01 October Sunday

"എന്റെ രാഷ്‌ട്രീയം'...; നഷ്‌ടപ്പെടുന്ന ഇന്ത്യയുടെ ആത്മാവിനെക്കുറിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട്

ബാലചന്ദ്രൻ ചുള്ളിക്കാട്/ ഡോ. ഷിജു ഖാൻUpdated: Wednesday Jun 8, 2022

ബാലചന്ദ്രൻ ചുള്ളിക്കാട്‌ - ഫോട്ടോ: സുനോജ്‌ നൈനാൻ മാത്യു

‘പണ്ടു ചില രാജ്യങ്ങൾ ഉണ്ടായിരുന്നു.
വഞ്ചിരാജ്യം, കൊച്ചിരാജ്യം...
ആ രാജ്യങ്ങൾ എവിടെപ്പോയി?
എവിടെ സോവ്യറ്റ് യൂനിയൻ?
യുഗോസ്ലാവ്യ?
ഒന്നായ ജർമനിയെ
രണ്ടെന്ന് കണ്ടളവിൽ
ഉണ്ടായൊരിണ്ടൽ മാറി
അവ പണ്ടേക്കണക്കായി.
പണ്ടു പാക്കിസ്ഥാൻ ഉണ്ടായിരുന്നില്ല.
പണ്ടു ബംഗ്ലാദേശ് ഉണ്ടായിരുന്നില്ല.
ആദിയിൽ രാജ്യങ്ങളുണ്ടായിരുന്നില്ല.
ആദിയിൽ വചനം.
പിന്നെ ജലം, ജീവൻ.
രാജ്യങ്ങൾ ഉണ്ടാകുന്നു.
രാജ്യങ്ങൾ ഇല്ലാതാകുന്നു.
സ്നേഹമോ, എന്നേയ്‌ക്കും.
വിശപ്പിന്റെ രാജ്യം ഏതാണ്‌?
കാമത്തിന്റെ രാജ്യം ഏതാണ്‌?
ഏതാണ്‌ വിരഹത്തിന്റെയും
മരണത്തിന്റെയും രാജ്യം?
എവിടെ ഏകാന്തതയുടെ അതിർത്തികൾ?
എവിടെ ആത്മാവിന്റെ നിയന്ത്രണരേഖകൾ?
ഞാൻ തേടുന്നത് രാജ്യസ്നേഹമല്ല.
സ്നേഹത്തിന്റെ രാജ്യമാണ്‌.
ജീവൻ അസ്തമിക്കാത്ത സാമ്രാജ്യം’.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘രാജ്യസ്‌നേഹം’ എന്ന കവിതയിലെ വരികളാണ്‌ മേലുദ്ധരിച്ചത്‌. തീവ്രദേശീയതയ്‌ക്കെതിരെ മലയാളത്തിൽ എഴുതപ്പെട്ട ഉജ്വലമായ രചന. അടിയുറച്ച രാഷ്ട്രീയമാണ് അതിൽ നിറഞ്ഞുനിൽക്കുന്നത്. രാജ്യദ്രോഹി / രാജ്യസ്നേഹി ദ്വന്ദം നിർമിച്ച് വിയോജിക്കുന്നവരെ മുഴുവൻ നാടുകടത്തുന്ന ഭരണാധികാരികൾക്ക് ഒരു മുന്നറിയിപ്പാണത്. വിശ്വമാനവികതയ്‌ക്കു വേണ്ടി ശബ്‌ദിച്ച മഹാനായ കവി ടാഗോറിന്റെ പാരമ്പര്യമാണ്, വ്യാജദേശീയതയ്‌ക്കെതിരെ ഇന്ത്യൻ എഴുത്തുകാരെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. കവി, ഇലകളെയും കിനാവുകളെയും ജന്മനാട്ടിലെ കൂറ്റൻ അഗ്നിപർവതങ്ങളെയും കുറിച്ച് മാത്രമല്ല, തെരുവുകളിൽ ചിതറിയൊഴുകുന്ന ചോരയെയും കണ്ണീരിനെയും വിയർപ്പിനെയും കുറിച്ചെഴുതേണ്ടവനാണെന്ന് പ്രഖ്യാപിച്ച നെരൂദയുടെ വരികൾ സർഗാത്മക സാഹിത്യകാരന്റെ കടമയെ ഓർമിപ്പിക്കുന്നു.

