02 August Monday

ഡാനിഷ്‌ ഇനിയില്ല; ആ ചിത്രങ്ങൾ മാത്രം

വെബ് ഡെസ്‌ക്‌Updated: Friday Jul 16, 2021

image credit Danish Siddiqui twitter

- ‘തങ്ങൾക്ക്‌ എത്തിച്ചേരാനാകാത്ത ഇടങ്ങളിൽനിന്നുള്ള വാർത്തകൾ കാണാനും അറിയാനും ആഗ്രഹിക്കുന്ന സാധാരണക്കാർക്കായാണ്‌ ചിത്രങ്ങളെടുക്കുന്നത്‌’
ഡാനിഷ്‌ സിദ്ദിഖി


ന്യൂഡൽഹി
ലോകത്തെയാകെ സ്തബ്‌ധമാക്കിയ ചിത്രങ്ങളാണ്‌ ഡാനിഷ്‌ സിദ്ദിഖിയുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തത്‌. അതിനുള്ള അംഗീകാരമായിരുന്നു മാധ്യമരംഗത്തെ നൊബേലെന്ന്‌ വിശേഷണമുള്ള 2018ലെ പുലിറ്റ്‌സർ സമ്മാനം. ഈ അന്താരാഷ്ട്ര അംഗീകാരംനേടുന്ന ആദ്യ ഇന്ത്യൻ ഫോട്ടോജേർണലിസ്‌റ്റ്‌. ‘തങ്ങൾക്ക്‌ എത്തിച്ചേരാനാകാത്ത ഇടങ്ങളിൽ നിന്നുള്ള വാർത്തകൾ കാണാനും അറിയാനും ആഗ്രഹിക്കുന്ന സാധാരണക്കാർക്കായാണ്‌ ചിത്രങ്ങളെടുക്കുന്നത്‌’–- റോയിട്ടേഴ്‌സ്‌ വെബ്സൈറ്റിൽ സ്വയം പരിചയപ്പെടുത്തിയ ലഘുവിവരണത്തിൽ ഡാനിഷ്‌ കുറിച്ചു.

ജാമിയ മിലിയ സർവകലാശാലയിൽനിന്ന്‌ ജേർണലിസത്തിൽ ബിരുദം നേടിയശേഷം ചാനൽ റിപ്പോർട്ടറായാണ്‌ ഡാനിഷ്‌ മാധ്യമജീവിതം ആരംഭിച്ചത്‌. പിന്നീട്‌ ഫോട്ടോജേർണലിസത്തിലേക്ക്‌ തിരിഞ്ഞു. 2010ലാണ്‌ റോയിട്ടേഴ്‌സിലെത്തിയത്‌. ഇറാഖിൽ ഐഎസ്‌ ഭീകരത പടർത്തിയപ്പോഴും മ്യാൻമറിൽനിന്ന്‌ റോഹിൻഗ്യകൾ കൂട്ടമായി പലായനം ചെയ്‌തപ്പോഴും നേപ്പാളിൽ ഭൂചലനമുണ്ടായപ്പോഴും റോയിട്ടേഴ്‌സിനായി ചിത്രങ്ങൾ പകർത്തി. മഹാരാഷ്ട്രയിൽ കിസാൻസഭയുടെ നേതൃത്വത്തിൽ കർഷകരുടെ ലോങ്‌മാർച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവും ഡൽഹിയിലെ കർഷകസമരത്തിന്റെ തീവ്രതയും ഡാനിഷിലൂടെ ലോകമാകെ അറിഞ്ഞു. ഏറ്റവുമൊടുവിൽ അഫ്‌ഗാനിലെ യുദ്ധമുഖത്തുനിന്നുള്ള ത്രസിപ്പിക്കുന്ന ചിത്രങ്ങളും ഡാനിഷിന്റെ തൊഴിലിനോടുള്ള അർപ്പണ മനോഭാവത്തിനും ധീരതയ്‌ക്കും മുഖമുദ്ര ചാർത്തി.

മ്യാൻമറിൽ റോഹിൻഗ്യകൾ വേട്ടയാടപ്പെട്ടപ്പോൾ വഞ്ചിയിൽ സാഹസികമായി ബംഗാൾ ഉൾക്കടൽ കടന്ന്‌ ബംഗ്ലാദേശ്‌ തീരം തൊട്ടശേഷം നിലത്ത്‌ തലകുമ്പിട്ടിരിക്കുന്ന സ്‌ത്രീയുടെ ചിത്രവും പശ്‌ചാത്തലത്തിൽ കലാപ തീ ഉയരുമ്പോൾ റോഹിൻഗ്യൻ അഭയാർഥികൾ കൈയിലെടുക്കാവുന്ന സാധനങ്ങളുമായി ബംഗ്ലാദേശ്‌ അതിർത്തിയിലൂടെ നീങ്ങുന്ന ചിത്രവുമാണ്‌ ഡാനിഷിനെ പുലിറ്റ്‌സറിന്‌ അർഹനാക്കിയത്‌.

ആദ്യ കോവിഡ്‌ വ്യാപനഘട്ടത്തിൽ ഡൽഹി അടക്കമുള്ള വൻനഗരങ്ങളിൽനിന്ന്‌ തൊഴിലാളികളുടെ കൂട്ടപലായനവും ദുരിതവുമെല്ലാം ഹൃദയസ്‌പർശിയായ ചിത്രങ്ങളാക്കി. കോവിഡ്‌ രണ്ടാം വ്യാപനത്തിൽ ഡൽഹിയിലെ ശ്‌മശാനത്തിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ കൂട്ടസംസ്‌കാരത്തിന്റെ ആകാശചിത്രവും ഓക്‌സിജൻ കിട്ടാതെയും ചികിത്സ കിട്ടാതെയും മരിച്ചവരുടെ ബന്ധുക്കളുടെ തീവ്രദുഃഖവുമെല്ലാം വെളിപ്പെടുത്തുന്ന നിരവധിചിത്രങ്ങളും ന്യുയോർക്ക്‌ ടൈംസ്‌, ഗാർഡിയൻ, വാഷിങ്‌ടൺപോസ്‌റ്റ്‌, വാൾസ്‌ട്രീറ്റ്‌ ജേർണൽ തുടങ്ങിയ ലോകോത്തര മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരത്തിനിടെ ജാമിയയിൽ പ്രതിഷേധക്കാർക്കുനേരെ രാംഭക്ത്‌ ഗോപാൽ എന്ന മതഭ്രാന്തൻ നിറയൊഴിക്കുന്ന ചിത്രവും ഡാനിഷിന്റെതായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top