17 January Sunday

5 ക്ലോൺ കുരങ്ങുകളുമായി ചൈന വീണ്ടും

സീമ ശ്രീലയംUpdated: Thursday Feb 14, 2019


ജനിതക എൻജിനിയറിങ്ങിൽ വിസ്മയങ്ങൾ വിരിയിച്ചുകൊണ്ടിരിക്കുന്ന ചൈന ഇത്തവണ ക്ലോൺ കുരങ്ങുകളുടെ സൃഷ്ടിയിലൂടെയാണ് ശാസ്ത്രലോകത്തെ വീണ്ടും അമ്പരപ്പിച്ചു. . ജനിതകമാറ്റം വരുത്തിയ ഒരു കുരങ്ങിൽനിന്ന‌് ഒന്നും രണ്ടുമൊന്നുമല്ല, അഞ്ചു കുരങ്ങുകളെയാണ് ക്ലോൺ ചെയ്തിരിക്കുന്നത്!

ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഷാങ്ഹായിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസിലാണ് ഈ ക്ലോൺ കുരങ്ങുകളുടെ പിറവി. ജൈവഘടികാര തകരാറുകൾ ഉള്ള കുരങ്ങിൽനിന്ന‌് അഞ്ചു ക്ലോണുകളെ സൃഷ്ടിച്ചതിന്റെ ഗവേഷണ റിപ്പോർട്ട് നാഷണൽ സയൻസ് റിവ്യൂവിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജൈവഘടികാരത്തകരാറുകൾ പഠിക്കാനുള്ള ബയോമെഡിക്കൽ മോഡലുകൾ എന്നതാണ് ഈ ക്ലോൺ കുരങ്ങുകളുടെ പ്രാധാന്യം എന്ന് ഗവേഷണത്തിൽ പ്രധാന പങ്കുവഹിച്ച ഹുങ് ചുൻ ചാങ് പറയുന്നു. ജനിതകപരമായി മനുഷ്യനോട് പല കാര്യങ്ങളിലും അടുത്തുനിൽക്കുന്ന കുരങ്ങുകളെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച് അവയിൽ വരുത്തുന്ന ഉൽപ്പരിവർത്തനങ്ങളിലൂടെ പല രോഗകാരണങ്ങളുടെയും അതിസൂക്ഷ്മതലത്തിലേക്കു വെളിച്ചം വീശാമെന്നതാണ് നേട്ടം. ജനിതക മാറ്റം വരുത്തിയ മനുഷ്യക്കുഞ്ഞുങ്ങളെ സൃഷ്ടിച്ച ചൈനയിലെ ഹീ ജിയാൻകുയിയുടെ കണ്ടുപിടിത്തത്തിനു ശേഷം വരുന്ന പുതിയ ഗവേഷണഫലമാണിത്‌.

 

ഭ്രൂണാവസ്ഥയിൽത്തന്നെ ബിഎംഎഎൽ 1 എന്ന ജീൻ, ക്രിസ്പർ കാസ് 9 സങ്കേതത്തിലൂടെ ഒഴിവാക്കിയാണ് ജൈവഘടികാര തകരാറുകൾ ഉള്ള ഒരു കുരങ്ങിനെ സൃഷ്ടിച്ചത്. ജൈവഘടികാരത്തിന്റെ ശരിയായ പ്രവർത്തനത്തിനു സഹായിക്കുന്ന ജീൻ ആണ് ബിഎംഎഎൽ1. ഈ ജീനിനെ നോക്ക് ഔട്ട് ചെയ്ത് ഉൽപ്പരിവർത്തിത സ്വഭാവമുള്ള ഒരു കുരങ്ങിനെ സൃഷ്ടിച്ചു. ജൈവഘടികാരത്തിലുണ്ടാകുന്ന താളപ്പിഴകൾ ഉറക്കത്തകരാറുകൾ, വിഷാദരോഗം, പ്രമേഹം, ക്യാൻസർ, അൽഷിമേഴ്സ് പോലുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾ, ക്യാൻസർ തുടങ്ങി ഒരു നിര രോഗങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. ഈ കുരങ്ങിൽ നിന്നാണ് സമാന ജനിതക തകരാറുകൾ ഉള്ള അഞ്ചു കുരങ്ങുകളെ ക്ലോൺ ചെയ്തത്.

