24 March Friday

മാർക്‌സും നിർമിതബുദ്ധിയും-ഡോ. ദീപക്‌ പി എഴുതുന്നു

ഡോ. ദീപക്‌ പിUpdated: Wednesday Jan 11, 2023

ഡോ. ദീപക്‌ പി

ഡോ. ദീപക്‌ പി

ഉപഭോക്താവിന് തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച്‌ ഹോട്ടലുകളും വിഭവങ്ങളും തിരയാമെങ്കിലും, ആപ്പ് അതിനെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. നിങ്ങൾക്കിഷ്ടമുള്ളത്‌ ഞാൻ ‘ചിന്തിച്ചു’ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട് എന്നാണ്‌ ആപ്പിന്റെ പഴ്സണലൈസേഷൻ അൽഗോരിതം പറയാതെ പറയുന്നത്

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകനും വിപ്ലവകാരിയും ആയ മാർക്സിനെ നമുക്ക് എല്ലാവർക്കും അറിയാം.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വികസിക്കുകയും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മുഖ്യധാരയിൽ എത്തുകയുംചെയ്ത സാങ്കേതിക വിദ്യയാണ് നിർമിത ബുദ്ധി അഥവാ  artificial intelligence. മാർക്സിന്റെ മരണത്തിനും നിർമിതബുദ്ധിയുടെ ആദ്യ ചുവടുവയ്പുകൾക്കും ഇടയിൽ എഴുപതോളം വർഷങ്ങളുടെ ഇടവേള ഉണ്ട്. അതുകൊണ്ടുതന്നെ മാർക്സ് നിർമിതബുദ്ധിയെക്കുറിച്ച്‌ കേട്ടിരിക്കാൻ സാധ്യതയില്ല.

എങ്കിലും ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഉണ്ടാവുന്നതിനെക്കുറിച്ച്‌ മാർക്സ് ചിന്തിച്ചിരിക്കുമോ? തൊഴിൽമേഖലയിൽ അത് കൊണ്ടുവന്നതുപോലെയുള്ള വലിയ മാറ്റങ്ങൾ അദ്ദേഹം മുൻകൂട്ടി കണ്ടിരിക്കുമോ? അങ്ങനെയെങ്കിൽ അതിനെ അദ്ദേഹം എങ്ങനെയാവാം സമീപിച്ചിരിക്കുക? മാർക്സിന്റെ വീക്ഷണകോണുകൾ ഇന്നത്തെ നിർമിതബുദ്ധിയെ എങ്ങനെയാവും വിശകലനം ചെയ്യുക? ഇന്നത്തെ തൊഴിലിടങ്ങളിൽ നിർമിതബുദ്ധി കൊണ്ടുവരുന്ന മാറ്റങ്ങളെ മുൻനിർത്തി നമുക്ക് ഈ വിഷയങ്ങൾ പരിശോധിക്കാം.

ഗ്രുൺഡ്രിസിലെ പ്രവചനാത്മക പരാമർശം

മാർക്‌സും നിർമിതബുദ്ധിയും എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ലഭിക്കുന്ന ലിങ്കുകളിൽ പലതും മാർക്സിന്റെ അനേകം രചനകളിൽ ഒന്നിൽ ഉള്ള ഒരു ഖണ്ഡികയിലേക്കാവും വിരൽ ചൂണ്ടുക. അങ്ങനെ ഈ വിഷയത്തിൽ മാർക്സിനെ പരിമിതപ്പെടുത്തേണ്ടതില്ല എന്ന് മനസ്സിൽ വെച്ചുകൊണ്ടാണെങ്കിൽക്കൂടിയും നമുക്ക് അവിടുന്ന് തന്നെ തുടങ്ങാം.

മാർക്സ് 1857‐58 കാലത്ത് എഴുതാൻ തുടങ്ങിയതും പിന്നീട് പൂർത്തിയാക്കാതെവച്ചതും ആയ ഒരു ജർമൻ ഗ്രന്ഥം ഉണ്ട്. Grundrisseഎന്ന് പൊതുവിൽ അറിയപ്പെടുന്ന ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷിലെ മുഴുവൻ പേര്  ‘Foundations of a Critique of the Political Economy’എന്നാണ്. ഈ പുസ്തകം കണ്ടെത്തപ്പെട്ട്‌ ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്യപ്പെടുന്നത് 1973 ലാണ്. മാർക്സ് അതെഴുതിയതിന്‌ ഒന്നേകാൽ നൂറ്റാണ്ടിനുശേഷം. ഈ ഗ്രന്ഥത്തിൽ  ഉള്ള ഒരു ഭാഗമാണ് ‘Fragment on Machines’എന്നത്. അതിലെ ഒരു ഖണ്ഡിക ഇംഗ്ലീഷിൽ ആദ്യം വായിക്കാം:

“Once adopted into the production process of capital, the means of labour passes through different metamorphoses, whose culmination is the… automatic system of machinery… set in motion by an automaton, a moving power that moves itself; this automaton consisting of numerous mechanical and intellectual organs, so that the workers themselves are cast merely as its conscious linkages”.
ഇതിന്റെ മലയാളത്തിലുള്ള സ്വതന്ത്ര വിവർത്തനം കൂടി എന്റെ വകയായി ഇവിടെ പറയാം.

“മുതലാളിത്തത്തിന്റെ ഉൽപ്പാദനപ്രക്രിയയിൽ അധ്വാനത്തെ ഉൾച്ചേർത്തുകഴിഞ്ഞാൽ, അധ്വാനത്തിന് നിരവധിയായ പരിണാമങ്ങൾ സംഭവിക്കുകയായി. ഒടുവിൽ അത് നയിക്കുക സ്വയം പ്രവർത്തിക്കുന്ന യന്ത്രത്തിന്റെ രൂപത്തിലേക്കാവും.

സ്വയം പ്രവർത്തനം ആരംഭിക്കാനും അവിരാമം പ്രവർത്തിക്കാൻ കഴിയുന്നതും ആയ ഒരു യന്ത്രം. അതിൽ ക്രമപരമായും ബൗദ്ധികമായും പ്രവർത്തിക്കുന്ന നിരവധി ഘടകങ്ങൾ ഉൾച്ചേർന്നിട്ടുണ്ടാവും. അധ്വാനിക്കുന്ന തൊഴിലാളികൾ ആവട്ടെ അത്തരം പല ഘടകങ്ങളെയും സംയോജിപ്പിക്കുന്ന ചങ്ങലക്കണ്ണികളായിട്ടുമാത്രം ചുരുങ്ങും (അതോ അധഃപതിക്കും എന്നോ?)”.

ഇതിന്റെ പ്രവചനസ്വഭാവം വ്യക്തമാക്കാൻ നമുക്ക് ഇന്നത്തെ നിർമിതബുദ്ധി അധിഷ്ഠിത പ്ലാറ്റുഫോമുകളായ, നാം എല്ലാവരും തന്നെ ദൈനംദിനം ഉപയോഗിക്കുന്ന, ചില സംവിധാനങ്ങളുടെ പ്രവർത്തനം നിരീക്ഷിച്ചാൽ മതിയാകും. അതിപ്പോൾ നമ്മുടെ ഭക്ഷ്യരംഗത്തെ ആപ്പുകളായ സ്വിഗ്ഗിയോ സൊമാറ്റോയോ ആവാം, അല്ലെങ്കിൽ ഗതാഗത രംഗത്തെ ഊബറോ ഒലയോ ആവാം. നമുക്ക് എല്ലാവർക്കും  പ്രിയപ്പെട്ട ഭക്ഷ്യരംഗത്തേക്കുതന്നെ ഒന്നുപോവാം.

ഒരു ഉപഭോക്താവ് ഭക്ഷണം ഓർഡർ ചെയ്യാനുള്ള ആപ്പ് തുറക്കുന്നു, അപ്പോൾ ആപ്പിന്റെ നിർമിതബുദ്ധി അൽഗോരിതം പ്രവർത്തിച്ചുതുടങ്ങുകയായി, അയാൾക്ക് താല്പര്യം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് അൽഗോരിതം കരുതുന്ന ഹോട്ടലുകളും വിഭവങ്ങളും സ്‌ക്രീനിൽ തെളിയുന്നു.

ഉപഭോക്താവിന് തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച്‌ ഹോട്ടലുകളും വിഭവങ്ങളും തിരയാമെങ്കിലും, ആപ്പ് അതിനെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. നിങ്ങൾക്കിഷ്ടമുള്ളത്‌ ഞാൻ ‘ചിന്തിച്ചു’ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട് എന്നാണ്‌ ആപ്പിന്റെ പഴ്സണലൈസേഷൻ അൽഗോരിതം പറയാതെ പറയുന്നത്.  ഇനി ഓർഡർ നൽകി പണം അടച്ചുകഴിഞ്ഞാൽ, ആപ്പ് ഹോട്ടലിന്‌ സന്ദേശം അയക്കുന്നു, ഓർഡറിനനുസരിച്ച്‌ ഭക്ഷണം പാകം ചെയ്യാൻ നിർദേശിച്ചുകൊണ്ട്.

