25 June Saturday

വിനയം ഇത്രയ്‌ക്ക്‌ ശക്തിയുള്ളതാണോ?..തമിഴ്‌നാട്ടിലെ കമ്യൂണിസ്‌റ്റ്‌ നേതാവ്‌ നന്മാറനെപ്പറ്റി ബവ ചെല്ലദുരൈ എഴുതുന്നു

ബവ ചെല്ലദുരൈUpdated: Thursday Apr 28, 2022

നന്മാറൻ

നന്മാരൻ എന്ന വിനീതനായ ആ മനുഷ്യനെ  ഒരു രാഷ്‌ട്രീയക്കാരനായോ സമരഭൂമിയിൽ മുൻനിരയിൽ നിന്ന്‌ ആകാശം മുട്ടെ  മുദ്രാവാക്യം വിളിക്കുന്ന പൊതുപ്രവർത്തകനായോ നിയമസഭയിലെ ബഹളത്തിൽ തന്റെ അപൂർവമായ ശബ്‌ദത്തെ തുലയ്‌ക്കുന്ന അംഗമായോ എത്ര ചിന്തിച്ചിട്ടും എനിക്ക്‌ പിടികിട്ടുന്നില്ല. നന്മാരൻ എന്നാൽ, എനിക്ക്‌ വേദിയും പ്രസംഗവുമാണ്‌...തമിഴ്‌നാട്ടിലെ കമ്യൂണിസ്‌റ്റ്‌ നേതാവും എംഎൽഎയുമായ എ നന്മാരനെപ്പറ്റി ബവ ചെല്ലദുരൈ.

നന്മാരൻ എന്ന വഴികാട്ടി

ഹോസൂർ താലൂക്കാപ്പീസ്‌ റോഡിനെ നമ്മളിൽ പലരും ഇപ്പോൾ മറന്നിരിക്കും. ചിലർ അതിന്റെ മഹത്വം അറിയാതെ കടന്നുപോകുന്നുമുണ്ടാവാം. എഴുത്തുകാരനും എക്‌സിക്യുട്ടീവ്‌ അംഗവുമായ ലെയ്‌ലന്റ്‌ തൊഴിലാളി പോപ്പു ഒരുകാലത്ത്‌ ആ റോഡിനെ  മനസ്സിനകത്ത്‌ കുടിയിരുത്തിയിരുന്നു.

  ബവ ചെല്ലദുരൈ

ബവ ചെല്ലദുരൈ


പുരോഗമന സാഹിത്യകാര സംഘത്തിന്റെ പരിപാടികൾ പലതും ആ റോഡിലെ മൈതാനത്ത്‌ സ്‌റ്റേജിൽ ആണ്‌ നടന്നത്‌. ആ തണുത്ത രാത്രിയുടെ പിടിയിൽ മുൻവരിയിൽ ഞാൻ ചങ്ങാതിമാരുടെ കൂടെ നിലത്ത്‌ കുത്തിയിരുന്നു.ഒരു കറുത്തമനുഷ്യൻ സംസാരിക്കുവാൻ ആരംഭിച്ച്‌ അഞ്ചു നിമിഷത്തിൽ സ്‌റ്റേജിന്റെ പിറകിൽ നിന്ന്‌ തുടരെ മുഴങ്ങിയ ഒരു ലോറിയുടെ ഹോൺ ശബ്്‌ദത്തെ ആ മനുഷ്യൻ തന്റെ മുന്നിലുള്ള മൈക്കിന്റെ ശബ്‌ദംകൊണ്ട്‌ തടഞ്ഞു. ‘‘സ്‌റ്റേജ്‌ മാറില്ല ചേട്ടാ, നിങ്ങൾ തന്നെ സൈഡ്‌ എടുക്കണം,’’ എന്നു മറുപടി പറഞ്ഞ ആ നിമിഷത്തിൽ ഉയർന്ന കൈതട്ടലിന്റെ ആരവത്തിൽ നന്മാരൻ എന്റെ മനസ്സിന്റെ വളരെ അടുത്തേക്ക്‌ വന്നിരുന്നു.

ഒരു കലാകാരനെ ഒരു വാക്കിൽ, ഒരു ചലനത്തിൽ ഒരു പ്രവൃത്തിയിൽ നമുക്ക്‌ തിരിച്ചിയാനാകും. ആ രാത്രിയിലാണ്‌ ഞാൻ അദ്ദേഹത്തിന്റെ ആരാധകനായത്‌. അദ്ദേഹത്തിന്റെ അന്യായമായ വിനയത്തെ പിൻപറ്റാൻ ശ്രമിച്ച്‌ ഇന്നും തോൽക്കുകയാണ്‌.