ചിത്രീകരണം -കെ ടി വിനോദ്

ചിത്രീകരണം -കെ ടി വിനോദ്

മതരാഷ്ട്രവാദം ശക്തിപ്പെടുകയും സംസ്‌കാരത്തെ ഏകശിലാത്മകമാക്കി വ്യാഖ്യാനിക്കുകയും ബഹുസ്വരതയെ നിരാകരിക്കുകയും ചെയ്യുന്ന കാലത്ത് കവികളുടെ ധർമമെന്താണ്? ന്യൂനപക്ഷങ്ങളും ദളിതരും ക്രൂരമായി ആക്രമിക്കപ്പെടുമ്പോൾ നിസ്വവർഗത്തോട് ചേർന്നുനിൽക്കുകയാണ് എഴുത്തുകാരന്റെ രാഷ്ട്രീയം എന്നതാണ് അതിന്റെ ഉത്തരം. വൈവിധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞ ഇന്ത്യയെ കാവിപുതപ്പിച്ച് ഒരു ‘ഹിന്ദുതാലിബാൻ' സൃഷ്‌ടിക്കുകയാണ് സംഘപരിവാർ.

ഇത്തരം ചെയ്‌തികളിലൂടെ നഷ്‌ടപ്പെടുന്ന ഇന്ത്യയുടെ ആത്മാവിനെക്കുറിച്ച്  മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രൻ ചുള്ളിക്കാട്  ഉറച്ച ശബ്‌ദത്തിൽ പ്രതികരിക്കുകയാണ്. സഹിഷ്‌ണുതയുടെയും ജനാധിപത്യത്തിന്റെയും  ഫെഡറലിസത്തിന്റെയും അടിത്തറയിൽ  ഉയർന്നുനിൽക്കുന്ന ഭരണഘടനയെ സംരക്ഷിക്കണമെന്ന ആഹ്വാനം അതിലുണ്ട്. രാജ്യം നേരിടുന്ന സമാനതകളില്ലാത്ത വെല്ലുവിളികൾക്ക് മുന്നിൽ നിശ്ശബ്ദരായിരിക്കുക എന്നത് കുറ്റകൃത്യമാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. മതേതരസംസ്‌കാരത്തെ സംരക്ഷിക്കാൻ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്.

സമൂഹത്തിന്റെ പ്രതിനിധിയായ എഴുത്തുകാർക്ക് ഇതിൽ നിന്ന് മാറിനിൽക്കാനാവില്ല. പ്രതികരിക്കുന്നവരെ വേട്ടയാടിയും ഭീഷണിപ്പെടുത്തിയും വെടിവെച്ചും അവസാനിപ്പിക്കാമെന്നും ഭീതിയുടെ പുകപടലങ്ങൾക്കൊണ്ട് എഴുത്തുകാരുടെ വായടപ്പിച്ചുകളയാമെന്നും ചിന്തിക്കുന്ന വർഗീയവാദികളെ തുറന്നെതിർക്കണം. അവർ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ചൂണ്ടുവിരലുകളായി കവിയുടെ ഓരോ വാക്കുകളും നിവർന്നു നിൽക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാടും ഡോ. ഷിജു ഖാനും-ഫോട്ടോ: സുനോജ്‌ നൈനാൻ മാത്യു

ബാലചന്ദ്രൻ ചുള്ളിക്കാടും ഡോ. ഷിജു ഖാനും-ഫോട്ടോ: സുനോജ്‌ നൈനാൻ മാത്യു

സമകാലിക ഇന്ത്യയുടെ വർത്തമാനത്തെ വിശകലനം ചെയ്യും വിധം ശക്തമായ രാഷ്ട്രീയ വിമർശനങ്ങളാണ്, ആനന്ദധാരയും ഗസലും അമാവാസിയും മാനസാന്തരവും ഡ്രാക്കുളയുമെഴുതിയ മലയാളിയുടെ കാവ്യഭാവുകത്വത്തെ അഗാധമായി തൊട്ടുണർത്തിയ കവി മുന്നോട്ടുവയ്‌ക്കുന്നത്. എറണാകുളത്ത് വച്ച് ദേശാഭിമാനി വാരികയ്‌ക്ക്‌ നൽകിയ അഭിമുഖത്തിൽ തന്റെ രാഷ്ട്രീയ നിലപാടുകൾ അദ്ദേഹം തുറന്നു പറയുന്നു.

