05 June Monday

മുണ്‍ഡ്ര കുംഭകോണത്തെ അദാനി ഓര്‍മ്മിപ്പിക്കുന്നു- ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Tuesday Mar 7, 2023

'പാര്‍ലമെന്‍റ് സൃഷ്ടിച്ച ഏറ്റവും വലുതും ഏറ്റവും ശക്തവുമായ ധനകാര്യ സ്ഥാപനമായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെമേല്‍ നിയന്ത്രണവും മേല്‍നോട്ടവും പാര്‍ലമെന്‍റിന് ഉണ്ടാവണം.

അതിന്‍റെ ഫണ്ടിന്‍റെ ദുര്‍വിനിയോഗമാണ് ഞാന്‍ ഇവിടെ വിശദീകരിക്കാന്‍ പോകുന്നത്' എന്നു പറഞ്ഞ് ഫിറോസ് ഗാന്ധി ലോക്സഭയില്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ ആരും കരുതിയില്ല നെഹ്റു സര്‍ക്കാരിനെത്തന്നെ പിടിച്ചുകുലുക്കാന്‍പോന്ന ഒരു അഴിമതിക്കഥ ഉന്നയിക്കുവാന്‍ പോവുകയാണെന്ന്.

ഫിറോസ് ഗാന്ധിയും മുണ്‍ഡ്ര കുംഭകോണവും

ഹരിദാസ് മുണ്‍ഡ്ര എന്ന കല്‍ക്കട്ടക്കാരന്‍ മുതലാളി ബ്രിട്ടീഷുകാരുടെ കയ്യില്‍നിന്നും ഏറ്റെടുത്ത 6 കമ്പനികളിലെ 1.24 കോടി രൂപയുടെ ഓഹരി 1957ല്‍ എല്‍ഐസി എടുത്തു. ഈ കമ്പനികളുടെ സ്ഥിതി അത്ര പന്തിയായിരുന്നില്ല. എല്‍ഐസിയുടെ നിക്ഷേപ കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത് പലരിലും സംശയം സൃഷ്ടിച്ചു.

തിരഞ്ഞെടുപ്പില്‍ മുണ്‍ഡ്ര കോണ്‍ഗ്രസിനെ പണംകൊണ്ട് സഹായിച്ചിരുന്നു.

ഫിറോസ് ഗാന്ധി

ഫിറോസ് ഗാന്ധി

സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദംമൂലമാണ് എല്‍ഐസി നിക്ഷേപം നടത്തിയത്. അതിനുശേഷമാണ് എല്‍ഐസിയുടെ ഇന്‍വെസ്റ്റ്മെന്‍റ് കമ്മിറ്റിയെ വിവരം അറിയിക്കുന്നത്. ഫിറോസ് ഗാന്ധിക്ക് അഴിമതി മണത്തു. പാര്‍ലമെന്‍റില്‍ ഉന്നയിച്ചതോടെ മുണ്‍ഡ്ര കുംഭകോണം വലിയ രാഷ്ട്രീയ കൊടുങ്കാറ്റു സൃഷ്ടിച്ചു.

കേന്ദ്ര ധനമന്ത്രി ടി.ടി. കൃഷ്ണമാചാരി പ്രതിക്കൂട്ടിലായി. കാരണം ഫിനാന്‍സ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് എല്‍ഐസി നിക്ഷേപം നടത്തിയതെന്നു തെളിഞ്ഞു. നെഹ്റു സര്‍ക്കാരിന്‍റെമേല്‍ അഴിമതിയുടെ നിഴല്‍ വീണു. ടി.ടി. കൃഷ്ണമാചാരി രാജിവയ്ക്കേണ്ടിയും വന്നു. തുടക്കത്തില്‍ത്തന്നെ ഉണ്ടായ ഇത്തരമൊരു വിവാദവും പൊതുചര്‍ച്ചയും എല്‍ഐസിയുടെ ഭാവിനടത്തിപ്പ് താരതമ്യേന സ്വതന്ത്രമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

