19 June Saturday

മനുഷ്യസ്‌നേഹം കോർത്ത ഔഷധക്കൂട്ടിന്‌ ശതാബ്ദി

സി വി രാജീവ്‌Updated: Tuesday Jun 8, 2021


മലപ്പുറം
കാലത്തിന്‌ സൗഖ്യമേകിയ ഔഷധക്കൂട്ടിന്റെ കൈപ്പുണ്യം ഡോ. പി കെ വാരിയർക്ക് ശതാബ്ദി. ആയുർവേദത്തെയും കോട്ടക്കൽ ആര്യവൈദ്യശാലയെയും അതുവഴി കേരളത്തേയും ലോക നെറുകയിലേക്കുയർത്തിയ അദ്ദേഹത്തിന് ചൊവ്വാഴ്ച നൂറാം പിറന്നാൾ.

നിഷ്‌ഠയും ലാളിത്യവും വിനയവും അടയാളപ്പെടുത്തിയ ജീവിതമാണ് പന്നിയമ്പള്ളി കൃഷ്ണൻകുട്ടി വാരിയർ എന്ന ഡോ. പി കെ വാരിയരുടേത്. ആറ് പതിറ്റാണ്ടിലേറെയായി കോട്ടക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി. വൈദ്യത്തിന്റെ മർമ്മമറിഞ്ഞ മനുഷ്യസ്നേഹി. ചികിത്സയെ ഒരിക്കലും കച്ചവടമായി കാണാത്ത ഭിഷഗ്വരൻ.

മലബാർ സമരം കൊടുമ്പിരികൊണ്ട 1921ൽ കെ ടി ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചി വാരസ്യാരുടെയും ആറു മക്കളിൽ ഇളയവനായാണ് ജനനം. വിദ്യാഭ്യാസകാലത്തേ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ പങ്കെടുത്തു. പിന്നീട് കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനായി. ഇ എം എസിന്റെ നിർദേശമനുസരിച്ചാണ് 1940ൽ വൈദ്യപഠനത്തിന് കോട്ടക്കൽ ആയുർവേദ കോളേജിൽ ചേർന്നത്. 1942ൽ ക്വിറ്റിന്ത്യാ സമരത്തിൽ ആകൃഷ്ടനായി പഠിപ്പ് വിട്ടു. പിന്നീട് രാഷ്ട്രീയമല്ല തട്ടകമെന്നറിഞ്ഞ് തിരിച്ചുവന്നു. കോഴ്സ് പൂർത്തിയാക്കി  അമ്മാവൻ പി എസ് വാരിയർ സ്ഥാപിച്ച ആര്യവൈദ്യശാലയിൽ 1945ൽ ട്രസ്‌റ്റ്‌ ബോർഡംഗമായി. രണ്ടു വർഷത്തിനുശേഷം ഫാക്ടറി മാനേജരായി ഔദ്യോഗികച്ചുമതല. ജ്യേഷ്ഠൻ പി എം വാരിയരുടെ ആകസ്മിക വിയോഗശേഷം 1953ൽ ആര്യവൈദ്യശാലയുടെ സാരഥ്യം ഏറ്റെടുത്തു.

കമ്യൂണിസ്റ്റ് പാർടി പ്രവർത്തനം നൽകിയ മൂല്യങ്ങൾ ഇപ്പോഴും മുറുകെപ്പിടിക്കുന്നു അദ്ദേഹം. ശീലങ്ങളും സമയക്രമവും തെറ്റാത്ത ജീവിതയാത്ര. ‘സ്മൃതിപർവം’ എന്ന ആത്മകഥയും ‘പാദമുദ്രകൾ’ ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചു. പത്മശ്രീ (1999), പത്മഭൂഷൺ (2010) പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. കവയത്രിയായിരുന്ന പത്നി മാധവിക്കുട്ടി വാരസ്യാർ 1997ൽ അന്തരിച്ചു. മക്കൾ: ഡോ. ബാലചന്ദ്രവാരിയർ, പരേതനായ വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ.

പ്രഭാഷണപരമ്പര 
ഇന്നുമുതൽ
കോവിഡ് സാഹചര്യത്തിൽ നൂറാം പിറന്നാളിന് പ്രത്യേക ആഘോഷങ്ങളില്ല. ആര്യവൈദ്യശാല ആഭിമുഖ്യത്തിൽ ‘ശതപൂർണിമ’ ഓൺലൈൻ പരിപാടികളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നിന്‌ ഉദ്‌ഘാടനം നിർവഹിച്ചു. അക്കാദമിക്‌ പ്രഭാഷണപരമ്പര ചൊവ്വാഴ്‌ച തുടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top