09 May Sunday

ഇടതുപക്ഷം മഹാസഖ്യത്തിന് കരുത്തേകി: മനോജ് ഝാ

എം പ്രശാന്ത്/അഭിമുഖംUpdated: Saturday Nov 7, 2020

ബീഹാറിലെ മഹാസഖ്യത്തില്‍ ഇടതുപക്ഷത്തെ കൂടി പങ്കാളികളാക്കുന്നതിലും സീറ്റുവിഭജനം സുഗമമാക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചത് തേജസ്വിയുടെ മുഖ്യരാഷ്ട്രീയ ഉപദേശകനും രാജ്യസഭാംഗവുമായ പ്രൊഫ. മനോജ് ഝായാണ്. സാമൂഹിക നീതിയ്ക്കൊപ്പം സാമ്പത്തിക നീതിയുമെന്ന ആര്‍ജെഡിയുടെ പ്രചാരണ മുദ്രാവാക്യത്തിന് പിന്നിലും ഝാ തന്നെ. തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും അദേഹം ദേശാഭിമാനിയ്ക്ക് സമയം അനുവദിച്ചു. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍.

ചോ: ബീഹാറില്‍ ഇടതുപക്ഷം നിലവില്‍ അത്ര ശക്തമല്ല. എന്നാല്‍ ജാതി അധിഷ്ഠിതമായ പല പാര്‍ടികളെയും ഒഴിവാക്കി ഇടതുപക്ഷത്തെ മഹാസഖ്യത്തിന്റെ ഭാഗമാക്കാന്‍ എന്ത് കാരണങ്ങളാലാണ് താല്‍പ്പര്യമെടുത്തത്?


ഉ: രണ്ട് കാര്യങ്ങളാണ് പ്രധാനം. കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബീഹാറില്‍ ഇടതുപക്ഷം അത്ര ശക്തമല്ല. എന്നാല്‍ ഇടതുപക്ഷം എക്കാലവും ജനങ്ങളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നവരും സമരങ്ങള്‍ നയിക്കുന്നവരുമാണ്. ബീഹാറിലെ ഇടതുപക്ഷവും അങ്ങനെ തന്നെ. ഇടതുപക്ഷം ഒരു മുന്നണിയുടെ ഭാഗമാകുമ്പോള്‍ ആ മുന്നണിക്ക് ഒരു കുതിപ്പ് ലഭിക്കും എന്നതാണ് മറ്റൊരു കാര്യം. അക്കങ്ങള്‍ക്ക് അപ്പുറമായ ഒരു കുതിപ്പാണത്. ബീഹാറിലും ഇത് പ്രകടമാണ്. ജനങ്ങള്‍ കൂടെയുള്ളപ്പോള്‍ സഖ്യവും അതിന് അനുസൃതമാകണം. ഇപ്പോഴത്തെ മഹാസഖ്യം ഉജ്വലമായ ഒന്നാണ്. കോണ്‍ഗ്രസ് തുടക്കം മുതലുള്ള ഘടകകക്ഷിയാണ്. ഒപ്പം ഇടതുപക്ഷവുമുണ്ട്. ഡല്‍ഹിയില്‍ ഇരിക്കുന്ന തെരഞ്ഞെടുപ്പ് പ്രവാചകന്‍മാര്‍ക്ക് എന്താണ് ബീഹാറിലെ സാഹചര്യമെന്ന് യഥാര്‍ത്ഥത്തില്‍ അറിയില്ല.

ചോ: ബീഹാര്‍ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ ഏതുവിധം സ്വാധീനിക്കും?


ഉ: ബീഹാര്‍ തെരഞ്ഞെടുപ്പ് രാജ്യത്തിന് പുതിയൊരു ദിശാബോധമേകും. ജീവല്‍ഗന്ധിയായ വിഷയങ്ങള്‍ ഉയര്‍ത്തിവേണം തെരഞ്ഞെടുപ്പുകളെ നേരിടേണ്ടത് എന്ന സന്ദേശമാണ് ബീഹാര്‍ നല്‍കുന്നത്. ആഹാരം, തൊഴില്‍, പാര്‍പ്പിടം, സുരക്ഷിതത്വം, മൊത്തത്തിലുള്ള സാമ്പത്തിക പരിവര്‍ത്തനം. ഇതൊക്കെയാണ് ഒരു സാധാരണക്കാരന്റെ നിത്യജീവിതത്തെ ബാധിക്കുന്നത്. ബീഹാര്‍ ഉയര്‍ത്തുന്ന ഈയൊരു ആഖ്യാനം വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കും.

ചോ: മഹാസഖ്യത്തിന്റെ വിജയസാധ്യത എത്രമാത്രം?


