23 April Friday

വൈറസിനോട്‌ ഇന്നും മാസ്‌കിട്ട്‌ അവൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2021

ഇന്ത്യയിൽ ആദ്യമായി കോവിഡ്‌ സ്ഥിരീകരിച്ച പെൺകുട്ടി (ഫയൽ ചിത്രം)


തൃശൂർ
ചൈനയിൽനിന്ന് ഇന്ത്യയിലേക്ക്  പറന്നിറങ്ങിയപ്പോഴും അവൾ മാസ്‌ക്‌ മാറ്റിയില്ല.  നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ വാപ്പച്ചി പറഞ്ഞു. ഇമ്മ്ടെ നാട്ടിലെത്തീല്ലേ മോളെ,  ഇനി മുഖത്തെ കെട്ടെല്ലാം മാറ്റിക്കൂടെ.  ഇപ്പോ മാറ്റേണ്ടെന്ന് മറുപടി. കോവിഡ്‌ സ്ഥിരീകരിച്ച്‌ ഒരു വർഷം തികയുമ്പോഴും അവളിപ്പോഴും ജാഗ്രതയിൽത്തന്നെ. 

ഇന്ത്യയിലാദ്യമായി കോവിഡ്‌ സ്ഥിരീകരിച്ച  ഈ മെഡിക്കൽ വിദ്യാർഥി ഇന്നും അകലം പാലിച്ച്‌ കഴിയുകയാണ്‌. സർക്കാർ ഒരുക്കിയ കരുതലിലും ആരോഗ്യപ്രവർത്തകരുടെ സ്‌നേഹത്താലും രോഗം അതിജീവിച്ച  ചൈനീസ് മെഡിക്കൽ പരീക്ഷക്കുള്ള തയ്യാറെടുപ്പിലാണിപ്പോൾ. കോവിഡ്‌ വ്യാപനത്തെത്തുടർന്ന്‌  2020 ജനുവരി 23നാണ്‌ ചൈനയിൽനിന്ന്‌ നാട്ടിലേക്ക്‌ വന്നത്‌.  ജനുവരി 24നാണ്  കേരളത്തിലെത്തിയത്. 25ന്  മതിലകം ആരോഗ്യകേന്ദ്രത്തിൽ അറിയിച്ചു.  ചുമയുള്ളതിനാൽ ‌ പ്രത്യേക ആംബുലൻസിൽ  തൃശൂർ  ജനറൽ ആശുപത്രിയിലേക്ക്. രോഗം സ്ഥിരീകരിച്ചതോടെ 31ന്‌ ‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. 

ഐസൊലേഷൻ വാർഡിൽ ചികിത്സ,  വസ്‌ത്രം, ഭക്ഷണം എല്ലാ സൗകര്യവും.  നേഴ്സുമാരും ഡോക്ടർമാരുമെല്ലാം  പിപിഇ കിറ്റ്‌  ധരിച്ചാണെത്തുക. അവരുടെ മുഖങ്ങൾ കാണാനായില്ലെങ്കിലും 25 നാൾ അവരേകിയ സ്നേഹസ്പർശം മറക്കാനാവില്ലെന്ന്‌‌ രോഗമുക്തിക്കുശേഷം അവൾ പറഞ്ഞു. മന്ത്രി ശൈലജ   തന്നെയും ഉമ്മയേയും  വിളിച്ച്  സാന്ത്വനമേകി.  കലക്ടർ വാപ്പച്ചിയേയും വിളിച്ചു.     

ഇപ്പോൾ   രാജ്യത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങളിൽനിന്ന്‌ വിളികൾ വരുന്നത്‌ പഠനത്തിന്‌ തടസ്സമാവുന്നുണ്ട്‌‌. അതിനാൽ ആർക്കും മുഖം നൽകാതെ ‌  പഠനത്തിൽ മുഴുകിയിരിക്കുകയാണ്‌. തടസ്സങ്ങൾ നീങ്ങിയാൽ വീണ്ടും  ചൈനയിലേക്ക്‌ പറക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top