26 March Tuesday

‘മാറ്റുവിൻ ചട്ടങ്ങളെ ...’

ദിലീപ‌് മലയാലപ്പുഴUpdated: Friday Feb 1, 2019



തിരുവനന്തപുരം
നവോത്ഥാനത്തിന്റെ ദീപംകെടാതെ സൂക്ഷിക്കാനുള്ള ജനകീയ ജാഗ്രതയ‌്ക്കുള്ള ആഹ്വാനത്തിനൊപ്പം നവകേരളത്തിനുള്ള സർക്കാരിന്റെ  നിശ്ചയദാർഢ്യവും നിറഞ്ഞുനിന്ന‌് ബജറ്റ‌് പ്രസംഗം. ‘‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നാണ്’’ എന്ന ശ്രീനാരായണഗുരുദർശനം ഏറ്റവും പ്രസക്തമായ കാലമാണെന്ന‌് ഓർമപ്പെടുത്തിയാണ‌് ബജറ്റ‌് അവതരണം തുടങ്ങിയത‌്.  മഹാകവി കുമാരനാശാനും അയ്യൻകാളിയും മന്നത്ത‌് പത്മനാഭനും ചാവറയച്ചനും മഖ‌്തി തങ്ങളുമെല്ലാം പരാമർശിക്കപ്പെട്ടു. നവോത്ഥാന നായകനായ അയ്യൻകാളിയും പഞ്ചമിയുമാണ‌് ബജറ്റ‌് പ്രസംഗത്തിന്റെ മുഖചിത്രമായത‌്. പെരുമ്പാവൂർ കീഴില്ലം സ്വദേശിനി  പി എസ‌് ജലജ വരച്ച ചിത്രമാണിത‌്.

കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ശ്രീനാരായണ ഗുരു വിഭാവനംചെയ്ത മനുഷ്യജാതിയെപ്പറ്റി ബജറ്റ‌് ഓർമപ്പെടുത്തുന്നു. മനുഷ്യനെ നവീകരിക്കുന്നതിനൊപ്പം നവോത്ഥാനം കേരളത്തിനെ ആധുനീകരിക്കുന്നതിനും മുതിർന്നു. അതുകൊണ്ടാണ് മഹാകവിയായ കുമാരനാശാനെക്കൊണ്ട് നാരായണഗുരു ഓട്ടുകമ്പനി തുടങ്ങിച്ചത്. മനുഷ്യർക്ക് വൃത്തിയും ആരോഗ്യവും ഉണ്ടാകാനാണ് ഗുരു ശിഷ്യനായ സി ആർ കേശവൻ വൈദ്യരെക്കൊണ്ട് സോപ്പുകമ്പനി തുടങ്ങിച്ചത്. വിദ്യാലയങ്ങൾക്ക‌് നവോത്ഥാന നായകർ മുന്തിയ പരിഗണന നൽകിയത‌്. പ്രളയം അതിജീവിക്കാൻ രൂപപ്പെട്ട ജനകീയ ഐക്യം തകർക്കാനുള്ള  ശ്രമമാണ് ശബരിമലയിൽ കോടതിവിധിക്കുശേഷമുണ്ടായ അക്രമങ്ങളിലൂടെ കണ്ടത‌്.

അമ്പലങ്ങളല്ല ഇനി പള്ളിക്കൂടങ്ങളും വ്യവസായങ്ങളുമാണ് വേണ്ടതെന്ന് ഗുരു പറഞ്ഞു. അയ്യൻകാളിയും ചാവറയച്ചനും മന്നത്ത് പത്മനാഭനും മക്തി തങ്ങളും ഒക്കെ വിദ്യാലയ നിർമിതിക്കായി പുറപ്പെട്ടതും ഈ സാഹചര്യത്തിലാണ്. അത്തരം മുൻകൈകളുടെ അടുത്തഘട്ടമാണ് നവകേരള സൃഷ്ടിക്കായി മുന്നിട്ടിറങ്ങുമ്പോൾ വേണ്ടതെന്നും ബജറ്റ‌് പ്രസംഗത്തിന്റെ ആമുഖത്തിൽ പറയുന്നു. ‘നരനു നരനശുദ്ധവസ്‌തുപോലും...’ എന്ന‌്  പഴയ കേരളത്തെ നോക്കി കുമാരനാശാൻ  വിലപിച്ചു. ഈസങ്കൽപ്പത്തെ നല്ലൊരളവ് തുടച്ചുനീക്കിയാണ് നവോത്ഥാന കേരളം വികസിച്ചത്.

ആശാന്റെ  ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാർഷികത്തിൽ ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ മലയാള സാഹിത്യകാരന് ബജറ്റിൽ അഭിവാദ്യം അർപ്പിച്ചു.   ‘‘ശരി!  പാവയോ ഇവൾ!” എന്ന് ആശാന്റെ സീത രാമനോട് ചോദിച്ചതിന്റെ നൂറാം വാർഷികത്തിൽ തങ്ങൾ അശുദ്ധകളല്ലെന്ന‌ു പ്രഖ്യാപിച്ച‌്  കേരളത്തിലെ ലക്ഷക്കണക്കിന‌ു സ്ത്രീകൾ വൻമതിൽ തീർത്ത‌് ചരിത്രം സൃഷ്ടിച്ചു. രണ്ടേമൂക്കാൽ മണിക്കൂർ നീണ്ട ബജറ്റ‌് പ്രസംഗം കുമാരനാശാന്റെ  ‘മാറ്റുവിൻ ചട്ടങ്ങളെ’  ഉദ്ധരിച്ചാണ‌് മന്ത്രി തോമസ‌് ഐസക‌് അവസാനിപ്പിച്ചത‌്.


പ്രധാന വാർത്തകൾ
 Top