എല്‍ഐസിയുടെ നിക്ഷേപത്തുക പോളിസി ഉടമകളുടെ സമ്പാദ്യം

ബാങ്കുകളെപ്പോലെതന്നെ ജനങ്ങളുടെ സമ്പാദ്യം സ്വരൂപിക്കാന്‍ സഹായിക്കുന്ന മറ്റൊരു സുപ്രധാന ധനകാര്യസ്ഥാപനമാണ് ഇന്‍ഷ്വറന്‍സ്. ബാങ്ക് ഡെപ്പോസിറ്റുകളില്‍ നിന്നു വ്യത്യസ്തമായി ഒരാള്‍ക്ക് ഉണ്ടാകാവുന്ന നാനാവിധ അപകടസാധ്യതകളെ (റിസ്ക്) ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഏറ്റെടുക്കുന്നു.

അപകടം ഉണ്ടായാല്‍ കമ്പനി നിങ്ങള്‍ക്കു നഷ്ടപരിഹാരം തരും. ഇതിനായി സുരക്ഷാ കവറേജ് എടുക്കുന്ന വ്യക്തികളില്‍നിന്നു പ്രീമിയം ഇന്‍ഷ്വറന്‍സ് കമ്പനി സമാഹരിക്കുന്നു. ഇതില്‍ നിന്നാണ് അപകടം സംഭവിക്കുന്ന ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിക്കു മുന്‍കൂട്ടി നിശ്ചയിച്ച തുക നല്‍കുന്നത്.

എല്‍ഐസി രൂപീകരിച്ചപ്പോള്‍ നമ്മള്‍ ഊന്നല്‍ നല്‍കിയത് സമ്പാദ്യ ഘടകവുംകൂടിയുള്ള പോളിസികള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ്. എന്നുവച്ചാല്‍ ഇന്‍ഷ്വറന്‍സ് കവറേജിനുള്ള പ്രീമിയത്തിനു പുറമേ സ്ഥിരനിക്ഷേപമായി ഒരു തുകകൂടി ഇന്‍ഷ്വറന്‍സ് എടുക്കുന്ന ആളുകളില്‍ നിന്നു സ്വീകരിക്കുന്നു.

എല്‍ഐസിയുടെ പോളിസികളുടെ 70 ശതമാനത്തിലേറെ ഇപ്പോഴും സമ്പാദ്യവുംകൂടി ഉള്‍ക്കൊള്ളുന്ന പോളിസികളാണ്.

ഇന്‍ഷ്വര്‍ ചെയ്യുന്നവരില്‍നിന്ന് സമാഹരിക്കുന്ന പ്രീമിയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്‍ഷ്വറന്‍സ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

എന്നുവച്ചാല്‍ ഇന്‍ഷ്വറന്‍സ് കമ്പനി തുടങ്ങാന്‍ വലിയ മുതല്‍മുടക്ക് വേണ്ടതില്ല. ഇടപാടുകാര്‍ക്കുള്ള വിശ്വാസ്യതയാണു പ്രധാനം. അവര്‍ നല്‍കുന്ന പ്രീമിയം ഭീമമായ തുക വരും. ഇതിനെയാണ് ലൈഫ് ഫണ്ട് എന്നുപറയുന്നത്.

എല്‍ഐസിക്കു ഭീമമായ ലൈഫ് ഫണ്ട് ഉണ്ട്. ഈ ലൈഫ് ഫണ്ട് ഷെയറിലോ ബോണ്ടിലോ സര്‍ക്കാര്‍ സെക്യൂരിറ്റികളിലോ നിക്ഷേപം നടത്തിയോ അല്ലെങ്കില്‍ വായ്പകള്‍  നല്‍കിയോ സ്വരൂപിക്കുന്ന പണമാണ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ മുഖ്യവരുമാനം. എല്‍ഐസിയുടെ പ്രത്യേകത ലൈഫ് ഫണ്ടില്‍ നിന്നുള്ള വരുമാനം മുഴുവന്‍ സമ്പാദ്യനിക്ഷേപംകൂടി നടത്തിയിട്ടുള്ള പോളിസി ഉടമകള്‍ക്കിടയില്‍ വീതിച്ചു നല്‍കുന്നുവെന്നുള്ളതാണ്.

