05 February Sunday

തണലുകൾ-ഡോ.സുനിൽ പി ഇളയിടത്തിന്റെ പംക്തി ഇരുപത്തിയെട്ടാം ഭാഗം

ഡോ.സുനിൽ പി ഇളയിടംUpdated: Saturday Dec 17, 2022

സുനിൽ പി ഇളയിടം-ഫോട്ടോ: ബിജു ഇബ്രാഹിം

ജീവിതസഞ്ചാരത്തിലെ കഠിനകാലങ്ങൾക്കുകുറുകെ ചുവടുവച്ചുനിൽക്കാൻ ബലം കൊടുത്ത്‌ മനസ്സിൽ വിദ്വേഷത്തിന്റെ പുക കയറാതെ കാത്ത സൗഹൃദങ്ങളുടെയും ഉപാധികളില്ലാത്ത സ്‌നേഹബന്ധങ്ങളുടെയും
തണൽപ്പച്ചകളാരായുകയാണ്‌. അനന്യതയല്ല; അന്യോന്യതയാണ് മാനുഷികതയുടെ പാർപ്പിടമെന്ന്‌ അടിവരയിടുന്നു. ഓർമ്മകളും മനുഷ്യരും  പംക്തി അവസാനിക്കുന്നു.

സുനിൽ പി ഇളയിടം

സുനിൽ പി ഇളയിടം

സാമൂഹികബന്ധങ്ങളുടെ സമുച്ചയം (Ensemble of Social Relations) എന്ന് മനുഷ്യനെ നിർവചിച്ചത് മാർക്സ് ആണ്. ഉണ്മയുടെ ആധാരഗൃഹമായ ഭാഷ മുതൽ ജീവിതത്തിന്റെ സമസ്തതലങ്ങളിലും മനുഷ്യൻ എന്നത് ഒരാൾ ലോകവുമായി പുലർത്തുന്ന ബന്ധമാണ്. അപരവുമായുള്ള അനന്തമായ വിനിമയങ്ങളാണ്. അതുനൽകിയ തണലുകളിലൂടെയുള്ള യാത്രയാണ്. അനന്യതയല്ല; അന്യോന്യതയാണ് മാനുഷികതയുടെ പാർപ്പിടം.

ഇക്കാലം വരെയുള്ള എന്റെ ജീവിതസഞ്ചാരത്തിലും ആ അന്യോന്യതയുടെ തണൽപ്പച്ചകളുണ്ടായിരുന്നു. ജീവിതത്തിൽ ഏറ്റവും വലിയ തുണയായതും അതാണ്. കഠിനകാലങ്ങൾക്കു കുറുകെ ചുവടുവച്ചുനിൽക്കാൻ അത് ബലം തന്നു.

എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും അധ്യാപനത്തിന്റെയും വഴികളിലെല്ലാം ആ തണലുണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ തുണയായി, സൗഹൃദങ്ങളുടെ ബലമായി, വീട്ടുജീവിതത്തിന്റെ സ്നേഹമായി, പലപല പ്രകാരങ്ങളിൽ ആ തണൽ ഇക്കാലമത്രയും ജീവിതത്തെ ചൂഴ്ന്നുനിന്നു.

എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും അധ്യാപനത്തിന്റെയും വഴികളിലെല്ലാം ആ തണലുണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ തുണയായി, സൗഹൃദങ്ങളുടെ ബലമായി, വീട്ടുജീവിതത്തിന്റെ സ്നേഹമായി, പലപല പ്രകാരങ്ങളിൽ ആ തണൽ ഇക്കാലമത്രയും ജീവിതത്തെ ചൂഴ്ന്നുനിന്നു. അനന്യതയായിരുന്നില്ല; ആ തണലുകളിലെ അന്യോന്യതയായിരുന്നു ജീവിതം. അതിൽ ചിലതിനെക്കുറിച്ചെല്ലാം ഓർമിച്ചുകൊണ്ട് ഒരു വർഷം പിന്നിട്ട ഈ പംക്തിക്ക് വിരാമം കുറിയ്ക്കുന്നു.

ദേശാഭിമാനി

ദേശാഭിമാനിയിൽ ആദ്യമായി ജോലിക്കുചെന്നത് ഒരു വൈകുന്നേരമാണ്. കൊച്ചി ഡസ്കിലായിരുന്നു എന്റെ ആദ്യനിയമനം. പത്മനാഭൻ സഖാവ് എന്ന് എല്ലാവരും സ്നേഹാദരങ്ങളോടെ വിളിച്ചിരുന്ന ടി വി പത്മനാഭൻ ആയിരുന്നു അന്ന് കൊച്ചി ദേശാഭിമാനിയിലെ ന്യൂസ് എഡിറ്റർ.

ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ അദ്ദേഹം എന്തോ വായിച്ചുതിരുത്തുകയായിരുന്നു. മുറിയിലെത്തിയ എന്നെ അദ്ദേഹം തലയുയർത്തിനോക്കി പുഞ്ചിരിച്ചു. മുന്നിലെ കസേരയിൽ ഇരിക്കാൻ പറഞ്ഞു. വീട്ടുകാര്യങ്ങളും പഠനവിശേഷങ്ങളും മറ്റും ചോദിച്ചറിഞ്ഞു. പതിഞ്ഞ സൗമ്യമായ ശബ്ദം. സ്നേഹനിർഭരമായ സംഭാഷണം. പിതൃതുല്യമായ വാത്സല്യം നിറഞ്ഞതായിരുന്നു പത്മനാഭൻ സഖാവിന്റെ പെരുമാറ്റമത്രയും.

ടി വി പത്മ-നാ-ഭൻ

ടി വി പത്മ-നാ-ഭൻ

ആദ്യദിവസത്തിന്റെ പരിഭ്രമത്തിനിടയിൽ അതൊരു വലിയ കുളിർമയായി. അല്പനേരത്തെ സംഭാഷണത്തിനുശേഷം അദ്ദേഹം കുറച്ച് വാർത്താക്കുറിപ്പുകൾ എടുത്തുതന്നു. പിടിഐ പോലുള്ള ന്യൂസ് ഏജൻസികൾ അയക്കുന്ന വാർത്തകളിൽ ചിലതാണ്. അത് പരിഭാഷപ്പെടുത്തി വാർത്താരൂപത്തിലാക്കാമോ എന്നദ്ദേഹം ചോദിച്ചു. ‘നോക്കാം സഖാവെ’ എന്ന്‌ മറുപടി പറഞ്ഞ് ഞാനവ വാങ്ങി.

കസേരയിൽനിന്നും എഴുന്നേറ്റ് തൊട്ടപ്പുറത്തുള്ള ന്യൂസ് ഡസ്കിലേക്ക് ചെന്ന് അവിടെയുള്ള കസേരകളിലൊന്നിൽ ഇരുന്നു. ജീവിതത്തിൽ എക്കാലവും തണലായിത്തീർന്ന ഒരു വലിയ ബന്ധത്തിന്റെ പ്രാരംഭം അങ്ങനെയായിരുന്നു.

ഔപചാരികമായി ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ്‌ ദേശാഭിമാനിയിലെ ഒരുമാസത്തോളം ദൈർഘ്യമുള്ള ട്രെയിനിങ് ഉണ്ടായിരുന്നു. രാവിലെ മുതൽ വൈകുന്നേരംവരെ നീളുന്ന ക്ലാസ്സുകൾ. പുതുതായി പത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുറേപ്പേർ.

ഇരുപതോളം പേരുണ്ടായിരുന്നു എന്നാണോർമ. പത്രപ്രവർത്തനത്തിന്റെ സാങ്കേതികകാര്യങ്ങളും രാഷ്ട്രീയവിഷയങ്ങളും റിപ്പോർട്ടിങ്ങിന്റെയും എഡിറ്റിങ്ങിന്റെയും സമ്പ്രദായങ്ങളും എല്ലാം പരിചയപ്പെടുത്തുന്ന ക്ലാസ്സുകൾ.

പി ഗോവിന്ദപ്പിള്ള

പി ഗോവിന്ദപ്പിള്ള

പി ജിയും ഡോ. തോമസ് ഐസക്കും ഡോ. സെബാസ്റ്റ്യൻ പോളുമെല്ലാം ക്ലാസ്സുകൾ എടുക്കാൻ ഉണ്ടായിരുന്നു. ചില ക്ലാസ്സുകൾ പത്രപ്രവർത്തനത്തെക്കുറിച്ചായിരുന്നില്ല. പി ജി ഭൂപടനിർമാണത്തിലെ രാഷ്ട്രീയത്തെയും അതിലെ പ്രത്യയശാസ്ത്ര വീക്ഷകളെയും കുറിച്ചാണ് പറഞ്ഞത്.

ഭൂപടവിജ്ഞാനീയം (Cartography) എന്ന വിഷയത്തെക്കുറിച്ച് ഞാനാദ്യം കേൾക്കുന്നത് അപ്പോഴാണ്. ഒരു ഭൂഗോളവും ഭൂപടവുമായാണ് പി ജി ക്ലാസ്സിലേക്കുവന്നത്. 

ഉരുണ്ട ഭൂമിയെ പരന്ന ചിത്രമാക്കി മാറ്റുന്നതിന്റെ സാങ്കേതികതയും അതിനെ നിർണയിക്കുന്ന രാഷ്ട്രീയവും പി ജിയുടെ വാക്കുകളിൽ ആവേശം നിറച്ചിരുന്നു. മെർക്കേറ്റർ പ്രൊജക്ഷനെപ്പറ്റിയും നിലവിലുള്ള ഭൂപടത്തിലെ സ്ഥലവിതാനത്തിലെ രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം വിശദമായി പറഞ്ഞ ആ ക്ലാസ് ഇന്നും ഓർമയിലുണ്ട്.

പിൽക്കാലത്ത് ഭൂപടവിജ്ഞാനീയം വലിയ താൽപ്പര്യങ്ങളിലൊന്നായി മാറിയതിന്റെ പ്രേരണയും അതായിരുന്നു. ജെ ബി ഹാർലെയുടെയും മറ്റും പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിക്കാനും അതൊരു പ്രേരണയായി. അതിന്റെ ബലത്തിൽ ഭൂപടവിജ്ഞാനീയത്തെക്കുറിച്ച് പിൽക്കാലത്ത് ഞാനൊരു പ്രാഥമിക പഠനവും എഴുതി.

രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഒരു ക്ലാസ് ജീവിതകാലം മുഴുവൻ താൽപ്പര്യം തോന്നിയ ഒരു വിഷയമേഖലയിലേക്ക് വഴിതുറന്ന സന്ദർഭമായിരുന്നു അത്. അധ്യാപനം ഇങ്ങനെയുമാവാം എന്ന വലിയ പാഠം!

ഡോ. സെബാസ്റ്റ്യൻ പോൾ

ഡോ. സെബാസ്റ്റ്യൻ പോൾ

1996 മെയ് മാസത്തോടെയാണ് ഞാൻ ദേശാഭിമാനിയിൽ ചേർന്നത്. എംഎ പഠനം കഴിഞ്ഞ് ഗവേഷണവിദ്യാർഥിയായിരിക്കുന്ന കാലം. ആലുവ യുസി കോളേജായിരുന്നു ഗവേഷണ കേന്ദ്രം. അതിനുമുൻപ് പറവൂർ ലക്ഷ്മി കോളേജിൽ ക്ലാസ് എടുത്തിരുന്നു. യുജിസിയുടെ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് ലഭിച്ചിരുന്നുവെങ്കിലും ജീവിതത്തിന്റെ വഴി കണ്ടെത്താൻ അത് മതിയാകുമായിരുന്നില്ല.

ഫെല്ലോഷിപ്പ് കാലം അവസാനിക്കാറുമായിരുന്നു. ആയിടയ്ക്കൊരു ദിവസമാണ് പ്രിയസുഹൃത്തും ദേശാഭിമാനിയിലെ സീനിയർ എഡിറ്ററുമായിരുന്ന എം എം പൗലോസ് പത്രത്തിൽ പുതിയതായി സബ് എഡിറ്റർമാരെ എടുക്കുന്നുണ്ട് എന്ന വിവരം പറഞ്ഞത്. മകൾക്ക് അപ്പോഴേക്കും ഒരുവയസ്സായിരുന്നു.

ജീവിതം ഒരു തൊഴിലിന്റെ ആവശ്യകതയിൽ മുട്ടിനിൽക്കുമ്പോഴാണ് പൗലോസ് ദേശാഭിമാനിയിലെ സബ് എഡിറ്റർ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞത്. മറ്റൊന്നും ആലോചിക്കാതെ അതിനപേക്ഷിച്ചു.

കൊച്ചിയിലായിരുന്നു എഴുത്തുപരീക്ഷ. അതിൽ സെലക്ഷൻ കിട്ടി. ഏറെ വൈകാതെ അഭിമുഖത്തിന് വിളിച്ചു. ആരൊക്കെയാണ് അഭിമുഖത്തിന് ഉണ്ടായിരുന്നത് എന്ന് മുഴുവനായി ഓർമയിലില്ല. അന്ന് പത്രത്തിന്റെ പ്രധാന ചുമതലക്കാരിലൊരാളായിരുന്ന സഖാവ് അപ്പുക്കുട്ടൻ വള്ളിക്കുന്നാണ് പ്രധാനമായും സംസാരിച്ചത്. മാനേജരായിരുന്ന പി കരുണാകരൻ സഖാവും അഭിമുഖത്തിനുണ്ടായിരുന്നു. അദ്ദേഹം ഏറെയൊന്നും സംസാരിച്ചില്ല.

പി കരുണാകരൻ

പി കരുണാകരൻ

രണ്ടുവർഷക്കാലം പരിശീലനക്കാലമായിരിക്കുമെന്നും അതുകഴിഞ്ഞാൽ പ്രവർത്തനം വിലയിരുത്തിയാവും സ്ഥിരനിയമനം നൽകുകയെന്നും അദ്ദേഹം പറഞ്ഞു. യുജിസി ഫെല്ലോഷിപ്പ് നേടിയശേഷം പത്രജോലിക്കായി വരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ജീവിതപ്രയാസങ്ങളെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് മറയില്ലാതെ പറഞ്ഞു.

സഖാവ് അതെല്ലാം ശ്രദ്ധാപൂർവം കേട്ടു. പരിശീലനത്തിന്റെ രണ്ടുവർഷക്കാലം ചുരുങ്ങിയ സ്റ്റൈപ്പന്റ് മാത്രമേ ലഭിക്കൂ എന്നദ്ദേഹം ഓർമിപ്പിച്ചു. അക്കാര്യം ഞാൻ മുമ്പേ മനസ്സിലാക്കിയിരുന്നു. അതു ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു.

ദേശാഭിമാനിയായിരുന്നു എഴുത്തിലെ പരിശീലനക്കളരി. അതിനുമുൻപും അല്പം ചിലതെല്ലാം ഞാൻ എഴുതിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസകാലത്തും പിന്നാലെയുമാണ്. പത്രത്തിൽ സബ് എഡിറ്റർ ആയി ചേരുന്നതിനുമുമ്പ്‌ വാരികയിൽ ഒന്നുരണ്ട്‌ ലേഖനങ്ങളും എഴുതിയിരുന്നു.

കോളേജ് മാഗസിനുകളിലും സുവനീറുകളിലും മറ്റും അലങ്കാരം നിറഞ്ഞ, ഒട്ടൊക്കെ കൃത്രിമമായ കാല്പനികത കലർന്ന ഭാഷയിലാണ് എഴുതി ശീലിച്ചത്. ആധുനികതാപ്രസ്ഥാനം കൊടിയേറിനിന്ന കാലത്ത് എഴുത്തിലേക്കും വായനയിലേക്കും വന്ന ഒരു തലമുറയുടെ അവശിഷ്ടഭാരങ്ങളും എഴുത്തിലുണ്ടായിരുന്നു.