ചരിത്രത്തിന്റെ വഴിയെങ്ങും നമ്മൾ പല രാത്രികളിൽ പല വ്യക്തിത്വങ്ങളെ, പ്രസംഗകരെ കടന്ന്‌ ജീവിതത്തെ നിറയ്‌ക്കുന്നു.  ചിലരുടെ അടയാളം മാത്രമാണ്‌ അങ്ങനെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്‌. ‘ജീവാ മരിച്ചുപോയി’ എന്ന വാർത്ത സുന്ദരരാമസ്വാമിയുടെ അടുത്തെത്തി. അടുത്തനിമിഷം അദ്ദേഹം വിചാരിക്കുന്നു. ‘ജീവാ ഒരു വേദിയിൽ മൈക്കിനു മുന്നിൽ നിന്ന്‌ ഗർജിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌  മരിക്കേണ്ടിയിരുന്നത്‌.’

സുന്ദര രാമസ്വാമി അമേരിക്കയിൽ തന്റെ മകളുടെ വീട്ടിൽ വെച്ച്‌ മരിച്ചിരിക്കുന്നു എന്ന വാർത്ത കേട്ടയുടനെ ഞാൻ വിചാരിക്കുന്നു, മകളുടെ വീട്ടിലിരുന്ന്‌ അദ്ദേഹം ആർക്കെങ്കിലും ഒരു കത്തെഴുതിക്കൊണ്ടിരിക്കുമ്പോഴോ ഒരു കവിതയുടെ മൂന്നാമത്തെ വരി കടക്കാനറിയാതെ പ്രയാസപ്പെട്ടോ ദസ്‌തയേവസ്‌കിയുടെ കുറ്റവും ശിക്ഷയും എന്ന നോവൽ നാലാമത്തെ തവണ വായിച്ചുകൊണ്ടേയിരിക്കുമ്പോേഴാ അദ്ദേഹം നിലത്തേക്ക്‌ മറിഞ്ഞുവീണിരിക്കണം.

നന്മാറൻ ഒരു ചടങ്ങിൽ സംസാരിക്കുന്നു

നന്മാറൻ ഒരു ചടങ്ങിൽ സംസാരിക്കുന്നു


നന്മാരൻ എന്ന വിനീതനായ  ആ മനുഷ്യനെ ഒരു രാഷ്‌ട്രീയക്കാരനായോ സമരഭൂമിയിൽ മുൻനിരയിൽ നിന്ന്‌ ആകാശംമുട്ടെ മുദ്രാവാക്യം വിളിക്കുന്ന പൊതുപ്രവർത്തകനായോ നിയമസഭയിലെ ബഹളത്തിൽ തന്റെ അപൂർവമായ ശബ്‌ദത്തെ തുലയ്‌ക്കുന്ന അംഗമായോ എത്ര ചിന്തിച്ചിട്ടും എനിക്ക്‌ പിടികിട്ടുന്നില്ല. നന്മാരൻ എന്നാൽ, എനിക്ക്‌ വേദിയും പ്രസംഗവുമാണ്‌. മൈക്ക്‌ തന്നെ അദ്ദേഹത്തിന്റെ മുന്നിൽ എഴുന്നേറ്റ്‌ നിന്ന്‌ ‘ഇനിയും കുറച്ചുറക്കെ സംസാരിക്ക്‌ സഖാവെ’ എന്ന്‌ പറഞ്ഞേക്കുമോ എന്ന്‌ പലതവണ കരുതിയിരുന്നു. പ്രസംഗിക്കാൻ എന്തിനാണ്‌ ശബ്‌ദം? ഗാന്ധിയും പെരിയാറും ഇ എം എസും ഉറക്കെ പ്രസംഗിച്ചിട്ടാണോ ലോകത്തെ വിറപ്പിച്ചത്‌? നന്മാരൻ തന്റെ പ്രസംഗത്തെ  അതിന്റെ അടുത്തനിമിഷം വരെ  മനസ്സിൽകൂടി തയ്യാറാക്കുന്നില്ല.

മനസ്സിൽകൂടി തയ്യാറാക്കാത്ത  ഒരാൾക്ക്‌ താളുകൾ എന്തിനാണ്‌? ഐപാഡ്‌ എന്തിനാണ്‌? ഒന്നുമില്ലാതെ അൽപ്പം മുമ്പ്‌ കഴുകിയ ശുദ്ധമായ മനസ്സോടെ  അദ്ദേഹം വേദിക്കുമുന്നിൽ നിൽക്കുന്നു. അദ്ദേഹത്തിന്‌ സംസാരിക്കുന്നതിന്‌ ദൂരെയിരിക്കുന്ന ഏതോ ഒരു തൊഴിലാളി സഖാവിന്റെ രണ്ടു കണ്ണുകൾ മതി.  അദ്ദേഹത്തിന്റെ വാക്കുകൾ പുതുമഴയിെല ചെമ്മണ്ണു കലർന്ന കാട്ടാറിലെ വെള്ളംപോലെ നിറഞ്ഞൊഴുകും. ഭാവനകൾ ഇല്ലാത്ത ആ സംസാരം ഒരു തുള്ളിയും ചിതറിപ്പോകാതെ നമ്മുടെ മനസ്സിനകത്തേക്ക്‌ നുഴഞ്ഞുകയറും. തന്റെ ശരീരഭാഷയുടെ ചലനങ്ങൾ ഈ പ്രസംഗത്തിന്‌ അനാവശ്യമാണെന്നതിനാൽ അദ്ദേഹം വേദിയിൽ കയറുന്നതിനുമുൻപുതന്നെ അതിനെ ദൂരേയ്‌ക്ക്‌ കളയുന്നു. അദ്ദേഹത്തിന്റെ ദീർഘപ്രസംഗങ്ങൾ, ചെറുപ്രസംഗങ്ങൾ, വളരെ ചെറിയ ആശംസാപ്രസംഗങ്ങൾ ഒക്കെ പലതവണ ഞാൻ കേട്ടിരിക്കുന്നു. യഥാർത്ഥ കലാകാരന്റെ വാക്കുകളാണവ.