പ്രഥമലക്ഷ്യം പോളിസി ഉടമകളുടെ സുരക്ഷ

ഇത്രയും കഥ പറഞ്ഞത് എല്‍ഐസിയില്‍ നിക്ഷേപിക്കുന്ന സാധാരണക്കാര്‍ തങ്ങളുടെ സമ്പാദ്യത്തിനു സുരക്ഷിതമായ ഒരു വരുമാനമാണ് പ്രതീക്ഷിക്കുന്നത് എന്നതിന് അടിവരയിടാനാണ്.

ഓഹരി കമ്പോളത്തിലും മറ്റും മുടക്കി തങ്ങളുടെ സമ്പാദ്യത്തെ ചൂതാടാന്‍ അവര്‍ക്ക് ഇഷ്ടമില്ല. എല്‍ഐസിയുടെ ലൈഫ് ഫണ്ട് ഇപ്പോള്‍ ഏതാണ്ട് 40 ലക്ഷം കോടി രൂപയാണ്.

ഇതില്‍ 62 ശതമാനം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സെക്യൂരിറ്റികളിലാണ്. മുന്‍പ് ഇത് 80 ശതമാനത്തിലേറെ വരുമായിരുന്നു. വളരെ ചെറിയ ശതമാനം മാത്രമേ ഓഹരികളില്‍ നിക്ഷേപിക്കാറുള്ളൂ.

എന്നാല്‍ സമീപകാലത്ത് ഇതിനു മാറ്റം വന്നു. ഇപ്പോള്‍ ഓഹരികളിലാണ് 25 ശതമാനം നിക്ഷേപം നടത്തുന്നത്. കൂടുതല്‍ ഉയര്‍ന്ന വരുമാനം നല്‍കുമെങ്കിലും അതുപോലെ നഷ്ടവും സംഭവിക്കാം. അതുകൊണ്ട് വളരെ ആലോചിച്ചും കരുതലോടുകൂടിയും മാത്രമേ ഓഹരികളില്‍ നിക്ഷേപിക്കാന്‍ പാടുള്ളൂ.

മുണ്‍ഡ്ര കുംഭകോണത്തില്‍ നടന്നതുപോലെ ജാഗ്രത പുലര്‍ത്താതെയാണ് എല്‍ഐസി 30000 കോടി രൂപ അദാനി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

അദാനി ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പ് ആയിരുന്നല്ലോ. അപ്പോള്‍ അവരുടെ ഓഹരികളില്‍ മുതല്‍മുടക്കുന്നത് എങ്ങനെ പക്ഷപാതപരമാകും? എല്‍ഐസി അദാനി ഗ്രൂപ്പില്‍ മുടക്കിയ 30000 കോടി രൂപ മൂന്നുവര്‍ഷംകൊണ്ട് മൂന്നുമടങ്ങ് വര്‍ദ്ധിച്ചില്ലേ? അപ്പോള്‍ എല്‍ഐസിയെ എങ്ങനെ കുറ്റംപറയാനാകും? ഇതാണ് എല്‍ഐസി ചെയര്‍മാനും നിയോലിബറല്‍ വക്താക്കളും വാദിക്കുന്നത്.

ഓഹരികളില്‍ മുതല്‍മുടക്കി ലാഭം നേടുന്നതിന് പ്രത്യേകം ധനകാര്യ സ്ഥാപനങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം മ്യൂച്വല്‍ ഫണ്ട് ആണ്.

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നിങ്ങളുടെ സമ്പാദ്യം നല്‍കുകയാണെങ്കില്‍ അവര്‍ വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്ന ഓഹരികളില്‍ മുടക്കി പരമാവധി സാമ്പത്തിക ലാഭവിഹിതം നിങ്ങള്‍ക്കു നല്‍കും. അതുകൊണ്ട് ലാഭം എത്രയും പെട്ടെന്നു നേടുന്നതിനുള്ള റിസ്ക് എടുക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ മ്യൂച്വല്‍ ഫണ്ടില്‍ മുടക്കൂ. എല്‍ഐസി പരമാവധി ലാഭത്തേക്കാള്‍ പരമാവധി സുരക്ഷയാണ് ലക്ഷ്യമിടുന്നത്.