ഒരുഭാഗത്ത് കാല്പനികതയും അലങ്കാരക്കൊലുസുകളും. മറുഭാഗത്ത് മോഡേണിസം. ആകമാനം ഒരു കുഴമറിച്ചിലായിരുന്നു. അതിൽനിന്ന് എന്റെ ഭാഷയെ പുറത്തുകൊണ്ടുവരുന്നതിന് ഏറ്റവുമധികം സഹായിച്ചത് ദേശാഭിമാനിയിലെ പരിശീലനമാണ്. ന്യൂസ് കട്ടിങ്ങുകൾ വിവർത്തനം ചെയ്ത് വാർത്തയാക്കുമ്പോൾ രണ്ടുകാര്യങ്ങൾ പ്രധാനമായിരുന്നു.

വായിക്കുന്ന അവസാനത്തെ ആൾക്കും കാര്യം വ്യക്തമായി മനസ്സിലാവണം. പല പല ഭാഗങ്ങളായി ന്യൂസ് ഏജൻസി നൽകുന്ന വാർത്തയിൽനിന്ന് അതിന്റെ സമഗ്രമായ ചിത്രം ലഭിക്കുകയും വേണം. വാർത്തയുടെ കാതലിൽ നിന്നുതുടങ്ങി വിശദാംശങ്ങളിലേക്ക് പിന്നാലെ വരണം. അനാവശ്യമായ വിശദാംശങ്ങൾ ഒഴിവാക്കി കാര്യമാത്ര പ്രസക്തമായ സംഗ്രഹമായി വാർത്ത തയ്യാറാക്കണം. ഇതെല്ലാം പിൽക്കാലത്തെ എഴുത്തുജീവിതത്തിന് നൽകിയ പാഠങ്ങൾ വലുതായിരുന്നു.

വസ്തുതകൾ മനസ്സിലാക്കുന്നതിനും ക്രമീകരിക്കുന്നതിനുമൊപ്പം അവയെ ലളിതമായി വിശദീകരിക്കുന്നതിനുമുള്ള പരിശീലനക്കളരിയായി അതുമാറി. തിരിഞ്ഞുനോക്കുമ്പോൾ പിൽക്കാലത്തെ എഴുത്തുജീവിതത്തിലെ ഏറ്റവും വലിയ നീക്കിയിരുപ്പ് ആ പരിശീലനമായിരുന്നുവെന്ന് മനസ്സിലാകുന്നുണ്ട്.

ദേശാഭിമാനിയിൽ പ്രവർത്തിക്കുന്ന സമയത്ത് പറവൂരിലെ ലക്ഷ്മി കോളേജിൽ അധ്യാപനമുണ്ടായിരുന്നു. രാവിലെ പത്തുമണി കഴിഞ്ഞ് അവിടെയെത്തും. ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ അവിടെ അധ്യാപനം. വൈകുന്നേരം അഞ്ചിന് കൊച്ചി ദേശാഭിമാനിയിൽ. രാത്രി പത്തോ പതിനൊന്നോ വരെ അത്‌ തുടരും. ഒരുമണിയോടെ വീട്ടിലെത്തും

കൊച്ചി ദേശാഭിമാനി ഓഫീസ്‌ (ഫയൽചിത്രം)

കൊച്ചി ദേശാഭിമാനി ഓഫീസ്‌ (ഫയൽചിത്രം)

. ഇന്നുള്ള പല ഗതാഗതസൗകര്യങ്ങളും അന്നില്ല. വരാപ്പുഴയിലെ പാലം ഉൾപ്പെടെ. കലൂരിൽ നിന്ന് ആലുവ വഴി പറവൂരിലെത്തണം. പിന്നെ സ്കൂട്ടറിൽ വീട്ടിലും. ഡസ്കിൽ അവസാന ഷിഫ്റ്റ് വരുന്ന ദിവസങ്ങളിൽ മടക്കം പുലർച്ചെ രണ്ടുമണിയോടെയാവും. കൊച്ചിയിൽനിന്ന് പറവൂർക്ക് പത്രം കൊണ്ടുവരുന്ന വണ്ടിയിൽ തന്നെയാണ് മടങ്ങുക. അത് പറവൂരിലെത്തുമ്പോൾ തെരുവിൽ പുലർകാലത്തിന്റെ ആളനക്കം തുടങ്ങിയിട്ടുണ്ടാവും.

ലക്ഷ്മികോളേജിൽ ജോലിചെയ്യുമ്പോൾ ഡിഗ്രി വിദ്യാർഥികൾക്ക് റസ്സലിന്റെയും എച്ച് ജി വെൽസിന്റെയും മറ്റും പ്രബന്ധങ്ങൾ പഠിപ്പിക്കാനുണ്ടായിരുന്നു. പ്രൗഢമായ ഇംഗ്ലീഷിൽ അനസ്യൂതമായി പ്രവഹിക്കുന്ന ഭാഷയാണ് റസ്സലിന്റേത്. ആശയങ്ങളുടെ അനന്യതകൊണ്ടും ഭാഷയുടെ അനർഗളതകൊണ്ടും മിഴിവുറ്റ എഴുത്ത്.

മൂന്നു‐നാലു വർഷം അത് പഠിപ്പിക്കാൻ കഴിഞ്ഞത് പത്രജീവിതത്തിൽ വലിയ തുണയായി. ധാരാളം പ്രയോഗങ്ങളും ശൈലികളും പദച്ചേരുവകളുമെല്ലാം അതുവഴി പരിചിതമായി. ഡസ്കിൽ വാർത്തകൾ തയ്യാറാക്കുന്ന വേളയിലെ വലിയ സഹായങ്ങളിലൊന്നായിത്തീർന്നത് അതാണ്. നാട്ടിൻപുറത്തെ സാധാരണ സർക്കാർ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ ഞങ്ങളുടെ തലമുറയിലെ പലരുടെയും ഇംഗ്ലീഷ് പരിജ്ഞാനം പരിമിതമായിരുന്നു.

അതിനെ കുറച്ചൊക്കെ മറി കടക്കാൻ വഴിയൊരുക്കിത്തന്നത് അന്നത്തെ അധ്യാപനവും ദേശാഭിമാനിക്കാലത്തെ വാർത്തയെഴുത്തിനായുള്ള വിവർത്തനങ്ങളുമാണ്. ‘ഒരാൾക്കു മറ്റാൾ തുണ’ എന്നതുപോലെ രണ്ടും എനിക്ക് പ്രയോജനകരമായി.

പത്രത്തിൽ ജോലിയിൽ പ്രവേശിച്ച് ഏറെക്കഴിയും മുമ്പ്‌ തെരഞ്ഞെടുപ്പ് വന്നു. ദേശീയതലത്തിലുള്ള തെരഞ്ഞെടുപ്പ്. അതിന്റെ വാർത്തകളും വിശകലനങ്ങളും തയ്യാറാക്കി പ്രത്യേകമായി നൽകുന്ന സംവിധാനം കൊച്ചിയിൽ ആരംഭിച്ചു. പത്മനാഭൻ സഖാവ് എന്നെ അതിലേക്കുമാറ്റി. ഉച്ചയോടെ എത്തണം.

ആദ്യമേ തന്നെ ആ പേജിലേക്കുള്ള മാറ്റർ തയ്യാറാക്കണം. സ്വന്തമായി ചിലതെല്ലാം എഴുതാനുള്ള അവസരം കൂടിയായി അതുമാറി. വാർത്തകളിൽ നിന്ന് വിശകലന സ്വഭാവമുള്ള ചെറുലേഖനങ്ങളിലേക്ക് എഴുത്ത് വളർന്നതങ്ങനെയാണ്.

രണ്ടുമാസത്തിലധികം നീണ്ട ആ പരിശീലനകാലമാണ് സ്വന്തമായ എഴുത്തിന്റെ വഴി തുറന്നുതന്നത്.
തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള സ്പെഷ്യൽ പേജുകൾ തയ്യാറാക്കുന്നത് രണ്ട്‌ മാസംകൊണ്ട് അവസാനിച്ചു. എങ്കിലും ദേശീയ‐അന്തർദേശീയ വേദികളിലെ കൗതുകകരവും സവിശേഷവുമായ വിവരങ്ങളെ മുൻനിർത്തി ആഴ്ചയിൽ ഒരു പേജ് തുടർന്നും തയ്യാറാക്കാൻ പത്രാധിപസമിതി അക്കാലത്ത് തീരുമാനിച്ചു.

അതിൽ പങ്കുചേരാനും കുറച്ചുകാലം കഴിഞ്ഞപ്പോൾ അതിൽ ചെറിയ ചില ചുമതലകൾ വഹിക്കാനും അവസരം കിട്ടി. ദൈനംദിന വാർത്തകൾക്കപ്പുറം പലതിലേക്കും എഴുത്ത്‌ വഴിമാറിയത് അങ്ങനെയാണ്. വ്യക്തിപരമായി താൽപ്പര്യമുണ്ടായിരുന്ന പല വിഷയങ്ങളെക്കുറിച്ചും വലിയ മനുഷ്യരെക്കുറിച്ചും എഴുതാൻ അതവസരം തന്നു.

രവിവർമ്മ

രവിവർമ്മ

രവിവർമ്മയുടെ കലയും ഫത്തേഹ് അലിഖാന്റെ ഖവാലിയുമെല്ലാം അന്നത്തെ എഴുത്തിൽ ഉൾപ്പെട്ടു. എഡിറ്റോറിയൽ പേജിലും അക്കാലത്ത് ചിലതെല്ലാം എഴുതി. അന്ന് അതിനെല്ലാം ലഭിച്ച ഉദാരവും സ്നേഹനിർഭരവുമായ പരിഗണനകളാണ് എഴുത്തിൽ ഒരാത്മവിശ്വാസം തന്നത്.

മിക്കതും ബൈലൈനില്ലാത്ത എഴുത്തായിരുന്നു. അത് എഴുത്തിനെ കൂടുതൽ സ്വതന്ത്രവും സ്വച്ഛവുമാക്കി. എഴുതിയതിൽ പലതിനെക്കുറിച്ചും സുഹൃത്തുക്കളും നാട്ടിലെ പരിചയമുള്ള വായനക്കാരും അഭിപ്രായങ്ങൾ പറയുമായിരുന്നു. വലിയ ഊർജം തന്ന കാര്യമാണത്. ഇന്ന് ഇരുപത് പുസ്തകങ്ങളിലെത്തിനിൽക്കുന്ന എഴുത്തുജീവിതത്തിന്റെ അടിപ്പടവ് അജ്ഞാതകർതൃകമെന്നോണം എഴുതിയ അന്നത്തെ ചെറുകുറിപ്പുകളും ലേഖനങ്ങളുമാണ്.

കൊച്ചി ദേശാഭിമാനി ഡസ്ക് സ്നേഹനിർഭരമായിരുന്നു. ദേശാഭിമാനിയിലെന്നപോലെ, മലയാള പത്രജീവിതത്തിലെ തന്നെ മുതിർന്ന പലരും അന്നവിടെയുണ്ട്. എന്നോടൊപ്പം ചേർന്നവരെക്കാൾ തൊട്ടുമുമ്പുള്ള തലമുറയിൽപ്പെട്ടവരുമായാണ് അന്ന് കൂടുതൽ സൗഹൃദം രൂപപ്പെട്ടത്. എ എൻ രവീന്ദ്രദാസ്, രവി കുറ്റിക്കാട്, കെ വി സുധാകരൻ, സി ഡി ഷാജി, എം എം പൗലോസ്, എം എൻ ഉണ്ണിക്കൃഷ്ണൻ, എൻ മധു, ആർ സാംബൻ എന്നിങ്ങനെ പലരും.

എ എൻ  രവീന്ദ്രദാസ്‌

എ എൻ രവീന്ദ്രദാസ്‌

പദവികൾക്കും സീനിയോറിറ്റിക്കും അപ്പുറം പോയ സൗഹൃദമായിരുന്നു അത്. ശ്രീകുമാർ അന്ന് തിരുവനന്തപുരത്തായിരുന്നു എങ്കിലും ശ്രീകുമാറുമായും ആഴമേറിയ ഹൃദയബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു. ഞാൻ ദേശാഭിമാനിയിലെത്തുമ്പോഴേക്കും രവിവർമ്മ അവിടെ നിന്നും പോയിരുന്നു.

രവിവർമ്മയുടെ പത്രപ്രവർത്തനജീവിതത്തിലെ സംഭവങ്ങൾ ഐതിഹ്യങ്ങളെന്നപോലെ അപ്പോഴും അന്തരീക്ഷത്തിലുണ്ടായിരുന്നു. പത്മനാഭൻ സഖാവിനുപിന്നാലെ കോയക്ക എന്ന് എല്ലാവരും സ്നേഹപൂർവം വിളിക്കുന്ന കോയമുഹമ്മദും ന്യൂസ് എഡിറ്ററായി കൊച്ചിയിലുണ്ടായിരുന്നു.

ലൈബ്രറിയിലെ കുട്ടൻ എന്ന് എല്ലാവരും സ്നേഹപൂർവം വിളിക്കുന്ന ഷിജുകുട്ടനും ലേ ഔട്ടിലെ ദിനകരനുമെല്ലാം ഹൃദയബന്ധുക്കളെപ്പോലെയായി. അന്നെന്നപോലെ ഇന്നും ആ സൗഹൃദങ്ങളെല്ലാം കാലത്തിന്റെ നിഴൽ വീഴാതെ തുടരുന്നു. നിരന്തരം കണ്ടുമുട്ടുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെങ്കിലും ആഴത്തിൽ കൂട്ടിയിണക്കപ്പെട്ട സ്നേഹസൗഹൃദങ്ങളുടെ നിത്യജീവിതമാണ് അക്കാലം എനിക്കു നല്കിയത്.

പലരും ഇതിനകം സർവീസിൽ നിന്ന് വിടവാങ്ങി. ചിലരെല്ലാം കേരളത്തിൽ പലയിടങ്ങളിലായി ദേശാഭിമാനിയിലെ തന്നെ ന്യൂസ് എഡിറ്ററും മറ്റുമായി പ്രവർത്തിക്കുന്നു.

ഉച്ചയ്ക്ക് മൂന്നുമണി കഴിഞ്ഞ് പറവൂരിൽ നിന്ന് എറണാകുളത്തേക്കുള്ള ബസ്സിലാണ് ദേശാഭിമാനിയിലേക്കുള്ള യാത്ര തുടങ്ങുക. അല്പം വളഞ്ഞ വഴിയിലൂടെയാണ് ആ കെഎസ്ആർടിസി ബസ്‌ പോയിരുന്നത്. ഒരു മയക്കത്തിനുള്ള സമയം കിട്ടും എന്നത് ആ യാത്രയുടെ സൗകര്യമായിരുന്നു. വൈകുന്നേരം നാലരയോടെ കൊച്ചിയിലെ ഓഫീസിലെത്തും.

അഞ്ചുമണി കഴിഞ്ഞാണ് ഡസ്കിന്‌ ജീവൻ വച്ചുതുടങ്ങുക. പത്രത്തിലെ മുതിർന്ന പദവിയിലുള്ള ആരെങ്കിലും മിക്ക ദിവസങ്ങളിലും ഡസ്ക് യോഗത്തിനുണ്ടാവും. കൂടെ കൊച്ചി ഡസ്കിലുള്ളവരും. അതതു ദിവസങ്ങളിലെ വാർത്തകളുടെയും പത്രത്തിൽ അവ വിന്യസിക്കപ്പെട്ടതിന്റെയും വിശകലനം, പോരായ്മകളുടെ വിലയിരുത്തൽ, പരിഷ്കാര നിർദേശങ്ങൾ ഇതെല്ലാം അരങ്ങേറും.

നിത്യേനയുള്ള ഈ യോഗങ്ങൾ പത്രത്തിന്റെ നടത്തിപ്പിൽ നിർണായകമായ മാറ്റങ്ങളൊന്നും ഉളവാക്കിയിരുന്നില്ല എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. അന്തിമമായി സ്നേഹനിർഭരമായ ഒത്തുചേരലായിരുന്നു അതെല്ലാം. ഉച്ചക്ക് പറവൂരിൽനിന്നുള്ള യാത്ര എം എം പൗലൗസിനോടൊപ്പമാണ്. വിദ്യാർഥി ജീവിതകാലം മുതൽക്കേ പൗലോസ് ഞങ്ങൾക്കെല്ലാം പരിചിതനായിരുന്നു.