അതിനു സമാന്തരമായിത്തന്നെ ഒരു ഡെലിവറി ജീവനക്കാരനെ സാമീപ്യം, റേറ്റിങ് എന്നിവ ഉപയോഗിച്ചു കൊണ്ട്  കണ്ടെത്തുന്നു. ഹോട്ടലിന്റെ മേൽവിലാസം നൽകി അവിടെ ചെന്ന് ഭക്ഷണം ശേഖരിച്ച്‌ അതിനുശേഷം ഉപഭോക്താവിന്റെ വിലാസത്തിലേക്ക് എത്തിക്കുക എന്നതാണ് അൽഗോരിതം ഡെലിവറി ജീവനക്കാരന്‌ നൽകുന്ന നിർദേശം. ഈ വിലാസങ്ങളിലേക്ക് എങ്ങനെ എത്തണം എന്നും മാപ്‌സ് മുഖേന ആപ്പ് പറഞ്ഞുകൊടുക്കുന്നുണ്ട്.

ചുരുക്കം പറഞ്ഞാൽ ആപ്പ് എല്ലാം നിയന്ത്രിക്കുന്നുണ്ട്, മനുഷ്യർ നിർദേശങ്ങൾ പാലിക്കുന്നവർ മാത്രമായി ചുരുങ്ങുന്നു. ഉപഭോക്താവ്, ഡെലിവറി ജീവനക്കാരൻ, ഹോട്ടൽ ജീവനക്കാരൻ എന്നിവർ എല്ലാം അൽഗോരിതത്തിന്റെ വിവിധതരം നിർദേശങ്ങളുടെ സ്വീകർത്താക്കൾ ആണ്. അവർക്ക്‌ നിർദേശങ്ങൾ തിരസ്കരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും, ബദലുകൾ നിർദേശിക്കാൻ സാധ്യമല്ല.

ചുരുക്കം പറഞ്ഞാൽ ആപ്പ് എല്ലാം നിയന്ത്രിക്കുന്നുണ്ട്, മനുഷ്യർ നിർദേശങ്ങൾ പാലിക്കുന്നവർ മാത്രമായി ചുരുങ്ങുന്നു. ഉപഭോക്താവ്, ഡെലിവറി ജീവനക്കാരൻ, ഹോട്ടൽ ജീവനക്കാരൻ എന്നിവർ എല്ലാം അൽഗോരിതത്തിന്റെ വിവിധതരം നിർദേശങ്ങളുടെ സ്വീകർത്താക്കൾ ആണ്. അവർക്ക്‌ നിർദേശങ്ങൾ തിരസ്കരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും, ബദലുകൾ നിർദേശിക്കാൻ സാധ്യമല്ല. ഉപഭോക്താവ് നൽകിയ ഓർഡർ ചില്ലി ചിക്കൻ ആണെങ്കിൽ, ഹോട്ടൽ ജീവനക്കാരന് അത് അതേപോലെ പാലിക്കാം, അല്ലെങ്കിൽ ഓർഡർ സ്വീകരിക്കാതിരിക്കാം. ഒരുപാട് ഓർഡറുകൾ നിരസിച്ചാൽ ആപ്പിന്റെ അൽഗോരിതം ആ ഹോട്ടലിന്റെ ആപ്പിലെ ദൃശ്യത visibility  കുറച്ചേക്കാം.

സമാനമാണ് ഡെലിവറി ജീവനക്കാരന്റെയും സ്ഥിതി. ഓർഡർ നിർദേശങ്ങൾ കൂടുതൽ നിരസിക്കുന്നതായിക്കണ്ടാൽ അയാളുടെ തൊഴിലിന്റെ നൈരന്തര്യത്തിന് അത് ഭീഷണിയാണ്. ചുരുക്കി പ്പറഞ്ഞാൽ അൽഗോരിതത്തിന്റെ നിർദേശങ്ങൾ പാലിച്ച്‌ അനുസരണയുള്ള ചങ്ങലക്കണ്ണികളായി പ്രവർത്തിക്കുന്നതാണ് ഓരോരുത്തർക്കും നല്ലത്. അനുസരണ കുറഞ്ഞവരെ ക്രമേണ പുറന്തള്ളിയും അനുസരണയുള്ളവരെ കൂടുതൽക്കൂടുതൽ ഉൾക്കൊള്ളിച്ചുംകൊണ്ട് അൽഗോരിതത്തിലൂടെ ആപ്പ് മുതലാളിമാർ തങ്ങളുടെ ഈ ദല്ലാൾ കച്ചവടം ഭംഗിയായി നടത്തും.

ഫ്രാഗ്‌മെന്റ് ഓഫ് മെഷീൻസ് എന്നതിലെ ഒറ്റ ഖണ്ഡികയുടെ പ്രവചനസ്വഭാവത്തിൽ ഒതുങ്ങുന്നതല്ല ഇന്നത്തെ കാലത്തെ നിർമിത ബുദ്ധിയുടെ സാമൂഹിക ഇടപെടലിന്റെ രീതികളും മാർക്‌സും തമ്മിലുള്ള ബന്ധം. മാർക്സിന്റെ മറ്റു ചില ആശയങ്ങളുടെ  അഥവാ ആശങ്കകളുടെ  പ്രകാശനത്തിന് നിർമിതബുദ്ധി എങ്ങനെ സഹായിക്കുന്നു എന്നുകൂടി നോക്കാം.

അപരവൽക്കരണവും നിർമിതബുദ്ധിയും

മാർക്സിന്റെ ആശയസംഹിതയിൽ പ്രധാനസ്ഥാനത്തുള്ള ഒരു ആശയമാണ് അപരവൽക്കരണം എന്നത്. ലളിതമായി പറഞ്ഞാൽ മുതലാളിത്തരീതികൾ തൊഴിൽവിഭജനം എന്ന പ്രക്രിയയിലൂടെ തൊഴിലാളിയെ തന്റെ ചില മനുഷ്യസഹജമായ വാസനകളിൽനിന്നും അകറ്റുന്നു, അപരവൽക്കരിക്കുന്നു, എന്നതാണ് ഇതിന്റെ കാതൽ. അങ്ങനെ

തൊഴിലാളി അന്യവൽക്കരിക്കപ്പെടുന്നതു കൊണ്ട് മുതലാളിക്ക് ഗുണങ്ങളുണ്ട്. തൊഴിലാളിയെ എപ്പോൾ വേണമെങ്കിലും താൻ ഒഴിവാക്കപ്പെട്ടേക്കാം എന്ന ഭീതിയിൽ നിർത്തുന്നതിലൂടെ അയാളുടെ ന്യായമായ ആവശ്യങ്ങൾപോലും നിഷേധിക്കാൻ എളുപ്പമുള്ള സാഹചര്യം അത് സൃഷ്ടിക്കുന്നുണ്ട്.

തൊഴിലാളി അന്യവൽക്കരിക്കപ്പെടുന്നതു കൊണ്ട് മുതലാളിക്ക് ഗുണങ്ങളുണ്ട്. തൊഴിലാളിയെ എപ്പോൾ വേണമെങ്കിലും താൻ ഒഴിവാക്കപ്പെട്ടേക്കാം എന്ന ഭീതിയിൽ നിർത്തുന്നതിലൂടെ അയാളുടെ ന്യായമായ ആവശ്യങ്ങൾപോലും നിഷേധിക്കാൻ എളുപ്പമുള്ള സാഹചര്യം അത് സൃഷ്ടിക്കുന്നുണ്ട്.

അന്യവൽക്കരണം ചെറുതായി വിശദീകരിച്ചുപോവാം. തൊഴിലാളി എന്നയാൾ സ്വയംനിർണയ അവകാശം ഉള്ളയാളായിരിക്കണം എന്നാണ്‌ മാർക്സ് സങ്കൽപ്പിക്കുന്നത്. തൊഴിലാളി സ്വതന്ത്രൻ ആയിരിക്കണം. അയാൾക്ക്‌ തന്റെ അധ്വാനശേഷി പ്രകാശിപ്പിക്കാൻ വിപണിയിൽനിന്ന് ഏറ്റവും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കാൻ സാധിക്കണം.

തൊഴിലിടത്ത് എന്താണ് പൊതുവിൽ തൊഴിലിന്റെ ഉദ്ദേശ്യം എന്നത് ക്രമീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, തൊഴിലാളിക്ക് താഴെത്തട്ടിലുള്ള തന്റെ പ്രവർത്തനങ്ങളിൽ ന്യായമായ നിയന്ത്രണ അവകാശം ഉണ്ടാവണം. അങ്ങനെ വരുമ്പോൾ ആണ് തൊഴിലാളിക്ക് തൊഴിലിടത്ത് മനുഷ്യസഹജമായ ആത്മസംതൃപ്തി എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ആവുക, തന്റെ അധ്വാനത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന ഉൽപ്പന്നങ്ങൾക്കുമീതെ ഒരു ചാരിതാർഥ്യ പൂർണമായ മേൽനോട്ടവും അങ്ങനെ സാധ്യമാവും.

