14 June Monday

ക്രിയാത്മകമായ വിമര്‍ശമുന്നയിച്ച് എക്കാലവും ഇടതുപക്ഷത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021



ക്രിയാത്മകമായ വിമര്‍ശമുന്നയിച്ച് എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിന്ന ചലച്ചിത്രകാരനെയാണ്  ബംഗാളിന് നഷ്ടമായത്. ബംഗാളി സിനിമയെ പുനരുദ്ധരിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ നേരിട്ട് നടത്തിയ ചലച്ചിത്ര നിര്‍മാണത്തിന്റെ ആനുകൂല്യത്തിലാണ് ബുദ്ധദേബ് ദാസ്ഗുപ്തയടക്കമുള്ള നിരവധി പ്രമുഖകര്‍ക്ക് ശക്തമായ സമാന്തര സിനിമാധാര കെട്ടിപ്പടുക്കാനായത്.

പഠിച്ച സാമ്പത്തികശാസ്ത്രവും ചുറ്റുമുള്ള ജീവിതവും പൊരുത്തപ്പെടുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് അദ്ദേഹം അധ്യാപന ജീവിതം ഉപേക്ഷിച്ചത്. കൊൽക്കത്ത ഫിലിം  സൊസെെറ്റി സജീവമായതോടെ, അദ്ദേഹം സിനിമ ജീവിതമാക്കാന്‍ നിശ്ചയിച്ചു. ഔപചാരിക ചലച്ചിത്രപഠനം ഇല്ലാതെതന്നെ സിനിമ ഒരുക്കി. കൊല്‍ക്കൊത്ത ന​ഗരത്തിലെ എഴുപതുകളിലെ നക്സല്‍മുന്നേറ്റമായിരുന്നു അദ്യ ചിത്രമായ ദൂരത്വ(1978)യുടെ പ്രമേയം.

ഡെമോക്രാറ്റിക്‌ റൈറ്റേഴ്സ് ആൻഡ്‌ ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സ്ഥാനമാനങ്ങളുടെ പിന്നാലെ ഒരിക്കലും പോയില്ല. ഇടതുപക്ഷത്തോടാപ്പം നിന്ന ചില കലാസാഹിത്യ പ്രവര്‍ത്തകര്‍ രാഷ്ട്രീയ സാഹചര്യം മാറിയതനുസരിച്ച് നിലപാട് മാറ്റിയപ്പോള്‍ അതിനെതിരെ ബുദ്ധദേബ് ശബ്ദമുയര്‍ത്തി. അതുമൂലം അദ്ദേഹത്തിന് പല പ്രതിബന്ധങ്ങളും നേരിടേണ്ടിവന്നു. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേള പോലെ പല സുപ്രധാന  വേദികളിലും അവസാനകാലത്ത് അദ്ദേഹത്തിന് സ്ഥാനം ലഭിച്ചില്ല. അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ പൗരാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നതിനെതിരെ അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി.

ഇഷ്ടം 
കേരളപ്രേക്ഷകരെ
കേരളത്തിന്റെ ഇടതുപക്ഷമനസ്സുമായി സജീവമായ ബന്ധം നിലനിര്‍ത്തി. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ വേദികളിലും കേരളത്തിന്റെ ചലച്ചിത്രോത്സവങ്ങളിലും ശാരീരിക അവശതപോലും വകവയ്ക്കാതെ അദ്ദേഹം എത്തി.  അന്തരിച്ച പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാം  അടുത്ത സുഹൃത്തായിരുന്നു. ദേശീയപുരസ്‌കാര ജേതാവായ വേണു അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു. ബംഗാളിലേതിനേക്കാള്‍ തന്റെ ചിത്രങ്ങള്‍ ആസ്വദിക്കപ്പെടുന്നത് കേരളത്തിലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ആധുനികകാല ക്ലാസിക്കുകള്‍ എന്ന ​ഗണത്തിലാണ് നിരൂപകര്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളെ ഉള്‍പ്പെടുത്തുന്നത്.  അവസാനചിത്രം  ഉറോ ജഹാജ് (2020)വീല്‍ചെയറില്‍ ഇരുന്നാണ് സംവിധാനം ചെയ്തത്. ആന്ധി ​ഗലി, അന്‍വര്‍ ക അജബ് ഹിസ്സ എന്നീ രണ്ട് ഹിന്ദിചിത്രങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഭാര്യ സോഹിനി. രണ്ടുമക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top