? രാഷ്ട്രീയബോധം ആർജിക്കുന്നതിൽ വിദ്യാഭ്യാസകാലം എങ്ങനെയാണ് സഹായിച്ചത്.

= അഞ്ചാംക്ലാസ്‌ മുതൽ എന്റെ സഹപാഠിയും ആത്മമിത്രവും ആയിരുന്നു എൻ എം പിയേഴ്സൻ. ആദികാല  കമ്യൂണിസ്റ്റ് നേതാവായിരുന്ന സഖാവ് എൻ കെ മാധവന്റെ മകൻ. അദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് ഞാൻ കമ്യൂണിസ്റ്റ് അനുഭാവി ആകുന്നത്. അന്ന് കേരളത്തിലെ സ്‌കൂൾ വിദ്യാർഥികൾ ഇന്നത്തേക്കാൾ രാഷ്ട്രീയബോധമുള്ളവരായിരുന്നു. റേഡിയോയിലും പത്രങ്ങളിലും വരുന്ന വാർത്തകൾ മനസ്സിലാക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന വിദ്യാർഥികൾ ഉണ്ടായിരുന്നു. ക്യൂബൻ വിപ്ലവം, ഫ്രാൻസിലെ വിദ്യാർഥികലാപം, വിയറ്റ്നാം യുദ്ധം, നക്‌സലൈറ്റ് പ്രസ്ഥാനം, ബംഗ്ലാദേശ് യുദ്ധം തുടങ്ങിയവയെല്ലാം വിദ്യാർഥികളുടെ ചർച്ചാവിഷയമായിരുന്നു. വിദ്യാർഥികൾ വലിയ രാഷ്ട്രീയശക്തിയാണ് എന്ന ബോധം സാർവത്രികമായിരുന്നു.

കാപ്പിറ്റലിസത്തിനും അമേരിക്കൻ സാമ്രാജ്യത്വത്തിനും എതിരെ ഫ്രാൻസിലെ വിദ്യാർഥിസമൂഹം നടത്തിയ കലാപത്തിന്റെ അലകൾ ഞങ്ങളുടെ സ്‌കൂളിൽപോലും എത്തിയിരുന്നു. കോഹൻ ബൻഡിറ്റ് ഞങ്ങൾക്കും ആരാധ്യനായിരുന്നു. ചെഗുവേര വീരപുരുഷനായിരുന്നു.

ചെഗുവേര

ചെഗുവേര

അമേരിക്കൻ സാമ്രാജ്യത്വത്തിനും വിയറ്റ്നാം യുദ്ധത്തിനും എതിരെ വിദ്യാർഥികളുടെ പ്രതിഷേധപ്രകടനം നടന്നതും റോബർട്ട്‌ മക്‌നമാറയുടെ കോലം കത്തിച്ചതുമൊക്കെ ഇപ്പോഴും ഓർക്കുന്നു. ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതും എല്ലാ പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ടതും എന്റെ കൗമാരകാലത്തുതന്നെയാണ്.

അക്കാലത്ത് കമ്യൂണിസ്റ്റുകാരോടും സോഷ്യലിസ്റ്റുകളോടും നക്‌സലൈറ്റുകളോടും ഒക്കെ എനിക്ക് അനുഭാവമുണ്ടായിരുന്നുവെങ്കിലും അരാജകവാദത്തോടായിരുന്നു കൂടുതൽ അഭിനിവേശം. ഞാൻ ഒരിക്കലും ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നില്ലെങ്കിലും മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും അധിഷ്ഠിതമായ എന്റെ പിൽക്കാലരാഷ്ട്രീയ കാഴ്ചപ്പാട്‌ രൂപംകൊള്ളുന്നത് ഈ പശ്ചാത്തലത്തിലാണ്.