ഇതൊക്കെ ഇല്ലാതെയാകുമ്പോൾ തൊഴിലിടത്ത്‌ തൊഴിലാളി അപരവൽക്കരിക്കപ്പെടുന്നു. ഉൽപ്പാദനമേഖലയിൽ ഈ അപരവൽക്കരണം സാധ്യമായത് മുഖ്യമായും അസംബ്ലി ലൈൻ എന്ന പ്രക്രിയ നടപ്പിൽ വരുത്തിയതിലൂടെയാണ്.

വാഹന ഉൽപ്പാദന മേഖലയിൽ ഫോർഡ് എന്ന കമ്പനി നടപ്പിൽ വരുത്തിയ ഉൽപ്പാദനരീതിയിൽ അസംബ്ലി ലൈൻ വളരെ പ്രധാനപ്പെട്ടതായിരുന്നു; അതുകൊണ്ടുതന്നെ അതിനെ ഫോർഡിസ്റ്റ് ഉൽപ്പാദനപ്രക്രിയ എന്നും വിളിക്കുന്നു.

അസംബ്ലി ലൈനിലൂടെ ഭാഗികമായി നിർമിച്ച ഉൽപ്പന്നം ക്രമത്തിൽ വരുന്ന മുറയ്ക്ക്, അതിൽ യഥാസ്ഥാനത്ത്‌ ഒരു സ്‌ക്രൂ ഘടിപ്പിക്കുക എന്നതോ മറ്റോ ആവും ഒരു തൊഴിലാളിയുടെ കർത്തവ്യം. അയാൾ ആ ഒരേ പ്രവൃത്തി അവിരാമം നല്ല നിലവാരത്തിൽ തൊഴിൽദിവസം മുഴുവൻ ചെയ്തുകൊണ്ടിരിക്കണം. പ്രവർത്തനങ്ങളിലെ നിയന്ത്രണ അവകാശം, ആത്മസംതൃപ്തി, ചാരിതാർഥ്യം എന്നതൊക്കെ കാറ്റിൽ പറത്തപ്പെടുന്നു.

അസംബ്ലി ലൈനിലൂടെ ഭാഗികമായി നിർമിച്ച ഉൽപ്പന്നം ക്രമത്തിൽ വരുന്ന മുറയ്ക്ക്, അതിൽ യഥാസ്ഥാനത്ത്‌ ഒരു സ്‌ക്രൂ ഘടിപ്പിക്കുക എന്നതോ മറ്റോ ആവും ഒരു തൊഴിലാളിയുടെ കർത്തവ്യം. അയാൾ ആ ഒരേ പ്രവൃത്തി അവിരാമം നല്ല നിലവാരത്തിൽ തൊഴിൽദിവസം മുഴുവൻ ചെയ്തുകൊണ്ടിരിക്കണം. പ്രവർത്തനങ്ങളിലെ നിയന്ത്രണ അവകാശം, ആത്മസംതൃപ്തി, ചാരിതാർഥ്യം എന്നതൊക്കെ കാറ്റിൽ പറത്തപ്പെടുന്നു.

ഉൽപ്പാദനരീതിയിൽ ഫോർഡ് കമ്പനി നടപ്പിൽ വരുത്തിയ അസംബ്ലി ലൈൻ

ഉൽപ്പാദനരീതിയിൽ ഫോർഡ് കമ്പനി നടപ്പിൽ വരുത്തിയ അസംബ്ലി ലൈൻ

 നാം നേരത്തെ നിരീക്ഷിച്ച നിർമിത ബുദ്ധി അധിഷ്ഠിത പ്ലാറ്റു  ഫോമുകൾ പ്രവർത്തിക്കുന്നത് സേവനമേഖലയിലാണ്. നിർമിത ബുദ്ധി അധിഷ്ഠിത സേവനമേഖലയിലേക്ക്‌ പോകുന്നതിനുമുമ്പ് പരമ്പരാഗത സേവനമേഖലയുടെ സ്വഭാവം ഹ്രസ്വമായി നിരീക്ഷിക്കാം.

പരമ്പരാഗതരീതിയിൽ പ്രവർത്തിക്കുന്ന സേവനമേഖലയിൽ തൊഴിൽ ദാതാവിന്‌ തൊഴിലാളിയെ നേരിയ തോതിൽ നിയന്ത്രിക്കാൻ സാധിക്കില്ല. ഭക്ഷ്യമേഖലയിൽ ആയാലും സഞ്ചാര മേഖലയിൽ ആയാലും പലപ്പോഴും തൊഴിലാളി തന്റെ തൊഴിലുമായി ബന്ധപ്പെട്ട്‌ പ്രധാനമായി ഇടപെടുന്നത് നേരിട്ട്  ഉപഭോക്താവുമായിട്ടാകും. ഗതാഗത കമ്പനികളിൽ പണിയെടുക്കുന്ന ഡ്രൈവർമാരുടെ ചിത്രം മനസ്സിൽ ഓർക്കുക. അസംബ്ലി ലൈനിലേതുപോലെ വളരെ സൂക്ഷ്മമായ നിരീക്ഷണം സാധ്യമല്ലാത്ത ഘടന ഒരു പരിധിവരെ തൊഴിലാളിയുടെ അന്യവൽക്കരണത്തെ ചെറുക്കുന്നുണ്ട് എന്നുപറയാം.

പല ഉപഭോക്താക്കളുമായും സംഭാഷണങ്ങളിൽ ഏർപ്പെടാനും അവർക്കുനൽകുന്ന സേവനങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാനുമുള്ള അവസരം തൊഴിലാളിക്ക് ലഭിക്കുന്നുണ്ട്. ഉപഭോക്‌തൃ സംതൃപ്തി എന്ന മാനദണ്ഡത്തിലൂടെ പലപ്പോഴും തൊഴിലാളി ചൂഷണം സാധ്യമാക്കുന്ന സേവനമേഖലക്ക്‌ സ്‌തുതി പാടേണ്ട അവസ്ഥ ഒട്ടുമേ ഇല്ലെങ്കിൽത്തന്നെയും, അസംബ്ലി ലൈൻ തൊഴിലാളിയെക്കാൾ പരമ്പരാഗത സേവനമേഖല തൊഴിലാളിക്ക് ചിന്തിക്കാനും, തന്റെ പ്രവൃത്തി സൂക്ഷ്മമായ തോതിൽ ആണെങ്കിൽ കൂടിയും നിയന്ത്രിക്കാനും, സേവനദാതാവെന്ന നിലയിൽ തന്റെ വ്യതിരിക്തമായ അംശങ്ങൾ സേവനത്തിൽ ഉൾക്കൊള്ളിക്കാനും സാധിക്കുന്നുണ്ട്.

ഇന്നത്തെ സേവനമേഖല മേൽപ്പറഞ്ഞ പരമ്പരാഗത രീതിയിൽനിന്നും വളരെ വ്യത്യസ്തമാണ്. നിർമിതബുദ്ധിയും ഇന്റർനെറ്റ് വ്യാപനവും ആണ് മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഇവയുടെ ഏറ്റവും വലിയ സ്വാധീനം വന്നത് ഭക്ഷ്യമേഖലയിലും സഞ്ചാരമേഖലയിലും ആണ്. മറ്റുള്ളവയിലും ഇവയുടെ സ്വാധീനം വർധിക്കുന്നുണ്ട്; ഹോട്ടൽ മേഖലയിലെ ഓയോ പോലെയുള്ള സംവിധാനങ്ങളെ ഈ ഘട്ടത്തിൽ ഓർക്കാവുന്നതാണ്.

നമുക്ക് ഭക്ഷ്യമേഖലയിലെ നേരത്തെ പറഞ്ഞ നിരീക്ഷണങ്ങളിൽ തുടരാം. ഡെലിവറി ബോയ് ആയാലും ഹോട്ടൽ ജീവനക്കാരൻ ആണെങ്കിലും അയാളുടെ പ്രധാന കർത്തവ്യം ആപ്പിലൂടെ വരുന്ന നിർദേശങ്ങൾ പാലിക്കുക എന്നതാണെന്ന് നേരത്തെ നിരീക്ഷിച്ചത് ഓർക്കുമല്ലോ.