വിക്രം

വിക്രം

‘ഭീമാ’ എന്ന ഒരു സിനിമയിൽ വിക്രമിന്റെ അസാമാന്യ പ്രവൃത്തികൾ കണ്ടു ഭയന്ന പ്രകാശ്‌രാജ്‌  തന്റെ സഹായിയോട്‌ ചോദിക്കുന്നു. ‘‘ആരാണ്‌ സ്വാമി ഇവൻ? എവിടെനിന്നാണ്‌ വന്നത്‌? ആരുടെ ബാക്കിയാണ്‌?’’അതേ മാനസികാവസ്ഥയിലാണ്‌ ഒസൂർ  കലാസന്ധ്യ കഴിഞ്ഞ്‌ അടയ്‌ക്കാൻ തുടങ്ങിയിരുന്ന ഒരു പൊറോട്ട കടയുടെ മുന്നിൽ ഇരുട്ടിൽ നിന്നുകൊണ്ട്‌ ഞാൻ എന്റെ സുഹൃത്ത്‌ പോപ്പുവിനോട്‌ ചോദിച്ചത്‌,

‘‘ആരാണ്‌ പോപ്പു ഇദ്ദേഹം?’’
‘‘എവിടെ നിന്നാണ്‌ വന്നത്‌?’’
‘‘എങ്ങനെയാണ്‌ ഇങ്ങനെ മനസ്സിലെ ഭാഷകൊണ്ട്‌ ഇദ്ദേഹത്തിനുമാത്രം സംസാരിക്കാനാവുന്നത്‌?’’
അർധചിരിയിൽ ജാഗ്രതയോടെ പോപ്പു പറഞ്ഞു.
മധുര, സിപിെഎ എമ്മിന്റെ മുഴുവൻ സമയ പ്രവർത്തകൻ, ധാരാളം വായിക്കുകയും കുറച്ച്‌ എഴുതുകയും നമുക്കെന്തിന്‌ പൊല്ലാപ്പ്‌ എന്ന്‌ യാതൊരു സാസഹിത്യ കലഹങ്ങളിലും  കുടുങ്ങാതെ കുട്ടികളുടെ മുന്നിൽ തന്റെ പാട്ടുകൾ പാടുകയും ചെയ്യുന്നവൻ എന്നും. അദ്ദേഹത്തെക്കുറിച്ച്‌ പൂർണമായി മനസ്സിലാകാനാവുന്നതിൽ മുൻപുതന്നെ പാതിയിൽ പോപ്പു നിർത്തി.

അതുമാത്രമാണോ നന്മാരൻ?
അദ്ദേഹം ഒരു മിൽതൊഴിലാളിയുടെ മകനാണ്‌. ഉച്ചഭക്ഷണം തണുക്കുന്നതിനുമുമ്പ്‌ ഒരു പിച്ചളതൂക്കുപാത്രത്തിൽ ഇട്ട്‌ ഭദ്രമായി എടുത്തുകൊണ്ടുപോയി മില്ലിനു മുന്നിൽ നീണ്ടുകിടക്കുന്ന പ്ലാറ്റ്‌ഫോറത്തിൽ നിന്നുകൊണ്ട്‌ റോഡരുകിലെ മനുഷ്യരെ നോക്കിനിന്ന ബാല്യകാലമുള്ള കുട്ടിയാണവൻ.
വിയർപ്പ്‌ ഒഴുകുന്ന ഷർട്ടോടുകൂടി വെയിലുള്ള ഉച്ചയ്‌ക്ക്‌ തന്റെ ശാരീരികാധ്വാനം നൽകി പുറത്തേക്കുവരുന്ന അച്ഛനെ ആ പയ്യൻ ദിവസവും തന്റെ പുഞ്ചിരിയാൽ വരവേറ്റുകൊണ്ട്‌ അദ്ദേഹത്തിന്റെ വേദനയെ ഇല്ലാതാക്കും.
പ്ലാറ്റ്‌ഫോറത്തിന്റെ തറയിൽ ഇരുന്ന്‌ അച്ഛൻ ആഹാരം കഴിക്കുന്നത്‌ മുന്നിലിരുന്ന്‌ അവൻ ശ്രദ്ധിക്കും. ആദ്യത്തെ വായ്‌ േചാറും അവസാനത്തെ വായ്‌ ചോറും അച്ഛന്റെ നനഞ്ഞ കയ്യിൽ നിന്ന്‌ മകന്റെ വായിലേക്ക്‌ വന്നുചേരും.