? വർത്തമാനകാല യുവത്വത്തിന്റെ കടമയെക്കുറിച്ച് എന്താണു പറയാനുള്ളത്. മാനവികതയെ ഉയർത്തിപ്പിടിച്ച് ക്യാമ്പസ് വിദ്യാർഥികൾ മുന്നോട്ടുവരുന്നത് ശ്രദ്ധിക്കാറുണ്ടോ.

= തീർച്ചയായും. സംഘടിതരായ വിദ്യാർഥിസമൂഹം വലിയ രാഷ്ട്രീയശക്തിയാണ്. ഹിന്ദു വർഗീയതയ്‌ക്കും ഫാസിസത്തിനും പൗരത്വബില്ലിനും ഒക്കെ എതിരെ ഇന്ത്യയിലെ പ്രധാന സർവകലാശാലകളിൽ ഉണ്ടായ ഉണർവുകൾ ശ്രദ്ധേയമാണ്. അതൊരു വലിയ പ്രതീക്ഷയാണ്. പക്ഷേ വിദ്യാർഥിസമൂഹത്തിൽ മതബോധവും ജാതിബോധവും പണ്ടത്തേതിനേക്കാൾ ശക്തമാവുന്നു എന്ന തോന്നലും ഉത്‌ക്കണ്ഠയുമുണ്ട്. വർഗീയരാഷ്ട്രീയത്തിനെതിരെ, മതേതര ജനാധിപത്യ മൂല്യങ്ങൾ കൊണ്ട് പുതിയ തലമുറയെ ആഴത്തിൽ ബോധവൽക്കരിക്കുക എന്നതാണ് അടിയന്തിര കടമ.

? അടിയന്തിരാവസ്ഥക്കാലത്ത് കവിതയെ രാഷ്ട്രീയ പ്രതിരോധത്തിന് ഉപയോഗിച്ചവരിൽ ഒരാൾ എന്ന നിലയിൽ, വർത്തമാനകാലത്തെ എഴുത്തിന്റെ രാഷ്ട്രീയത്തെ എങ്ങനെ കാണുന്നു.

= 1976 മാർച്ച് 27ന്റെ ദേശാഭിമാനി വാരികയിൽ എന്റെ ‘ഒട്ടകപ്പക്ഷി’ എന്ന കവിത പ്രസിദ്ധീകരിച്ചു. അതിൽനിന്നു രണ്ടു ഖണ്ഡികകൾ അന്നത്തെ സർക്കാർ സെൻസർ വെട്ടിമാറ്റിയിരുന്നു. അതായിരുന്നു അന്നത്തെ അവസ്ഥ. കടമ്മനിട്ട രാമകൃഷ്‌ണൻ, സച്ചിദാനന്ദൻ, ഡി വിനയചന്ദ്രൻ തുടങ്ങിയവരോടൊക്കെയൊപ്പം ഞാനും ചെറിയ സദസ്സുകളിലും തെരുവുകളിലും കവിത ചൊല്ലിയിരുന്നു (അയ്യപ്പപ്പണിക്കർ എന്നെ നഗ്നപാദകവി എന്നു വിശേഷിപ്പിച്ചത് ഓർക്കുന്നു). 

അയ്യപ്പപ്പണിക്കർ , കടമ്മനിട്ട, സച്ചിദാനന്ദൻ,ഡി വിനയചന്ദ്രൻ

അയ്യപ്പപ്പണിക്കർ , കടമ്മനിട്ട, സച്ചിദാനന്ദൻ,ഡി വിനയചന്ദ്രൻ

സ്വന്തം കവിതയേക്കാൾ, ലോകത്തിലെമ്പാടുനിന്നുമുള്ള സ്വാതന്ത്ര്യകവിതകളും പ്രതിരോധകവിതകളുമാണ് അന്നു ചൊല്ലിയിരുന്നത്. അത്‌ ജനങ്ങളെ സ്വാധീനിക്കും എന്നു ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ അടിയന്തരാവസ്ഥയെ അനുകൂലിച്ച് കോൺഗ്രസിനെ വൻഭൂരിപക്ഷം നൽകി വിജയിപ്പിച്ചു. അതോടെയാണ് എഴുത്തുകാരുടെ പരിമിതി എനിക്കു മനസ്സിലായത്. മതനേതാക്കൾ, സമുദായനേതാക്കൾ, രാഷ്ട്രീയനേതാക്കൾ എന്നിവർക്കുള്ളത്ര സ്വാധീനമൊന്നും നമ്മുടെ സമൂഹത്തിൽ എഴുത്തുകാർക്കില്ല എന്ന് മനസ്സിലായി.