പരമ്പരാഗത സേവന മേഖലയിൽ തൊഴിൽദാതാവിന് തൊഴിലാളിയെ നിരീക്ഷിക്കുന്നതിൽ പരിമിതികൾ ഉണ്ടെങ്കിൽ, നവസേവനമേഖലയിലെ തൊഴിലാളികൾ അവരുടെ തൊഴിൽദാതാവിന്റെ നിരന്തരമായ നിരീക്ഷണത്തിന് വിധേയമാകുന്നുണ്ട്. ഈ നിരീക്ഷണം നടത്തുന്നത് സാങ്കേതികവിദ്യകളുടെ സഞ്ചയത്തിലൂടെയാണെന്നുമാത്രം.

പരമ്പരാഗത സേവന മേഖലയിൽ തൊഴിൽദാതാവിന് തൊഴിലാളിയെ നിരീക്ഷിക്കുന്നതിൽ പരിമിതികൾ ഉണ്ടെങ്കിൽ, നവസേവനമേഖലയിലെ തൊഴിലാളികൾ അവരുടെ തൊഴിൽദാതാവിന്റെ നിരന്തരമായ നിരീക്ഷണത്തിന് വിധേയമാകുന്നുണ്ട്. ഈ നിരീക്ഷണം നടത്തുന്നത് സാങ്കേതികവിദ്യകളുടെ സഞ്ചയത്തിലൂടെയാണെന്നുമാത്രം. ഇതിനെ പ്രമുഖ എഴുത്തുകാരിയും സാമൂഹികശാസ്ത്രജ്ഞയുമായ

ശോശാന സുബോഫ്‌ ‘

ശോശാന സുബോഫ്‌ ‘

ശോശാന സുബോഫ്‌ ‘surveillance capitalism’ അഥവാ നിരീക്ഷണ മുതലാളിത്തം എന്ന് വിളിക്കുന്നുണ്ട്. ആപ്പിലൂടെ ഓരോ തൊഴിലാളിയും എന്ത് ചെയ്യുന്നു എന്നത് സ്വാഭാവികമായും ഡിജിറ്റൽ ആയി രേഖപ്പെടുത്തപ്പെടുന്നുണ്ടെങ്കിൽ അയാളുടെ സഞ്ചാരം ജിപിഎസ് നിരീക്ഷിക്കുന്നുണ്ട്. ഇന്നത്തെ സ്മാർട്‌ ഫോൺ പത്തിലധികം സെൻസറുകളുമായിട്ടാണ് വരുന്നത്. ഒരു ബൃഹത്‌നിരീക്ഷണ സംവിധാനം അതിൽ അടങ്ങിയിട്ടുണ്ട്.

പല ആപ്പുകളും അവയ്ക്ക്‌ ആവശ്യം ഉള്ളതിനേക്കാൾ സെൻസറുകൾ ഉപയോഗിക്കാനുള്ള അനുവാദം ചോദിക്കാറുണ്ട്; നാം അതിൽ ഒന്നും ശ്രദ്ധിക്കാതെ ‘allow all’ എന്ന് കൊടുക്കാറുമുണ്ട്. പലരും ചോദിക്കാറുള്ള ഒരു ചോദ്യം; എന്റെ സൂക്ഷ്മവിവരങ്ങൾ നോക്കി വിലയിരുത്താൻ ആർക്കാണ് താൽപ്പര്യം? അതിനൊക്കെ ആർക്കെങ്കിലും നേരം ഉണ്ടാകുമോ? അങ്ങനെയുണ്ടാവാൻ സാധ്യതയില്ലെന്നിരിക്കെ ഈ വിവരങ്ങൾ ഒക്കെ അവർ ശേഖരിക്കുന്നുണ്ടെന്നുള്ളതിൽ നാം വല്ലാതെ വേവലാതിപ്പെടേണ്ടതുണ്ടോ?

ഒരു സാധാരണ ഫോൺ ഉപഭോക്താവിന് അങ്ങനെ നിഷ്‌കളങ്കമായി ചിന്തിക്കാമെങ്കിലും, നവസേവനമേഖലയിലെ തൊഴിലാളിയുടെ കാര്യത്തിൽ അത്ര ലളിതമല്ല കാര്യങ്ങൾ. തൊഴിലാളിയുടെ ഓരോ നീക്കങ്ങളും ഫോണിൽ രേഖപ്പെടുത്തപ്പെടുമ്പോൾ അത് സൂക്ഷ്മമായിത്തന്നെ വിലയിരുത്തപ്പെടുന്നുണ്ട്; വിലയിരുത്തുന്നത് മനുഷ്യരല്ല, നിർമിത ബുദ്ധി അൽഗോരിതങ്ങൾ ആണ്. ഒരു ഡെലിവറി ബോയ്‌ക്ക്‌ നിർദിഷ്ട സ്ഥലത്ത്‌ എത്തുന്നതിനിടയിൽ ചിലപ്പോൾ പെട്രോൾ പമ്പിലോ അല്ലെങ്കിൽ ഒരു പൊതുശൗചാലയത്തിലോ പോകേണ്ടി വന്നേക്കാം, അല്ലെങ്കിൽ വഴിയിൽവച്ച് വാഹനത്തിന് എന്തെങ്കിലും പ്രശ്നം പറ്റിയതാവാം.

ജിപിഎസ് നിരീക്ഷണസംവിധാനം പക്ഷേ, അതിനെയെല്ലാം രേഖപ്പെടുത്തുക ഡെലിവറി ബോയ് മാപ്‌സിൽ പറഞ്ഞതിനെക്കാൾ കൂടുതൽ സമയം എടുത്തു എന്നായിരിക്കും. എന്തുകൊണ്ട് കാലതാമസം വന്നു എന്നത് നിർമിതബുദ്ധിക്ക് വിഷയമല്ല, അത് പ്രവർത്തിക്കുന്നത് വിവരശേഖരങ്ങളിലെ പാറ്റേണുകൾക്ക് പ്രവചനസ്വഭാവം ഉണ്ടെന്നുള്ള ഒരു സങ്കൽപ്പത്തിന്മേലാണ്. അതുകൊണ്ടുതന്നെ ഇടക്കിടെ ശൗചാലയത്തിൽ പോകേണ്ടുന്ന ഡയബറ്റിസ് രോഗിയായ ഡെലിവറി ബോയ്, അതിന്റെ ദൃഷ്ടിയിൽ യാത്രയിൽ താമസം ഉണ്ടാക്കുന്ന, ഇനിയുള്ള ദിവസങ്ങളിലും താമസം ഉണ്ടാക്കാൻ സാധ്യതയുള്ള തൊഴിലാളിയാണ്.

നവസേവനമേഖലയിലെ ക്രമീകരണംവച്ച് അതിന്റെ അൽഗോരിതത്തിന്റെ ഉദ്ദേശ്യം ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുക എന്നതാണ്. അങ്ങനെ വരുമ്പോൾ ഇങ്ങനെ ഇടക്കിടെ കാലവിളംബം വരുത്തുന്ന തൊഴിലാളിയെക്കാൾ കൂടുതൽ ഓർഡറുകൾ മറ്റൊരു തൊഴിലാളിയെ ഏൽപ്പിക്കുക എന്നതാവും അത് ചെയ്യുക. ഇങ്ങനെ ഡാറ്റ അൽഗോരിതം അധിഷ്ഠിത സൂക്ഷ്മനിരീക്ഷണത്തിലൂടെ ഓരോ തൊഴിലാളിയും നിരന്തരം വിലയിരുത്തപ്പെടുകയും ആ വിലയിരുത്തലിനനുസരിച്ച്‌ സേവന പ്ലാറ്റ്‌ഫോം അയാളോടുള്ള സമീപനത്തെ പുനഃക്രമീകരിക്കുകയും ചെയ്യുന്നുണ്ട്.

പലപ്പോഴും തൊഴിലാളികൾ ഇത്തരം വിലയിരുത്തലുകൾ മനസ്സിലാക്കി പ്രവർത്തിക്കാറുണ്ട്. ഉദാഹരണത്തിന്, ഓർഡറുകൾ ധാരാളം നിരസിച്ചാൽ താൻ ക്രമേണ പുറന്തള്ളപ്പെടും എന്ന ബോധ്യം തൊഴിലാളിക്കുണ്ട്.

മൈക്കിൾ ഫൂക്കോ

മൈക്കിൾ ഫൂക്കോ

എന്നാലും ക്രമീകരണത്തിന്റെ വിശദാംശങ്ങൾ അയാൾക്ക് ഗ്രാഹ്യമായിരിക്കില്ല. എന്നിരുന്നാലും താൻ നിരന്തരം നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന ബോധ്യത്തിന്മേൽ അനുസരണശീലമുള്ള തൊഴിലാളിയായി ഇരിക്കേണ്ടതിന്റെ ആവശ്യം അയാളുടെ മനസ്സിൽ ഊട്ടിയുറപ്പിക്കപ്പെടുന്നുണ്ട്. മൈക്കിൾ ഫൂക്കോ എന്ന തത്വശാസ്ത്രജ്ഞന്റെ ദർശനങ്ങൾ പരിചയമുള്ളവർക്ക് ഈ നിരീക്ഷണങ്ങൾ അതുമായി ചേർത്ത് വായിക്കാവുന്നതാണ്.