അക്കാലത്തെ ഉജ്ജ്വലനായ വിദ്യാർഥി നേതാക്കളിലൊരാളും മികവുറ്റ പ്രഭാഷകനും. യുസി കോളേജിലെ വിദ്യാർഥി യൂണിയൻ ചെയർമാൻ. അക്കാലത്തെ യുസി കോളേജിൽ എസ്എഫ്ഐ സ്ഥാനാർഥിയായി വിജയിക്കുക എത്രയും പ്രയാസകരമാണ്. ഞങ്ങളുടെ വിദ്യാർഥി ജീവിതകാലത്തുപോലും അത് എളുപ്പമായിരുന്നില്ല.

എം എം പൗലോസ്‌

എം എം പൗലോസ്‌

പൗലോസിന്റെ പ്രസംഗ പാടവവും നേതൃവൈഭവവും ബൗദ്ധികശേഷിയും സമരവീര്യവുംകൊണ്ടാണ് ആ വിജയം സാധ്യമായതെന്ന്‌ തോന്നുന്നു. അസാധാരണമായ വിധത്തിൽ ബുദ്ധികൂർമതയുള്ള നർമത്തിന്റെ കലവറയാണ് പൗലോസ്. ചെറിയ വാക്യങ്ങളിൽ, മൂർച്ചയേറിയ ഫലിതത്തിന്റെ അകമ്പടിയോടെയുള്ള പൗലോസിന്റെ സംസാരം അതിൽത്തന്നെ ഒരു കലാവിഷ്കാരമാണ്. ഇന്നും ആ ഭാഷണചാതുരി ഞങ്ങളുടെ സൗഹൃദക്കൂട്ടായ്മകളെ ദീപ്തമാക്കുന്നുണ്ട്.

യുസി കോളേജിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തരബിരുദം നേടിയതിനുശേഷം പൗലോസ് ഹൈക്കോർട്ടിലാണ് ആദ്യം ജോലിക്ക് കയറിയത്. ആ നിലയിൽ ത്തന്നെ തുടർന്നിരുന്നുവെങ്കിൽ ജോലിയിൽനിന്ന് പിരിയുമ്പോൾ ഹൈക്കോർട്ടിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളായി പൗലോസ് മാറുമായിരുന്നു. എങ്കിലും അന്നത്തെ തീവ്രമായ രാഷ്ട്രീയബോധ്യങ്ങൾ പൗലോസിനെ ദേശാഭിമാനിയിലെത്തിച്ചു.  ഹൈക്കോർട്ടിലെ ജോലി ഒഴിവാക്കിയാണ് പൗലോസ് ദേശാഭിമാനിയിൽ ചേർന്നത്.

ഞാൻ ദേശാഭിമാനിയിലെത്തുമ്പോൾ പൗലോസ് കൊച്ചിയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളായിരുന്നു.എ എൻ രവീന്ദ്രദാസിനൊപ്പം സ്പോർട്സ് പേജിലാണ് പൗലോസ് പ്രവർത്തിച്ചിരുന്നത്.

കളിയെഴുത്തിന്റെ അനന്യമായ ഒരു ഭാഷയും ശൈലിയും അക്കാലത്ത് ദേശാഭിമാനിക്കുണ്ടായിരുന്നു.സ്പോർട്സ് വായിക്കാൻ മാത്രമായി ദേശാഭിമാനി പത്രം തേടിപ്പിടിച്ചിരുന്ന ആളുകൾ എന്റെ നാട്ടിൽത്തന്നെയുണ്ടായിരുന്നു.

കളിയെഴുത്തിന്റെ അനന്യമായ ഒരു ഭാഷയും ശൈലിയും അക്കാലത്ത് ദേശാഭിമാനിക്കുണ്ടായിരുന്നു.സ്പോർട്സ് വായിക്കാൻ മാത്രമായി ദേശാഭിമാനി പത്രം തേടിപ്പിടിച്ചിരുന്ന ആളുകൾ എന്റെ നാട്ടിൽത്തന്നെയുണ്ടായിരുന്നു. ചടുലതയും വൈകാരിക ദീപ്തിയും കലർന്ന ഭാഷയിലെ കളിയെഴുത്തിലൂടെ രവീന്ദ്രദാസും പൗലോസും സൃഷ്ടിക്കുന്ന വിസ്മയങ്ങൾ ദേശാഭിമാനിക്കാലത്തിന്റെ അതീവ ഹൃദ്യമായ ഓർമകളിലൊന്നാണ്.

പ്രഭാഷകനും എഴുത്തുകാരനും എന്ന നിലയിലുള്ള തന്റെ പൊതുജീവിതം പൗലോസ് ഏറെ മുന്നോട്ടുകൊണ്ടുപോയില്ല. പൊതുജീവിതത്തിന്റെ അന്തർനാടകങ്ങളിലും അതുനൽകുന്ന പദവിമൂല്യങ്ങളിലും പൗലോസ് ഒട്ടും തൽപ്പരനായിരുന്നുമില്ല. അധികമൊന്നുമല്ലെങ്കിലും ദേശാഭിമാനിയിലെ പത്രജീവിതത്തിന്റെ കാലത്ത് ശ്രദ്ധേയങ്ങളായ കഥകൾ പൗലോസ് എഴുതി. റിട്ടയർമെന്റിനുശേഷം ഏറെ ശ്രദ്ധേയമായ ‘വഴി, വഴിമാറുന്നു’ എന്ന നോവലും, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രവും ഗതിപരിണാമങ്ങളും മനുഷ്യാവസ്ഥയുടെ അന്തർനാടകങ്ങളും കൂടിക്കലരുന്ന രചനയാണ്.

ജീവിതത്തോട് താൻ പുലർത്തുന്ന നിർമ്മമതയുടെ അടയാളങ്ങൾകൊണ്ടാണ് പൗലോസ് ആ രചനയെ വ്യത്യസ്തമാക്കിയതെന്ന് വായനയുടെ സന്ദർഭത്തിൽ എനിക്ക് തോന്നിയിരുന്നു. വികാര വിക്ഷുബ്ധതകളില്ലാതെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിന്റെ ഗതിഭേദങ്ങളിലൂടെ അനായാസമായി കടന്നുപോകുന്ന കൃതിയാണത്. ചരിത്രത്തിന്റെ നിർമ്മമമായ വൈരുധ്യങ്ങൾ അതിൽ നമുക്കുമുന്നിൽ തുറന്നുവയ്ക്കപ്പെട്ടിരിക്കുന്നു.

പറവൂരിലെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസായിരുന്നു ആദ്യം മുതലേ ഞങ്ങളുടെ ഒത്തുചേരലിന്റെ കേന്ദ്രം. ദേശാഭിമാനി ജീവിതത്തിനും മുമ്പേ തുടങ്ങിയതാണത്. ഞാൻ പത്രത്തിൽനിന്നും യൂണിവേഴ്സിറ്റിയിലേക്ക്‌ മാറിയതിനുശേഷം, പൗലോസ് ദേശാഭിമാനിയിൽനിന്ന് പിരിഞ്ഞതിനുശേഷവും ആ ഒത്തുചേരലുകൾ ഹൃദ്യമായി തുടരുന്നുണ്ട്. ഇടവേളകൾക്ക് ദൈർഘ്യമേറിയെങ്കിലും ഇപ്പോഴും അത് മുടങ്ങിയിട്ടില്ല.

നിർമ്മമമായ ഫലിതഭാവത്തോടെ ജീവിതത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും അഭിമുഖീകരിക്കുന്ന വാങ്മയങ്ങൾകൊണ്ട് പൗലോസ് ആ ഒത്തുകൂടലുകളെ ഇപ്പോഴും പ്രകാശനിർഭരമാക്കുന്നു. വിദ്വേഷരഹിതമായ നർമത്തിന്റെ അലകളിലൂടെ ഞങ്ങളിപ്പോഴും പൗലോസിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

അക്കാലത്ത് അപൂർവം ദിവസങ്ങളിൽ ദേശാഭിമാനിയിലെ ജോലി അവസാന ഷിഫ്റ്റിലായിരിക്കും. രാത്രി എട്ടുമണിയോടെ തുടങ്ങി പുലർച്ചെ രണ്ടുകഴിഞ്ഞാണ് അതവസാനിക്കുക. വിദ്യാർഥികാലത്തിനുശേഷം രാത്രിജീവിതത്തിന്റെ അനുഭവങ്ങൾ കൈവന്നത് അക്കാലത്താണ്. പറവൂരിലേക്കുള്ള പത്രവുമായി വരുന്ന ജീപ്പിനുമുന്നിൽ ഡ്രൈവറോട്‌ ചേർന്നിരുന്നുള്ള മടക്കം. ചിലപ്പോഴൊക്കെ ഡ്രൈവറും മയക്കത്തിലേക്ക് ചായുന്നുണ്ടാവും. ഒരു ദിവസം ഒരു ഡ്രൈവറെ ആ യാത്രക്കിടയിൽ ആലുവക്കടുത്തുവച്ച് ഭീതിയോടെ തട്ടിയുണർത്തിയിട്ടുമുണ്ട്.

പകൽജോലിയുടെ ക്ഷീണത്തിലാവണം അദ്ദേഹം ഡ്രൈവിങ്ങിനിടയിൽ ഒരുനിമിഷം മയക്കത്തിലേക്ക് പോയത്. ഓടുന്നതിനിടയിൽ വണ്ടി പാളുന്നതുകണ്ടാണ് ഞാനദ്ദേഹത്തെ നോക്കിയത്. കൂമ്പിനിൽക്കുന്ന കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഞാൻ ഭയപ്പെട്ടു. പെട്ടെന്നുതന്നെ അദ്ദേഹം ഉണർന്ന് വണ്ടി നിയന്ത്രണത്തിലാക്കി. അവിടെയടുത്തുതന്നെ നിർത്തി ചായ കഴിച്ച് ഉറക്കത്തെ ആട്ടിയകറ്റി വീണ്ടും യാത്ര തുടർന്നു. ഉറക്കത്തിനും ഉണർവിനും ഇടയിലെ ആ യാത്രകൾ ഇന്ന് ഹൃദ്യമായ ഓർമകളാണ്.

എങ്കിലും യഥാർഥത്തിൽ അവ അപകടം കാവൽനിന്ന വഴികളും യാത്രകളുമായിരുന്നു. അതുപോലെ തന്നെയായിരുന്നു ചുരുക്കം ചില ദിവസങ്ങളിലെ സ്കൂട്ടറിലെ രാത്രിമടക്കങ്ങളും. കനത്ത ഇരുട്ടുനിറഞ്ഞ വഴികൾ. ചില ദിവസങ്ങളിലെ മഴയും മിന്നലും ഇടിമുഴക്കങ്ങളും. ആലുവക്കടുത്ത് ബിനാനിപുരത്തെ തീർത്തും വിജനമായ നീണ്ട വഴികളിലൂടെ രാത്രി രണ്ടുമണിയോടെയും മറ്റും മടങ്ങേണ്ടി വന്നിട്ടുണ്ട്. ഇരുട്ടും മഴയും മിന്നൽവെളിച്ചവും ചേർന്ന് സൃഷ്ടിക്കുന്ന മാരകരാത്രികൾക്ക് നടുവിലൂടെയുള്ള യാത്രയായിരുന്നു അത്.

ഇനിയൊരിക്കലും അവയാവർത്തിക്കാനിടയില്ല. അന്നത്തെ രാത്രികളെയും യാത്രകളെയും രൂപപ്പെടുത്തിയ അന്തരീക്ഷമപ്പാടെ മാറി. തൊഴിലും വഴിയും യാത്രയും എല്ലാം പുതിയ ദിശകളിലായി. എങ്കിലും ജീവിതയാത്രയിലെ വലിയ സഞ്ചാരത്തിന്റെ ഓർമകൾ ഇപ്പോഴും ആ രാത്രികളുടേതാണ്.

കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി

കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി

1998 മെയ് മാസത്തിൽ സർവകലാശാലയിൽ അധ്യാപകനായി ചേർന്നതോടെ ഞാൻ ദേശാഭിമാനിയിൽനിന്നും വിടവാങ്ങി. എങ്കിലും എഴുത്തുജീവിതത്തിലേക്ക്‌ വഴിതുറന്ന ദേശാഭിമാനി പിന്നീടുള്ള കാലമത്രയും എന്റെ എഴുത്തിന്റെ വഴിയിലെ പ്രധാന തണലുകളിലൊന്നായി തുടർന്നു. ദേശാഭിമാനി വാരികയിൽ അക്കാലം മുതലെ എഴുതുന്നുണ്ട്.

കെ പി മോഹനൻ മാഷ് വാരികയുടെ പത്രാധിപരായി ചുമതലയേറ്റ കാലത്താണ്  ‘കൺവഴികൾ’ എന്ന പേരിൽ ഒരു പംക്തി ചെയ്യാനാരംഭിച്ചത്. വർത്തമാനകാലത്തെക്കുറിച്ചുള്ള ആലോചനകളും വിശകലനങ്ങളും പുസ്തക വിചാരവും എല്ലാം കലർന്ന ഒരു പംക്തി.

എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ

പിന്നീട് സി പി അബൂബക്കർ മാഷ്‌ പത്രാധിപരായിരുന്ന കാലത്ത്‌ പ്രിയ സുഹൃത്ത് ഷിബു മുഹമ്മദിന്റെ താൽപ്പര്യപ്രകാരം ‘ഓർമകളും മനുഷ്യരും’ എന്ന പംക്തിയും. പ്രിയ സുഹൃത്തായ എൻ രാജനും ഷിബുവും ചേർന്ന് അതിനെ എത്രയും ഹൃദ്യമാക്കി. സംഭാഷണമധ്യേ ഞാൻ പറഞ്ഞ ഒരു വാചകത്തിൽനിന്ന് ഈ ശീർഷകം കണ്ടെടുത്തതുതന്നെ ഷിബുവാണ്.

ഈ രണ്ട്‌ പംക്തികൾക്കിടയിൽ നിരവധി വിഷയങ്ങളെക്കുറിച്ച് എണ്ണമറ്റ പഠനങ്ങൾ വാരികയിൽ എഴുതി. എഴുത്തുജീവിതത്തിലെ ഏറ്റവും വലിയ ഇടമായി ദേശാഭിമാനി വാരിക മാറുകയും ചെയ്തു. 1998‐ൽ പത്രത്തിൽനിന്ന് പിരിഞ്ഞതിനുശേഷം കുറെക്കാലം കഴിഞ്ഞാണ് പത്രത്തിൽ വീണ്ടും എഴുതിയത്. 

എം വി ഗോവിന്ദൻമാഷ് പത്രത്തിന്റെ ചുമതല വഹിക്കുന്ന കാലം. മാഷിന്റെ നിർദേശ പ്രകാരം തുടങ്ങിയ ആ എഴുത്ത് മാസത്തിലൊന്ന് എന്ന ക്രമത്തിലായിരുന്നു. പലതരം തിരക്കുകൾ ഏറിയപ്പോൾ ഇടവേളകളുടെ ദൈർഘ്യം കൂടി. എങ്കിലും അതൊരിക്കലും തീർത്തും മുടങ്ങിയിട്ടില്ല.

 

ദേശാഭിമാനിയുടെ തണൽപ്പച്ച ഇപ്പോഴും ജീവിതത്തിനുമുകളിൽ കുട വിടർത്തി നിൽക്കുന്നു. എന്റെ എഴുത്തിലും രാഷ്ട്രീയത്തിലും ആലോചനകളിലും ആവിഷ്കാരങ്ങളിലുമെല്ലാം ദേശാഭിമാനിയുടെ അടയാളങ്ങൾ പതിഞ്ഞുകിടപ്പുണ്ട്. ജീവിതാന്ത്യംവരെ മാഞ്ഞുപോകാത്ത അടയാളങ്ങളോടെ ആ തണൽപ്പച്ചകൾക്കുകീഴെ ഞാൻ നടക്കുന്നു.

ദേശാഭിമാനിയുടെ തണൽപ്പച്ച ഇപ്പോഴും ജീവിതത്തിനുമുകളിൽ കുട വിടർത്തി നിൽക്കുന്നു. എന്റെ എഴുത്തിലും രാഷ്ട്രീയത്തിലും ആലോചനകളിലും ആവിഷ്കാരങ്ങളിലുമെല്ലാം ദേശാഭിമാനിയുടെ അടയാളങ്ങൾ പതിഞ്ഞുകിടപ്പുണ്ട്. ജീവിതാന്ത്യംവരെ മാഞ്ഞുപോകാത്ത അടയാളങ്ങളോടെ ആ തണൽപ്പച്ചകൾക്കുകീഴെ ഞാൻ നടക്കുന്നു.