ഞാനടക്കം നമ്മുടെ ഭൂരിപക്ഷം എഴുത്തുകാരും വ്യക്തിപരമായി വലിയ പരിമിതികൾ ഉള്ളവരാണ്.  ഭരണകൂടം, മതം, സമുദായം, രാഷ്ട്രീയ പാർടികൾ എന്നിങ്ങനെ സംഘടിത ശക്തികളോട് ഏറ്റുമുട്ടാനുള്ള കരുത്ത് പലർക്കുമില്ല. പലരും വ്യക്തിപരമായ നിക്ഷിപ്ത താല്പര്യങ്ങൾ ഉള്ളവരാണ്. ഭരണകൂടത്തിന്റെയും സംഘടിത ശക്തികളുടെയും ദ്രോഹങ്ങളെ ഭയപ്പെടുന്നവരാണ്. പലതരം അംഗീകാരങ്ങളും ബഹുമതികളും ആഗ്രഹിക്കുന്നവരാണ്. വർഗീയശക്തികളും ഫാസിസ്റ്റ് ശക്തികളും മേൽക്കൈ നേടിയ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ എഴുത്തുകാരുടെ ജീവൻ പോലും അപകടത്തിലാണ്.

 തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയത്തിനായി പ്രചരണത്തിൽ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയത്തിനായി പ്രചരണത്തിൽ

ഇടതുപക്ഷത്തു നിൽക്കുന്ന ഒരു എഴുത്തുകാരനാണ്‌ ഞാൻ. തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനുവേണ്ടി പ്രചാരണം നടത്താറുണ്ട്. അതിന്റെ പേരിൽ വലതുപക്ഷക്കാരുടെ നിരന്തരമായ വ്യക്തിഹത്യയ്‌ക്കും അപവാദപ്രചാരണത്തിനും ഭീഷണികൾക്കും ഇരയാകാറുമുണ്ട്. ഇത് എന്റെ മാത്രം അനുഭവമല്ല. ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയത്തെ പിന്തുണയ്‌ക്കുന്ന മിക്കവാറും എഴുത്തുകാരുടെ അനുഭവമാണ്.
ബാലചന്ദ്രൻ ചുള്ളിക്കാട്‌   -    ഫോട്ടോ: ഹക്‌സർ ആർ കെ

ബാലചന്ദ്രൻ ചുള്ളിക്കാട്‌ - ഫോട്ടോ: ഹക്‌സർ ആർ കെ

 ഈ പരിമിതികൾക്കുള്ളിലും, മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഇടതുപക്ഷസംസ്‌കാരത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ധാരാളം എഴുത്തുകാർ മലയാളത്തിൽ ഉണ്ട് എന്നത് അഭിമാനകരമാണ്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതും, ആഭ്യന്തരയുദ്ധങ്ങളിലേക്കും കൂട്ടക്കൊലകളിലേക്കും അഭയാർഥി പ്രവാഹങ്ങളിലേക്കും നയിക്കാവുന്നതുമായ വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തെ ചെറുക്കുക എന്നതാണ്‌ പ്രതിരോധത്തിന്റെ പ്രധാന ഉള്ളടക്കം. പ്രത്യക്ഷരാഷ്‌ട്രീയമില്ലാത്ത ഒരു കൊച്ചു പ്രണയകവിത പോലും ആ പ്രതിരോധത്തിന്റെ ഭാഗമാണെന്ന്‌ ഞാൻ കരുതുന്നു. കാരണം, പ്രണയം എന്നും സമഗ്രാധിപത്യത്തിനും വർഗീയതയ്‌ക്കും വംശീയതയ്‌ക്കും ജാതീയതയ്‌ക്കും ഫാസിസത്തിനും എതിരായ ജൈവശക്തിയാണ്.

? നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സാംസ്‌കാരികസത്ത എന്ന സങ്കല്പം നഷ്ടപ്പെടുകയും ദേശസ്നേഹി / ദേശദ്രോഹി ദ്വന്ദ്വത്തെ മുൻനിർത്തി പൗരനെ വേട്ടയാടുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ, ബഹുസ്വരതയുടെ രാഷ്ട്രീയമല്ലേ മുറുകെപ്പിടിക്കേണ്ടത്.