മഹാസഖ്യം ജയിക്കുമെന്നതില്‍ ഒരു സംശയവുമില്ല. ഇതൊരു പൊങ്ങച്ചം പറച്ചിലല്ല. ജനങ്ങള്‍ മഹാസഖ്യത്തില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണ്. മഹാസഖ്യത്തിന്റെ സര്‍ക്കാരില്‍ എല്ലാ ഘടകകക്ഷികളും ഭാഗമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതൊരു വിശാലമായ മുന്നണി സര്‍ക്കാരാവണം.

ചോ: രണ്ടുഘട്ടം കഴിയുമ്പോള്‍ താഴെത്തട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഏതുവിധം?


മഹാസഖ്യം വലിയ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന ആവേശകരമായ റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ആദ്യ ഘട്ടത്തിലെ 71 മണ്ഡലങ്ങളില്‍ 55 ലും മഹാസഖ്യം ജയിക്കും. അഞ്ച് സീറ്റുകളില്‍ നല്ല മല്‍സരം കാഴ്ചവെച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിലെ 94 സീറ്റുകളില്‍ എഴുപതിലേറെ സീറ്റുകളില്‍ ജയം തീര്‍ച്ചയാണ്. മൂന്നാം ഘട്ടത്തിലും നല്ല മുന്നേറ്റമുണ്ടാകും.

ബീഹാറിലെ ജനങ്ങളോട് നന്ദിയുണ്ട്. തൊഴിലില്ലായ്മ, തുല്യജോലിക്ക് തുല്യവേതനം, ഗ്രാമങ്ങളില്‍ പരിവര്‍ത്തനം, വിലക്കയറ്റം തുടങ്ങി ജനജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന വിഷയങ്ങളല്ലാതെ മറ്റൊന്നും തെരഞ്ഞെടുപ്പ് അജണ്ടയാകാന്‍ അവര്‍ അനുവദിച്ചില്ല. മഹാസഖ്യം ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്താണ് പ്രചാരണം നടത്തിയത്. അതുകൊണ്ടു തന്നെ ബീഹാറുകാര്‍ മഹാസഖ്യത്തിനൊപ്പം നിന്നു.

ചോ: ലാലുവിന്റെ അഭാവം മുന്നണിയുടെ ജയസാധ്യതകളെ ബാധിക്കില്ലേ?

ലാലുജിയുടെ പ്രത്യക്ഷസാന്നിദ്ധ്യം മാത്രമാണ് ഇല്ലാത്തത്. അദേഹത്തിന്റെ മാനസിക സാന്നിദ്ധ്യം എല്ലായിടത്തുമുണ്ട്. ലാലുവിന്റെ അജണ്ടയുടെ ഒരു വികസിത രൂപമാണ് തേജസ്വി മുന്നോട്ടുവെയ്ക്കുന്നത്. സാമൂഹികനീതിയാണ് ലാലു മുന്നോട്ടുവെച്ചത്. ജാതി ആധിപത്യത്തിന്റെ ഘടനയെ അദേഹം മാറ്റിമറിച്ചു. സാമൂഹികനീതി എന്നതിനെ സാമ്പത്തികനീതി കൂടിയാക്കി തേജസ്വി മാറ്റുകയാണ്. ലാലുവിന്റെ അഭാവത്തിന്റേതായ കുറവ് തേജസ്വി നികത്തി കഴിഞ്ഞു.

ചോ: ഒരു നേതാവായി ഉരുത്തിരിയാന്‍ തേജസ്വിയ്ക്കായിട്ടുണ്ടോ?


നിങ്ങളെ പോലുള്ള മാധ്യമപ്രവര്‍ത്തകരാണ് അത് വിലയിരുത്തേണ്ടത്.എന്നെ പോലെ ഒപ്പം നില്‍ക്കുന്നവരുടെ വിലയിരുത്തല്‍ പുറത്തുനിന്നുള്ളവരുടെ കാഴ്ചയില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഒരു കാര്യം പറയാം. എവിടെയും കാണാനാകുന്നത് ജനങ്ങളെയാണ്. ജനക്കൂട്ടമെന്ന് പലരും വിശേഷിപ്പിക്കും. ജനസമുദ്രമെന്ന് വിശേഷിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തങ്ങളുടെ നേതാവുമായി സംവദിക്കുന്ന ജനസമുദ്രം. തേജസ്വി ജനങ്ങളില്‍ സൃഷ്ടിക്കുന്ന ആവേശം സമീപകാലത്ത് മറ്റൊരു നേതാവിലും ഞാന്‍ കണ്ടിട്ടില്ല.

ചോ: തേജസ്വിയുടെ 10 ലക്ഷം തൊഴില്‍ വാഗ്ദാനത്തെ നിതീഷ്‌കുമാര്‍ പരിഹസിച്ചുതള്ളുകയാണ്?