തന്റെ ഓരോ പ്രവർത്തനങ്ങളും നിരീക്ഷിക്കപ്പെടുന്നുണ്ട് എന്നതിനാൽ ആപ്പ് നൽകിയ ഓർഡർ അതേപടി നിറവേറ്റുക എന്ന ഒരേ പ്രവൃത്തി അവിരാമം ചെയ്യുക എന്നതിലേക്ക് സേവനമേഖലയിൽ തൊഴിലാളിയുടെ തൊഴിൽദിവസം ചുരുങ്ങുമ്പോൾ അസംബ്ലി ലൈൻ തൊഴിലാളി അനുഭവിക്കുന്ന അന്യവൽക്കരണം തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. മാർക്സ് പറഞ്ഞ അന്യവൽക്കരണം നടപ്പിലാക്കുന്നത് വിവരധിഷ്ഠിത നിർമിത ബുദ്ധി അൽഗോരിതത്തിലൂടെയാണെന്നുമാത്രം.

ചൂഷണത്തിന്റെ പുതുവഴികൾ

മാർക്സിസത്തിന്റെ സൈദ്ധാന്തിക അടിത്തറയിൽ പ്രധാനമാണ് തൊഴിലാളി ചൂഷണത്തിന്റെ വേരുകളെക്കുറിച്ചുള്ള പഠനങ്ങൾ. അതിൽ പ്രധാനപ്പെട്ട ഒന്ന് മിച്ചമൂല്യ വർധനവിനെക്കുറിച്ചുള്ളതാണ്. അതൊന്ന്‌ ഹ്രസ്വമായി സൂചിപ്പിച്ചുപോവാം. തൊഴിലാളികളെ നിയമിച്ചും യന്ത്രങ്ങൾ ഉപയോഗിച്ചും മുതലാളി വസ്തുനിർമാണത്തിൽ ഏർപ്പെടുമ്പോൾ, ചെലവ് എന്നത് പ്രധാനമായും തൊഴിലാളികൾക്ക് നൽകുന്ന വേതനവും, പിന്നെ യന്ത്രങ്ങളുമായി ബന്ധപ്പെട്ടുള്ള ചെലവുകളും അതിന്റെ തേയ്മാനത്തിലൂടെ ഉണ്ടാവുന്ന നഷ്ടങ്ങളും ആണ്.

ഈ ചെലവുകളെക്കാൾ കൂടുതലായി വിപണിയിൽനിന്ന്‌ വസ്തു വിൽക്കുന്നതിലൂടെ ലഭിക്കുന്ന തുകയെ മിച്ചമൂല്യമായി, ലാഭമായി, മുതലാളി കൈവശപ്പെടുത്തുകയാണ്. ലാഭേച്ഛ എന്നത് എല്ലാ വ്യവസായങ്ങളുടെയും അടിത്തറ ആയി മാറിയിരിക്കുന്ന നവലിബറൽ കാലത്ത് ഈ പ്രതിഭാസം നമുക്കാർക്കും അപരിചിതമല്ല. മിച്ചമൂല്യം വർധിപ്പിക്കണം എങ്കിൽ വിൽപ്പനവിലയും ചെലവും തമ്മിലുള്ള അന്തരം വർധിക്കണം.

അതിനായി ഒന്നുകിൽ വസ്തുവിന്റെ വിൽപ്പനവില വർധിക്കണം, അല്ലെങ്കിൽ തൊഴിലാളികളുടെ വേതനം കുറക്കണം, അതുമല്ലെങ്കിൽ ചില തൊഴിലാളികളെ ഒഴിവാക്കി ആ പണി യന്ത്രങ്ങളെ (അൽഗോരിതങ്ങളെയും ആവാം) ഏൽപ്പിക്കണം. ഇവ മൂന്നൂം കൂടി ഒന്നിച്ചും ചെയ്യാം. തൊഴിലാളികളുടെ വേതനം കുറക്കാതിരിക്കാനും തൊഴിൽ സമയം കൂട്ടാതിരിക്കാനും നിയമം മൂലം ഉള്ള നിയന്ത്രണങ്ങൾ ഉണ്ട്; മിനിമം വേതനം, എന്നതും എട്ട് മണിക്കൂർ ജോലി എന്ന നിഷ്‌കർഷയും ഒക്കെ മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രേരണയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ നേടിയെടുത്തതാണ് എന്ന് നമുക്ക് അറിയാം.

ഇന്ന് അത്തരം തൊഴിലാളി സുരക്ഷാ കവചങ്ങൾ തകർക്കപ്പെടുന്ന സ്ഥിതി ഉണ്ട്. തൊഴിലിന്റെ താൽക്കാലികവൽക്കരണം എന്നത് ഒരു സമകാലിക യാഥാർഥ്യമാണ്. പല നവ തൊഴിൽ പ്ലാറ്റുഫോമുകളും തൊഴിലാളിക്ക് മാസം ഇത്ര വേതനം എന്നുറപ്പുനൽകുന്നില്ല, മിനിമം കൂലി എന്നത് അവർക്ക്‌ കേട്ടുകേൾവി ഇല്ലാത്തതാണെന്നുതോന്നും അവരുടെ പ്രവർത്തനം കണ്ടാൽ. കൂലിയും തൊഴിലിന്റെ അളവും തമ്മിലുള്ള ബന്ധംപോലും ഇന്ന് നേർത്തതായിക്കഴിഞ്ഞിരിക്കുന്നു.

ഭക്ഷ്യ ആപ്പിനുവേണ്ടി പ്രവർത്തിക്കുന്ന ഡെലിവറി ബോയ്‌ക്ക്‌ ഒരു ദിവസം അഞ്ചുകിലോമീറ്റർ യാത്ര ചെയ്തുള്ള ഡെലിവെറിക്ക് അമ്പത് രൂപ ലഭിച്ചു എങ്കിൽ, അടുത്ത ദിവസം അഞ്ച്‌ കിലോമീറ്റർ ദൂരം യാത്ര ആവശ്യപ്പെടുന്ന ഡെലിവെറിക്ക് അത്ര ലഭിക്കണം എന്നില്ല. ആപ്പ് പറയുന്നത് ചിലപ്പോൾ മുപ്പതുരൂപ എന്നാവാം, ചിലപ്പോൾ അമ്പത്തഞ്ച് എന്നും ആവാം. അതേസമയം ചിലപ്പോൾ തൊട്ടടുത്തുള്ള മറ്റൊരു ഡെലിവറി സ്വീകരിക്കുകയാണെങ്കിൽ അമ്പത് രൂപ കിട്ടിയെന്നും വരാം. അൽഗോരിതം ആണ് ഇതൊക്കെ തീരുമാനിക്കുന്നത്, അവയുടെ അടിസ്ഥാനമായിട്ടുള്ള നിർമിത ബുദ്ധി യുക്തിയിലൂടെ കണ്ണോടിക്കാം.

ആയിരക്കണക്കിന് തൊഴിലാളികൾ ഓരോ ദിവസവും തൊഴിലെടുക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന വൻതോതിൽ ഉള്ള വിവരശേഖരങ്ങളാണ് തൊഴിൽ പ്ലാറ്റുഫോമിലെ നിർമിത ബുദ്ധി അൽഗോരിതങ്ങളുടെ അസംസ്കൃതവസ്തുശേഖരം. അത്തരം വിവരശേഖരങ്ങളിൽ നിന്നുള്ള ‘ഇന്റലിജൻസ്’ ഉപയോഗിച്ച് തൊഴിലാളിക്ക് പരമാവധി വേതനം കുറച്ചു നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നിർമിത ബുദ്ധി അൽഗോരിതങ്ങൾ നിർമിച്ചിട്ടുള്ളത് എന്ന് പൊതുവിൽ പറയാം.

ഇവയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന യുക്തികളെ രണ്ടായി കാണാം: വിപണി കാര്യക്ഷമത, തൊഴിലാളിയുടെ സ്വഭാവ സവിശേഷതകളുടെ അപഗ്രഥനം. ഇവ രണ്ടും ഇഴചേർന്നാണ് പ്രവർത്തിക്കുന്നത് എങ്കിലും ഇവിടെ നമുക്ക് രണ്ടും വ്യത്യസ്തമായി തന്നെ കൈകാര്യം ചെയ്യാം.