മുണ്‍ഡ്രയോടെന്നപോലെ അദാനിയോടും പക്ഷപാതം

അദാനി ഗ്രൂപ്പ് കമ്പനികളില്‍ മ്യൂച്വല്‍ ഫണ്ട് മുതല്‍മുടക്കിയ തുകയും എല്‍ഐസി മുടക്കിയ തുകയും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ എല്‍ഐസിയുടെ അദാനി പക്ഷപാതം വെളിവാകും. 

1992 സെപ്തംബറില്‍ അദാനിയുടെ പ്രധാനപ്പെട്ട കമ്പനികളുടെ ഓഹരികളില്‍ എല്‍ഐസിയും മ്യൂച്വല്‍ ഫണ്ടുകളും വാങ്ങിയ ഓഹരികളുടെ ശതമാനത്തിന്‍റെ താരതമ്യ കണക്ക് നല്‍കിയിട്ടുണ്ട്. അതുപ്രകാരം ഏറ്റവും വലിയ കമ്പനിയായ അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരികളുടെ 4.02 ശതമാനം എല്‍ഐസിക്ക് ആയിരിക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളുടെ വിഹിതം 1.27 ശതമാനം മാത്രമാണ്.

ഇപ്പോള്‍ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന അദാനി ഗ്യാസിന്‍റെ 5.77 ശതമാനം ഓഹരി എല്‍ഐസിക്ക് ഉള്ളപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപം തുച്ഛമാണ്.

അദാനി പോര്‍ട്ട് ഓഹരികളില്‍ എല്‍ഐസി 9.61 ശതമാനം മുതല്‍മുടക്കിയപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ 4.7 ശതമാനം ഓഹരികളേ വാങ്ങിയുള്ളൂ. ഇതുപോലെ, അദാനി ഗ്രീനിന്‍റെയും അദാനി ട്രാന്‍സ്മിഷന്‍റെയും ഓഹരികളില്‍ എല്‍ഐസിയുടെ വിഹിതം മ്യൂച്വല്‍ ഫണ്ടുകളുടെ വിഹിതത്തിന്‍റെ പല മടങ്ങാണ്.

നിക്ഷേപം നടത്തുന്നതില്‍ തങ്ങളുടെ സഹജസ്വഭാവംകൊണ്ട് റിസ്ക് എടുക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ അദാനിയില്‍ മുതല്‍മുടക്കാന്‍ തയ്യാറായില്ലായെന്നാണ് പട്ടിക 1 കാണിക്കുന്നത്.

കാരണം ഏതൊരു വിദഗ്ധവിശകലനത്തിനും അദാനിയുടെ ഓഹരി വിലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുതിപ്പ് നിലനിര്‍ത്താന്‍ സാധ്യമല്ലാത്ത അസ്വഭാവികമായ ഒരു പ്രതിഭാസമാണെന്നു തിരിച്ചറിയുന്നതിനു പ്രയാസമുണ്ടാവില്ല.

ഓഹരി വിലയുടെ ശരവേഗ വളര്‍ച്ച

2020ല്‍ കോവിഡ് വന്നതോടെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു വീണു. എന്നാല്‍ അദാനിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സുവര്‍ണ്ണകാലമായി ഇതുമാറി. അദാനി ഓഹരികളുടെ വിലകളുടെ കുതിപ്പ്  കാണാം. കോവിഡ്

തുടങ്ങിയപ്പോള്‍ അദാനി ഓഹരി വിപണി മൂല്യം 2020ന്‍റെ ആദ്യ പാദത്തില്‍ 2.2 ലക്ഷം കോടിരൂപയില്‍ നിന്ന് 1.2 ലക്ഷം കോടി രൂപയായി ഇടിഞ്ഞു. പിന്നെ മുകളിലേക്ക് ഒരു വളര്‍ച്ചയായിരുന്നു. 2021 ഏപ്രില്‍ ആയപ്പോള്‍ 7.8 ലക്ഷം കോടിരൂപയായി.

കേട്ടുകേള്‍വിയില്ലാത്ത വേഗതയിലാണ് ഓഹരി വിലകള്‍ ഉയര്‍ന്നത്.