അച്ഛന്റെ കൂടെ കരിമ്പിൻ കഷ്‌ണങ്ങൾ കൊണ്ടുപോയി കീരത്തുറൈ മൂലക്കരൈ ശ്‌മശാനത്തിലുള്ള സിദ്ധന്റെ സമാധിയിൽ വച്ചിട്ട്‌ വീണ്ടും അവ എടുത്തുകൊണ്ടുവന്ന്‌ മീനാക്ഷി അമ്മൻകോവിലിന്റെ മുറ്റത്തു കെട്ടിയിരിക്കുന്ന ആനയ്‌ക്ക്‌ കൊടുത്ത പിഞ്ചുകരങ്ങൾ നന്മാരന്റെ ബാല്യകാലത്തേതാണ്‌.
രണ്ടുതവണ മധുര കിഴക്കിലെ  എംഎൽഎ ആയിരുന്ന നന്മാരനോട്‌ ഒരു ഫോൺവിളിയിൽ ഞാൻ ചോദിച്ചു.
‘‘ഒരു വർഷം എംഎൽഎ ആയിരുന്നവനൊക്കെ ഫോർച്യൂണർ കാർ, ഓഡി കാർ, ഇവയിലൊക്കെയാണല്ലോ പോകുന്നത്‌. ഒരുതവണ പോലും അതുകണ്ട്‌ നിങ്ങൾ ആഗ്രഹിച്ചിട്ടില്ലേ സഖാവെ?’’
അദ്ദേഹം അൽപ്പനേരം നിശ്ശബ്‌ദനായി നിന്ന്‌ പിന്നെ സാവധാനം പറഞ്ഞു.
‘‘ഇല്ല ബവാ, പ്ലാറ്റ്‌ഫോറത്തിൽ ഇരുന്ന്‌ ആഹാരം കഴിച്ച നമുക്ക്‌ നാലുചുവരിനകത്തിരുന്നത്‌ ആഹാരം കഴിക്കാൻ സാധിച്ചിരിക്കുന്നു എന്നതിൽ സന്തോഷിച്ചിരിക്കുകയാണ്‌.’’
ഇദ്ദേഹത്തെ നിങ്ങൾ ഏതു ചട്ടക്കൂടിനകത്താണ്‌ അടയ്‌ക്കുക?
ഇദ്ദേഹം ആരുടെ ബാക്കിയാണ്‌? അല്ലെങ്കിൽ ആരുടെ തുടർച്ചയാണ്‌. അദ്ദേഹം തന്നെ പറയുന്നു,

‘‘ഞാൻ എ ബാലസുബ്രഹ്മണ്യത്തിന്റെ, ശങ്കരയ്യായുടെ, കെ പി ജാനകി അമ്മാളിന്റെ, വി പി ചിന്തന്റെ തുടർച്ചയാണ്‌ ബവാ. ഒരുപക്ഷേ, അവരുടെ തുടർച്ചയാണ്‌ ഞാൻ എന്ന്‌ നിങ്ങൾ വിശ്വസിക്കാൻ എനിക്കതു മതി.  എന്റെ പൊതുജീവിതം അങ്ങനെ ആയിരുന്നാൽ ഞാൻ ഒരു വലിയ ജീവിതം ജീവിച്ചിരിക്കുന്നു എന്ന്‌ അഭിമാനിക്കും.’’ഈ സംസാരം തുടരാൻ ത്രാണിയില്ലാതെ അവസാനിപ്പിച്ചു. ഒരു സന്തോഷകരമായ നേരത്ത്‌ ഞാൻ നന്മാരനോട്‌ ചോദിച്ചു.
‘‘മുഖ്യന്ത്രി ജയലളിതക്ക്‌ താങ്കളോട്‌ പ്രത്യേകം സഹാനുഭൂതിയായിരുന്നുവെന്ന്‌  സഖാക്കൾ പറയുന്നുണ്ടല്ലോ?’’
അദ്ദേഹം ചിരിച്ചു. ആ ചിരി ഉള്ളിൽ നിന്നും വന്നതാണ്‌.

