30 May Saturday

"ഞങ്ങളുടെ അച്ഛനമ്മമാരെയോർത്ത്‌ നിങ്ങൾ വീട്ടിലിരിക്കൂ...'

എസ്‌ ശ്രീലക്ഷ്‌മിUpdated: Saturday Mar 28, 2020

തിരുവനന്തപുരം
"ഞങ്ങളുടെ അമ്മമാരെയോർത്ത്‌ നിങ്ങൾ വീട്ടിലിരിക്കൂ'...കണ്ണുനിറഞ്ഞ്‌ നമ്മളോട്‌ അപേക്ഷിക്കുന്നത്‌ കുറച്ച്‌ കുഞ്ഞുങ്ങളാണ്‌. സ്വന്തം ജീവനും ആരോഗ്യവും ശ്രദ്ധിക്കാതെ രോഗികൾക്കുവേണ്ടി നിരന്തരം ജോലിയെടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ മക്കളാണ്‌ ഇവർ.  വീട്ടിലിരിക്കാതെ അനാവശ്യമായി കറങ്ങിനടക്കുന്നവരോടാണ്‌ ഈ കുഞ്ഞുങ്ങളുടെ അപേക്ഷ.

"എന്റെ അമ്മ നേഴ്‌സാണ്‌. നിങ്ങളെ സഹായിക്കാൻ അവർ എന്നിൽനിന്ന്‌ അകലെയാണ്‌. എന്റെ അമ്മയെ സഹായിക്കാൻ നിങ്ങൾക്ക്‌ വീട്ടിൽ  ഇരുന്നുകൂടെ....???' യുകെയിൽ നേഴ്‌സായ പയ്യന്നൂർ സ്വദേശി ശ്രീഷ്‌മയുടെ മകൾ ദിയയുടെ അഭ്യർഥനയാണിത്‌. ഇക്കാര്യം  എഴുതിയ പോസ്റ്ററുമായി നിൽക്കുന്ന ദിയയുടെ ചിത്രം അച്ഛൻ ദിലീപാണ്‌ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചത്‌. ചലച്ചിത്രതാരങ്ങളുൾപ്പെടെ ഒരുപാട്‌ പേർ ചിത്രം ഷെയർ ചെയ്തു.

ഇതേ സന്ദേശമടങ്ങിയ പോസ്റ്ററുകളുമായി നിൽക്കുന്ന നിരവധി കുഞ്ഞുങ്ങളുടെ ചിത്രം അവരുടെ അച്ഛനമ്മമാരുടെ സാമൂഹ്യമാധ്യമങ്ങൾവഴി പങ്കുവച്ചിട്ടു‌ണ്ട്‌. പലരും മാതാപിതാക്കളെ കാണുന്നത്‌ രണ്ടും മൂന്നും ദിവസംകൂടുമ്പോൾ. അവരെ സഹായിക്കാൻ കരുതലോടെ വീട്ടിൽ കഴിയാൻ മാത്രമാണ്‌ ഈ  കുഞ്ഞുങ്ങൾ നമ്മളോടാവശ്യപ്പെടുന്നത്‌.

ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾ ഈ സമയത്ത്‌ കടന്നുപോകുന്ന സമ്മർദം എത്രമാത്രമാണെന്ന്‌ തുറന്നുപറയുകയാണ്‌ ഇത്തരം ചിത്രങ്ങൾ. പല രാജ്യങ്ങളിലും ആരോഗ്യപ്രവർത്തകരും രോഗബാധിതരാണ്‌. കേരളത്തിലും ഒരു ആരോഗ്യപ്രവർത്തകയ്‌ക്ക്‌ കോവിഡ്‌–-19 സ്ഥിരീകരിച്ചിട്ടുണ്ട്‌.  ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളുടെ വാക്കുകൾ കേൾക്കാതെപോകരുത്‌. അവരുടെ കണ്ണുനിറയാതിരിക്കാൻ കരുതലോടെ നമുക്ക്‌ വീട്ടിലിരിക്കാം.

കുഞ്ഞുങ്ങൾക്കുപുറമെ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകളിലും ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരും "സ്‌റ്റേ അറ്റ്‌ ഹോം'  ക്യാമ്പയിനിന്റെ ഭാഗമായി പോസ്റ്റുകൾ പങ്കുവയ്‌ക്കുന്നുണ്ട്‌. "നിങ്ങളുടെ സുരക്ഷയ്ക്കായി ഞാൻ ജോലിക്ക് പോകുന്നു, നിങ്ങൾ വീട്ടിലിരിക്കണം' എന്ന് അഭ്യർഥിച്ചുള്ള പോസ്റ്റുകൾ നിരവധി പേർ പങ്കുവയ്ക്കുന്നുണ്ട്‌. 

ഐസൊലേഷൻ വാർഡിൽ ഉപയോഗിക്കുന്ന പിപിഇ സുരക്ഷാ വസ്ത്രം ധരിച്ച്  ബോർഡുമായി നിൽക്കുന്ന ആരോഗ്യപ്രവർത്തകരും സാമൂഹ്യമാധ്യമത്തിൽ ഇടം നേടുന്നു. പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ മക്കളും ഈ ക്യാമ്പയിനിന്റെ ഭാഗമായി തങ്ങളുടെ അച്ഛനമ്മമാർ ജോലിക്കായി പോകുന്ന ചിത്രങ്ങളും സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top