മൂന്ന് വര്‍ഷത്തിനിടയില്‍ അദാനി ഗ്യാസിന്‍റെ ഓഹരി വില 2121 ശതമാനമാണ് ഉയര്‍ന്നത്. ഇതിനേക്കാള്‍ താഴ്ന്ന നിരക്കിലാണെങ്കിലും മറ്റു കമ്പനികളുടെയും ഓഹരി വിലകള്‍ കുതിച്ചു. 2021ല്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം 9.6 ലക്ഷം കോടി രൂപയായിരുന്നത് 2022ല്‍ 18.13 ലക്ഷം കോടി രൂപയായി.ഈ കുമിളയാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഗ്രൂപ്പ് കുത്തിപ്പൊട്ടിച്ചത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്

അദാനി ഗ്രൂപ്പിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിശദമായി പഠിച്ചു തയ്യാറാക്കിയ ഹിന്‍ഡന്‍ബര്‍ഗ് കമ്പനിയുടെ റിപ്പോര്‍ട്ടുപ്രകാരം അദാനിയുടെ ഓഹരി വിലകള്‍ ഊതിവീര്‍പ്പിച്ചവയാണ്. ശരിക്കും ഓഹരികള്‍ക്ക് കമ്പോളത്തില്‍ ഇത്രയും വില വരാന്‍ പാടില്ല. അവര്‍ പറയുന്നത് അദാനിയുടെ കണക്കുകള്‍ മുഖവിലയ്ക്കെടുത്താല്‍പോലും ഓഹരി വിലകള്‍ 85 ശതമാനമെങ്കിലും അനര്‍ഹമായി ഉയര്‍ന്നതായാണ്.

സാധാരണഗതിയില്‍ അദാനി കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായമേഖലയില്‍ ഓഹരിവില ആദായത്തിന്‍റെ 2024 മടങ്ങ് വരാന്‍ പാടുള്ളതല്ല. എന്നാല്‍ അദാനി ഗ്രീന്‍ എനര്‍ജി കമ്പനിയിലും ഗ്യാസ് കമ്പനിയിലും 800 മടങ്ങാണ് ഓഹരി വില. ഏറ്റവും വലിയ കമ്പനിയായ അദാനി എന്‍റര്‍പ്രൈസസിന്‍റേത് 500 മടങ്ങ്. അദാനി ട്രാന്‍സ്മിഷന്‍റേത് 312 മടങ്ങ്. മറ്റുള്ളവ 3090 മടങ്ങ്.

അതുപോലെതന്നെ ഒരു കമ്പനിയുടെ മൊത്തം വിപണിമൂല്യത്തെ നികുതിക്കും പലിശയ്ക്കും തേയ്മാനത്തിനുമുള്ള ചെലവുകള്‍ കിഴിക്കുന്നതിനുമുമ്പുള്ള മൊത്തം ആദായത്തിന്‍റെ 812 മടങ്ങേ വര്‍ദ്ധിക്കാന്‍ പാടുള്ളൂ. എന്നാല്‍ അദാനി ഗ്രൂപ്പില്‍ ഗ്യാസ് കമ്പനിക്ക് 303 മടങ്ങും ഗ്രീന്‍ എനര്‍ജി കമ്പനിക്ക് 101 മടങ്ങും എന്‍റര്‍പ്രൈസസിനും ട്രാന്‍സ്മിഷനും 60 മടങ്ങിലേറെയും വരുന്നൂവെന്ന് ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തി.

ഇത്തരത്തില്‍ മറ്റു മാനദണ്ഡങ്ങള്‍വച്ചു പരിശോധിക്കുമ്പോള്‍ അവിശ്വസനീയമായ രീതിയില്‍ ഉയര്‍ന്നതാണ് അദാനിയുടെ ഓഹരിവില. വിദേശത്തുള്ള ബിനാമി കമ്പനികളെ ഉപയോഗിച്ച് കൃത്രിമമായി വില ഉയര്‍ത്തിയതാണിതെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്‍റെ പ്രധാനപ്പെട്ട ആരോപണം.