ആര്‍ജെഡിയെ മാത്രമല്ല ബീഹാറിലെ ജനങ്ങളെയാകെയാണ് നിതീഷ് പരിഹസിക്കുന്നത്. തൊഴില്‍ സൃഷ്ടിയുടെ കാര്യത്തില്‍ അദേഹത്തിന് വാക്കുപാലിക്കാനായില്ല. തൊഴില്‍ സൃഷ്ടിക്ക് റോക്കറ്റ് സയന്‍സ് അറിയണമെന്നില്ല. ബജറ്റിന്റെ നാല്‍പ്പത് ശതമാനത്തിനപ്പുറം നിതീഷ് സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല. ശേഷിക്കുന്ന അറുപത് ശതമാനം എങ്ങനെ ചെലവഴിക്കണമെന്ന ധാരണ പോലുമുണ്ടായില്ല. നിതീഷ് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പ്രകാരം നാലര ലക്ഷം സര്‍ക്കാര്‍ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പൊലീസ്, ഡോക്ടര്‍മാരടക്കം ആരോഗ്യമേഖലയിലെ ജീവനക്കാര്‍, അധ്യാപകര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍ തുടങ്ങിയ വിഭാഗക്കാരുടെ ദേശീയ ശരാശരി പരിഗണിച്ചാല്‍ ബീഹാര്‍ ഏറെ പിന്നിലാണ്. ഈ തസ്തികകളുടെയെല്ലാം എണ്ണം ദേശീയ ശരാശരിക്ക് ഒപ്പമെത്തിക്കാന്‍ അഞ്ചര ലക്ഷം തസ്തികകള്‍ കൂടി സൃഷ്ടിക്കേണ്ടതുണ്ട്. ലഭ്യമായ തസ്തികകളും സൃഷ്ടിക്കാവുന്ന തസ്തികകളും ചേരുമ്പോള്‍ പത്ത് ലക്ഷത്തില്‍ കൂടുതലാകും. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ രാഷ്ട്രീയവും ഭരണപരവുമായ ഇച്ഛാശക്തി മാത്രമാണ് ആവശ്യം. അത് തേജസ്വിയ്ക്കുണ്ട്. എന്തായാലും ബീഹാര്‍ അവരുടെ നേതാവിനെ തെരഞ്ഞെടുത്ത് കഴിഞ്ഞു. വികസനത്തിന്റേതായ രാഷ്ട്രീയത്തെയും തെരഞ്ഞെടുത്തു.

ചോ: മഹാസഖ്യത്തെ ചതിച്ച് ബിജെപിയ്ക്കൊപ്പം നിതീഷ് പോയത് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാണോ?

കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജനവിധി മഹാസഖ്യത്തിന് അനുകൂലമായിരുന്നു. നിതീഷ് കുമാറിന് തുടര്‍ന്ന് എന്തുസംഭവിച്ചുവെന്നത് അറിയുന്ന കാര്യമല്ല. അദേഹം സഖ്യം വിട്ടത് എന്ത് സമര്‍ദ്ദത്താലാണ് എന്നതും വ്യക്തമല്ല. എന്നാല്‍ പലതും വൈകാതെ പുറത്തുവരും. അദേഹം ജനവിധി വില്‍ക്കുകയായിരുന്നു. ബീഹാറിലെ ജനങ്ങള്‍ തള്ളികളഞ്ഞവര്‍ക്ക് വേണ്ടിയായിരുന്നു ആ വില്‍പ്പന എന്നതാണ് ഏറെ വിചിത്രം. തൊഴിലില്ലായ്മ, തുല്യവേതനം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം ജനവിധിയെ വഞ്ചിച്ചതും വോട്ടര്‍മാരുടെ മനസ്സിലുണ്ട്. അത് നിതീഷിന് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്.

ചോ: തന്റെ ഭരണകാലത്ത് ബീഹാറില്‍ വലിയ മാറ്റങ്ങള്‍ വന്നതായി നിതീഷ് അവകാശപ്പെടുന്നു. പ്രത്യേകിച്ച്
റോഡുനിര്‍മ്മാണവും മറ്റും?


ബീഹാറില്‍ റോഡുകളുടെ വികസനം 2004 ല്‍ യുപിഎ സര്‍ക്കാരില്‍ ആര്‍ജെഡി ചേര്‍ന്ന ഘട്ടത്തില്‍ തുടങ്ങിയതാണ്. രഘുവംശ് പ്രസാദ് സിങായിരുന്നു ഗ്രാമവികസന മന്ത്രി. നിതീഷ് അവകാശപ്പെടും പോലെ റോഡുവികസനം അദേഹത്തിന്റെ നേട്ടമല്ല. ലാലു നടത്തിയ പ്രത്യേകമായ ഇടപെടലിനെ തുടര്‍ന്നാണ്. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ മുമ്പില്ലാത്ത വിധം ഫണ്ട് അനുവദിച്ചു. നിതീഷ് കുമാറിന്റെ വികസനവക്താവ് ചമയല്‍ പൊള്ളത്തരമാണ്. തുല്യജോലിക്ക് തുല്യവേതനം ആവശ്യപ്പെട്ടവര്‍ക്ക് ലാത്തിയടിയാണ് കിട്ടിയത്. അവരെ ജയിലില്‍ അടച്ചു. ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് 15 വര്‍ഷത്തെ വികസന നേട്ടം പറയുന്നവര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ വരുന്നത്.

