07 April Tuesday

വിളിക്കാം ദിശയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020


തിരുവനന്തപുരം
കോവിഡ്‌–- 19 കാലത്ത് 25,000 പേർക്ക് താങ്ങായി ആരോഗ്യകേരളത്തിന്റെ ടെലി ഹെൽത്ത് ഹെൽപ് ലൈൻ സംവിധാനമായ ദിശ 1056 മുന്നോട്ട്. നിലവിൽ ദൈനംദിന കോളുകളുടെ എണ്ണം വർധിച്ചതോടെ ദിശയിലെ കൗൺസലർമാരുടെ എണ്ണം ആറിൽനിന്ന് മുപ്പതാക്കി ഉയർത്തി. ദിവസവും ശരാശരി ആയിരം കോൾ എത്തിയിരുന്നിടത്ത്‌ 3500 മുതൽ 4000 വിളിയാണ്‌ ഒരു ദിവസം എത്തുന്നത്. നിലവിലെ ടെലി കൗൺസലർമാരുടെ എണ്ണം മുപ്പതിലേക്ക് ഉയർത്തിയതോടെ ഒരു സമയം 1056ൽ വിളിക്കുന്ന 30 പേർക്ക്  സേവനം നൽകാൻ സാധിക്കും.  14 ദിശ കൗൺസലർമാരെയും എംഎസ്ഡബ്ല്യു എംഎ സോഷ്യോളജി വിദ്യാർഥികളായ 50 വളന്റിയർമാരെയുമാണ് ഇതിനായി ദിശയിൽ നിയോഗിച്ചത്.


 

എങ്ങനെയാണ് ക്വാറന്റൈൻ ചെയ്യേണ്ടത്, ക്വാറന്റൈൻ കഴിഞ്ഞവർ എന്തു ചെയ്യണം, ക്വാറന്റൈൻ കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് ലഭിക്കുമോ, വിദേശത്തുനിന്ന് എത്തിയ അയൽവാസി ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കുന്നില്ല എന്നതടക്കമുള്ള അന്വേഷണങ്ങൾ ദിശയിലേക്ക് എത്തുന്നുണ്ട്. പനിയും ജലദോഷവും വന്ന് തങ്ങൾക്ക് കൊറോണ രോഗമാണോ എന്ന സംശയത്തിൽ പരിഭ്രാന്തരായി വിളിക്കുന്നവരുമുണ്ട്. ദിശയിലേക്ക് വിളിക്കുന്നവർക്ക് സേവനം നൽകാൻ ഓരോ ഷിഫ്റ്റിലും രണ്ടു ഡോക്ടർമാരുടെ സേവനവും ദിശയിലുണ്ട്‌. കൂടുതൽ മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് മാനസികാരോഗ്യ ടീമിന്റെ സേവനവും സജ്ജമാണ്‌. വിളിക്കുന്നവർക്ക് ആവശ്യമെങ്കിൽ അതത് ജില്ലകളിലെ കോവിഡ്‌–-19 കൺട്രോൾ റൂമിൽ ബന്ധപ്പെടാനുള്ള സംവിധാനവും ദിശയിലുണ്ട്.


പ്രധാന വാർത്തകൾ
 Top