രണ്ട് നേതാക്കൾ

പ്രസ്ഥാനത്തിന്റെ തണൽ എന്നുമുണ്ടായിരുന്നു. അതുനല്കിയ എണ്ണമറ്റ സൗഹൃദങ്ങളും സ്നേഹബന്ധങ്ങളും. മുതിർന്ന തലമുറയിലും സമകാലികരിലും പിന്നാലെ വന്നവരിലുമായി അത് കണ്ണിയറ്റുപോകാതെ തുടരുന്നു. സ്നേഹസൗഹൃദങ്ങളുടെ ആ തണൽപ്പടർച്ചകളിൽ ഏറ്റവും ബലമുള്ളവയായിരുന്നു സഖാവ് എം എ ബേബിയും സഖാവ് എസ് ശർമയും.

എം എ ബേബി

എം എ ബേബി

സഖാവ് എം എ ബേബിയെ ഞാനാദ്യം അടുത്തുകണ്ടത് 1995‐ലാവണം. പറവൂരിൽ ലക്ഷ്മി കോളേജിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്ന കാലം. പിയേഴ്സൺ മാഷിനൊപ്പം അന്ന് ‘കേസരിസദസ്സ്’ എന്ന കൂട്ടായ്മയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. പ്രഭാഷണങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, നാടകാവതരണങ്ങൾ, പുസ്തകവിചാരങ്ങൾ എന്നിങ്ങനെ പല തലങ്ങളിൽ സജീവമായിരുന്നു കേസരി സദസ്സ്.

കേസരി സദസ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ എംഗൽസ് ചരമ ശതാബ്ദി സെമിനാർ ഉദ്ഘാടനം ചെയ്യാനാണ് ബേബി സഖാവ് വന്നത്. അന്നദ്ദേഹം രാജ്യസഭാംഗമായി പ്രവർത്തിക്കുന്ന കാലമാണ്. സിപിഐ  എം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായും ബേബി സഖാവ് പ്രവർത്തിക്കുന്നുണ്ട് എന്നാണോർമ. ദില്ലിയിലെ പല തിരക്കുകൾക്കിടയിൽനിന്ന് എംഗൽസ് സെമിനാർ ഉദ്ഘാടനത്തിനു മാത്രമായാണ് സഖാവ് വന്നത്. അതിരാവിലെ പുറപ്പെട്ട് കൊച്ചിയിൽനിന്ന് പറവൂരിലെത്തി.

അന്നുതന്നെ ദില്ലിക്ക് മടങ്ങുകയും ചെയ്തു. മാർക്സിസ്റ്റ് ചിന്തയിൽ എംഗൽസിന്റെ സംഭാവനകൾക്കുള്ള നിർണായകമായ പങ്കിനൊപ്പം ശാസ്ത്ര ചിന്തയ്ക്കും പരിസ്ഥിതി ദർശനത്തിനും എംഗൽസ് നല്കിയ സംഭാവനകളെക്കുറിച്ചും ബേബി സഖാവ് തന്റെ പ്രസംഗത്തിൽ പ്രത്യേകമായി എടുത്തുപറഞ്ഞു. മാർക്സിസത്തിന്റെ പാരിസ്ഥിതിക ഉൾക്കാഴ്ചകളിലേക്ക് ആഴത്തിൽ കടന്നുചെന്ന പ്രഭാഷണമായിരുന്നു അത്.

  പിയേഴ്‌സൺ

പിയേഴ്‌സൺ

പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിലൊരാൾ പാരിസ്ഥിതിക രാഷ്ട്രീയത്തിന്റെ സൂക്ഷ്മലോകങ്ങളെ അഭിസംബോധന ചെയ്യുന്നത് ഞാൻ ആദ്യം കേൾക്കുകയായിരുന്നു. പി ജിയെപ്പോലെ പലരും പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വർഗപരമായ ഉള്ളടക്കത്തെക്കുറിച്ച് പറയുന്നത് അതിനുമുമ്പും കേട്ടിട്ടുണ്ട്.

ബേബിസഖാവിന്റേത് മറ്റൊരു പ്രതലത്തിൽനിന്നുള്ള സംഭാഷണമായിരുന്നു. പരിസ്ഥിതി രാഷ്ട്രീയത്തെ മാർക്സിസ്റ്റ് വിരുദ്ധമായി പ്രതിഷ്ഠിക്കുന്ന പ്രവണതകളോട് അന്നുതന്നെ അത് നിശിതമായി വിയോജിക്കുന്നുണ്ടായിരുന്നു. ഞാനത്‌ ശ്രദ്ധാപൂർവം കേട്ടു. പിൽക്കാലത്തെന്നേക്കുമായി അത് ചില തെളിച്ചങ്ങൾ തന്നു.

അതിനുമുമ്പും ചില പ്രസംഗവേദികളിൽ ബേബിസഖാവിനെ കാണാനും കേൾക്കാനും ഇടവന്നിട്ടുണ്ട്. എങ്കിലും പറവൂരിലെ കൂടിക്കാഴ്ച വ്യത്യസ്തമായി. അന്ന് സഖാവിനോട് കുറെയേറെ സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞു. പിയേ‌ഴ്സൺ മാഷും ഞാനും ബേബിസഖാവിനൊപ്പം എറണാകുളം വരെ പോവുകയും ചെയ്തു.

ഞങ്ങളുടെ ചെറിയൊരു കൂട്ടായ്മയുടെ പരിപാടിക്ക് സഖാവ് നൽകിയ പരിഗണനയും ശ്രദ്ധയും എന്നെ കുറച്ചൊന്ന് വിസ്മയത്തിലാഴ്ത്തുകയും ചെയ്തു. ചെറിയ മനുഷ്യരും അവരുടെ കാര്യങ്ങളും പ്രധാനപ്പെട്ടതാണെന്ന പാഠം അതിലുണ്ടായിരുന്നു.

അന്നത്തെ ആ പ്രാരംഭ സൗഹൃദത്തിന് വലിയ തുടർച്ചയുണ്ടായില്ല. ഒന്നരപ്പതിറ്റാണ്ടിനുശേഷം 2010‐ലാണ് പിന്നീട് ബേബിസഖാവുമായി അടുക്കാനിട കിട്ടിയത്. അന്നദ്ദേഹം വി എസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ‐സാംസ്കാരിക മന്ത്രിയാണ്.

ഒരു പൊതുസുഹൃത്തുവഴി വീണ്ടും തുറന്നുകിട്ടിയ ആ സൗഹൃദം കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടയിൽ ജീവിതത്തിലെ ഏറ്റവും ഹൃദ്യവും ഊഷ്മളവുമായ അനുഭവങ്ങളിലൊന്നായി മാറി. ഇന്ന് ബേബിസഖാവും ബെറ്റിച്ചേച്ചിയും എന്റെയും മീനയുടെയും ആത്മബന്ധുക്കളാണ്.

നാട്ടിലൂടെ പോകുമ്പൊഴൊക്കെ സഖാവ് വിളിച്ചു. പലപ്പോഴും വീട്ടിൽ വന്നു. അമ്മ രോഗബാധിതയായ സമയത്ത് സമയം കണ്ടെത്തി വന്ന് ഏറെനേരം അമ്മയോടൊപ്പം ഇരുന്നു. മീനയുടെ അച്ഛന്റെ മരണവാർത്തയറിഞ്ഞ് രാത്രി ഏറെ വൈകിയും ഉൾനാട്ടിലെ ഞങ്ങളുടെ വീടുതേടിയെത്തി. ഞാനെഴുതുന്ന ലേഖനങ്ങളും പുസ്തകങ്ങളുമെല്ലാം ശ്രദ്ധാപൂർവം വായിച്ച് അഭിപ്രായങ്ങൾ പറഞ്ഞു. പലയിടങ്ങളിലും പരിചയപ്പെടുത്തി.

ഐജാസ് അഹമ്മദും പ്രഭാത് പട്നാ‌യ്‌ക്കും പണിക്കർമാഷുമെല്ലാം പങ്കെടുത്ത ദില്ലിയിലെ സഹ്മത്ത് സെമിനാറടക്കം പല സെമിനാറുകളിലേക്കും ക്ഷണിച്ചുകൊണ്ടുപോയി. മദ്രാസിലും നാട്ടിലും പലയിടങ്ങളിലുമായി ബാലമുരളികൃഷ്ണയുടെയടക്കം പലരുടെയും കച്ചേരികൾക്ക് ഒപ്പം കൂട്ടി.

എസ് ജാനകിയെ നേരിട്ടുകാണണമെന്ന മീനയുടെ ജീവിതാഭിലാഷം സാക്ഷാൽക്കരിച്ചതും ബേബി സഖാവാണ്. എപ്പോഴോ നടന്ന ഒരു സംഭാഷണത്തിനിടയിലാണ് മീന തന്റെ മോഹത്തെക്കുറിച്ച് പറഞ്ഞത്.

സഖാവത് മനസ്സിൽ സൂക്ഷിച്ചിരുന്നു. പിന്നീട് മൈസൂരിലേക്ക് കുടുംബസമേതമുള്ള തന്റെ യാത്രയിൽ മീനയെയും കൂടെക്കൂട്ടി. ബെറ്റിച്ചേച്ചിയോടും ബേബി സഖാവിനോടുമൊപ്പമാണ് മൈസൂരിലെ വസതിയിലെത്തി മീന തന്റെ പ്രിയഗായികയെ കണ്ടത്.

ചുറ്റുമുള്ള മനുഷ്യരുടെ ചെറുതും വലുതുമായ ആവശ്യങ്ങൾക്ക് സഖാവ് നൽകിയിരുന്ന പരിഗണനയും കരുതലും അത്ഭുതകരം പോലുമായിരുന്നു. എത്രയെങ്കിലും സമയവും ഊർജവും അതിനായി ചെലവിടാൻ സഖാവിന് മടിയില്ല.

‘അറിയപ്പെടാത്ത മനുഷ്യരുമായുള്ള സാഹോദര്യം’ ഒരു ഭംഗിവാക്കല്ലെന്ന് സ്വജീവിതം കൊണ്ട് ബേബി സഖാവ് പലപ്പോഴും ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
2013‐ൽ മാർക്സിസത്തെക്കുറിച്ചുള്ള എന്റെ ആദ്യപുസ്തകമായ വീണ്ടെടുപ്പുകൾ പറവൂർ ടൗൺഹാളിൽവച്ച് പ്രകാശനം ചെയ്തത് ബേബിസഖാവാണ്.

മാർക്സിസം ആധുനികത എന്ന പൊതുനാമത്തിൽ വ്യവഹരിക്കപ്പെടുന്ന പടിഞ്ഞാറൻ/മുതലാളിത്ത ആധുനികതയുടെ വിമർശനസ്ഥാനമാണ് എന്ന്‌ വാദിക്കാനാണ് ഞാനാ ഗ്രന്ഥത്തിൽ ശ്രമിച്ചിരുന്നത്. മാർക്സിസ്റ്റ് രാഷ്ട്രീയവും ചിന്തയും പിന്തുടരുന്ന പലർക്കും അപ്രിയം തോന്നിയ ഒരു സമീപനമായിരുന്നു അത്.

ബേബിസഖാവ് ഒന്നരമണിക്കൂറോളം സമയമെടുത്താണ് തന്റെ പുസ്തക പ്രകാശന പ്രസംഗം നടത്തിയത്. ആ ഗ്രന്ഥത്തിലെ വാദഗതികളെ വിശദമായി പിന്തുടർന്നുചെന്ന് പലപ്പോഴും അവയോട് യോജിച്ചും ചിലയിടങ്ങളിൽ ഭിന്നാഭിപ്രായങ്ങൾ സൂചിപ്പിച്ചും അതേക്കുറിച്ചുള്ള വലിയൊരു സംവാദത്തിന് സഖാവ് വഴിതുറന്നിട്ടു.

ആ പുസ്തകത്തിന് ലഭിച്ച ഏറ്റവും മികവുറ്റ വായനയും അതായിരുന്നു. ചുറ്റുമുള്ളവരോടുള്ള കരുതൽ എന്ന ബേബിസഖാവിന്റെ അടിസ്ഥാനജീവിത സമീപനമായിരുന്നു അതിനുപിന്നിലും ഉണ്ടായിരുന്നതെന്ന് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്. പിന്നീട് പ്രഭാഷണത്തിന്റെ ലിഖിതരൂപം ചിന്ത വാരികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

‘ഫ്രെഡറിക് എംഗൽസ്: സാഹോദര്യ ഭാവനയുടെ വിപ്ലവമൂല്യം’ എന്ന എന്റെ ഒടുവിലത്തെ പുസ്തകം ഞാൻ സമർപ്പിച്ചത്  ബേബിസഖാവിനാണ്. സഖാവ് എന്ന പദത്തിന്റെ അനുഭവമൂല്യത്തിന്റെ (camaraderrie) വലിയൊരാവിഷ്കാരമാണ് ബേബിസഖാവ് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ചുറ്റുമുള്ള പലതരം മനുഷ്യരുടെ ജീവിതത്തെക്കുറിച്ചുള്ള കരുതൽ സ്വജീവിതത്തിലെ പ്രധാന ഉത്തരവാദിത്തമായി നിശ്ശബ്ദമായി ഏറ്റെടുത്ത ഒരാളെ സഖാവിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. ലോകത്തിന്റെ കാഴ്ചയിൽ കാര്യമായ വിലയൊന്നും കിട്ടാത്ത എത്രയോ ചെറിയ കാര്യങ്ങൾക്കായി സമയം ചെലവാക്കാൻ മടിയില്ലാത്ത ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പുതിയ ആശയങ്ങളും പുതിയ പുസ്തകങ്ങളും മുതൽ ടെന്നീസും ഫുട്ബോളും വരെയുള്ള ജീവിതസ്ഥാനങ്ങളിൽ നിത്യമായ താൽപ്പര്യം പുലർത്തുന്ന തുറസ്സും ഊർജസ്വലതയും തിരിച്ചറിയാനായിട്ടുണ്ട്. തനിക്കെതിരായ ഹീനമായ ആരോപണങ്ങളെയും അപവാദങ്ങളെയും ഉദാരവും നിസ്സംഗവുമായി അവഗണിക്കുന്നത് കാണാനിടയായിട്ടുണ്ട്.

മാനുഷികമായതൊന്നും തനിക്കന്യമല്ല എന്ന ഉദാരമായ ജീവിതബോധത്തിന്റെ പ്രകാശം സഖാവുമായുള്ള ബന്ധത്തിലുടനീളം എനിക്ക് കാണാനായി. സർവതല സ്പർശിയായ സ്നേഹവും ആരോടുമുള്ള വെറുപ്പില്ലായ്മയും എന്ന് അംബേദ്കർ മൈത്രിയെക്കുറിച്ച് പറഞ്ഞതിന്റെ അടയാളം പോലൊരാളാണ് സഖാവ് എം എ ബേബി. സഖാവുമായുള്ള സൗഹൃദത്തിന്റെ നീക്കിയിരുപ്പും മറ്റൊന്നല്ല.

കോവിഡ് ഉച്ചസ്ഥായിയിൽ നിൽക്കുന്ന വേളയിലാണ് അമ്മ യാത്രയായത്. രണ്ടുമാസത്തോളം നീണ്ട ആശുപത്രിവാസത്തിനൊടുവിൽ ഒരു സന്ധ്യയോടെ അമ്മ വിടപറഞ്ഞു. മരണവാർത്ത പുറത്തറിഞ്ഞ് ഏറെ വൈകുംമുമ്പേ ശർമസഖാവ് വീട്ടിലെത്തി. രാത്രിയോടെ മടങ്ങിയ സഖാവ് രാവിലെ വീണ്ടുമെത്തി. സംസ്കാരം കഴിഞ്ഞ് ചുരുക്കംപേർ മാത്രം ബാക്കിയുള്ളപ്പോഴും ശർമ സഖാവ് അവിടെയുണ്ടായി.