ഭക്ഷ്യ ആപ്പുകൾക്ക്‌ തങ്ങളുടെ ഡെലിവറി തൊഴിലാളികൾ ഓരോ നിമിഷവും എവിടെയാണുള്ളത് എന്ന് നിരീക്ഷണത്തിലൂടെ വ്യക്തമായി അറിയാം എന്ന് നേരത്തെ അപരവൽക്കരണത്തിനെക്കുറിച്ചുള്ള ഭാഗത്ത്‌ നിരീക്ഷിച്ചുവല്ലോ. ധാരാളം ഡെലിവറി തൊഴിലാളികൾ ഉള്ള പ്രദേശത്താണ് തൊഴിലാളിയുടെ ഡെലിവറി സേവനം വേണ്ടതെങ്കിൽ ആപ്പിന് ആ പ്രവൃത്തിക്കുള്ള കൂലി കുറഞ്ഞ രീതിയിൽ ക്രമീകരിക്കാം. ആദ്യത്തെയാൾ സ്വീകരിച്ചില്ലെങ്കിൽ ആ പണി രണ്ടാമെത്തെയാൾ ഏറ്റെടുത്തോളും, അതുമല്ലെങ്കിൽ മൂന്നാമത്തെ തൊഴിലാളി. 

കുറെ തൊഴിലാളികൾ ഉള്ള പ്രദേശം ആയതുകൊണ്ട് ആരും ഏറ്റെടുക്കാതിരിക്കാനുള്ള സാധ്യത കുറവാണെന്ന്‌ വ്യക്തം. തൊഴിലാളികളുടെ ബാഹുല്യത്തെ അവരുടെ കൂലി കുറക്കാൻ ഉപയോഗിക്കുന്ന ഈ യുക്തി വിപണിയിലെ സപ്ലൈ ഡിമാൻഡ് സമവാക്യത്തിന്റെ ഒരു പ്രയോഗമാണ്.

സഞ്ചാര ആപ്പുകളിൽ ഇത്തരം സപ്ലൈ ഡിമാൻഡ് സമവാക്യ ഉപയോഗം ഒരു പരിധി വരെ സുതാര്യമാണ്, സർജ് ഫെയർ (ഡിമാൻഡ് കൂടുമ്പോൾ ഈടാക്കുന്ന ഉയർന്ന നിരക്ക്) നമുക്ക് പരിചിതമാണ്. പക്ഷേ, ഭക്ഷ്യ ആപ്പുകളിൽ ഇതിന്റെ ഉപയോഗരീതികളിൽ സുതാര്യത തീരെയില്ല എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഈ രീതിയിൽ സപ്ലൈ ഡിമാൻഡ് സമവാക്യം പ്രാവർത്തികമാക്കാൻ കഴിയുന്നത് തൊഴിലാളികളുടെ അനുനിമിഷം ഉള്ള സ്ഥാനം ലഭ്യമാവുന്നതുകൊണ്ടാണ് എന്നതും കാണേണ്ടതുണ്ട്. തൊഴിലാളികൾ അധികം ഇല്ലാത്ത പ്രദേശത്തെ തൊഴിലുകൾക്ക് കൂടുതൽ കൂലി ലഭിച്ചേക്കാം.

പല തൊഴിലാളികളും ഇത്തരത്തിൽ ഉള്ള അൽഗോരിതം യുക്തി മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തൊഴിലാളികൾ കുറച്ചു ‘ചിതറി’ സ്ഥാനം പിടിച്ചാൽ താരതമ്യേന കൂലി അധികം ലഭിക്കാൻ സാധ്യതയുണ്ടെന്ന് അവർ മനസ്സിലാക്കുന്നു. അധികം കൂലി എന്നതിന് ഇതര തൊഴിൽമേഖലകളിലെ നിയതമായ മിനിമം വേതനവുമായി ബന്ധമില്ല എന്നതും ഓർക്കണം; പലപ്പോഴും ഒരു മണിക്കൂർ യാത്ര ചെയ്യുന്ന ഒരു ഡെലിവറി തൊഴിലാളിക്ക് പെട്രോൾ ചെലവ് കഴിഞ്ഞുകിട്ടുന്നത് അമ്പത്‌ രൂപ വരെയാവാം എന്ന് ഈ മേഖലയിലെ ഒരു സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു.

പ്രാദേശികമായ സപ്ലൈ ഡിമാൻഡ് ചലനങ്ങൾ അനുസരിച്ച്‌ കൂലി ക്രമീകരിച്ചു തൊഴിലാളികളെ അത്തരം യുക്തിക്ക്‌ പാകപ്പെടുത്തുന്നതിലൂടെ ആപ്പ് പ്ലാറ്റ്‌ഫോമിന് ഉള്ള ഒരു ഗുണം സാമാന്യം വലിയൊരു പ്രദേശത്തെ എല്ലായിടത്തും തങ്ങളുടെ ഓർഡർ നിറവേറ്റാൻ തൊഴിലാളികളുടെ ലഭ്യത ഉറപ്പു വരുത്താം എന്നതാണ്. തൊഴിലാളിയുടെ കാര്യത്തിൽ പക്ഷേ, ഇതിന്റെ പ്രധാന ഫലം എന്നത് അടുത്തുവരുന്ന ഓർഡറിന്റെ കൂലി നിരക്കിനെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥയാണ്.

കുറഞ്ഞ കൂലി നിരക്കിൽ ഉള്ള ഓർഡർ ആണ് വരുന്നതെങ്കിൽ അയാൾ എന്താണ് മനസ്സിലാക്കേണ്ടത്? മാറി മറ്റൊരു സ്ഥലത്ത്‌ സ്ഥാനം പിടിക്കണം എന്നാണോ? ഇനി അങ്ങനെ സ്ഥാനം പിടിച്ചാലും അവിടെ നല്ല കൂലി കിട്ടും എന്നുറപ്പുണ്ടോ? അതോ രണ്ടും കൽപ്പിച്ച്‌ കുറഞ്ഞ കൂലി നിരക്കിൽ വന്ന ഓർഡർ സ്വീകരിക്കണോ?

നിരന്തരം തൊഴിലാളിയെ ആശയക്കുഴപ്പത്തിലും മാനസികസംഘർഷത്തിലും ആക്കുക എന്നതാണ് ഈ വിപണി യുക്തി ഉപയോഗിക്കുന്നതിലൂടെ ആപ്പ് പ്ലാറ്റുഫോമുകൾ ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഗുണം ആപ്പിനും ദോഷം തൊഴിലാളികൾക്കും. തൊഴിലാളികളെ ചിതറിച്ചു നിർത്തുന്നതുന്നതിലൂടെ ആപ്പിന് മറ്റൊരു പരോക്ഷ ഗുണം കൂടിയുണ്ട്. തൊഴിലാളികൾ പരസ്പരം കണ്ടുമുട്ടുന്നതും സംഭാഷണത്തിലേർപ്പെടുന്നതും പരിമിതപ്പെടുന്നു.

ചാർളി ചാപ്ലിൻ മോഡേൺ ടൈംസിൽ

ചാർളി ചാപ്ലിൻ മോഡേൺ ടൈംസിൽ

ഇടതുരാഷ്ട്രീയത്തിൽ തൊഴിലാളികൾ തമ്മിൽ ഉള്ള കൂട്ടായ്മകൾക്കും യൂണിയനുകൾക്കും വലിയ പ്രാധാന്യം ഉണ്ടെന്ന്‌ നമുക്കറിയാം. ഇത്തരം കൂട്ടായ്മകളിലൂടെയാണ് വർഗപരമായ പ്രതിസന്ധികൾ ചർച്ച ചെയ്യാനും, അവയെ നേരിടുന്നതിൽ തൊഴിലാളികൾ തമ്മിൽ ഐക്യദാർഢ്യം രൂപപ്പെടുത്താനും, കൂട്ടായ്മയുടെ ബലം ഉപയോഗിച്ച് തൊഴിൽദാതാവുമായി തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാനും സാധിക്കുക. നവ പ്ലാറ്റുഫോം തൊഴിലാളികൾക്കിടയിൽ യൂണിയനുകൾ ഉണ്ടെങ്കിലും അവയുടെ ശേഷി താരതമ്യേന കുറഞ്ഞുനിൽക്കുന്നത് തൊഴിലാളികൾക്ക് നേരിട്ട് കാണാനും സംസാരിക്കാനും ഉള്ള അവസരങ്ങൾ പരിമിതങ്ങളായതുകൊണ്ടും കൂടി ആവാം.

നമുക്ക് അടുത്ത വിഷയമായ സ്വഭാവ അപഗ്രഥനം എന്നതിലേക്ക് കടക്കാം. ഡെലിവറി തൊഴിലാളിയുടെ അനുനിമിഷം ഉള്ള ജിപിഎസ് സ്ഥാനം മാത്രമല്ല ആപ്പ് ശേഖരിക്കുന്നത്. തൊഴിലാളി എപ്പോഴൊക്കെ ആപ്പ് തുറക്കുന്നു, എന്തൊക്കെ നോക്കുന്നു, എന്ത് ക്ലിക്കുകൾ ആണ് ചെയ്യുന്നത് എന്നതൊക്കെ ആപ്പുകളുടെ വിവരശേഖരത്തിൽ സമാഹരിക്കുന്നുണ്ട്. അങ്ങനെയുള്ള ചില വിവരങ്ങൾ ആപ്പിന്റെ പ്രവർത്തനത്തിന് ഉപയോഗപ്രദമാണ്. ഉദാഹരണത്തിന്, തൊഴിലാളി ഇടക്കിടെ ആപ്പ് നോക്കുന്നുണ്ടെങ്കിൽ അയാൾ ഒരുപക്ഷേ, പുതിയ ഓർഡറിനായി ആകാംക്ഷാഭരിതനാണ് എന്ന് ആപ്പിന് മനസ്സിലാക്കാൻ സാധിക്കും.

