04 July Saturday

അസം പണിക്കാർ, ഞങ്ങൾ മലയാളികൾ ; അസാമീസ്‌ അതിഥിത്തൊഴിലാളികൾ ജന്മനാട്ടിനേക്കാളും ഇഷ്ടപ്പെടുന്നത്‌ കേരളത്തെയാണെന്ന്‌ ദൈനിക്‌ അസം

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020


ഗുവാഹട്ടി
കേരളത്തിലുള്ള അസമിലെ അതിഥിത്തൊഴിലാളികൾ, ജന്മനാട്ടിലേക്കാളും സുരക്ഷിതരായിരിക്കുന്നത്‌ കേരളത്തിലാണെന്ന്‌ അസം പത്രം ദൈനിക്‌ അസം. ‘മറുനാട്ടിലെ അസമുകാർ കോവിഡ്‌ കാലത്ത്‌’ എന്ന വാർത്താ പരമ്പരയിലാണ്‌, കേരളത്തിലുള്ള അസം തൊഴിലാളികളുടെ അനുഭവം പത്രം പങ്കുവച്ചത്‌. കേരളത്തിൽ ഇപ്പോൾ ജോലി ചെയ്യുന്ന ദിംബേശ്വർ, റിദീപ്‌, മണ്ടു, ദിലീപ്‌ എന്നിവരെ ഉദ്ദരിച്ചാണ്‌ വാർത്ത. "ലോക്ക്‌ഡൗൺ തുടങ്ങിയതിനുശേഷം ഞങ്ങളുടെ താമസവും ഭക്ഷണവും ഉറപ്പുവരുത്താൻ കേരളം പ്രത്യേക ശ്രദ്ധ ചെലുത്തി. പൊലീസും പഞ്ചായത്ത്‌, ആരോഗ്യവകുപ്പ്‌ അധികൃതരും ഇടയ്‌ക്കിടയ്‌ക്ക്‌ ക്ഷേമം അന്വേഷിച്ചെത്തി.

നാട്ടിലേക്ക്‌ പോകുന്നുണ്ടോയെന്ന്‌ കണക്കെടുക്കാനും വന്നു. ഞങ്ങൾ നാട്ടിലേക്കില്ല എന്നറിയിച്ചതിനാൽ, ഇതുവരെയുള്ള സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ്‌ അധികൃതർ’–- നാലുപേരും ദൈനിക്‌ അസം ലേഖകൻ ജിതേന്ദ്രകുമാർ ചൗധരിയോട്‌ മനസ്സുതുറന്നു. ലേഖകൻ കേരളത്തിലുള്ള നിരവധി അസം തൊഴിലാളികളോട്‌ സംസാരിച്ചാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. ഭക്ഷണം, താമസം, വെള്ളം എന്നിവയ്‌ക്കുള്ള ക്ഷാമം അറിയിച്ചാൽ ഉടൻ ഇടപെടലുണ്ടാകുന്നുവെന്നാണ്‌ എല്ലാവരൂം സാക്ഷ്യപ്പെടുത്തിയത്‌. സംസാരിച്ചവരിൽ ഒരാൾക്ക്‌ തൊഴിൽ നഷ്ടമുണ്ടായി.

എന്നാൽ, അയാളെ മറ്റൊരു ജോലിസ്ഥലത്ത്‌ അധികൃതർ ഇടപെട്ട്‌ എത്തിച്ചതായും 12000 രൂപ ശമ്പളം ലഭിച്ചുവെന്നും വാർത്തയിൽ പറയുന്നു. അസമിൽ ഏറെ പാരമ്പര്യവും സർക്കുലേഷനുമുള്ള അസം ട്രിബ്യൂണിന്റെ ഉടമസ്ഥതയിലുള്ള പത്രമാണ്‌ ദൈനിക്‌ അസം.


പ്രധാന വാർത്തകൾ
 Top