എസ്‌ ശർമ

എസ്‌ ശർമ

എരിയുന്ന ചിതയ്ക്കുസമീപം എന്നോടൊപ്പം ഏറെനേരം സഖാവും ഉണ്ടായിരുന്നു.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ജീവിതത്തിന്റെ ഓരോ പടവിലും ശർമ സഖാവിന്റെ സ്നേഹവും സൗഹൃദവുമുണ്ടായിരുന്നു. വ്യക്തിജീവിതത്തിലെ പ്രയാസങ്ങളാവട്ടെ തൊഴിലിടങ്ങളിലെ സംഘർഷങ്ങളാവട്ടെ, സാമൂഹ്യജീവിതത്തിലെ പ്രതിസന്ധികളാവട്ടെ നിശ്ശബ്ദവും അപ്പോൾത്തന്നെ  നിർണായകവുമായ തുണയായി സഖാവ് അവിടെയെത്തി. നിർണായകമായ തുണയായിത്തീരുന്നു എന്നതിന്റെ സൂചനകളൊന്നും തരാതെ, അതിനെക്കുറിച്ചുള്ള പ്രകടമായ അടയാളങ്ങളൊന്നും ബാക്കിവയ്ക്കാതെ, ചെറിയ ഒരു പുഞ്ചിരിക്കപ്പുറത്തേക്ക് ഏറെയൊന്നും പ്രകടിപ്പിക്കാത്ത സൗഹൃദത്തിന്റെ താങ്ങായി.

ഞങ്ങളുടെ ബിരുദപഠനകാലത്തെ യുവജനനേതാക്കളിൽ പ്രധാനിയായിരുന്നു സഖാവ് ശർമ. 1980‐കളുടെ പകുതിയിൽ യുവജനപ്രസ്ഥാനത്തിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു സഖാവ്. കേരളത്തിന്റെ സാമൂഹ്യചരിത്രത്തെ വലിയ തോതിൽ മാറ്റിമറിച്ച പല സമരങ്ങളും അരങ്ങേറിയ കാലമാണത്. തൊഴിലില്ലായ്മക്കെതിരായി ഉയർന്ന സമരങ്ങൾ, വർഗീയതയുടെ വ്യാപനത്തിനെതിരായ പ്രതിരോധങ്ങൾ, മനുഷ്യച്ചങ്ങല എന്ന പ്രതിരോധസമരമാതൃകയും മന്ത്രിമാരെ തടയുന്ന ധീരമായ ചെറുത്തുനില്പുകളുമെല്ലാം അക്കാലത്ത് അരങ്ങേറി.

അന്ന് അതിന്റെയെല്ലാം നേതൃത്വത്തിൽ ശർമ്മ സഖാവുണ്ടായിരുന്നു. ചില സമരങ്ങളിലെല്ലാം ബിരുദ വിദ്യാർഥിയായ ഞാനും പങ്കെടുത്തു. പറവൂരിലെ സമരമുഖങ്ങളിൽ വലിയ പൊലീസ് സേനയ്ക്കുമുന്നിൽ നെടുങ്കോട്ടപോലെ സമരസഖാക്കൾക്കൊപ്പം നിൽക്കുന്ന നേതാവായി സഖാവിനെ കണ്ടിട്ടുണ്ട്. വ്യക്തിപരമായി ശർമ സഖാവിനെ അന്ന് അടുത്ത പരിചയമില്ല. ദൂരെ നിന്നാണെങ്കിലും ആദ്യം ഇടപെടാൻ അവസരം കിട്ടിയ സംസ്ഥാനതല നേതാവ് ശർമ സഖാവായിരുന്നു.

1987‐ലെ തെരഞ്ഞെടുപ്പിൽ സഖാവ് മത്സരിച്ചപ്പോൾ മാല്ല്യങ്കരകോളേജിലും പരിസരത്തും ശർമ്മ സഖാവിനൊപ്പം കുറച്ചൊക്കെ സഞ്ചരിക്കാനും ഇടപഴകാനും പറ്റി. അന്നുതുടങ്ങിയ ഹൃദയബന്ധം മൂന്നരപതിറ്റാണ്ടിനു ശേഷം അതിനേക്കാൾ ദൃഢമായി ഇന്നും തുടരുന്നു. അതിനിടയിൽ ജീവിതത്തിന്റെ പല പടവുകളും കാലത്തിന്റെ ഗതിഭേദങ്ങളും ഞങ്ങൾ പിന്നിട്ടു. അദൃശ്യമായ ആ ഹൃദയബന്ധത്തിന്റെ ചരട് ഉലയാതെ നിന്നു.

ശർമ സഖാവിനെ ആദ്യം കാണുന്ന കാലത്ത് അദ്ദേഹം സമരമുഖങ്ങളിലെ തീപാറുന്ന പ്രസംഗകരിലൊരാളാണ്. ചെറിയ വാക്യങ്ങളിൽ പടിപടിയായി ആശയങ്ങൾ വിന്യസിച്ചു മുന്നേറുന്ന ആ പ്രസംഗത്തിന് സവിശേഷമായ ചാരുതയുമുണ്ടായിരുന്നു.

സുനിൽ പി ഇളയിടം-  പഴയ ഫോട്ടോ

സുനിൽ പി ഇളയിടം- പഴയ ഫോട്ടോ

ശർമ സഖാവിനെ ആദ്യം കാണുന്ന കാലത്ത് അദ്ദേഹം സമരമുഖങ്ങളിലെ തീപാറുന്ന പ്രസംഗകരിലൊരാളാണ്. ചെറിയ വാക്യങ്ങളിൽ പടിപടിയായി ആശയങ്ങൾ വിന്യസിച്ചു മുന്നേറുന്ന ആ പ്രസംഗത്തിന് സവിശേഷമായ ചാരുതയുമുണ്ടായിരുന്നു. പറവൂരും പരിസരങ്ങളിലുമായി പലയിടങ്ങളിലും സഖാവിന്റെ പ്രസംഗങ്ങൾ കേൾക്കാനിടയായി.

പറവൂരിലെയും എറണാകുളത്തെയും പാർടി ഓഫീസുകളായിരുന്നു അക്കാലത്ത് എന്റെ പ്രധാന താവളം. അവിടെവച്ചെല്ലാം നിരന്തരമായി സഖാവിനെ കാണാനിടവന്നു. കാണുമ്പോഴെല്ലാം ഹൃദ്യമായ പുഞ്ചിരിയോടെ സഖാവ് അഭിവാദ്യം ചെയ്തു. ചുരുക്കം വാക്കുകളിൽ കുശലം പറഞ്ഞു.

1990‐കളുടെ ആദ്യവർഷത്തിൽ ബിരുദാനന്തരബിരുദപഠനം കഴിഞ്ഞതോടെ വിദ്യാർഥിപ്രസ്ഥാനത്തിൽ നിന്ന് ഞാൻ വിടവാങ്ങി. പിന്നീട് കുറച്ചുകാലം പൊതുപ്രസ്ഥാനത്തിൽ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. മുഴുവൻസമയ ഗവേഷണപഠനത്തിനായി ചേർന്നതുമൂലം അതും ഏറെ നീണ്ടില്ല. പിന്നീടൊരിക്കലും സംഘടനാപ്രവർത്തനത്തിലെ സജീവസാന്നിധ്യമായി ഞാൻ മാറിയില്ല. വ്യക്തിപരമായി ഒരു സംഘടനാമനുഷ്യനല്ല ഞാൻ എന്ന തോന്നലും അക്കാലത്ത് പ്രബലമായിത്തുടങ്ങിയിരുന്നു.

അതുകൊണ്ടുതന്നെ ശർമ സഖാവുമായി സംഘടനാപരമായ ബന്ധങ്ങളിൽ ഏറെയൊന്നും ഉൾപ്പെടേണ്ടിവന്നില്ല. നിയമസഭാ അംഗം, മന്ത്രി എന്നെല്ലാമുള്ള നിലകളിൽ സഖാവിന്റെ ജീവിതം ഏറെ തിരക്കു പിടിച്ചതുമായിരുന്നു. തൊട്ടടുത്തെങ്കിലും വല്ലപ്പോഴുമുള്ള കൂടിക്കാഴ്ചകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പറവൂർ കേന്ദ്രമായി ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് സഖാവുമായി കൂടുതൽ ചേർന്നുപ്രവർത്തിക്കാൻ അവസരം കിട്ടിയത്. ഇ എം എസ് അന്തരിച്ചതിനുതൊട്ടുപിന്നാലെ പറവൂരിൽ പഠനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. അന്നുമുതൽ സഖാവാണ് അതിന്റെ രക്ഷാധികാരി.

സെമിനാറുകൾ, പ്രഭാഷണങ്ങൾ, നാടകോത്സവങ്ങൾ, പുസ്തക സംവാദങ്ങൾ, ചലച്ചിത്രമേളകൾ എന്നിങ്ങനെ ചെറുതും വലുതുമായ പരിപാടികളുടെ വലിയൊരു ശൃംഖല ഇ എം എസ് പഠനകേന്ദ്രത്തിന്റെ മുൻകയ്യിൽ അരങ്ങേറിയിരുന്നു. എം ടിയും ഒ എൻ വിയും പി ജിയുമെല്ലാം പല കാലങ്ങളിൽ അതിൽ സംബന്ധിക്കാനെത്തി.

അവയുടെ ആസൂത്രണത്തിലും സംഘാടനത്തിലും സഖാവിന്റെ നേതൃത്വം വലിയ പങ്കാണ് വഹിച്ചത്. പരിപാടികൾ വിഭാവനം ചെയ്യുമ്പോൾ അവയെ കഴിയുന്നത്ര വിപുലവും സമഗ്രവുമായി ഭാവന ചെയ്യാൻ സഖാവ് ശ്രദ്ധപുലർത്തുമായിരുന്നു.

വജ്രക്കുറുപ്പ് എന്നറിയപ്പെട്ട പഴയ കമ്യൂണിസ്റ്റ് പോരാളിയുടെ ഓർമകളെ ഉണർത്തിക്കൊണ്ടുവരുന്നതു മുതൽ പറവൂരിന്റെ പ്രാദേശിക ചരിത്ര രചനയ്ക്കുള്ള പരിശ്രമങ്ങളും കേസരി ബാലകൃഷ്ണപിള്ളയുടെ സ്മരണയെ നിലനിർത്താനുള്ള സംഘാടനശ്രമവും വരെയായി സാംസ്കാരികമായ ജാഗരൂകതയുടെ മുദ്രപതിഞ്ഞ ഇടപെടലുകൾ സഖാവ് ഇപ്പോഴും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

അവയിലെ പങ്കാളിത്തം വഴിയാണ് കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ സാംസ്കാരിക പ്രവർത്തനങ്ങളിലെ എന്റെ പങ്കാളിത്തത്തിന്റെ ഏറിയ പങ്കും സാധിതമായത്.
സൂക്ഷ്മവും വിശദാംശങ്ങളിൽ കണ്ണുചെല്ലുന്നതുമാണ് ശർമ സഖാവിന്റെ ആലോചനകൾ എന്നെനിക്ക് തോന്നിയിട്ടുണ്ട്.

സമൂഹജീവിതത്തിന്റെ വ്യത്യസ്ത വിതാനങ്ങളിലുള്ള മനുഷ്യരുമായുള്ള സഖാവിന്റെ അസാധാരണമായ വിനിമയശേഷി ശ്രദ്ധയോടെ നോക്കിനിന്നിട്ടുമുണ്ട്. മറ്റനേകം മനുഷ്യരുടെ ജീവിതവഴിത്താരകളിലെന്നപോലെ എന്റെ ജീവിതവഴിയിലും സഖാവിന്റെ ശ്രദ്ധയുടെ വെളിച്ചം പതിഞ്ഞുകിടക്കുന്നുണ്ട്. ഇതുവരെയുള്ള ജീവിതത്തിലെന്നപോലെ, ഇനിയങ്ങോട്ടുള്ള ജീവിതത്തിലും.

ഞാറ്റുവേല

ഒരു ഉച്ചനേരത്താണ് ശ്രീരാമേട്ടന്റെ ഫോൺ വന്നത്. ശ്രീരാമേട്ടൻ എന്ന് ഞങ്ങളെല്ലാവരും സ്നേഹപൂർവം വിളിച്ചുപോരുന്ന വി കെ ശ്രീരാമന്റെ ഫോൺ. 2016‐ൽ എപ്പോഴോ ആകണം. ഊണുകഴിഞ്ഞ് യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്തേക്കിറങ്ങിയതായിരുന്നു ഞാൻ. മുമ്പ്‌ ഒന്നുരണ്ടുതവണ വിളിക്കുകയും കാണുകയും ചെയ്ത പരിചയം ശ്രീരാമേട്ടനുമായി എനിക്കുണ്ടായിരുന്നു.

ഒരു തവണ സി വി ശ്രീരാമനെക്കുറിച്ചുള്ള സെമിനാറിൽ സംസാരിക്കാനായിരുന്നു. സി വി ശ്രീരാമന്റെ ‘പന്തയം ’ എന്ന കഥയെക്കുറിച്ച് മുമ്പേ തയ്യാറാക്കിയ ഒരു പഠനമാണ് ആ സെമിനാറിൽ ഞാൻ വായിച്ചത്. കോടതിയും നീതിന്യായവും മനുഷ്യാവസ്ഥയുമായി കെട്ടുപിണയുന്നതിലെ ചരിത്രപരവും ഭാവാത്മകവുമായ തലത്തെക്കുറിച്ചാണ് ആ പഠനത്തിൽ ചർച്ചചെയ്തിരുന്നത്.

വി കെ ശ്രീരാമനൊപ്പം വേദിയിൽ

വി കെ ശ്രീരാമനൊപ്പം വേദിയിൽ

പതിവിൽനിന്ന് വ്യത്യസ്തമായി ഞാനതന്ന് വായിക്കുകയാണ് ചെയ്തത്. കുറച്ചൊക്കെ വരണ്ട ഒരവതരണമായിരുന്നു അത്. ശ്രീരാമേട്ടന് അത് ഇഷ്ടമായോ എന്ന് സംശയം. പ്രബന്ധാവതരണം കഴിഞ്ഞ് മടങ്ങുമ്പോൾ പുറത്തുവച്ച് തമ്മിൽ കണ്ടുചിരിച്ചത്‌ മാത്രമേയുള്ളൂ. ശ്രീരാമേട്ടൻ മറ്റൊന്നും പറഞ്ഞില്ല.

കുന്നംകുളം ലിവാ ടവറിൽ ഒരു പ്രഭാഷണത്തിനായി ശ്രീരാമേട്ടൻ പിന്നീടും വിളിച്ചു. ശ്രീരാമേട്ടന്റെ മുൻകയ്യിൽ നടന്നിരുന്ന വായനാസമിതിയുടെ പരിപാടിയായിരുന്നു. കേരളത്തിന്റെ നവോത്ഥാനചരിത്രത്തെക്കുറിച്ചാണ് അന്ന് സംസാരിച്ചത്.

പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ ശ്രീരാമേട്ടൻ ഹൃദ്യമായി ചിരിച്ചു. കുറേയേറെ സംസാരിച്ചു. അടുത്തുണ്ടായിരുന്ന ഒരു ക്രൈസ്തവ പുരോഹിതനെ പരിചയപ്പെടുത്തി. ‘ഇദ്ദേഹത്തെ പരിചയപ്പെട്ടോളൂ; ആവശ്യം വരും’ എന്നുപറഞ്ഞാണ് ശ്രീരാമേട്ടൻ ആ പുരോഹിതനെ പരിചയപ്പെടുത്തിയത്.

കുന്നംകുളത്തെ ബഥനി വിദ്യാലയത്തിലെ പ്രിൻസിപ്പലായി പ്രവർത്തിക്കുന്ന പത്രോസച്ചൻ. പിൽക്കാലത്ത് പത്രോസച്ചൻ ആത്മമിത്രങ്ങളിലൊരാളായി. അദ്ദേഹത്തിന്റെ അരമനയിൽ ചില ദിവസങ്ങളിൽ താമസിക്കുകയും ചെയ്തു.
ഉച്ചനേരത്തെ ആ വിളിയും ഏതെങ്കിലും യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെടാനായിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ ശ്രീരാമേട്ടന്റെ ആവശ്യം വ്യത്യസ്തമായിരുന്നു.