‘‘എന്നോടല്ല ബവാ. എന്റെ സംസാരത്തോടും എന്റെ സത്യസന്ധമായ പ്രവൃത്തികളോടും ആണ്‌ അത്‌. ഒരുപക്ഷേ, നിങ്ങൾ പറയുന്നത്‌ സത്യമാണെങ്കിൽ  ഞാൻ സ്വീകരിച്ച നയങ്ങളോടും എന്നെ നയിക്കുന്ന പാർടിയോടും അവർക്കുള്ള മര്യാദയാണെന്നുമാത്രം അതിനെ എടുത്തുകൊള്ളൂ. ആ സഹാനുഭൂതി പ്രയോജനപ്പെടുത്തി വൈഗെ നദിയിൽ നിന്നും മണൽ വാരുന്നതിനുള്ള കോൺട്രാക്ട്‌ ആണോ ചോദിക്കാൻ പോകുന്നത്‌?’’
നിയമസഭാനുഭവങ്ങളിൽ കലൈഞ്‌ജരോടുകൂടി ഞാൻ പല താൽപര്യമുള്ള കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്‌. നിയമസഭയിൽ കോൺഗ്രസ്‌ എംഎൽഎ വേലൂർ ജ്ഞാനശേഖർക്കും എനിക്കും ഇടയിൽ നടന്ന ഒരു കശപിശയിൽ കലൈഞ്‌ജർ ഇടയിൽ കയറി എന്നോടു ചോദിച്ചു.
‘‘നിങ്ങൾക്ക്‌ എത്ര കുട്ടികളുണ്ട്‌ നന്മാരൻ’’.

‘‘രണ്ടുപേർ.’’
‘‘പേരെന്താണ്‌?’’
‘‘ഗുണശേഖരൻ, രാജശേഖരൻ.’’
‘‘അേപ്പാൾ തന്നെ ജ്ഞാനശേഖരൻ വേണ്ടെന്നു വച്ചോ?’’
അതുകേട്ട്‌ ജ്ഞാനശേഖരൻ തന്നെ ചിരിച്ചുപോയി.
മധുരകിഴക്കിൽ ഞാൻ രണ്ടുതവണ എംഎൽഎ സ്ഥാനാർഥിയായി പാർടി പറഞ്ഞതുപ്രകാരം നിന്നിട്ടുണ്ട്‌. നിങ്ങൾക്ക്‌ അത്‌ അറിയാമല്ലോ. ഒറ്റയ്‌ക്ക് െഡപ്പോസിറ്റുപോലും കെട്ടിവെക്കാൻ െകൽപ്പില്ലാത്തവനാണ്‌ ഞാൻ. എല്ലാം പാർടിയാണ്‌. രണ്ടുതവണയും എെന്റ മണ്ഡലത്തിൽമാത്രം മൂന്നുവട്ടം ജയലളിത അമ്മ

ജയലളിത

ജയലളിത

പ്രചാരണത്തിനുവന്നു. അവരുടെ പാർടിപ്രവർത്തകർക്ക്‌ വളരെ വലിയ ആശ്‌ചര്യമായിരുന്നു. ‘‘ഞങ്ങളുടെ മണ്ഡലത്തിലെ തെരുവുകളിൽ  ഒരുതവണ പോലും വരാത്ത അമ്മ നിങ്ങൾക്ക്‌ മാത്രം എങ്ങനെയാണ്‌ ഇത്രയും തവണ ഇങ്ങനെ ഇടുങ്ങിയ ഇടവഴികളിലൊക്കെ നുഴഞ്ഞ്‌ പ്രചാരണം നടത്തുന്നത്?’’
അവർ എന്നോട്‌ ചോദിച്ചു.

ഞാൻ ചിരിക്കുകമാത്രം ചെയ്‌ത്‌ അവരുടെ ചോദ്യങ്ങളെ മറികടന്നു. അതിന്‌ ഒരു പിന്നണിയുണ്ട്‌.  അത്‌ എനിക്കും എന്റെ പാർടിക്കും ആ അമ്മയ്‌ക്കും അറിയാം. സഖാവ്‌ ശങ്കരയ്യ മധുരകിഴക്ക്‌  മണ്ഡലത്തിൽ എംഎൽഎ സ്ഥാനാർഥിയായി നിന്നപ്പോൾ ഞാൻ മുന്നണി പ്രവർത്തകനായിരുന്നു. പ്രചാരണവേളയിൽ വികാരാധീതനായി എംജിആർ പറഞ്ഞു.
‘‘എനിക്ക്‌ ഒരുലക്ഷം വോട്ടു ചെയ്യാൻ അവസരമുണ്ടെങ്കിൽ ഒരു ലക്ഷം വോട്ടും സഖാവ്‌  ശങ്കരയ്യക്ക്‌ തന്നെ ചെയ്യും?’’
അേത എംജിആർ മധുരകിഴക്ക്‌ മണ്ഡലം സ്ഥാനാർഥിയായി നിന്നപ്പോൾ സഖാവ്‌ എൻ എസും ഞാനുമാണ്‌ അദ്ദേഹത്തിന്റെ സ്ഥാനാർഥി പട്ടിക പിന്താങ്ങിയത്‌.

