23 September Thursday

ഇല്ലാത്ത ജാരനും വല്ലാത്ത ഭർത്താക്കന്മാരും

സൗമ്യ വി എസ്‌Updated: Saturday Jun 26, 2021പങ്കാളിയുടെ ‘ഇല്ലാത്ത ജാരനെ’ എന്നും അന്വേഷിച്ചിരുന്നു അയാൾ... ‘സിഗററ്റിന്റെ മണം’ തോന്നലാണെന്ന്‌ ഭാര്യ പറഞ്ഞാൽ അയാൾ കലിതുള്ളും. സംഹാരതാണ്ഡവമാടും. ഭാര്യയുടെ എഴുപതുപിന്നിട്ട അമ്മാവനെവരെ സംശയിച്ച്‌ തുടങ്ങിയതോടെ മക്കളാണ്‌ അമ്മയോടു പറഞ്ഞത്‌ കൗൺസലറെ കാണാൻ. 25 വർഷം ഒരുമിച്ച്‌ ജീവിച്ചിട്ടും അമ്പതുപിന്നിട്ട ആ വിദ്യാസമ്പന്നന്‌ ഭാര്യയുടെ ‘മനസ്സ്‌ കാണാൻ’ കോട്ടയത്തെ ഒരു കൗൺസലർ വേണ്ടിവന്നു. അവരുടെ വാക്കിലൂടെ അയാൾ തന്റെ ഉള്ളിലെ വില്ലനെ തിരിച്ചറിഞ്ഞ്‌ പടിയിറക്കിവിട്ടു. അല്ലായിരുന്നുവെങ്കിൽ...

സ്‌ത്രീധന പീഡനങ്ങളും സംശയരോഗ കൊലകളും വർധിക്കാൻ പുറത്തറിയാത്ത കാരണങ്ങളുമുണ്ടെന്നാണ്‌ മാനസികാരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ. പങ്കാളിയോട്‌ നിരന്തരം ക്രൂരമായി പെരുമാറുന്നത്‌  മാനസികരോഗമാണ്‌. മലയാളി പുരുഷന്റെ  ‘മാനസികാരോഗ്യ’ നിലവാരം ചർച്ചയാകാത്തത്‌ വിചിത്രമാണെന്ന്‌ ഈരംഗത്തെ വിദഗ്‌ധർ പറയുന്നു. 

‘‘10 വർഷത്തിനിടെ കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ, മാനസിക നിലവാരം അടിമുടി മാറി. പെൺകുട്ടികൾ വൻമുന്നേറ്റം കൈവരിച്ചു. പക്ഷേ, ആൺകുട്ടികൾ അപകർഷതാ ബോധത്തിൽനിന്ന്‌ കരകയറിയിട്ടില്ല. സംശയരോഗവും  ശാരീരിക അതിക്രമവും വർധിക്കാൻ ഒരു കാരണമിതാണ്‌  ’’–- കോട്ടയത്തെ കൗൺസലറും ഇപ്‌കായ്‌ (ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ പേഴ്‌സൺ സെന്റേഡ്‌ അപ്രോച്ചസ്‌ ഇൻ ഇന്ത്യ) ഡയറക്ടറുമായ ഡോ. മാത്യു കണമല പറയുന്നു.

  ‘‘ചെറുപ്പംമുതൽ കുടുംബത്തിൽനിന്ന്‌ കിട്ടുന്ന അനാവശ്യ പ്രിവിലേജ്‌ സ്‌ത്രീ തന്നേക്കാൾ താഴെയാണെന്ന ചിന്താഗതി ആൺകുട്ടികളിൽ വളർത്തും. സ്‌ത്രീയെ  ഉപഭോഗവസ്‌തുവായി കാണുന്നതും ബഹുമാനിക്കാൻ പഠിപ്പിക്കാത്തതുമാണ്‌ ശാരീരിക മാനസിക അതിക്രമങ്ങളിലേക്ക്‌ അവരെ കൊണ്ടെത്തിക്കുന്നത്‌ ’’–- കോട്ടയം  മെഡിക്കൽ കോളേജ്‌ മാനസികാരോഗ്യ വിഭാഗം തലവൻ ഡോ. വർഗീസ്‌ പുന്നൂസ്‌ പറഞ്ഞു.

അപകർഷതാ ബോധം, സങ്കുചിത ചിന്താഗതി, മാനസിക വൈകല്യങ്ങൾ, വർധിച്ച ലഹരി ഉപയോഗം ഇവയൊക്കെ പീഡനങ്ങൾക്ക്‌ പിന്നിലെ വില്ലനാണ്‌. ഇണയെ സ്‌നേഹിക്കാനും പിന്തുണയ്‌ക്കാനും കഴിയാതായാൽ അടിച്ചമർത്തി ആധിപത്യം സ്ഥാപിക്കാനാകും ശ്രമം. എതിർക്കാനും ചോദ്യംചെയ്യാനും തുടങ്ങുമ്പോൾ  ശാരീരിക അതിക്രമത്തിലേക്ക്‌ കടക്കും. അതിലൂടെ ആനന്ദം കണ്ടെത്തും. കുടുംബാംഗങ്ങളുടെ മൗനസമ്മതം പ്രേരണകൂട്ടും.

സമൂഹത്തെ 
‘പേടി’ക്കുന്നവർ
സ്‌ത്രീകൾക്കെതിരായ മാനസിക –- ശാരീരിക പീഡനങ്ങളെ സമൂഹത്തെ പേടിച്ച്‌  ‘ഒത്തുതീർക്കു’കയാണ് പതിവ്‌.  മനോവൈകല്യങ്ങളെ കൗൺസലിങ്ങും ചികിത്സയും നൽകിയാണ്‌ മാറ്റേണ്ടതെന്ന്‌ തിരിച്ചറിയണം. വിവാഹത്തോടെ മറ്റൊരു വീട്ടിലേക്ക്‌ പറിച്ചുനടപ്പെടുന്ന സ്‌ത്രീകൾക്ക്‌  വൈകാരിക –- മാനസിക പിന്തുണ  പലപ്പോഴും കിട്ടുന്നില്ല. ‘സഹധർമിണി’യായി കാണാതെ ഭാര്യ ഭരിക്കപ്പെടേണ്ടവളാണെന്ന പരമ്പരാഗത ചിന്താഗതിയും

വേണം, വിവാഹപൂർവ കൗൺസലിങ്ങും
വിവാഹപൂർവ കൗൺസലിങ്‌ ഇല്ലാത്തത്‌ പ്രശ്‌നങ്ങൾക്ക്‌ കാരണമാണ്‌. ദാമ്പത്യം ‘കൂട്ട്‌’ ആണെന്ന്‌ ബോധ്യപ്പെടണം. അടുത്തിടെയുണ്ടായ ഗാർഹിക അതിക്രമക്കേസുകളിൽ യുവാക്കളാണ്‌ മുന്നിൽ. നല്ല ബന്ധങ്ങൾക്ക്‌ ‘ പോസ്‌റ്റ്‌ മാരിറ്റൽ കൗൺസലിങ്ങും’ പ്രധാനമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top