ഒരു വാട്സ് ആപ്പ്‌ കൂട്ടായ്മയിൽ അംഗമായി ചേരണം എന്നുപറയാൻ വേണ്ടിയാണ്. എനിക്കതിൽ കുറെ കൗതുകം തോന്നി. പലരും എന്നെ അവരുടെ വാട്സ് ആപ്പ്‌  കൂട്ടായ്മകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മിക്കവരും അതിൽ ചേർക്കുന്നതിനുമുമ്പ്‌ സമ്മതം ചോദിക്കാറില്ല. മഹാഭൂരിപക്ഷത്തിലും ഞാൻ തുടരാറുമില്ല.

പൊതുവെ വഴക്കുകളുടെയും മുൻവിധികളുടെയും വേദിയായാണ് എനിക്കവയിൽ ഏറിയ പങ്കും അനുഭവപ്പെട്ടിട്ടുള്ളത്. തങ്ങളുടെ ബോധ്യങ്ങളെ പ്രപഞ്ചത്തിന്റെ അതിർത്തിയായി കാണാൻ മടിയില്ലാത്തവരുടെ ഹുംകൃതികളാണ് പലതിന്റെയും അടിസ്ഥാനവിഭവം ! അതിൽ തലവച്ചുകൊടുക്കാൻ താൽപ്പര്യം തോന്നാത്തതുകൊണ്ട് പൂർണമായും വിട്ടുനിൽക്കുകയാണ് ഞാൻ ചെയ്തുപോന്നത്.

ശ്രീരാമേട്ടൻ വിളിച്ചപ്പോൾ ഞാനിതൊന്നും പറഞ്ഞില്ല. സമയക്കുറവ് കൊണ്ട് പൊതുവെ വാട്സ് ആപ്പ്‌ കൂട്ടായ്മകളിൽ ചേരാറില്ല എന്നുമാത്രം പറഞ്ഞു. ‘മാഷ് എപ്പോഴും വരികയൊന്നും വേണ്ട. ഇടയ്ക്കൊന്ന് നോക്കി എന്തെങ്കിലും എഴുതിയാൽ മതി’ എന്നുപറഞ്ഞ് ശ്രീരാമേട്ടൻ എന്റെ എതിർപ്പിനെ റദ്ദാക്കി.

അല്പകാലം നിന്നിട്ട് പറ്റുന്നില്ലെങ്കിൽ ഒഴിവാകാമല്ലൊ എന്ന ആശ്വാസവാക്കും പറഞ്ഞു. ശ്രീരാമേട്ടന്റെ സ്നേഹഭാവത്തിന് ഞാനും വഴങ്ങി. അല്പനേരം കൂടി ചിലതെല്ലാം പറഞ്ഞ് ആ സംഭാഷണം അവസാനിച്ചു.
ഇപ്പോൾ ആറുവർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ‘ഞാറ്റുവേല’ എന്ന് ഹൃദ്യമായി നാമകരണം ചെയ്യപ്പെട്ട ആ കൂട്ടായ്മ ഇന്ന് ജീവിതത്തിലെ വലിയ തണൽപ്പച്ചയാണ്.

വലിയൊരു പേരാൽപ്പടർച്ചപോലെ അത് എത്രയോ മനുഷ്യർക്കു മുകളിൽ തണൽവീശി നിൽക്കുന്നു. അവരുടെയെല്ലാം അഭയവും ആഹ്ലാദവുമായി. വാട്സ് ആപ്പ്‌ പോലെ ഒരു സാങ്കേതികസംവിധാനത്തിന്റെ പിൻബലത്തിൽ രൂപപ്പെട്ട ഒരു കൂട്ടായ്മ ഹൃദയബന്ധത്തിന്റെ ഇത്രമേൽ വലിയ ഒരാവിഷ്കാരമായിത്തീർന്നത് അത്ഭുതകരമായ കാര്യമായി എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്.

‘ജനനാന്തര സൗഹൃദാണി’ എന്ന കാളിദാസവാക്യംപോലെ,  ഞാറ്റുവേല ഇന്ന് ഞങ്ങളിൽ പലർക്കും ജന്മാന്തര സൗഹൃദങ്ങളുടെ പാർപ്പിടമാണ്. ജന്മസൗഹൃദങ്ങളെക്കാളും സ്നേഹത്തെക്കാളും ഇഴയടുപ്പമുള്ള ബന്ധങ്ങളുടെ ലോകമായി അത് മാറിയിരിക്കുന്നു. ലോകത്തിന്റെ ഏതു കോണിലായാലും ഞാറ്റുവേലയില്ലാത്ത ദിവസം അതിൽ ഭൂരിപക്ഷം പേർക്കുമില്ല.

വിശ്വഭാരതി എന്ന പേരിൽ സർവകലാശാല സ്ഥാപിച്ചപ്പോൾ അതിന്റെ ലക്ഷ്യവാചകമായി ടാഗോർ സ്വീകരിച്ചത് ഒരു പഴയ മന്ത്രഖണ്ഡമാണ്. ‘യത്രവിശ്വം ഭവന്യേകനീഡം’. ഈ ലോകം ഒരു കിളിക്കൂടായിത്തീരട്ടെ. സ്നേഹമസൃണവും വാത്സല്യനിർഭരവുമായ ഒരു കിളിക്കൂടായി ഈ ലോകത്തെ രൂപാന്തരപ്പെടുത്താൻ പോന്ന പ്രേരണാശക്തിയാകണം വിദ്യാഭ്യാസം എന്നാണ്് ടാഗോർ കരുതിയിരുന്നത്.

ഞാറ്റുവേലയിൽ അങ്ങനെയൊരു ഭാവം കലർന്നിട്ടുള്ളതായി എനിക്കുതോന്നിയിട്ടുണ്ട്. പല പ്രകാരങ്ങളിൽ, പലപല ലോകങ്ങളിൽ പുലരുന്ന മനുഷ്യർ. താന്താങ്ങളുടെ സ്വന്തം ബോധ്യങ്ങളും മുൻവിധികളും ശാഠ്യങ്ങളും ഉള്ളവർ. എങ്കിലും ഞാറ്റുവേല ഏതോനിലയിൽ അവരെ ചേർത്തുനിർത്തുന്നു. അവരിൽ പലരുടെയു, കർക്കശവും ബലിഷ്ഠവുമായ ആത്മഭാവങ്ങളെ വരെ അഴിവിലേക്കും അലിവിലേക്കും കൊണ്ടുവരുന്നു.

അവരവരുടെ സ്വകാര്യ പ്രകൃതിയിലേക്ക് അവരെല്ലാം മടങ്ങുന്നുണ്ടാവണം. എങ്കിലും ‘ഞാറ്റുവേല’യിൽ ആത്മബലത്തിന്റെ അത്തരം അധൃഷ്യലോകങ്ങൾ അഴിയുന്നുണ്ട്. ‘അമ്മതൻ നെഞ്ഞുഞരമ്പിൽതങ്ങി/ചെമ്മേ ചെഞ്ചോരയെത്തന്നെ/അമ്മിഞ്ഞത്തൂവമൃതാക്കും മൈത്രി’ എന്ന് ആശാൻ രേഖപ്പെടുത്തിയ മാനുഷിക മഹിമയുടെ പാർപ്പിടംപോലെ ഞാറ്റുവേല നിലനിന്നുപോരുന്നു.

വൈവിധ്യം ഞാറ്റുവേലയിൽ കൂടുകെട്ടി പാർക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റങ്ങളിലേക്കും തുറന്നുകിടക്കുന്ന വലിയൊരു നടപ്പാലത്തിന്റെ പ്രകൃതം അതിനുണ്ട്. ലോകോത്തരമായ അഭിനയപ്രതിഭയുടെ ഉടമയായ അഭിനേതാവ് മുതൽ ഇന്ത്യയിലെ രാഷ്ട്രീയരംഗവേദിയിൽ ഏറ്റവും ഉയർന്ന സ്ഥാനംവഹിക്കുന്ന സമുന്നത നേതാക്കൾ, മന്ത്രിമാർ, വൈസ്ചാൻസലർമാർ, അഭിഭാഷകർ, കവികൾ, നിരൂപകർ, അധ്യാപകർ, പരിസ്ഥിതിപ്രവർത്തകർ, ട്രാൻസ്ജെന്റർ ആക്റ്റിവിസ്റ്റുകൾ, പ്രഭാഷകർ... വരെയായി ഞാറ്റുവേല ഉൾക്കൊണ്ടിരിക്കുന്ന ജീവിത പ്രകാരങ്ങളുടെ വൈവിധ്യം അതിരില്ലാത്തതായി തോന്നും.

ജീവിതത്തിന്റെ എല്ലാ അടരുകളിലേക്കും അതിനൊരു പടർച്ചയുണ്ട്. ആ പടർച്ചയെ സാധ്യമാക്കുന്ന സ്നേഹോദാരതയുടെ നനവുണ്ട്. ലോകത്തിന്റെ പല കോണുകളിലെത്തുമ്പോഴും അസാധാരണമായ സ്നേഹവായ്പിന്റെ സാന്നിധ്യംപോലെ ഞാറ്റുവേലയിലെ ആരെയെങ്കിലും കണ്ടുമുട്ടുന്നു. അവരുടെ സ്നേഹോഷ്മളതയിൽ പങ്കുചേരുന്നു.

ബഹുശാഖിയായ ഒരു മഹാവൃക്ഷത്തിന്റെ ഛായ ഞാറ്റുവേലയ്ക്കുണ്ട്. തിരശ്ചീനമായി പടരുന്ന പേരാൽപോലെ. ശിഖരങ്ങളിൽ നിന്ന് താഴേക്ക് ഊർന്നിറങ്ങി മണ്ണിലാഴ്ന്ന്, തായ്ത്തടിയോളം പോന്നവയായി മാറുന്ന വേടുകളെപ്പോലെ അതിന് പല തുടർച്ചകളുമുണ്ട്. പലതരം താൽപ്പര്യങ്ങളുള്ള പല കൂട്ടായ്മകളായി ഞാറ്റുവേല വളർന്നിരിക്കുന്നു.

തീ പാറുന്ന രാഷ്ട്രീയസംവാദങ്ങളുടെ സിംപോസിയം, നാട്ടുവർത്തമാനങ്ങളുടെ ചായ്പ്, തീൻവിഭവങ്ങളുടെ അടുക്കള, പല പേരുകളിലും പല പ്രകാരങ്ങളിലും അത് തുടർജീവിതം നേടിയിരിക്കുന്നു. എല്ലാത്തിലും അംഗങ്ങളായവർ കുറവാണ്. ചിലർ ഒന്നിൽ മാത്രമേയുള്ളു. ചിലർ പലതിൽ. സർവാന്തര്യാമികളായ അപൂർവം ചിലർ എല്ലാത്തിലും ഒരുപോലെ വിഹരിക്കുന്നു ! സ്വർഗരാജ്യം അവർക്കുള്ളതാകുന്നു!

ശ്രീരാമേട്ടനാണ് ഞാറ്റുവേലയുടെ ഹൃദയം. പല പ്രകാരങ്ങളിലും പല ജീവിതവിതാനങ്ങളിലും കഴിയുന്ന മനുഷ്യരെ ശ്രീരാമേട്ടൻ തന്റെ ബലിഷ്ഠവും ചിലപ്പോഴൊക്കെ പരുഷവുമായ സ്നേഹപാശത്തിൽ കൂട്ടിയിണക്കുന്നു. അസാധാരണമായ വിധത്തിൽ മനുഷ്യരെ ചേർത്തുനിർത്തുന്നു. ലോകത്തിന്റെ പലകോണുകളിലും ജീവിതത്തിന്റെ പല പടവുകളിലുമിരിക്കുന്ന മനുഷ്യരെ സാഹോദര്യഭാവനയുടെയും മൈത്രിയുടെയും ചരടുകൾകൊണ്ട് ശ്രീരാമേട്ടൻ കൂട്ടിയിണക്കുന്നത് വിസ്മയത്തോടെയാണ് ഞാൻ നോക്കിക്കണ്ടിട്ടുള്ളത്.

അഭിപ്രായഭിന്നതകളും രൂക്ഷമായ തർക്കവിതർക്കങ്ങളും ഞാറ്റുവേലയിലും അരങ്ങേറുന്നുണ്ട്. സ്വന്തം ബോധ്യങ്ങളുടെയും മുൻവിധികളുടെയും അധൃഷ്യതയിൽ വിശ്വസിക്കുന്ന മനുഷ്യർ അവിടെയുമുണ്ട്. അതുണ്ടാക്കുന്ന ഭിന്നതകളും ഇടർച്ചകളുമുണ്ട്. ചുരുക്കം ചിലരെങ്കിലും ഇക്കഴിഞ്ഞ ആറേഴുവർഷത്തിനിടയിൽ വഴിമാറിപ്പോകുന്നത് കണ്ടിട്ടുമുണ്ട്. പക്ഷേ, ഇതിനെല്ലാം ശേഷവും അസാധാരണമായ സ്നേഹദാർഢ്യത്താൽ മനുഷ്യരെ ചേർത്തുനിർത്തുന്ന ഒരിടമായി അത്‌ തുടരുന്നു.

ശ്രീരാമേട്ടനും ഗീതേച്ചിയും ചേർന്നൊരുക്കുന്ന സ്നേഹോഷ്മളതയുടെ ലോകത്തിലേക്ക് കഴിയുന്ന സമയത്തെല്ലാം എല്ലാവരും എത്തിച്ചേരുന്നു. ജീവിതത്തിന്റെ പടവുകളിൽ തങ്ങൾക്കിടയിലുള്ള വലിപ്പച്ചെറുപ്പങ്ങൾക്കുമപ്പുറത്ത് മാനുഷികമായ സ്നേഹോദാരതയുടെ ലോകത്തിലേക്ക് അവരെയെല്ലാം ചേർത്തുനിർത്താൻ ഇത്തരമൊരു കൂട്ടായ്മക്ക് കഴിയുന്നു എന്നത് വലിയ കാര്യമായാണ് എനിക്കു തോന്നിയിട്ടുള്ളത്.

ഓരോ വാക്കുകൊണ്ടും വിഷം പരത്താനും മനുഷ്യർക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും ബദ്ധശ്രദ്ധമായ, വിദ്വേഷപ്പടർച്ചയുടേതായ ഒരു കാലത്തിനും ലോകത്തിനും നടുവിൽ, ഉപാധികളില്ലാത്ത സ്നേഹംകൊണ്ട് തമ്മിലറിയാത്ത മനുഷ്യരെ ചേർത്തുനിർത്തുന്നതിന് ആഴമേറിയ രാഷ്ട്രീയമൂല്യമുണ്ട്.

ചെറുവത്താനിയിൽ ഗീതേച്ചിയുടെയും ശ്രീരാമേട്ടന്റെയും വീട്ടുമുറ്റത്ത് തലയുയർത്തിയും ഇലപടർത്തിയും നിൽക്കുന്ന പേരാലിന്റെ ചുവട്ടിലെ ഇളംതണുപ്പ് ഞാറ്റുവേലയിലും തുടരുന്നു. സാഹോദര്യം പൊള്ളയായ ഒരു വാക്കല്ലെന്ന് അത് ഞങ്ങളെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു!

ചിദാകാശം

സൗഹൃദങ്ങൾ നമുക്ക് നൽകുന്നതെന്താണെന്ന് ഞാൻ ചിലപ്പോഴൊക്കെ ഓർത്തുനോക്കാറുണ്ട്. സ്‌നേഹോപഹാരങ്ങൾക്കും വ്യക്തിപരമായ സ്നേഹഭാവങ്ങൾക്കും അപ്പുറം മനുഷ്യരെക്കുറിച്ച് അവർ പഠിപ്പിച്ച പാഠങ്ങളാവും അതിൽ പ്രധാനം. ഉദാരവും നിരുപാധികവുമായ സ്നേഹത്തിന്റെ തുറസ്സുകളായി ചില സൗഹൃദങ്ങൾ കൈവന്നു എന്നതാവും ജീവിതത്തിന്റെ വഴിത്താരയെ കൂടുതൽ സുന്ദരമാക്കിയതെന്ന് തോന്നിയിട്ടുണ്ട്.