ദിണ്ടുക്കൽ ഇടക്കാല തെരഞ്ഞെടുപ്പിനുവേണ്ടി മാത്രമാണ്‌ എന്റെ കോളേജ്‌ പഠനം ദിണ്ടുക്കലിനപ്പുറത്തേക്ക്‌ വീശിയെറിഞ്ഞത്‌ ബവാ. കാലം എല്ലാറ്റിനെയും  മറക്കാൻ വിടില്ലല്ലോ? ആരുടെ ഓർമകളിലും തുരുമ്പു കയറിയ ഈ കയ്‌പ്പ്‌ ഇപ്പോഴും ബാക്കിനിൽക്കുമല്ലോ? അതാണ്‌ ജയലളിതയുടെ ഈ സഹാനുഭൂതിക്ക്‌ കാരണമെന്ന്‌ ഞാൻ വിചാരിക്കുന്നു. കലാസന്ധ്യാ വേദികളിൽ സംസാരിക്കുന്നതിന്‌ മുമ്പും  സംസാരിച്ചതിനുശേഷവും അദ്ദേഹത്തിന്‌ സൊക്കാലാൽ ബീഡിക്കെട്ട്‌ വേണം. അത്‌ എങ്ങനെയെങ്കിലും വാങ്ങി നൽകണമെന്നതിൽ പല പാതിരാവുകളിലും തുറന്നിരിക്കുന്ന ഏതോ ചില പെട്ടിക്കടകളിലേക്ക്‌ ഓടിയിരിക്കുന്നു.
രണ്ടുപേർ ബീഡി വലിക്കുന്നതു നോക്കി നമ്മളും അത്‌ കൈക്കൊണ്ടാൽ എന്താണെന്ന്‌ ആഗ്രഹം തോന്നിയ എന്റെ ജോലിയില്ലാത്ത നാളുകളെ ഇപ്പോൾ ഓർക്കുന്നു. ഒരാൾ മമ്മൂട്ടി, മറ്റൊരാൾ നന്മാരൻ.

മമ്മൂട്ടി

മമ്മൂട്ടി

ആ ഇഷ്ടപ്പെട്ട പുക എന്റെ നെഞ്ചിൻകൂട്ടിലേക്കെത്തുന്നതിനു മുമ്പേ കൈകൾകൊണ്ട്‌ അതിനെ തടഞ്ഞ്‌ കാറ്റിൽ  വട്ടം കറക്കി. ഓരോ വ്യക്തിക്കും ഏതോ ഒരു കവിയോ എത്തുകാരനോ മറ്റൊരു വ്യക്തിയോ അല്ലെങ്കിൽ അവരുടെ ഒരു വാക്കോ ഒരു വരിയോ ആണ്‌ ജീവിതത്തിത്തിന്റെ ആദർശമായിരിക്കുന്നത്‌.
‘സംസാരിച്ചു തീർക്കാം’  എന്ന ഗാന്ധിയുടെ വാക്ക്‌ ഇന്നും എത്രയോ മനുഷ്യരുടെ ആദർശമാണ്‌.
സഖാവ്‌ നന്മാരന്‌ വാക്കല്ല ഒരു പാട്ടിന്റെ വരിയാണ്‌ ഇന്നോളം അദ്ദേഹത്തെ, അദ്ദേഹത്തിന്റെ നിഴൽപോലെ പിന്തുടർന്നുവരുന്നത്‌. അദ്ദേഹം പഠിച്ച സ്‌കൂളുകളുടെ നാടൻ ഒാടുമേഞ്ഞ കെട്ടിടങ്ങളിലോ അെല്ലങ്കിൽ ഓലക്കൂരകളിലോ മഴവെള്ളം ചോരാത്ത ഇടം നോക്കി ഒതുങ്ങിനിൽക്കുന്ന നിമിഷങ്ങളിൽ വിദ്യാർഥികളുടെ ചൂടുകൾക്കിടയിൽ ആരോ ഒരു ചങ്ങാതി അല്ലെങ്കിൽ ആരോ ഒരധ്യാപകൻ എപ്പോഴും നന്മാരനോട്‌ പാടാൻ പറയും. എല്ലാവർക്കും ഇഷ്ടപ്പെട്ട ആ ഒരേ പാട്ടിന്റെ വരികൾ ഇവയാണ്‌.

