03 July Friday

ഇതരസംസ്ഥാനത്തുനിന്ന്‌ എത്തുന്നവരുടെ ശ്രദ്ധയ്‌ക്ക്‌; പാസിനും വഴിയുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 13, 2020

തിരുവനന്തപുരം
ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ കേരളത്തിലേക്ക്‌വരാൻ സംസ്ഥാന സർക്കാർ നൽകുന്ന പാസ്‌ നിർബന്ധം. തിരക്ക്‌ ഒഴിവാക്കാൻ നിശ്ചിതഎണ്ണം പാസുകളെ ഒരു ദിവസം അനുവദിക്കൂ. ഇത്‌ ചെക്ക്‌പോസ്‌റ്റുകൾ സ്ഥിതിചെയ്യുന്ന ജില്ലാ ഭരണകേന്ദ്രങ്ങൾ തീരുമാനിക്കും.  ആറ്‌ ചെക്ക്‌പോസ്‌റ്റ്‌ വഴി മാത്രമാണ്‌ പ്രവേശനം. യാത്രക്കാർ  അവിടെ ആരോഗ്യ പരിശോധനയ്‌ക്ക്‌ വിധേയരാകണം.

പാസിന്‌ അപേക്ഷിക്കാൻ
നോർക്കയിൽ രജിസ്‌റ്റർ ചെയ്‌തവർക്ക്‌ രജിസ്‌റ്റർ ഐഡി ഉപയോഗിച്ചും അല്ലാത്തവർക്ക്‌ നേരിട്ടും കോവിഡ്‌ ജാഗ്രതാ പോർട്ടലിലൂടെ 
(https://covid19jagratha.kerala.nic.in/ അപേക്ഷിക്കാം
● ഡൊമസ്‌റ്റിക്‌ റിട്ടേണിൽ രജിസ്‌ട്രേഷൻ ഓപ്‌ഷൻ തെരഞ്ഞെടുക്കണം. ഇതിൽ മൊബൈൽ  നമ്പർ ഉപയോഗിച്ച്‌ രജിസ്‌റ്റർ ചെയ്യണം.
● വരുന്നവരുടെ വിവരങ്ങൾ, വിലാസം, വാഹന നമ്പർ,  ചെക്ക്‌പോസ്‌റ്റ്‌, വരുന്ന സമയം എന്നിവ സബ്‌മിറ്റ്‌ ചെയ്യണം
● അപേക്ഷ കലക്‌ടർ വഴി അതാത്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകും
● വാർഡ്‌ സമിതികൾ അപേക്ഷകന്റെ വീട്‌ പരിശോധിച്ച്‌ ക്വാറന്റൈൻ സൗകര്യം ഉറപ്പാക്കും
● തുടർന്ന്‌ കലക്‌ടർക്ക്‌ നൽകുന്ന റിപ്പോർട്ട്‌ പരിശോധിച്ചാകും പാസ്‌ അനുവദിക്കുക
● രജിസ്‌റ്റർചെയ്യുന്ന മൊബൈൽ നമ്പരിലേക്കും ഇ മെയിലിലേക്കും ക്യുആർ കോഡ്‌ സഹിതം പ്രവേശനാനുമതി ലഭിക്കും
● വ്യത്യസ്‌ത ജില്ലകളിലുള്ളവരാണെങ്കിൽ ഗ്രൂപ്പ്‌ ലീഡറുടെ ജില്ലയിലെ കലക്ടറുടെ പാസ്‌ മതി
● വ്യക്തികളുടെ വിവരം തദ്ദേശസ്ഥാപനങ്ങൾ പരിശോധിച്ചെന്ന്‌ കലക്ടർ ഉറപ്പാക്കും
● സ്വന്തമോ വാടക വാഹനമോ ഉപയോഗിക്കാം.
● വ്യത്യസ്‌ത ദിവസങ്ങളിൽ അനുമതി ലഭിച്ചവരുണ്ടെങ്കിൽ ഗ്രൂപ്പിലെ ഏതെങ്കിലും അംഗത്തിന്‌ അനുവദിച്ച തീയതിയിൽ വരാം എന്നാൽ, രജിസ്‌റ്റർചെയ്‌ത വാഹന നമ്പർ ഒന്നാകണം
●യാത്രയ്‌ക്ക്‌ പുറപ്പെടുന്ന സംസ്ഥാനങ്ങളുടെ അനുമതി നേടണം. 
● വാഹനങ്ങൾക്കുള്ള റിട്ടേൺ പാസ്‌ ചെക്ക്‌പോസ്‌റ്റുകളിൽനിന്ന്‌ ലഭിക്കും
● വാഹനത്തിൽ ഡ്രൈവറെ മാത്രമേ അനുവദിക്കൂ. ഡ്രൈവർ  എമർജൻസി ട്രാവൽ പാസ്‌ നേടിയിരിക്കണം
.

പാസ്‌‌ മുൻഗണനാക്രമത്തിൽ
1) ആരോഗ്യ ആവശ്യത്തിനു വരുന്ന അയൽ സംസ്ഥാനക്കാർ  
2) ഗർഭിണികളടങ്ങുന്ന കുടുംബം
3) അടച്ചുപൂട്ടലിനെ തുടർന്ന്‌ പിരിഞ്ഞുനിൽക്കുന്ന കുടുംബാംഗങ്ങളും കുട്ടികളും
4) വിദ്യാർഥികൾ
5) മുതിർന്ന പൗരന്മാരടങ്ങുന്ന കുടുംബം
6) തൊഴിൽ നഷ്ടമായവർ.

വിളിക്കാം
ബുദ്ധിമുട്ടുണ്ടായാൽ സെക്രട്ടറിയറ്റിലെ വാർ റൂമിലോ (0471 2781100, 2781101) ചെക്ക്‌പോസ്‌റ്റുകളിലോ ബന്ധപ്പെടാം.

സാമൂഹ്യഅകലം പാലിക്കണം
കാറിൽ നാലും എസ്‌യുവിയിൽ അഞ്ചുംവാനിൽ പത്തും ബസിൽ 25ഉം യാത്രക്കാരെയേ അനുവദിക്കൂ. സാമൂഹ്യഅകലം പാലിക്കുകയും മാസ്‌ക്‌ ധരിക്കുകയും വേണം. സാനിറ്റൈസറും കരുതണം.

ക്വാറന്റൈൻ നിർബന്ധം
ചെക്ക്‌പോസ്‌റ്റിലെ പരിശോധനയിൽ രോഗലക്ഷണമുള്ളവരെ ആശുപത്രികളിലേക്കോ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കോ മാറ്റും. രോഗലക്ഷണമില്ലെങ്കിലും  റെഡ്‌ സോണുകളിൽനിന്ന്‌ വരുന്നവരടക്കം വീടുകളിൽ 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. വീട്ടിൽ ക്വാറന്റൈൻ സൗകര്യമില്ലെന്ന്‌ വാർഡ്‌ സമിതി റിപ്പോർട്ട്‌ ചെയ്‌താൽ  ജില്ലകളിലെ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക്‌ മാറ്റും. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top