മാനുഷികതയുടെ മഹിമയുറ്റ പ്രകാശനങ്ങളായിത്തീർന്ന ചില മനുഷ്യരുടെ തണൽപ്പച്ചയിൽ നിൽക്കുമ്പോൾ നമ്മുടെ ജീവിതത്തിലും അതിന്റെ നേർത്ത തണുപ്പ് പടരും. പിയൂഷും ഗഫൂർക്കയും അങ്ങനെ പടർന്ന തണുപ്പാണ്.
മൂന്നരപതിറ്റാണ്ടിനപ്പുറത്ത്, 1998‐ലാണ് ഡോ. പിയൂഷ് ആന്റണിയെ പരിചയപ്പെടുന്നത്. എംജി സർവകലാശാലയുടെ കലോത്സവവേദിയിൽ വച്ച്.

ഡോ. പിയൂഷ് ആന്റണി

ഡോ. പിയൂഷ് ആന്റണി

അതിനുമൽപ്പം മുമ്പ്‌ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് അഭ്യർഥിച്ച് പിയൂഷിനെ കണ്ടിരുന്നു. എങ്കിലും കലോത്സവവേദിയിലെ കണ്ടുമുട്ടലിലാണ് അതൊരു സൗഹൃദമായി മാറിയത്. അല്പകാലം കത്തുകളിലൂടെ ആ സൗഹൃദം നിലനിന്നു. ഉപരിപഠനത്തിനായി പിയൂഷ് ദില്ലിയിലേക്ക് പോയതോടെ അത് നിലച്ചു. പിൽക്കാലത്ത് ഇരുവഴികളിലൂടെ തമ്മിലറിയാതെയുള്ള യാത്രയായി ജീവിതം.

2010‐ൽ എപ്പോഴോ ആണ് പിയൂഷ് വീണ്ടും വിളിച്ചത്. അപ്പോൾ സി ഡിഎസ്സിൽ പിഎച്ച്ഡി കഴിഞ്ഞ് യൂണിസെഫിലെ സോഷ്യൽ പോളിസി ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു പിയൂഷ്. തിരുവനന്തപുരത്തെ ഔദ്യോഗിക കാര്യങ്ങൾക്കിടയിൽ എന്റെ നമ്പർ കണ്ടെത്തി വിളിച്ചതാണ്. കേവല സൗഹൃദത്തിൽനിന്ന് ആത്മബന്ധുത്വത്തിലേക്കുള്ള ഒരു വഴിയായിരുന്നു ആ ഫോൺവിളി.

പിന്നീടിങ്ങോട്ടുള്ള ജീവിതയാത്രയിൽ എന്റെയും മീനയുടെയും ജാനുവിന്റെയും മാധവന്റെയും ആത്മബന്ധുവായി പിയൂഷ് മാറി. സൗഹൃദം ഇത്രമേൽ നിരുപാധികവും ഉദാരവുമാകുന്നതിന് മറ്റനേകം ഉദാഹരണങ്ങളൊന്നും എനിക്കു മുന്നിലില്ല. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന’ പരമമായ വിവേകം പിയൂഷിലെന്നപോലെ ഏറെപ്പേരിലൊന്നും കാണാനിടവന്നിട്ടുമില്ല.

ചുറ്റുമുള്ളവരുടെ ആഹ്ലാദത്തെ തന്റേതുകൂടിയാക്കി, അവരുടെ ചെറുതും വലുതുമായ പ്രയാസങ്ങളിൽ കഴിയുന്നത്ര തുണനിന്ന്, മനുഷ്യനായിരിക്കുന്നതിലെ മഹിമയെ പിയൂഷ് സ്വജീവിതം കൊണ്ട് പ്രകാശിപ്പിക്കുന്നു. ചില സൗഹൃദങ്ങൾ ജീവിതത്തെ പുതുതായി കാണാൻ നമ്മെ പഠിപ്പിക്കും. പിയൂഷ് അങ്ങനെയൊരു പാഠമാണ്.

വലിയൊരു സൗഹൃദവൃന്ദത്തെക്കൂടിയാണ് പിയൂഷ് ഞങ്ങളുടെ ജീവിതവലയത്തിലേക്ക് കൊണ്ടുവന്നത്. പിയൂഷിന്റെ ജീവിതപങ്കാളി ഉപേന്ദ്ര, മകൾ പൂർണ, സഹോദരൻ ഡോ. അമൽ ആന്റണി, അദ്ദേഹത്തിന്റെ കുടുംബം, പിയൂഷിന്റെ ഹൃദയബന്ധുക്കളായ കെ ആർ മീര, ദിലീപ്, ഡോ. ധന്യാലക്ഷ്മി എന്നിങ്ങനെ എത്രയോപേരുടെ സ്നേഹസൗഹൃദങ്ങളുടെ വലിയൊരു ലോകം ഞങ്ങൾക്കും തുറന്നുകിട്ടി.

മനുഷ്യരെ തമ്മിലിണക്കുന്ന അപൂർവമായ കാന്തികശേഷി പിയൂഷിന്റെ സ്വഭാവഘടനയുടെ ഭാഗമാണ്. മനുഷ്യരിൽ സഹജമായ നന്മകളിലേക്കും മികവുകളിലേക്കും അത് വെളിച്ചം പകരും. ആ വെളിച്ചത്തിൽ അവർ തമ്മിലിണങ്ങും.
പിന്നിട്ട നാലഞ്ചുവർഷങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം കഠിനമായ വേട്ടയാടലുകളുടേതായിരുന്നു. അതിനെല്ലാം നടുവിൽ പിയൂഷ് വലിയ തുണയായിരുന്നു. തന്റെ ചിരകാല ബന്ധങ്ങളിൽ ചിലത് വലികൊടുത്തുകൊണ്ടാണ് പിയൂഷ് അങ്ങനെ നിന്നത്.

അപ്പോഴൊക്കെയും സ്വന്തം മനസ്സിനെ വിദ്വേഷകലുഷമാക്കാതെ തന്നെ എതിരിടുന്നവരെ പിയൂഷ് പരിഗണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ജീവിതത്തിലെ വലിയ പാഠങ്ങളിലൊന്നായി അതിനെ മനസ്സിലാക്കിയിട്ടുമുണ്ട്.

ദ്വേഷിക്കുന്നവരോടും നാം പുലർത്തേണ്ട മനോഭാവം അനുതാപത്തിന്റേതാണ് എന്ന പാഠം. മുൻവിധികളും വിദ്വേഷങ്ങളും മനസ്സിലേറ്റുമ്പോൾ നാം തന്നെയാണ് അതിനിരയായിത്തീരുന്നത് എന്ന പാഠം. നിരുപമമായ ജീവിതസ്നേഹത്തിന്റെ തിരയടികൾപോലെ സ്വയം നിലനിൽക്കാനും, ചുറ്റുമുള്ളവരെക്കൂടി അതിലേക്ക് ചേർത്തുനിർത്താനും കഴിയുമ്പോഴാണ് ആഹ്ലാദം എന്ന ജീവിതമൂല്യം അതിൽത്തന്നെ ജനാധിപത്യപരമായിത്തീരുന്നത്.സ്നേഹത്തിന്റെ രാഷ്ട്രീയവും അത്തരമൊന്നാണ്.

ദ്വേഷിക്കുന്നവരോടും നാം പുലർത്തേണ്ട മനോഭാവം അനുതാപത്തിന്റേതാണ് എന്ന പാഠം. മുൻവിധികളും വിദ്വേഷങ്ങളും മനസ്സിലേറ്റുമ്പോൾ നാം തന്നെയാണ് അതിനിരയായിത്തീരുന്നത് എന്ന പാഠം. നിരുപമമായ ജീവിതസ്നേഹത്തിന്റെ തിരയടികൾപോലെ സ്വയം നിലനിൽക്കാനും, ചുറ്റുമുള്ളവരെക്കൂടി അതിലേക്ക് ചേർത്തുനിർത്താനും കഴിയുമ്പോഴാണ് ആഹ്ലാദം എന്ന ജീവിതമൂല്യം അതിൽത്തന്നെ ജനാധിപത്യപരമായിത്തീരുന്നത്.സ്നേഹത്തിന്റെ രാഷ്ട്രീയവും അത്തരമൊന്നാണ്. അത്തരമൊരു രാഷ്ട്രീയാവിഷ്കാരമായി സ്വയം നിലകൊള്ളുന്നു.
ഗഫൂർക്കയുടെ വിളി ആദ്യം തേടിയെത്തിയത് മസ്കറ്റിൽ നിന്നാണ്. അക്കാലത്ത് ഞാൻ ഗഫൂർക്കയെ നേരിട്ട് കണ്ടിട്ടില്ല. പറവൂരിന് തൊട്ടപ്പുറത്ത് കൊടുങ്ങല്ലൂരിലാണ് ഗഫൂർക്ക തന്റെ കൗമാരയൗവനകാലങ്ങളിൽ ഏറിയ പങ്കും ചിലവിട്ടത്.

എന്റെ മുൻതലമുറയിൽ പ്പെട്ട ഒരാളാണ് ഗഫൂർക്ക. അതുകൊണ്ടുതന്നെ അക്കാലത്ത് അദ്ദേഹത്തെ കാണാനോ അറിയാനോ ഇടവന്നില്ല. കൊടുങ്ങല്ലൂരിലെ ജീവിതം കുറെയൊക്കെ പരിചിതമായിത്തുടങ്ങിയപ്പോഴേക്കും ഗഫൂർക്ക മസ്കറ്റിലെത്തിയിരുന്നു. സ്ഥലത്തിന്റെ അടുപ്പത്തെ കാലം അകലത്തിലാക്കി.

മസ്കറ്റിൽ തങ്ങളുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണഗുരു പ്രഭാഷണത്തിനായാണ് ഗഫൂർക്ക വിളിച്ചത്. ഞാനന്ന് വിദേശയാത്രയൊന്നും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ തീർത്തും അപരിചിതമായ ഒരു കൂട്ടായ്മയിലേക്ക് ഒറ്റക്ക് പുറപ്പെടണോ എന്ന സംശയം ഉണ്ടായിരുന്നു. എങ്കിലും ഗഫൂർക്കയുടെ ശബ്ദത്തിലെ സ്നേഹോദാരതയിൽ എനിക്ക് നല്ല ഉറപ്പുതോന്നി. പ്രഭാഷണത്തിന് വരാം എന്ന്‌ സമ്മതിച്ചു.

ഒരു വ്യാഴവട്ടത്തിനും മുമ്പാണ്. ഇ‐വിസയും മറ്റും നിലവിൽ വന്നിട്ടില്ലാത്തകാലം. മസ്കറ്റിൽ ചെന്നിറങ്ങി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാൻ ഏറെ സമയമെടുത്തു. നടപടികളെക്കുറിച്ചുള്ള എന്റെ ധാരണക്കുറവുമൂലം ഞങ്ങളുടെ വിമാനത്തിലെ യാത്രക്കാരിൽ ഏറ്റവും അവസാനത്തെ ആളായിട്ടാണ് ഞാൻ പുറത്തുകടന്നത്.

കൈയിലെ മൊബൈൽ ഫോൺ ഇന്റർനാഷണൽ കോളുകൾക്ക് പറ്റുന്നതായിരുന്നില്ല. അന്ന് വൈഫൈ സംവിധാനങ്ങളൊന്നും കാര്യമായി നിലവിൽ വന്നിട്ടുമില്ല. പുറത്ത് ഗഫൂർക്ക് കാത്തുനിൽക്കുന്നുണ്ടാവും എന്ന ഉറപ്പു മാത്രമേ വിമാനത്താവളത്തിൽ കാത്തുനിൽക്കുമ്പോൾ കൂട്ടായി ഉണ്ടായിരുന്നുള്ളൂ.

അവസാനയാത്രികനായി പുറത്തെത്തിയപ്പോൾ രണ്ടുമണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാവും. പുറത്തെ കൈവരിയിൽ ചാരി അല്പം മുന്നോട്ടാഞ്ഞ് ശാന്തനായി നിൽക്കുന്ന ഗഫൂർക്കയെ ആരും പറയാതെ തന്നെ എനിക്ക് തിരിച്ചറിയാനായി. ഗഫൂർക്കയുടെ മുഖത്തെ ആഴമേറിയ സ്നേഹഭാവത്തിന്റെ അലയടികൾ എനിക്കു കാണാമായിരുന്നു.

വിമാനത്താവളത്തിലെ സ്വീകരണസ്ഥാനത്തുനിന്ന് ജീവിതത്തിലെ നിത്യസൗഹൃദങ്ങളിലൊന്നിലേക്ക് ഗഫൂർക്ക ശാന്തമായി നടന്നുവന്നു.

മസ്കറ്റിൽ ഗഫൂർക്കയുടെ വീട്ടിലാണ് തങ്ങിയത്. റസിയത്തയുടെ സ്നേഹനിർഭരതയിൽ മുങ്ങിയ ദിവസങ്ങൾ. പിന്നീട് രണ്ടുതവണ കൂടി ഗഫൂർക്കയുടെ ക്ഷണം സ്വീകരിച്ച് മസ്കറ്റിലെത്തി. ഗഫൂർക്കയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ എം എൻ വിജയൻ സ്മാരകപുരസ്കാരം വാങ്ങാനായിരുന്നു ഒടുവിലത്തെ യാത്ര.

പ്രിയ അധ്യാപകനും മലയാളത്തിലെ വലിയ  കവിയുമായ കെ ജി എസ്സാണ് അന്ന് ആ പുരസ്കാരം തന്നത്. അപ്പോഴേക്കും ഗഫൂർക്കയും ഞാനും ഞാറ്റുവേല എന്ന സൗഹൃദക്കൂട്ടായ്മയിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. കെ ജി എസ്സും അതിലംഗമാണ്.

ഞാറ്റുവേലയിലെ മറ്റൊരംഗവും ഗൾഫ് മേഖലയിലെ പ്രധാന ബാങ്കർമാരിലൊരാളുമായ, അച്ചുവേട്ടൻ എന്ന് ഞങ്ങളെല്ലാവരും സ്നേഹപൂർവം വിളിക്കുന്ന അച്ചു ഉള്ളാട്ടിൽ ദോഹയിൽ നിന്ന് മസ്കറ്റിലെത്തിയിരുന്നു. സ്നേഹോദാരതയുടെയും ജീവിതോത്സാഹത്തിന്റെയും സമൃദ്ധിയാൽ വലയം ചെയ്യപ്പെട്ട ദിവസങ്ങളായിരുന്നു അത്. ഇപ്പോഴും പ്രകാശം മങ്ങാത്ത ഒന്ന്.

ഗഫൂർക്ക,മീന,റസിയ ഗഫൂർ, ഷൗക്കത്ത്‌ എന്നിവർക്കൊപ്പം സുനിൽ പി ഇളയിടം

ഗഫൂർക്ക,മീന,റസിയ ഗഫൂർ, ഷൗക്കത്ത്‌ എന്നിവർക്കൊപ്പം സുനിൽ പി ഇളയിടം

തീർത്തും അപരിചിതനായ ഒരാളായി, ഗഫൂർക്കയുടെ വസതിയിലെത്തിയ എന്നെ ആ വീട്ടിലെ ഒരംഗമാക്കി മാറ്റിയ സ്നേഹോദാരത ഇപ്പോഴും കൂടെയുണ്ട്. എന്റെ ജീവിതത്തിൽ എന്നതുപോലെ മീനയുടെ ജീവിതത്തിലും.

ഉപരിതലത്തിലെ ഓളപ്പകർച്ചകളൊന്നുമില്ലാതെ അകമേ ഒഴുകുന്ന സ്നേഹത്തിന്റെ നിത്യപ്രവാഹം പോലെ റസിയത്തയും ഗഫൂർക്കയും ഞങ്ങളെ അവരുടെ സ്നേഹത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാക്കി. കൊടുങ്ങല്ലൂരിലെ യാത്രകളിൽ എപ്പോഴും ചെന്നുകയറാവുന്ന ഒരിടമായി ഗഫൂർക്കയുടെ വീട് മാറി.