= ഭാഷയിലും ജീവിതശൈലിയിലും വിശ്വാസങ്ങളിലും സംസ്‌കാരത്തിലും എല്ലാം ഇത്രയധികം വൈവിധ്യമുള്ള ജനത മറ്റെങ്ങുമില്ല. അതിനാൽ രാഷ്ട്രീയവും സാമുദായികവും സാംസ്‌കാരികവുമായ സംഘർഷങ്ങൾ എന്നുമുണ്ടായിട്ടുണ്ട്. എന്നാൽ ഭരണാധികാരികളുടെ അധികാരമോഹത്തിലോ അവർ നയിക്കുന്ന യുദ്ധങ്ങളിലോ അവയുടെ ജയപരാജയങ്ങളിലോ അല്ല രാജ്യം ജീവിക്കുന്നത്. സമാധാനത്തിനുവേണ്ടിയുള്ള ജനങ്ങളുടെ ഇച്ഛയിലും അതിനായുള്ള അവരുടെ സഹവർത്തിത്വത്തിലും അതിലൂടെയുണ്ടാകുന്ന സമന്വയത്തിലുമാണ്‌ രാജ്യവും ജനതയും നിലനിൽക്കുന്നത്. ദുരിതങ്ങളെയും കഷ്ടപ്പാടുകളെയും അടിച്ചമർത്തലിനെയും ദാരിദ്ര്യത്തെയും പ്രകൃതിക്ഷോഭങ്ങളെയും എല്ലാം അതിജീവിക്കാൻ ഇന്ത്യൻ ജനതയ്‌ക്കുള്ള കരുത്ത് അപാരമാണ്.

അടിത്തട്ടിലെ ജനത ഏറ്റവും പരിമിതമായ വിഭവങ്ങൾ കൊണ്ടാണ്‌ ജീവിതം നിലനിർത്തുന്നത്. ദസ്തയേവ്‌സ്‌കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന നോവലിൽ പരമദരിദ്രയായ സോണിയ എന്ന കഥാപാത്രം പറയുന്നുണ്ട്: ‘എനിക്കു ദൈവമല്ലാതെ മറ്റാരുമില്ല.’  ഈ അവസ്ഥയിലാണ് ഇന്ത്യയിലെ ദരിദ്രരുടെ ജീവിതവും ഈശ്വരവിശ്വാസവും.  മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കുക എന്ന തന്ത്രത്തിലൂടെ അധികാരം നേടുകയും  അതേ തന്ത്രത്തിലൂടെ അധികാരം നിലനിർത്തുകയും ചെയ്യുക എന്നതാണ് ഇന്ന്‌ താൽക്കാലികമായി വിജയിച്ചിരിക്കുന്ന  സംഘപരിവാർ രാഷ്ട്രീയം.

ഭരണവർഗത്തിന്റെ അജണ്ട വിഭജനരാഷ്ട്രീയമാണ്. ഭിന്നിപ്പിക്കലിന്റെ രാഷ്ട്രീയം. ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനം സാംസ്‌കാരികമാണ്. ആ സംസ്‌കാരമാകട്ടെ, വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും ഉൾക്കൊള്ളുന്ന ബഹുസ്വരതയും. ബഹുസ്വരതയുടെ രാഷ്ട്രീയപ്രയോഗമാണ്‌ ജനാധിപത്യം. അത് ഒന്നിപ്പിക്കലിന്റെ രാഷ്ട്രീയമാണ്. നാനാത്വം, വൈവിധ്യം, ബഹുസ്വരത, ബഹുസംസ്‌കാരികത എന്നിവയെല്ലാം ജനാധിപത്യത്തിൽ സമന്വയിക്കുന്നു. അതിനാൽ എല്ലായ്‌പ്പോഴും നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയായ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക.

? ഇന്ത്യൻ ദേശീയത ഹിന്ദുത്വമാണെന്നും അതു രാമരാജ്യമാണെന്നും പഠിപ്പിക്കുന്ന വ്യാഖ്യാനങ്ങൾ ചരിത്രത്തെ നിരാകരിക്കുകയല്ലേ...