‘പാവങ്ങളെ താഴ്‌ത്തി ഉയർന്നവരെ വാഴ്‌ത്തുന്ന ലോകമേ നിന്റെ  പ്രവൃത്തി മാറില്ലേ?’ എത്ര സാന്ദ്രമായ വാക്കുകളാണിവ?
ആ പാട്ടിന്റെ വരികൾ തന്റെ ജീവിതത്തെ ഇപ്പോഴും മുന്നോട്ടു നയിക്കുന്നതായി അദ്ദേഹം വിശ്വസിക്കുന്നു.
എന്റെ മകൻ വംശിക്ക്‌ അപ്പോൾ  മൂന്നു വയസ്സായിരുന്നു. കടുത്ത തണുപ്പിൽ നിന്നും അൽപ്പം ആശ്വാസം ലഭിക്കുന്നതിനുവേണ്ടി കുഞ്ഞിനെ ഒരു കമ്പിളിയിൽ പൊതിഞ്ഞ്‌ മടിയിൽ കിടത്തിക്കൊണ്ട്‌, പോണ്ടിച്ചേരിയിൽ നടന്ന തമിഴ്‌നാട്‌ പുരോഗമന സാഹിത്യകാര സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്‌ ഞാനും ഷൈലജയും ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. സമയം പുലർച്ചെ അഞ്ചര മണി ആയിക്കാണും. സഹിക്കാനാവാത്ത തണുപ്പ്‌ ഞങ്ങളുടെ മുഖത്തേക്ക്‌ അടിച്ചുകൊണ്ടിരുന്നത്‌ ഇന്നും ഓർമയിലുണ്ട്‌. ആരോ ഒരാൾ കൈ കാണിച്ചപ്പോൾ ബസ്‌ വില്ലിയനൂരിൽ നിന്നു.

ഒരു പുളിമരത്തിന്റെ ചുവട്ടിൽ നിന്നിരുന്ന അഞ്ചാറുപേർ ബസ്സിൽ കയറി. തല വൂളൻ മഫ്‌ളർകൊണ്ട്‌ മൂടിയിരുന്ന ആ മനുഷ്യന്റെ കണ്ണുകൾ ഞാൻ പെട്ടെന്നു തിരിച്ചറിഞ്ഞു. അദ്ദേഹം സഖാവ്‌ നന്മാരനായിരുന്നു. അപ്പോൾ അദ്ദേഹം മധുര കിഴക്ക്‌ മണ്ഡലത്തില സിറ്റിങ് എംഎൽഎ ആയിരുന്നു.
ഞാൻ എന്റെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ്‌ അദ്ദേഹത്തോട്‌ ഇരിക്കാൻ പറഞ്ഞു. അദ്ദേഹം പിടിവാശിയോടെ നിഷേധിച്ചു. ബസ്സിൽ ഞാൻ കണ്ട ഓരോരുത്തരോടും അങ്ങനെതന്നെ ചെയ്‌തു.
ഇദ്ദേഹം മധുരയുടെ ഇപ്പോഴത്തെ എംഎൽഎ ആണെന്ന്‌ അദ്ദേഹം കേൾക്കാത്ത ശബ്ദത്തിൽ പറഞ്ഞു. ഒരു യാത്രക്കാരന്റെ മുഖത്തും അൽപ്പംപോലും വിശ്വാസ്യതയില്ല. എന്റെ ഇരിപ്പിടം കാലിയാക്കിയിട്ട്‌ അദ്ദേഹത്തിന്റെ കൂടെ പോണ്ടിച്ചേരിവരെ നിന്നുകൊണ്ട്‌ യാത്ര ചെയ്‌തു.
എങ്ങനെ ഈ മാനസികാവസ്ഥ അദ്ദേഹത്തിന്‌ തുടരാനാവുന്നു?

ദിണ്ടുക്കൽ ഇടക്കാല തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടനെ മനസ്സിലും വീട്ടിലും ഏർപ്പെട്ട ശൂന്യത മറികടക്കാനായി പത്തിലധികം ചെറിയ ചെറിയ ജോലികൾ അദ്ദേഹം ചെയ്‌തു. അതിൽ വളരെ ഉയർന്നതും ഗൗരവമുള്ളതായും കരുതിയ ജോലി ബസ്‌ കണ്ടക്ടർ ജോലിയാണ്‌. അങ്ങനെയാണെങ്കിൽ അദ്ദേഹം നോക്കിയ മറ്റു ജോലികളെ നമുക്കുതന്നെ കണക്കിലെടുക്കാം. എനിക്കും അദ്ദേഹത്തിനും പല വേദികളിലും ഉണ്ടായ അനുഭവങ്ങളെ ഞാൻ ഇന്നോളം സൂക്ഷിച്ചുവച്ചിരിക്കുന്നു. തേനിയിൽ നടന്ന ഒരു സാഹിത്യ അവാർഡ്‌ ദാനച്ചടങ്ങിൽ ഞാൻ സംസാരിച്ചു കഴിഞ്ഞ ഉടനെ അദ്ദേഹം ആരംഭിച്ചു.

നന്മാറൻ

നന്മാറൻ

‘‘സഖാക്കളെ...
അമേരിക്കക്കാരൻ ഒരു ബട്ടൺ അമർത്തിയാൽ പത്തു നിമിഷത്തിനകം ഈ ഭൂമി ഭസ്‌മമാകും. റഷ്യക്കാരൻ അത്‌ പകുതിക്കു വച്ചുതന്നെ തടഞ്ഞു നിർത്തുന്ന വിദ്യ കണ്ടുപിടിച്ചുവച്ചിരിക്കുകയാണ്‌. ഇതിനു രണ്ടിനും മധ്യേ ഒരു മണിക്കൂർ സമയത്തേക്ക്‌ രണ്ടു രൂപ വാടക എന്ന്‌ കാർഡ്‌ബോർഡിൽ എഴുതി പഴയ സൈക്കിൾ വാടകയ്‌ക്ക്‌ കൊടുക്കുന്നു നമ്മുടെ നാട്ടിലെ അണ്ണാച്ചി.’’