രാഷ്ട്രീയവും സംഗീതവും യാത്രയും സാഹിത്യവും എല്ലാം ഇടകലർന്നതാണ് ഗഫൂർക്കയുടെ ജീവിതം. സക്കറിയ മുതൽ ഷൗക്കത്ത് വരെ ജീവിതത്തിന്റെ ഭിന്നപ്രകാരങ്ങളെ പ്രകാശിപ്പിക്കുന്ന വലിയ മനുഷ്യർ ഗഫൂർക്കയുടെ ഹൃദയമിത്രങ്ങളാണ്.

ഒരു കാലത്തിന്റെ തീവ്രക്ഷോഭങ്ങളെയും വിധ്വംസകഭംഗികളെയും സ്വന്തം ജീവിതത്തിൽ മാരകഭംഗിയോടെ ആവിഷ്കരിച്ച ടി എൻ ജോയിയുടെ നിത്യബന്ധുവായിരുന്നു ഗഫൂർക്ക. ജോയിച്ചേട്ടന്റെ അപ്രതീക്ഷിതവും രൂക്ഷഭംഗി നിറഞ്ഞതുമായ ജീവിതസഞ്ചാരങ്ങൾക്കൊപ്പം ഗഫൂർക്ക എന്നുമുണ്ടായിരുന്നു.

അതിനെ മാനിച്ചും അതിന് തുണനിന്നും ജീവിക്കുമ്പോൾ ക്ഷുഭിതസ്വപ്നങ്ങൾ കൊണ്ട്‌ പണിതെടുത്ത ഒരു കാലത്തിന്റെ ഗതിവേഗത്തെയാണ് താൻ കൂടെ കൂട്ടിയതെന്ന് ഗഫൂർക്കയ്‌ക്ക് അറിയാമായിരുന്നു. ഒരു തലമുറയോടും അവരുടെ ചരിത്രത്തോടുമുള്ള കടംവീട്ടലാണതെന്നും. പിയൂഷും ഗഫൂർക്കയും കേവലം രണ്ട് മനുഷ്യർ മാത്രമല്ലെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

സ്നേഹസൗഹൃദങ്ങൾകൊണ്ട് മാനുഷികതക്ക് മഹിമയേറ്റുന്ന മനുഷ്യരുടെ പ്രതിനിധികളായ രണ്ടുപേർ. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടനവധിപേരെ അവർ ഉൾക്കൊണ്ടിരിക്കുന്നു.

ജീവിതം അവരിലൂടെ മഹിമയുടെ ആകാശത്തിലേക്ക്  ഉറ്റുനോക്കുന്നുണ്ട്.

വീട്‌

കോട്ടയത്ത് തിരുനക്കര മൈതാനിക്കുസമീപം ബസ്സിറങ്ങി നടക്കുമ്പോൾ മൈതാനത്തിനുചുറ്റും പലയിടങ്ങളിലായി സ്ഥാപിച്ച സ്പീക്കറുകളിൽനിന്ന് ഒ എൻ വിയുടെ കവിത കേൾക്കാമായിരുന്നു. മഹാത്മാഗാന്ധി സർവകലാശാലാ യുവജനോത്സവം ഉദ്ഘാടനം ചെയ്തതിനുശേഷം ഒ എൻ വി കവിത ചൊല്ലുകയാണ്.

വീടുകൾ! ദൂരെ നിന്നും അലയടിച്ചെത്തുന്ന കവിതയ്ക്ക് ചെവിയോർത്ത് പതിയെ നടന്ന് മൈതാനത്തിലെത്തി. ഒ എൻ വി ചൊല്ലിനിർത്തുകയായിരുന്നു:

“.......അതിൽ കൊച്ചുതിണ്ണമേൽ
വെറുതെയിരുന്നു ഞാൻ പാടുന്നു
വിഹ്വലനിമിഷങ്ങളേ നിങ്ങളീവീടൊഴിയുക
നിറവാർന്ന കേവലാഹ്ലാദമേ! പോരുക!”

വിഹ്വലനിമിഷങ്ങളിൽ നിന്ന് കേവലാഹ്ലാദത്തിലേക്ക് തുറക്കാവുന്ന ഒരു വാതിൽ എല്ലാ വീട്ടിലുമുണ്ടാവും. എന്നും തുറക്കുന്ന ഒന്നല്ല അത്. എപ്പോഴും സഞ്ചാരമുള്ള ഒന്നുമല്ല. എങ്കിലും അങ്ങനെയൊരു സാധ്യതയുടെ പാർപ്പിടമായ ഒരിടം.

വിഹ്വലനിമിഷങ്ങളിൽ നിന്ന് കേവലാഹ്ലാദത്തിലേക്ക് തുറക്കാവുന്ന ഒരു വാതിൽ എല്ലാ വീട്ടിലുമുണ്ടാവും. എന്നും തുറക്കുന്ന ഒന്നല്ല അത്. എപ്പോഴും സഞ്ചാരമുള്ള ഒന്നുമല്ല. എങ്കിലും അങ്ങനെയൊരു സാധ്യതയുടെ പാർപ്പിടമായ ഒരിടം.

‘ഇവിടെ ജീവിക്കാനിവിടെയാശിപ്പാൻ/ഇവിടെ ദുഃഖിപ്പാൻ കഴിവതേസുഖം’ എന്ന കവിവാക്യത്തെ ഏതോനിലയിൽ ചെന്നു തൊടുന്ന ഒരിടം. കുറച്ചുമാത്രം യാഥാർഥ്യവും ഏറെ പ്രതീക്ഷയും കലർന്ന ഒരു സ്വപ്നമാവാം അത്. എങ്കിലും അങ്ങനെയൊന്ന് മനുഷ്യരുടെ ജീവിതത്തിലുടനീളമുണ്ട്. ഒടുവിൽ, ഒറ്റയാവുമ്പോൾ, അഭയമാകുന്ന തണൽപ്പച്ചപോലൊന്ന്.

കൗമാര‐യൗവനങ്ങളിലെ ജീവിത ഗതിവേഗങ്ങളിലും എനിക്ക് വീടൊരു തണലായിരുന്നു.

ഒരു ചെറിയ മുറിയിൽ, വെയിൽ ചാഞ്ഞുവീഴുന്ന ജനലരികിൽ തലചായ്ച്ചുകിടന്നാണ് അക്കാലത്ത് ഏറെയും വായിച്ചത്. ജീവിതത്തിന്റെ രണ്ടറ്റങ്ങളെയും കൂട്ടിമുട്ടിക്കാൻ തിരക്കിട്ടുനീങ്ങുന്ന അച്ഛൻ ഏറെ സമയവും കമ്പനിയിലായിരുന്നു.പുറമേ പ്രകടിപ്പിക്കാത്ത പരുഷമായ സ്നേഹമായിരുന്നു അച്ഛന്റേത്.

ഒരു ചെറിയ മുറിയിൽ, വെയിൽ ചാഞ്ഞുവീഴുന്ന ജനലരികിൽ തലചായ്ച്ചുകിടന്നാണ് അക്കാലത്ത് ഏറെയും വായിച്ചത്. ജീവിതത്തിന്റെ രണ്ടറ്റങ്ങളെയും കൂട്ടിമുട്ടിക്കാൻ തിരക്കിട്ടുനീങ്ങുന്ന അച്ഛൻ ഏറെ സമയവും കമ്പനിയിലായിരുന്നു.പുറമേ പ്രകടിപ്പിക്കാത്ത പരുഷമായ സ്നേഹമായിരുന്നു അച്ഛന്റേത്. സ്വന്തം ജീവിതോത്സാഹത്തോളം തന്നെ സമൃദ്ധമായ സ്നേഹവായ്പായി അമ്മയും, ഉദാരവും നിരുപാധികവുമായ കരുതലും സ്നേഹവുമായി ചേച്ചിയും കൂടെയുണ്ടായിരുന്നു. ഏറെയൊന്നും ഞാൻ വീട്ടിലുണ്ടായിരുന്നില്ലെങ്കിലും നിത്യമായ തണൽപ്പച്ചപോലെ അതെന്നും കൂടെ വന്നു.

1993‐ൽ മീനയുമൊത്തുള്ള ജീവിതം തുടങ്ങുമ്പോൾ ജീവിതത്തിന്റെ വഴി തെളിഞ്ഞതായിരുന്നില്ല. ഞങ്ങളിരുവർക്കും സ്ഥിരമായ തൊഴിലോ വരുമാനമോ ഉണ്ടായിരുന്നില്ല. പാരലൽ കോളേജിലെ അധ്യാപനത്തിൽനിന്നും ലഭിക്കുന്ന ചെറിയ പ്രതിഫലമായിരുന്നു ആകെയുള്ളത്. അല്പകാലം കഴിഞ്ഞ് യുജിസി ഫെല്ലോഷിപ്പ് കിട്ടിത്തുടങ്ങി. പലതരം പ്രയാസങ്ങൾകൊണ്ട്‌ വലയം ചെയ്യപ്പെട്ടതായിരുന്നു മറ്റുപലരുടെയും എന്നപോലെ ഞങ്ങളുടെയും ജീവിതം.

കാണാപ്പണികളിൽ ഒടുങ്ങുന്ന നിത്യജീവിത  പ്രയാസങ്ങൾക്കിടയിലും സ്നേഹവും സഹനവുമായി മീന എപ്പോഴും തുണയുണ്ടായിരുന്നു. അതിന്റെ ബലത്തിൽ കൂടിയാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾ താണ്ടിയത്.

പിന്നിട്ട കാലത്തിൽ പലതും കഠിനമായ വൈരങ്ങൾ ഇരമ്പിയാർത്തുവന്നതായിരുന്നു. ഹൈന്ദവ വർഗീയതയുമായ സമരങ്ങൾ പലപ്പോഴും ചില ബന്ധുക്കളിൽവരെ വെറുപ്പിന്റെയും പകയുടെയും നിഴൽ വീഴ്ത്തി. ശബരിമലപ്രശ്നം കത്തിനിന്ന കാലത്ത് അടുത്ത ബന്ധുക്കളിൽ ചിലർപോലും വെറുപ്പോടെ മുഖം തിരിക്കുമായിരുന്നു.

പിന്നിട്ട കാലത്തിൽ പലതും കഠിനമായ വൈരങ്ങൾ ഇരമ്പിയാർത്തുവന്നതായിരുന്നു. ഹൈന്ദവ വർഗീയതയുമായ സമരങ്ങൾ പലപ്പോഴും ചില ബന്ധുക്കളിൽവരെ വെറുപ്പിന്റെയും പകയുടെയും നിഴൽ വീഴ്ത്തി. ശബരിമലപ്രശ്നം കത്തിനിന്ന കാലത്ത് അടുത്ത ബന്ധുക്കളിൽ ചിലർപോലും വെറുപ്പോടെ മുഖം തിരിക്കുമായിരുന്നു.

സുനിൽ പി ഇളയിടം-  പഴയ ഫോട്ടോ

സുനിൽ പി ഇളയിടം- പഴയ ഫോട്ടോ

എങ്കിലും, അമ്മയ്ക്കും ചേച്ചിക്കും മീനയ്ക്കും ജാനുവിനും മാധവനും സംശയങ്ങളുണ്ടായിരുന്നില്ല. പലതരം ആക്രമണങ്ങളും അധിക്ഷേപങ്ങളും ഒന്നിനുപുറകെ മറ്റൊന്നായി വന്നു. ഹൈന്ദവ വർഗീയവാദികൾ, പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ, സ്വത്വവാദികൾ, ഒരുവിഭാഗം യുക്തിവാദികൾ, പകപെരുത്ത അക്കാദമിക്കുകൾ... ശത്രുക്കളുടെ നിര സാമാന്യം വലുതായിരുന്നു. അവരുടെ വേട്ടയുടെ വഴികളും.

സൗഹൃദവേഷമണിഞ്ഞ ചിലർ വരെ വിദ്വേഷത്തിന്റെ വാൾത്തലയുമായി വെട്ടിവീഴ്ത്താൻ നിൽക്കുന്നുണ്ടായിരുന്നു. അതിലൊന്നും  മനസ്സുടക്കാതെ നടക്കാനായത് ചില തണൽപ്പച്ചകളുടെ ബലം കൊണ്ടാണ്. പ്രസ്ഥാനത്തിന്റെയും സൗഹൃദങ്ങളുടെയും വീടിന്റെയും തണലുകൾ. മനസ്സിൽ വിദ്വേഷത്തിന്റെ പുക കയറാതെ ആ തണലുകളിലൂടെ, നടന്നു. മീനയായിരുന്നു ആ യാത്രയുടെ നിത്യമായ ആധാരം.

ജീവിതപ്രയാസങ്ങളുടെ കഠിനവഴികളിൽ കൈവന്ന ആ തണൽപ്പരപ്പാണ് പ്രസംഗമായും എഴുത്തായും അധ്യാപനമായും പൊതുജീവിതമായും ഇവിടെ വരെയെത്തിയത്.

‘പോക നാം’  അവൾ വെമ്പീ, ‘പോക നാം ഭവാനെന്റെ
ദേഹപാർശ്വത്തിൽ ചാരൂ, താങ്ങി ഞാൻ നടന്നോളാം’
ആകുലമവളിൽച്ചാ, ഞ്ഞടിവെ, ച്ചടിവെച്ചു
പോകെ, യെന്തിതു? പേടിച്ചരണ്ടവിധം ലോകം!
ഓരികൂട്ടുന്നൂ മേൻമേൽ നായ്ക്കളോ ചെന്നായ്ക്കളോ?
ദൂരെയാളുന്നൂ കത്തും ചിതയോ കാട്ടിൽ തീയോ?
കാൽകളിൽ വേരോ പാമ്പോ? വീട്ടിലെത്തിനേൻ, കാത്തു
വാഴ്കയാം വിളക്കും പെറ്റമ്മയും മറ്റുള്ളോരും
ചെരിഞ്ഞേൻ കോലായിൽ ഞാൻ, എന്നെവീയുന്നു തെന്നൽ
ക്കുരുന്നോ പരിചരണോദ്യതരയൽക്കാരോ?
മൃദുവായ് പിന്നെച്ചൊന്നേനവളോടേകാന്തത്തിൽ
‘മൃതനാണുഞാൻ, കാൺമൂ മൃത്യുവിൻ കിനാവുകൾ’
ചിരിച്ചൂ സാവിത്രി, ‘യന്തരിക്കില്ലേവം ഭവാൻ
പിറക്കും നമുക്കു നൂറുണ്ണികൾ കവിതകൾ’
(സാവിത്രി: വൈലോപ്പിള്ളി ശ്രീധരമേനോൻ)

ഫലശ്രുതി

തന്റെ അവസാനകാല രചനകളിലൊന്നായ ‘ബുദ്ധനും അദ്ദേഹത്തിന്റെ ധർമ്മവും’ എന്ന കൃതിയിൽ അംബേദ്കർ എഴുതി:

“സമത്വത്തെയും സ്വാതന്ത്ര്യത്തെയും നിലനിർത്തുന്നത് ഫ്രഞ്ച് വിപ്ലവം സാഹോദര്യം എന്നുവിളിച്ച സഹഭാവമാണ്. സാഹോദര്യം എന്ന പദം പര്യാപ്തമായ ഒന്നല്ല. ശരിയായ പദം ബുദ്ധൻ ഉപയോഗിച്ച മൈത്രി എന്നതാണ്... അത് സ്നേഹത്തെക്കാൾ വലുതാണ്.

അത് മാനുഷികമായ സഹഭാവത്തിനും അപ്പുറമാണ്. ആ മൈത്രി അനിവാര്യമല്ലേ? വിഭാഗീയമല്ലാത്ത, എല്ലാത്തിനോടും തുറസ്സുള്ള, ഒരാൾ സ്വയം അഭിലഷിക്കുന്ന ആഹ്ലാദം എല്ലാവർക്കും ലഭ്യമാക്കുന്ന, സർവചരാചരങ്ങളോടുമുള്ള സ്നേഹവും ആരോടുമുള്ള വെറുപ്പില്ലായ്മയും ആയിരിക്കാൻ മറ്റെന്തിനാണ് കഴിയുക?”.

ഏവർക്കും നന്ദി!

( അവസാനിച്ചു)

ദേശാഭിമാനി വാരികയിൽ നിന്ന്
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top