= ലോകത്തൊരിടത്തും കലർപ്പില്ലാത്ത ജനതയോ ദേശീയതയോ സംസ്‌കാരമോ ഇല്ല എന്നാണ്‌ നരവംശശാസ്ത്രപരമായ

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുന്നു

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുന്നു

അന്വേഷണങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇന്ത്യയിലേത് സവിശേഷമായും സങ്കരജനതയും സങ്കരസംസ്‌കാരവുമാണ്.അതൊട്ടും മോശമായ കാര്യമല്ലെന്നു മാത്രമല്ല, ജനതകളുടെയും സംസ്‌കാരങ്ങളുടെയും  അതിജീവനരഹസ്യം കൂടിയാണ്. ചരിത്രമെന്നാൽ മാറ്റങ്ങളുടെ രേഖയാണ്. മാറ്റങ്ങൾ, അതിന്റെ കാരണങ്ങൾ, ഫലങ്ങൾ, ദിശകൾ, സൂചനകൾ ഇവയുടെയൊക്കെ ആകെത്തുകയാണ്‌ ചരിത്രം. രാമായണം ചരിത്രമല്ല, പുരാവൃത്തമാണ്.

ആ പുരാവൃത്തത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഇതിഹാസകാവ്യമാണ്‌ വാല്‌മീകിയുടെ രാമായണം. മറ്റു രാമായണങ്ങളും അങ്ങനെതന്നെ. ജീവിതമൂല്യങ്ങളും ദർശനങ്ങളും വിശ്വാസസംഹിതകളും ആവിഷ്‌കരിക്കാൻ ഇന്ത്യയുടെ പ്രതിഭ, ജനങ്ങൾക്കിടയിൽ പ്രചാരമുള്ള രാമപുരാവൃത്തത്തെ രൂപകമാക്കി. ആ പുരാവൃത്തത്തിന്റെയും അതിനെ അടിസ്ഥനമാക്കിയ കാവ്യങ്ങളുടെയും ഗാനങ്ങളുടെയും നാടകാദികലാരൂപങ്ങളുടെയും കലാമൂല്യവും ഹൃദയദ്രവീകരണശക്തിയും രാമകഥയ്‌ക്ക്‌ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നൽകി.

രാമകഥയ്‌ക്ക്‌ ജനഹൃദയങ്ങളിലുള്ള സാംസ്‌കാരിക സ്വാധീനത്തെയും വിശ്വാസത്തെയും ചൂഷണം ചെയ്ത്, ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ വൈദികസംസ്‌കാരത്തിന്റെ രാഷ്ട്രീയാധീശത്വം സ്ഥാപിക്കാൻവേണ്ടി, രാമകഥ ചരിത്രമാണെന്ന്‌ സ്ഥാപിക്കാൻ ശ്രമിക്കുകയാണ്‌ സംഘപരിവാർ. നീണ്ട ചരിത്രത്തിലൂടെ ഇന്ത്യയിലുണ്ടായ സംസ്‌കാരസങ്കരങ്ങളെയും മാറ്റങ്ങളെയും നിരാകരിക്കുക മാത്രമല്ല, ഇന്ത്യയിലെ വൈദികേതരമായ എല്ലാ സംസ്‌കാരങ്ങളെയും തുടച്ചുനീക്കുകയും സംഘപരിവാറിന്റെ ലക്ഷ്യമാണ്.

ഭാര്യ വിജയലക്ഷ്മിയുമൊത്ത്

ഭാര്യ വിജയലക്ഷ്മിയുമൊത്ത്

പ്രക്ഷീണമായ ചാർവാക, ജൈന, ശ്രമണ, ബുദ്ധ, ദളിത, ആദിവാസി പാരമ്പര്യങ്ങളെ തമസ്‌കരിച്ചും ക്രിസ്ത്യൻ, മുസ്ലിം, കമ്യൂണിസ്റ്റ് സംസ്‌കാരങ്ങളെ തുടച്ചുനീക്കിയും ആധുനിക ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് ആശയങ്ങളെ തകർത്തും അവർണവിരുദ്ധവും ശൂദ്രവിരുദ്ധവുമായ വൈദികസംസ്‌കാരത്തിന്റെയും ചാതുർവർണ്യവ്യവസ്ഥയുടെയും അധീശത്വം സ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ്‌ സംഘപരിവാർ. ആദിവാസിമേഖല മുതൽ അക്കാദമികലോകം വരെ കാൽക്കീഴിലാക്കുവാൻ അവർ അനവരതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ എങ്ങനെ പ്രതിരോധിക്കാൻ കഴിയും എന്നതാണ് ഇന്ന് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്കു മുന്നിലുള്ള വെല്ലുവിളി.