ചോ: സംഘപരിവാറും മോഡിയും വീണ്ടും അയോധ്യയിലേക്കും മറ്റും തിരിയുകയാണ്. വോട്ടര്‍മാരെ ഇത് ഏതുവിധം സ്വാധീനിക്കും?

അയോധ്യ പോലുള്ള വിഷയങ്ങള്‍ ബിജെപി ഉയര്‍ത്തുന്നത് പരിഭ്രാന്തി കാരണമാണ്. ചില ജെഡിയു നേതാക്കളും അത് ഏറ്റുപിടിച്ചിട്ടുണ്ട്. ബീഹാര്‍ ഏറെ ആശങ്കയിലാണ്. അടച്ചിടല്‍ കാലയളവില്‍ ജനങ്ങള്‍ റോഡിലും റെയില്‍പാളങ്ങളിലും മരിച്ചുവിഴുന്നത് ബീഹാര്‍ കണ്ടതാണ്. സംസ്ഥാനത്തിനുള്ളിലേക്ക് ബീഹാറുകാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത് അവര്‍ കണ്ടതാണ്. തങ്ങളുടെ നാട്ടുകാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എങ്ങനെ കഷ്ടപ്പെടുന്നുവെന്നത് ബീഹാര്‍ കണ്ടതാണ്. ബീഹാറുകാരുടെ ഓര്‍മ്മശക്തി അപാരമാണ്. വാചകകസര്‍ത്തില്‍ അവര്‍ വീഴില്ല. 2014 ലും 19 ലും മറ്റും സാഹചര്യം വ്യത്യസ്തമായിരുന്നു. ഇപ്പോള്‍ അതല്ല സാഹചര്യം. ഭക്ഷണം, ജോലി, വേതനം. ഇതൊക്കെയാണ് വിഷയങ്ങള്‍. ജനങ്ങള്‍ അത് ഏറ്റെടുത്തുകഴിഞ്ഞു. അതുകൊണ്ടാണ് ബിജെപിക്ക് ഓരോ മണിക്കൂറിലും അജണ്ട മാറ്റേണ്ടിവരുന്നത്.

ചോ: സര്‍വ്വേഫലങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമാണ്?


അഭിപ്രായസര്‍വ്വേക്കാര്‍ക്ക് ഞാന്‍ നന്മകള്‍ നേരുന്നു. എന്നാല്‍ എന്തുകൊണ്ട് പ്രവചനം പിഴച്ചുവെന്ന് അവര്‍ക്ക് 10--ാം തീയതി ജനങ്ങളോട് പറയേണ്ടി വരും. ജാര്‍ഖണ്ഡിലും ഹരിയാനയിലും ഛത്തിസ്ഗഢിലുമെല്ലാം അഭിപ്രായസര്‍വ്വേകള്‍ പാളിയത് കണ്ടതാണ്. ഇത്തരം സര്‍വ്വേകള്‍ക്ക് പിന്നില്‍ ഒരു പൊളിറ്റിക്കല്‍ഇക്കണോമിയുണ്ട്. അതല്ലാതെ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ല.

ചോ: കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും വ്യത്യസ്തധ്രുവങ്ങളിലാണ്. മഹാസഖ്യത്തിലെ യോജിപ്പ് എത്രമാത്രം?

ഇന്ത്യയില്‍ രാഷ്ട്രീയം മാറിയിട്ടുണ്ട്. വളരെ വിഭവശേഷിയുള്ള ബിജെപിയ്‌ക്കെതിരെയാണ് മല്‍സരം. ചിന്തിക്കാവുന്നതിനും അപ്പുറമാണ് അവരുടെ സാമ്പത്തികശേഷി. പ്രദേശികമായ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. കേരളത്തിലും ബംഗാളിലും ബീഹാറിലുമൊക്കെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. പ്രാദേശികമായ സാഹചര്യം എന്താണോ അതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. ഈയൊരു കാര്യം എല്ലാ രാഷ്ട്രീയപാര്‍ടികളും മാനിക്കേണ്ടതുണ്ട്. ഭാവിയില്‍ ദേശീയതലത്തിലും വര്‍ഗീയതയ്ക്കെതിരായി ഒരു മഹാസഖ്യമെന്നത് പ്രതീക്ഷിക്കാവുന്നതാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top