത്തിക വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കുറയും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6 ശതമാനത്തില്‍ താഴുന്നതിനാണു സാധ്യത.

സര്‍ക്കാര്‍ ചെലവുകളും കുറച്ചുകൊണ്ടിരിക്കുകയാണ്. 2021ല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ചെലവ് ദേശീയവരുമാനത്തിന്‍റെ 16 ശതമാനമായിരുന്നു. 2022ല്‍ ഇത് 14.5 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. 10 ലക്ഷം കോടി രൂപയാണ് അഞ്ച് വര്‍ഷംകൊണ്ട് കോര്‍പ്പറേറ്റുകളുടെ കടം എഴുതിത്തള്ളിയത്. അതേസമയം സാധാരണക്കാര്‍ക്കുള്ള ക്ഷേമച്ചെലവുകള്‍ ചുരുക്കിക്കൊണ്ടിരിക്കുന്നു. പണക്കാരില്‍ നിന്നു നികുതി പിരിക്കുന്നതിനു പകരം പൊതുമേഖല വിറ്റഴിക്കലാണ് പ്രധാന വരുമാന മാര്‍ഗ്ഗമായി കണ്ടെത്തിയിരിക്കുന്നത്. 2022ലെ പുതിയ നടപടി മോണിറ്റൈസേഷന്‍ പരിപാടിക്കു തുടക്കംകുറിച്ചുവെന്നതാണ്. എല്‍ഐസിയുടെ ഓഹരി വില്‍പ്പനയ്ക്കു തുടക്കംകുറിച്ചു. ഇലക്ട്രിസിറ്റി മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനു ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമനിര്‍മ്മാണം വേഗത്തിലാക്കി.
 

കേരളം

2022 കേരളത്തെ സംബന്ധിച്ചിടത്തോളം ശുഭോദര്‍ക്കമാണ്. കോവിഡ് പതനം ഏറ്റവും രൂക്ഷമായ സംസ്ഥാനം കേരളമാണ്. എന്നാല്‍ ഇപ്പോള്‍ 2021ലുണ്ടായ വീണ്ടെടുപ്പിന്‍റെ കണക്ക് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതുപ്രകാരം കേരളത്തില്‍ 8.6 ശതമാനമാണ് വളര്‍ച്ച.2022ല്‍ ടൂറിസവും വാണിജ്യവും കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്. ചെറുകിട വ്യവസായ മേഖലയില്‍ വലിയ ചലനങ്ങള്‍ ദൃശ്യമാണ്. കിഫ്ബി വഴിയുള്ള ചെലവുകളും ദേശീയപാത നിര്‍മ്മാണത്തിനുള്ള ചെലവുകളും ഗണ്യമായി വര്‍ദ്ധിച്ചു. അതുകൊണ്ട് 2022ലും ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച നിലനിര്‍ത്താനാവുമെന്നാണു പ്രതീക്ഷ.

എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തെ തകര്‍ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ കുത്സിതനീക്കങ്ങള്‍ 2022ല്‍ മറനീക്കി പുറത്തുവന്നു. കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും റവന്യുകമ്മി ഗ്രാന്‍റ് അവസാനിപ്പിച്ചതും സര്‍ക്കാരിന്‍റെ ധനകാര്യസ്ഥിതിയെ ഞെരുക്കി. പക്ഷേ, ഇവ രണ്ടിലും നിലവിലുള്ള തീരുമാനങ്ങളും അവാര്‍ഡും നടപ്പാക്കുകയേ ചെയ്തിട്ടുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാരിനു വാദിക്കാം. എന്നാല്‍ ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ സംബന്ധിച്ച തീരുമാനം കേരള സര്‍ക്കാരിനെ സാമ്പത്തികമായി അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ്.

കിഫ്ബി വഴി പശ്ചാത്തലസൗകര്യ നിര്‍മ്മാണത്തിനു വലിയതോതില്‍ നമ്മള്‍ വായ്പയെടുക്കുന്നുണ്ട്. ഇതു ബജറ്റിന്‍റെ ഭാഗമല്ല. എന്നാല്‍ അത് ബജറ്റില്‍ അനുവദിക്കുന്ന വായ്പയില്‍ തട്ടിക്കിഴിക്കണം എന്നൊരു നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതു നമ്മുടെ സാധാരണഗതിയിലുള്ള വായ്പാ വരുമാനത്തെ വളരെ പ്രതികൂലമായി ബാധിക്കും. കേന്ദ്ര സര്‍ക്കാരും ഇതുപോലെ വായ്പയെടുക്കുന്നുണ്ട്. എന്നാല്‍ അവരുടെ വായ്പ ബജറ്റിന്‍റെ ഭാഗമായി ഇന്നും കണക്കാക്കുന്നില്ലയെന്ന് അറിയുമ്പോഴാണ് എത്ര രൂക്ഷമായിട്ടുള്ള വിവേചനമാണ് കേരളത്തോട് കാണിക്കുന്നതെന്നു വ്യക്തമാകുക. അതുകൊണ്ട് പുതുവര്‍ഷത്തില്‍ കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ വിവേചനത്തിനെതിരെയുള്ള വലിയ പ്രക്ഷോഭ പ്രചാരണം അനിവാര്യമായി മാറിയിരിക്കുകയാണ് •

(ചിന്ത വാരികയിൽ നിന്ന്) 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top