എത്ര വലിയ രണ്ടു വൻ രാഷ്‌ട്രങ്ങളുടെ വ്യവഹാരത്തെ തേനിയിലുള്ള ഒരു സാധാരണ മനുഷ്യനായ ഇദ്ദേഹത്തിന്‌ പറയാനാവുന്നു!
അദ്ദഹത്തിന്റേതായി പല വലിയ സ്വപ്‌നങ്ങളും ഉണ്ട്‌. അതിലേക്കെത്താനുള്ള യുക്തിക്ക്‌ അദ്ദേഹത്തിന്റെ പക്കൽ ലഘുവായ വഴികളും ഉണ്ട്‌. മൺപാതപോലുള്ള യാതൊരു പ്രാണിജീവികളും ഇല്ലാത്ത സാധാരണ ഭൂമിയോട്‌ പൊക്കിൾകൊടി ബന്ധം വച്ച്‌ അത്‌ എപ്പോഴും കരുണകാത്ത്‌ നിൽക്കുന്നു.
ഇന്ത്യയിൽ ഒരു വർഗപ്പോരാട്ടം പൊട്ടിപ്പുറപ്പെട്ടാൽ അതിനെ ലോകംതന്നെ അത്ഭുതത്തോടെ വീക്ഷിക്കും. ഈ രാജ്യത്താണ്‌ എല്ലാ ജാതികളും ഉള്ളത്‌. എല്ലാ ജാതിയിലെയും അടിത്തട്ടിലെ ജനങ്ങൾ ഇന്നും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അവർ ഇനിയും എത്രകാലം ക്ഷമിക്കും?
അവരുടെ നെടുവീർപ്പുകളുടെ ചൂടിനെ കാലം താങ്ങില്ല എന്നത്‌ ഉറച്ചുവിശ്വസിക്കുന്ന മാർക്‌സിസ്‌റ്റുകാരാൽ നന്മാരൻ ഒന്നാമനാണ്‌.

അദ്ദേഹത്തിന്‌ അമ്മയെ, കണിയൻ പൂങ്കൻറനാരെ, അരുണഗിരിനാഥരെ, ഭാരതിയെ, മാർക്‌സിനെ അങ്ങനെ സകലരെയും ഇഷ്ടപ്പെടുന്നതിന്റെ രഹസ്യം ഇതാണ്‌. അവർ എല്ലാവരും തന്നെ തങ്ങളുടെ നടനങ്ങൾ തത്വം, ലോകം, ജഗം, ഭൂമി, മനുഷ്യൻ എന്നിവയിൽ നിന്നാണ്‌ ആരംഭിക്കുന്നത്‌.
എന്റെ കുടുംബം, എന്റെ തെരുവ്‌, എന്റെ ജാതി, എന്റെ മതം, എന്റെ നാട്‌ എന്നു ചുരുങ്ങുന്ന ഒരാളും മഹാകവി മാത്രമല്ല കവിയേ അല്ല എന്ന്‌ നന്മാരൻ തന്റെ മനസ്സുകൊണ്ട്‌ വില മതിക്കുന്നു.
എന്നെങ്കിലും പൊട്ടിപ്പുറപ്പെടുന്ന, ഒരു ഇന്ത്യൻ ജനാധിപത്യ വിപ്ലവത്തിന്റെ മനുഷ്യപ്രവാഹത്തിൽ, പ്രായമായാലും നന്മാരൻ മുൻവരിയിൽ നിൽക്കുന്നുണ്ടാവും. എപ്പോഴും കാലം കരുണയില്ലാത്തതല്ലല്ലോ!

പ്രായാധിക്യവും ശാരീരിക തളർച്ചയും ഒരുപക്ഷെ അദ്ദേഹത്തെ മുൻവരിയിൽ നിൽക്കാൻ അനുവദിച്ചില്ലെങ്കിൽ, അച്ഛൻ ചോറൂട്ടിയ അതേ പ്ലാറ്റ്‌ഫോറത്തിന്റെ തറയിൽനിന്ന്‌ ആവേശം മൂത്ത ആ റാലിക്കുവേണ്ടി ഒരു പാട്ടെങ്കിലും അദ്ദേഹം പാടിയേക്കാം.

‘പാവങ്ങളെ താഴ്‌ത്തി
ഉയർന്നവരെ വാഴുത്തുന്ന
ലോകമേ നിന്റെ പ്രവർത്തി ഇപ്പോൾ മാറുമല്ലോ’.

(പരിഭാഷ: ഷാഫി ചെറുമാവിലായി)

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top