ഈ കള്ളക്കളികളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ലെങ്കിലും അദാനിയുടെ ഓഹരിവില വര്‍ദ്ധനവ് ഒരു കുമിളയാണെന്നു തിരിച്ചറിഞ്ഞ മ്യൂച്വല്‍ ഫണ്ടുകള്‍ ഒഴിഞ്ഞു നിന്നു. എന്നാല്‍ എല്‍ഐസി ആകട്ടെ മതിമറന്ന് അദാനിയില്‍ നിക്ഷേപിച്ചു. ഇതിനു കാരണം മുണ്‍ഡ്ര കുംഭകോണത്തിലെന്നപോലെ രാഷ്ട്രീയമായ ഇടപെടലാണ്. മോദിയും അദാനിയും തമ്മിലുള്ള അവിശുദ്ധബന്ധമാണ് ഇതിനു പിന്നില്‍.

ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ ടാറ്റയുടെയും റിലയന്‍സിന്‍റെയും ഓഹരികളില്‍ മുതല്‍മുടക്കാന്‍ മടിച്ചിട്ടില്ലായെന്നുകൂടി പറയണം. അദാനി ഗ്രൂപ്പിന്‍റെ ഓഹരികളുടെ 3.91 ശതമാനം എല്‍ഐസിക്ക് ആയിരിക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളുടെ കൈയില്‍ 0.83 ശതമാനമേയുള്ളൂ. അതേസമയം ടാറ്റാ ഗ്രൂപ്പിന്‍റെ ഓഹരികളില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ വിഹിതം 4.96 ശതമാനമാണ്.

എല്‍ഐസിയുടെ കൈയില്‍ 3.98 ശതമാനമേ ഓഹരികളുള്ളൂ. റിലയന്‍സിന്‍റെ ഓഹരികളില്‍ എല്‍ഐസിയുടെ വിഹിതം 6.45 ശതമാനവും മ്യൂച്വല്‍ ഫണ്ടുകളുടേത് 5.68 ശതമാനവുമാണ്. എന്തുകൊണ്ടാണ് മ്യൂച്വല്‍ ഫണ്ടുകളുടെ വിവേചനബുദ്ധി എല്‍ഐസിക്ക് ഇല്ലാതെ പോയത്?

അദാനി കമ്പനികളുടെ ഓഹരിവിലത്തകര്‍ച്ച

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതോടെ അദാനി ഓഹരി വിലകള്‍ ഇടിയാന്‍ തുടങ്ങി. ഈയൊരു തകര്‍ച്ചയുടെ വിവരം ചിത്രം 2ല്‍ കാണാം. 2023 ജനുവരി 23ന് അദാനിയുടെ ഏറ്റവും വലിയ കമ്പനിയായ അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരിവില 3436 രൂപയായിരുന്നു. ഇത് ഫെബ്രുവരി 27 ആയപ്പോള്‍ 1193 രൂപയായി ഇടിഞ്ഞു.അദാനിയുടെ ഓഹരിവിലകള്‍ ഇടിയാന്‍ തുടങ്ങിയപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളും മറ്റും അവരുടെ കൈവശമുള്ള ഓഹരികള്‍ കിട്ടുന്നവിലയ്ക്കു വിറ്റുകാശാക്കി. അതുകൊണ്ട് അവര്‍ക്കു വലിയ നഷ്ടമുണ്ടായില്ല. എന്നാല്‍ എല്‍ഐസി തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്.

ഇതു ന്യായീകരിക്കാന്‍ 2023 ഫെബ്രുവരി 3ന് എല്‍ഐസി ഇറക്കിയ പ്രസ്താവനയില്‍ വാദിച്ചത്, എല്‍ഐസിക്ക് നഷ്ടമൊന്നും ഉണ്ടായിട്ടില്ല എന്നാണ്. 30000 കോടി രൂപയേ മുടക്കിയിട്ടുള്ളൂ. ഓഹരിവിലകള്‍ ഇടിഞ്ഞിട്ടും ഇപ്പോഴും തങ്ങളുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം 56142 കോടി രൂപയാണ്. അപ്പോഴും എല്‍ഐസിക്ക് നേട്ടം തന്നെയാണ്.

പക്ഷേ, രണ്ടാഴ്ചകൂടി കഴിഞ്ഞപ്പോഴും ഓഹരിവിലയിടിവ് നിലച്ചില്ല. ഫെബ്രുവരി 23ന് എല്‍ഐസിയുടെ അദാനി ഓഹരികളുടെ മൂല്യം 27000 കോടി രൂപയായി താഴ്ന്നു. വാങ്ങിയത് മുടക്കിയതിനേക്കാള്‍ താഴെയായി.