ഇതാദ്യമായാണ് ജനിതക മാറ്റം വരുത്തിയ ഒരാൺകുരങ്ങിൽനിന്ന‌് അഞ്ച‌് കുരങ്ങുകളെ ഒന്നിച്ച് ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചത്. ജനിതകമാറ്റം വരുത്തിയ ഈ കുരങ്ങിന്റെ ഫൈബ്രോബ്ലാസ്റ്റ് കോശങ്ങളാണ് ക്ലോണിങ്ങിൽ ഉപയോഗപ്പെടുത്തിയത്. 1996ൽ സ‌്കോട‌്‌ലൻഡിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോളി എന്ന ചെമ്മരിയാടിനെ ക്ലോൺ ചെയ്യാനുപയോഗിച്ച സൊമാറ്റിക് സെൽ ന്യൂക്ലിയാർ ട്രാൻസ്ഫർ (എസ്‌സിഎൻടി) എന്ന അതേ സങ്കേതം തന്നെയാണ് ഇവിടെയും ഉപയോഗപ്പെടുത്തിയത്. ഈ മാർഗം പ്രൈമേറ്റുകളി (മനുഷ്യനും കുരങ്ങുകളും ഉൾപ്പെടുന്ന സസ്‌തനികളുടെ ഒരു ഗണം)ൽ വിജയിക്കാൻ ബുദ്ധിമുട്ടാണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഒരു വർഷം മുമ്പ് സോങ് സോങ്, ഹുവ ഹുവ എന്നീ കുരങ്ങു ക്ലോണുകളെ സൃഷ്ടിച്ചുകൊണ്ട് ചൈനീസ് ശാസ്ത്രജ്ഞർ തന്നെ ഈ ധാരണ തിരുത്തിക്കുറിച്ചിരുന്നു.

വിവിധരോഗങ്ങളുടെ ജനിതക രഹസ്യങ്ങൾ ചുരുൾ നിവർത്താൻ ബയോമെഡിക്കൽ മോഡലായി ക്ലോൺ കുരങ്ങുകളെ ഉപയോഗപ്പെടുത്താം. അതിലൂടെ നൂതന ഔഷധങ്ങളുടെയും നൂതന ചികിൽസാരീതികളുടെയും സാധ്യതകളിലേക്കുള്ള വാതായനങ്ങളാണ് തുറക്കപ്പെടുന്നത്. നൂതന ഔഷധങ്ങളുടെ ഫലപ്രാപ്തി പരിശോധിക്കാൻ ക്ലോൺ കുരങ്ങുകളെ ഉപയോഗപ്പെടുത്തുമ്പോൾ പരീക്ഷണത്തിനുപയോഗിക്കുന്ന മറ്റു ജീവികളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. മുമ്പ് എലികളെയും പഴയീച്ചകളെയുമൊക്കെ ഡിസീസ് മോഡലുകളാക്കി മാറ്റിയാണ് കൂടുതൽ പഠനങ്ങൾ നടത്തിയിരുന്നത്. പക്ഷേ മനുഷ്യനുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് പല ശാരീരിക പ്രവർത്തനങ്ങളിലും മസ്തിഷ‌്ക ഘടനയിലും ഉപാപചയ പ്രവർത്തനങ്ങളിലും വലിയ അന്തരമുണ്ട് എന്നത് വലിയൊരു പരിമിതിയായിരുന്നു. എന്നാൽ പ്രൈമേറ്റ് വിഭാഗത്തിൽപ്പെടുന്ന കുരങ്ങുകളെ ഗവേഷണത്തിലുപയോഗിക്കുന്നതിലൂടെ ഈ കടമ്പ മറികടക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ജനിതക വ്യതിയാനങ്ങൾ ഉള്ള കുരങ്ങുകളെ യാതൊരു നിയന്ത്രണവുമില്ലാതെ ക്ലോൺ ചെയ്ത് പരീക്ഷണവസ്തുക്കൾ ആക്കുന്നതിലെ ധാർമിക നൈതിക പ്രശ്നങ്ങൾ ചോദ്യംചെയ്തുകൊണ്ട് ബയോഎത്തിക്സ് രംഗത്തു പ്രവർത്തിക്കുന്നവർ രംഗത്തെത്തിക്കഴിഞ്ഞു. ബയോമെഡിക്കൽ മോഡൽ എന്ന നിലയിൽ ഈ പരീക്ഷണത്തെ അനുകൂലിക്കുമ്പോഴും പരിണാമ ശ്രേണിയിൽ മനുഷ്യനോട് അടുത്തുനിൽക്കുന്ന കുരങ്ങുകളിലെ ഈ പരീക്ഷണം മനുഷ്യ ഭ്രൂണങ്ങളിൽ ആവർത്തിച്ചേക്കുമോ എന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top