? ഭരണഘടനയെ സംരക്ഷിക്കാനും വർഗീയതയെ എതിർക്കാനും ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന ഇടതുപക്ഷത്തെക്കുറിച്ച് എന്താണു പറയാനുള്ളത്.

= ലോകത്തെവിടെയും എക്കാലത്തും ഇടതുപക്ഷ ആശയങ്ങൾക്ക്, പ്രത്യേകിച്ച് സാമൂഹ്യവും സാമ്പത്തികവുമായ നീതിയെ സംബന്ധിക്കുന്ന ഇടതുപക്ഷ ആശയങ്ങൾക്ക് വലിയ പ്രാധാന്യവും പ്രസക്തിയുമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.
മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നീ ആധുനിക ആശയങ്ങളാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനം. പൗരനെ പരിഗണിക്കുമ്പോൾ അവന്റെ മതം പരിഗണനാവിഷയമാകാതിരിക്കുക എന്നതാണ്‌ മതേതരത്വം.രാഷ്ട്രീയാധികാരത്തിന്റെ സാമൂഹ്യവൽക്കരണമാണ്‌ ജനാധിപത്യം.

ദേശീയസമ്പത്തിന്റെ ജനാധിപത്യവൽക്കരണമാണ്‌ സോഷ്യലിസം. തുല്യതയിൽ അധിഷ്ഠിതമായ ഈ ആശയങ്ങളെല്ലാം ഹിന്ദുരാഷ്ട്രം എന്ന സംഘപരിവാർ ലക്ഷ്യത്തിന് എതിരാണ്. ഇന്ത്യൻ ഭരണഘടനയെ റദ്ദാക്കിക്കൊണ്ടുമാത്രമേ ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ സംഘപരിവാറിന്റെ മുഖ്യശത്രു ഇന്ത്യൻ ഭരണഘടനയാണ്. ഈ ഭരണഘടനയെ തകർക്കുക സ്വാഭാവികമായും സംഘപരിവാറിന്റെ ലക്ഷ്യമാണ്.

പോക്കുവെയിൽ എന്ന സിനിമയിൽ ചുള്ളിക്കാട്

പോക്കുവെയിൽ എന്ന സിനിമയിൽ ചുള്ളിക്കാട്

മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും പ്രകൃതിയുടെയും സമാധാനപൂർണമായ സഹവർത്തിത്വത്തിനും അവകാശതുല്യതയ്‌ക്കും വേണ്ടിയാണ് ഇന്ത്യൻ ഭരണഘടന ആത്യന്തികമായി നിലകൊള്ളുന്നത്. അതിനാൽത്തന്നെ സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും താഴെത്തട്ടിലുള്ള ഇന്ത്യൻ പൗരന്റെ ഏക ആശ്രയവും പ്രതീക്ഷയുമാണ് ഇന്ത്യൻ ഭരണഘടന. കേന്ദ്രസർക്കാരിന്റെ ഭരണഘടനാവിരുദ്ധമായ എല്ലാ നീക്കങ്ങളുടെയും ഉള്ളടക്കം ഹിന്ദുത്വരാഷ്ട്രീയമാണ്.  

ഭരണഘടനയെയും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കാൻ വർഗീയവിരുദ്ധ, ഫാസിസ്റ്റുവിരുദ്ധ വിശാലമുന്നണി രൂപംകൊള്ളണം. അങ്ങനെയൊരു സമഗ്രപ്രതിരോധത്തിന്‌ നേതൃത്വം നൽകാൻ ഇടതുപക്ഷത്തിന്‌ കഴിയണമെന്ന് ഏത് ഇടതുപക്ഷക്കാരനെയും പോലെ ഞാനും ആഗ്രഹിക്കുന്നു.

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top