പക്ഷേ, ഇതിനേക്കാൾ ഉപരി ഇത്തരം സൂക്ഷ്മവിവരശേഖരങ്ങൾ മറ്റൊരുതരത്തിൽ ഉള്ള നിർമിതബുദ്ധിക്കുള്ള വളം കൂടിയാണ്. ഓരോ തൊഴിലാളിയുടെയും തൊഴിൽ സമയം, ഊണ് കഴിക്കുന്ന സമയം, കൂടുതൽ സമയം ചെലവഴിക്കാൻ താൽപ്പര്യപ്പെടുന്ന സ്ഥലം എന്നിവയും നിരവധിയായ സ്വഭാവസവിഷേതകളും ഈ വിവരശേഖരങ്ങളുടെ മേലെ പ്രവർത്തിക്കുന്ന നിർമിതബുദ്ധിയിലൂടെ മനസ്സിലാക്കാൻ സാധിക്കും.

ഈ നിർമിതബുദ്ധി ശാഖയെ പലപ്പോഴും  behavioral analytic എന്ന് വിളിക്കാറുണ്ട്. ഇതിലൂടെ പലപ്പോഴും തൊഴിലാളികളെ സ്വഭാവസവിശേഷതകൾ പ്രകാരം പല വർഗങ്ങളായി തരംതിരിക്കാൻ സാധിക്കും.

ചില തൊഴിലാളികൾ കുറച്ചുനേരം അലസരായിരുന്നുകഴിഞ്ഞാൽ പെട്ടെന്ന് ഒരുപക്ഷേ, അസ്വസ്ഥരാവും, ഇടക്കിടെ ആപ്പ് തുറന്നുനോക്കും, ആ അസ്വസ്ഥതയിൽ ചിലപ്പോൾ കുറഞ്ഞ വേതന നിരക്കിൽ ഒരു ഓർഡർ പൂർത്തിയാക്കാൻ അവർ സന്നദ്ധരായേക്കും, ആ സാധ്യത ഉപയോഗിച്ച് ആപ്പിന് വേതനം കുറച്ച്‌ ലാഭം വർധിപ്പിക്കാം. മറ്റു ചില തൊഴിലാളികൾ വൈകുന്നേരം ആവുമ്പോൾ വീട്ടിലേക്ക്‌ പോകാനുള്ള വ്യഗ്രതയിൽ വീടിന്റെ ദിശയിലേക്കുള്ള ഡെലിവറി ഓർഡർ സ്വീകരിക്കാൻ വലിയ താൽപ്പര്യം പ്രകടിപ്പിച്ചേക്കാം.

അത് മനസ്സിലാക്കുന്ന ആപ്പിന് അവിടെയും വേതന നിരക്കിൽ കുറവ് വരുത്തി പരീക്ഷിക്കാവുന്നതാണ്. ഈ ആപ്പ് സ്ഥിതി ചെയ്യുന്നത് തൊഴിലാളിയുടെ സ്വന്തം സ്മാർട്ട് ഫോണിൽ ആണെന്നുള്ളത് തൊഴിലിനായി ലോഗിൻ ചെയ്യാത്തപ്പോഴും തൊഴിലാളിയുമായി ബന്ധപ്പെടാനുള്ള സാഹചര്യം ആപ്പിന് ഒരുക്കുന്നുണ്ട്.

അൽഗോരിതം മുഖേന ഓരോ തൊഴിലാളിയെയും ആപ്പിന് വേണ്ടപ്പോൾ ആകർഷിക്കാൻ ഓഫറുകൾ നൽകുക എന്നതിനുള്ള സാധ്യതയാണ് ഇതിലൂടെ തുറക്കുന്നത്. തൊഴിലാളി ഏറ്റവും സ്വതന്ത്രൻ ആണ്, അപ്പോൾ വേണമെങ്കിൽ ജോലി തുടങ്ങാം, അവസാനിപ്പിക്കാം എന്ന മോഹനവാഗ്‌ദാനങ്ങളുമായി വരുന്ന നവ തൊഴിൽ പ്ലാറ്റുഫോമുകൾ നിർമിത ബുദ്ധി അധിഷ്ഠിത സ്വഭാവ അപഗ്രഥനത്തിലൂടെ തൊഴിലാളിയുടെ സ്വാതന്ത്ര്യം സമർഥമായി കവർന്നെടുക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം.

ഒരു തൊഴിലാളിയെക്കൊണ്ട് ഒരു ദിവസം പണിക്കിറങ്ങിക്കണമെങ്കിൽ ഒരു പുതിയ ഓഫർ നൽകിയാൽ മതി. അതിപ്പോൾ ‘ഇന്ന് ആറു മണിക്കൂർ ലോഗിൻ ചെയ്‌താൽ ഇരുന്നൂറുരൂപ ബോണസ്’ എന്നതൊക്കെ ആവാം.

തൊഴിലിന്റെ അളവും വേതനവും തമ്മിൽ ഉള്ള ബന്ധം നേർത്തതാക്കുന്നതിലൂടെയാണ് ഇതൊക്കെ സാധ്യമാവുന്നത് എന്ന് ഓർക്കണം; ഒരു മണിക്കൂർ തൊഴിലിന്‌ ഇത്ര രൂപ എന്ന വേതന നിരക്ക് നിഷ്‌കർഷിക്കപ്പെട്ടാൽ ഇഷ്ടം പോലെ വേതനം കുറച്ച്‌ പകരം ചില ചെറിയ ചെറിയ ഓഫറുകൾ നൽകി തൊഴിലാളിയെ വരുതിയിലാക്കാൻ ഈ പ്ലാറ്റുഫോമുകൾക്കു കഴിയില്ല എന്ന് കാണുക.

തൊഴിലാളിയുടെ സ്വഭാവസവിഷേതകൾ മനസ്സിലാക്കുന്നതിലൂടെ ഈ ‘ഓഫർ അലെർട്’ മുഖേന സ്മാർട്ട് ഫോണിൽ എപ്പോൾ ദൃശ്യമാക്കിയാൽ ആണ് അയാൾ അതിനെ അനുസരിക്കാൻ ഏറ്റവും സാധ്യത കൂടുതൽ എന്നൊക്കെ മനസ്സിലാക്കാൻ ഈ വിശാലമായ വിവരശേഖരം ഉള്ളപ്പോൾ വളരെ എളുപ്പമാണ്. സ്വാതന്ത്ര്യം എന്ന വാഗ്‌ദാനവും യാഥാർഥ്യത്തിൽ നടപ്പിലാക്കുന്ന പാരതന്ത്ര്യവും നവ തൊഴിൽ പ്ലാറ്റുഫോമുകളുടെ മുഖമുദ്രയാണ്. ഇതിനെ ചില ഗവേഷകർ autonomy parado എന്ന് ഏറ്റവും കൃത്യമായ രീതിയിൽ നിരീക്ഷിക്കുന്നുണ്ട്.

തൊഴിലാളിയുടെ ആരോഗ്യം

മാർക്സ് തന്റെ പഠനങ്ങളിൽ ഏറ്റവും അടുത്ത് നിരീക്ഷിച്ച ഒരു മേഖലയാണ് ഇംഗ്ലണ്ടിലെ ഫാക്ടറികളിലെ സാഹചര്യങ്ങളിൽ ഉള്ള തൊഴിലാളി ചൂഷണം. ഈ ചൂഷണത്തെ ഏറ്റവും വ്യക്തമായി ചിത്രീകരിക്കാൻ അദ്ദേഹം ഉപയോഗിച്ച രീതി തൊഴിലാളികൾക്കിടയിൽ ആരോഗ്യനിലവാരത്തിന്റെ ഏറ്റക്കുറച്ചിലുകൾ വിശകലനം ചെയ്യുക എന്നതാണ്. അദ്ദേഹം പലപ്പോഴും കണ്ടെത്തിയ വസ്തുതകൾ ഞെട്ടിക്കുന്നതാണ്.

മുതലാളിത്ത രീതിയിലെ ഫാക്ടറി നടത്തിപ്പ് ശക്തിപ്പെട്ടതോടെ ഏതാനും ദശകങ്ങൾകൊണ്ട് തൊഴിലാളികൾക്കിടയിലെ ആയുർദൈർഘ്യത്തിൽ വലിയ താഴ്ചയും തൊഴിലാളികളുടെ മക്കൾക്കിടയിൽ വലിയ തോതിലുള്ള പോഷകാഹാര ക്കുറവും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. സമാനമായ പ്രതിസന്ധികൾ നിർമിത ബുദ്ധി അധിഷ്ഠിത തൊഴിൽ പ്ലാറ്റുഫോമുകൾ സൃഷ്ടിക്കുന്നുണ്ടോ എന്ന് ചോദിക്കാവുന്നതാണ്.