ന്യായീകരണ പ്രസ്താവന ഇറക്കുന്നതിനു പകരം അന്നേ ഓഹരി വിറ്റിരുന്നെങ്കില്‍ 56000 കോടി രൂപ ലഭിക്കുമായിരുന്നു. തങ്ങള്‍ സ്ഥിതിഗതികള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് എല്‍ഐസി മാനേജ്മെന്‍റ് നല്‍കുന്ന വിശദീകരണം.

കാസബ്ലാങ്കയിലെ പയ്യനെപ്പോലെ അദാനിയുടെ കത്തുന്ന കപ്പലില്‍ എല്‍ഐസി

19ാം നൂറ്റാണ്ടിലെ പ്രസിദ്ധമായ ഒരു കവിതയാണ് കാസബ്ലാങ്ക. കത്തുന്ന കപ്പലില്‍ നിന്ന് എല്ലാവരും പലായനം ചെയ്തിട്ടും ഡെക്കിനു മുകളില്‍ അചഞ്ചലനായി നില്‍ക്കുന്ന ഒരു പയ്യന്‍ കപ്പല്‍ക്കാരനെക്കുറിച്ചാണ് കവിത. ഏതാണ്ട് അതുപോലെയാണ് എല്‍ഐസിയുടെ നില്‍പ്പ്.

അദാനിയുടെ ഓഹരി വിലകളെല്ലാം കുത്തനെ ഇടിഞ്ഞിട്ടും തങ്ങളുടെ കൈയിലുള്ള ഓഹരികള്‍ വിറ്റ് തടിയൂരാന്‍ എല്‍ഐസി തയ്യാറല്ല. അഭിനവ കാസബ്ലാങ്കയായി എല്‍ഐസി കത്തുന്ന കപ്പലില്‍ അചഞ്ചലമായി നില്‍ക്കുകയാണ്. അത്രയ്ക്കുണ്ട് അദാനിയോടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിധേയത്വം.

അദാനി കമ്പനികളിലെ എല്‍ഐസിയുടെ നിക്ഷേപത്തിന്‍റെ മൂല്യം മുതല്‍മുടക്കിനേക്കാള്‍ ഇടിഞ്ഞപ്പോള്‍ അത് എല്‍ഐസിയുടെ ഓഹരിവിലകളെ പ്രതികൂലമായി ബാധിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് എല്‍ഐസിയുടെ ആദ്യ ഐപിഒയില്‍ 5 ശതമാനം ഓഹരികള്‍ വിറ്റത് ഒന്നിന് 945 രൂപ വീതം വിലയ്ക്കാണ്.ഇപ്പോഴത് സര്‍വകാല താഴ്ചയില്‍ എത്തിയിരിക്കുകയാണ്. 600 രൂപയ്ക്കു താഴെയായി. എന്നാലും അദാനിയെ കൈവെടിയാന്‍ എല്‍ഐസി തയ്യാറല്ല.

ആരോടാണ് എല്‍ഐസിക്കു പ്രതിബദ്ധത? തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പോളിസി ഉടമകളോടാണോ അതോ അദാനി ഗ്രൂപ്പിനോടാണോ? പോളിസി ഉടമകളുടെ പണം നഷ്ടപ്പെട്ടാലും അദാനിയെ രക്ഷിക്കുകയെന്നുള്ളതാണ് എല്‍ഐസി തങ്ങളുടെ ധര്‍മ്മമായി കാണുന്നത്. ഇതിനിടെ ഒരു സംഭവവുംകൂടി ഉണ്ടായി. എല്‍ഐസിയുടെ സ്വകാര്യവല്‍ക്കരണത്തിനു തുടക്കംകുറിച്ച ചെയര്‍മാന് ഒരുവര്‍ഷം എക്സ്റ്റന്‍ഷന്‍ നല്‍കിയതാണ്. അദാനിയോടുള്ള കൂറിന് ഉടനെതന്നെ പ്രതിഫലവുംകിട്ടി. വീണ്ടുമൊരു എക്സ്റ്റന്‍ഷന്‍.

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top