ഇടതുരാഷ്ട്രീയത്തിന്റെ അക്ഷീണമായ പ്രവർത്തനത്തിലൂടെ ഇതര സംസ്ഥാനങ്ങളെക്കാൾ നല്ല ആരോഗ്യസ്ഥിതിയുള്ള കേരളത്തിൽ ഒരുപക്ഷേ, ഈ നവതൊഴിൽ പ്ലാറ്റുഫോമുകൾ വലിയ തോതിലുള്ള ശാരീരിക ആരോഗ്യപ്രതിസന്ധികൾ സൃഷ്ടിക്കില്ലായിരിക്കാം. പക്ഷേ, ഇന്നത്തെ തൊഴിൽ രംഗത്ത് നവ തൊഴിൽ പ്ലാറ്റുഫോമുകൾ കൊണ്ടുവരുന്ന രീതികളിലൂടെ തൊഴിലാളികൾക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന വലിയ അനിശ്ചിതാവസ്ഥകൾ കാണാതിരുന്നുകൂടാ.

ലഭിക്കുന്ന തൊഴിലിന്റെ അളവ്, അതിന്റെ വേതന നിരക്ക്, മെച്ചപ്പെട്ട വേതനം ലഭിക്കാൻ സ്ഥാനം മാറി നിൽക്കണോ എന്നുവേണ്ട തൊഴിലുമായി ബന്ധമുള്ള ഓരോ കാര്യത്തിലും കടുത്ത അനിശ്ചിതാവസ്ഥയാണ് ഇന്ന് നിർമിത ബുദ്ധി പ്ലാറ്റുഫോം തൊഴിലാളി അഭിമുഖീകരിക്കുന്നത്.

ഇതൊക്കെ ഏറ്റവും നേരിട്ട് ബാധിക്കുന്നത് അവരുടെ മാനസിക ആരോഗ്യത്തെ ആയിരിക്കും എന്ന് നമുക്ക് സ്വാഭാവികമായും അനുമാനിക്കാവുന്നതാണ്. ഏതാനും വർഷങ്ങൾകൊണ്ട് ഇവ നമ്മുടെ തൊഴിലാളികൾക്കിടയിൽ വലിയ മാനസിക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കണം എന്നുണ്ടെങ്കിൽ ഇവയുടെ രീതികൾക്കെതിരായ സാമൂഹിക ബോധം ഉയർന്നു വരേണ്ടതുണ്ട്.

ഉപസംഹാരം

നാം തുടങ്ങിയത് മാർക്സിന്റെ ഒരു ഉദ്ധരണിയിൽ നിന്നാണ്. മുതലാളിത്തത്തിന്റെ പാരമ്യത്തിൽ നടപ്പിൽ വരുന്നത് തൊഴിലിന്റെ അമാനവവൽക്കരണം ആയിരിക്കും എന്ന മാർക്സിന്റെ പ്രവചനാത്മക നിരീക്ഷണം ഒരു പരിധി വരെ ഇന്ന് സമകാലിക ലോകത്തെ യാഥാർഥ്യമാണ്. നിർമിത ബുദ്ധി അധിഷ്ഠിത നവ തൊഴിൽ പ്ലാറ്റുഫോമുകൾ ഈ പ്രതിഭാസത്തിന്റെ ഏറ്റവും മൂർച്ചയുള്ള ഉദാഹരണങ്ങളായി നമ്മുടെ മുന്നിൽ പ്രവർത്തിക്കുന്നു. മാർക്സിന്റെ ആ ഉദ്ധരണിയിൽ തീരുന്നതല്ല നിർമിത ബുദ്ധി അധിഷ്ഠിത നവ തൊഴിൽ പ്ലാറ്റുഫോമുകളും മാർക്സിയൻ വിശകലനങ്ങളുമായുള്ള ബന്ധം എന്നും നാം നിരീക്ഷിക്കുകയുണ്ടായി.

തൊഴിലാളിയുടെ തൊഴിലിടത്തെ അന്യവൽക്കരണം എന്ന മാർക്സിയൻ ആശങ്ക ഫാക്ടറിയിൽ നടപ്പിലാക്കാൻ കഴിയുന്നതിലും ഒരുപക്ഷേ, കൂടുതൽ സാന്ദ്രതയിൽ വിവരാധിഷ്ഠിത നിർമിത ബുദ്ധിയിലൂടെ പ്ലാറ്റുഫോമുകൾക്ക്‌ സേവനമേഖലയിൽ നടപ്പിൽ വരുത്താൻ കഴിയുന്നുണ്ട്. ഇതുകൂടാതെ വലിയ വിവരനിരീക്ഷണ സംവിധാനം കൂടി ഇവയിൽ പ്രവർത്തിക്കുന്നുണ്ട് എന്നത് മറ്റു പല രീതിയിലുള്ള തൊഴിലാളി ചൂഷണത്തിനുള്ള വഴിയും തുറക്കുന്നുണ്ട്.

അനുനിമിഷം ഉള്ള തൊഴിലാളിയുടെ സ്ഥാനം ജിപിഎസിലൂടെ അറിയുന്നതിലൂടെ വളരെ സൂക്ഷ്മമായ രീതിയിലും തൊഴിലാളി വിരുദ്ധമായ രീതിയിലും വിപണി കാര്യക്ഷമതയിലൂന്നിയ നവലിബറൽ ആശയങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ട്.

തൊഴിലാളിയുടെ ഓരോ  ക്ലിക്കും നിരീക്ഷിക്കുന്നതിലൂടെ തൊഴിലാളികളുടെ സ്വഭാവ അപഗ്രഥനം വിശദമായ രീതിയിൽ നിർമിത ബുദ്ധിയിലൂടെ നടപ്പിൽ വരുത്തുകയും അതിലൂടെ തൊഴിലാളിയുടെ സ്വാതന്ത്ര്യം നിഷേധിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നുമുണ്ട്. തൊഴിൽ മേഖലയെ തൊഴിലാളിക്ക് അനിശ്ചിതാവസ്ഥയും ആശങ്കയും നിറഞ്ഞതാക്കുന്ന ഈ രീതികൾ കാലക്രമേണ തൊഴിലാളി സമൂഹത്തിന്റെ മാനസിക ആരോഗ്യത്തിലും പ്രതിഫലിക്കും എന്ന ആശങ്ക കൂടി നിലനിൽക്കുന്നുണ്ട്.

തൊഴിലാളിയുടെ ഓരോ  ക്ലിക്കും നിരീക്ഷിക്കുന്നതിലൂടെ തൊഴിലാളികളുടെ സ്വഭാവ അപഗ്രഥനം വിശദമായ രീതിയിൽ നിർമിത ബുദ്ധിയിലൂടെ നടപ്പിൽ വരുത്തുകയും അതിലൂടെ തൊഴിലാളിയുടെ സ്വാതന്ത്ര്യം നിഷേധിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നുമുണ്ട്. തൊഴിൽ മേഖലയെ തൊഴിലാളിക്ക് അനിശ്ചിതാവസ്ഥയും ആശങ്കയും നിറഞ്ഞതാക്കുന്ന ഈ രീതികൾ കാലക്രമേണ തൊഴിലാളി സമൂഹത്തിന്റെ മാനസിക ആരോഗ്യത്തിലും പ്രതിഫലിക്കും എന്ന ആശങ്ക കൂടി നിലനിൽക്കുന്നുണ്ട്. ഈ പറയുന്ന പ്രതിസന്ധികൾ നടപ്പിൽ വരുത്തുന്നത് നിർമിത ബുദ്ധിയിലൂടെയാണെങ്കിലും അവയുടെ മൂലകാരണം മുതലാളിത്തം തന്നെയാണ് എന്ന്‌ മനസ്സിലാക്കുന്നതിൽ വലിയ പ്രസക്തിയുണ്ട്. മുതലാളിത്ത ചൂഷണത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ അതിശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ നിർമിത ബുദ്ധി ഒരു ഉപകരണം (ആയുധം എന്നും പറയാം, തൊഴിലാളികൾക്കെതിരെയുള്ള ഒരു ആയുധം) ആവുന്നു എന്ന് മാത്രം. ഈ കാലത്തെ ഒരു പ്രധാന സാങ്കേതിക വിദ്യയായ നിർമിത ബുദ്ധിയെ തൊഴിലാളി ക്ഷേമം, സമൂഹ നന്മ എന്ന ലക്ഷ്യം  മുൻനിർത്തി പുനർ രൂപകൽപ്പന ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണ്  .

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top