28 May Sunday

ആ രക്തസാക്ഷിത്വത്തിന്‌ അമ്പതാണ്ട്‌

പ്രത്യേക ലേഖകൻUpdated: Friday Sep 23, 2022


കണ്ണൂർ
നിസ്വവർഗത്തിന്റെ അവകാശ പോരാട്ടങ്ങളുടെ നെറുകയിലിരിക്കെ ആ രക്തതാരകം മാഞ്ഞുപോയിട്ട്‌ അമ്പതാണ്ട്‌. ശത്രുവർഗത്തിന്റെ കത്തിമുനയിൽ എരിഞ്ഞമർന്നത്‌ ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ പ്രതീക്ഷയും പ്രത്യാശയുമായി കേരള രാഷ്‌ട്രീയത്തിൽ ജ്വലിച്ചുയർന്ന ധീരപോരാളി – അഴീക്കോടൻ രാഘവൻ. 1972 സെപ്‌തംബർ 23ന്‌ ഇരുളിന്റെ മറവിൽ വർഗവഞ്ചകരും വലതുപക്ഷവും പതിയിരുന്ന്‌ ആക്രമിച്ച്‌ ഇല്ലാതാക്കിയ ധീര രക്തസാക്ഷി ഇന്നും ജീവിക്കുന്നു ജനഹൃദയങ്ങളിൽ അവരുടെ പ്രിയ സഖാവായി, നേതാവായി.

സാധാരണക്കാരനായി ജീവിതം ആരംഭിച്ച്‌ തൊഴിലാളി വർഗത്തിന്റെ മാത്രമല്ല, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയാകെ നേതൃത്വത്തിലേക്ക്‌ ഉയർന്ന അസാമാന്യമായ പാടവത്തിന്റെ ഉടമയാണ്‌ അഴീക്കോടൻ. 1919ൽ ഒരു ദരിദ്ര തൊഴിലാളി കുടുംബത്തിൽ ജനിച്ച സഖാവിന്റെ ഈ നേതൃപാടവം തന്നെയാണ്‌ രാഷ്‌ട്രീയ എതിരാളികളുടെ നോട്ടപ്പുള്ളിയാക്കിയത്‌. 53ാം വയസിൽ രക്തസാക്ഷിത്വം വരിക്കുമ്പോൾ 18 –-ാം വയസിൽ തുടങ്ങി മൂന്നര പതിറ്റാണ്ട്‌ നീണ്ട ത്യാഗോജ്വലമായ പൊതുപ്രവർത്തന ചരിത്രം കേരള രാഷ്‌ട്രീയ ചരിത്രത്തിൽ സുവർണ മുദ്രകളാൽ രേഖപ്പെടുത്തുന്നതാണ്‌.

അഴീക്കോടൻ രാഘവന്റെ മൃതദേഹം എകെജിയുടെ നേതൃത്വത്തിൽ വിലാപയാത്രയായി കൊണ്ടുപോകുന്നു

അഴീക്കോടൻ രാഘവന്റെ മൃതദേഹം എകെജിയുടെ നേതൃത്വത്തിൽ വിലാപയാത്രയായി കൊണ്ടുപോകുന്നു

 

1937–-ൽ ബീഡിത്തൊഴിലാളി ആയിരിക്കെയാണ്‌ ട്രേഡ്‌ യൂണിയൻ രംഗത്തേക്ക്‌ വരുന്നത്‌. ആ കാലയളവിൽ  യൂണിയൻ പ്രവർത്തനവും പണിമുടക്കങ്ങളുമെല്ലാം അതിസൂക്ഷ്‌മമായി നിരീക്ഷിച്ചു. പി കൃഷ്‌ണപിള്ള, എ കെ ജി,  കെ പി ഗോപാലൻ തുടങ്ങിയ നേതാക്കളിൽനിന്നും രാഷ്‌ട്രീയ ജീവിതത്തിലേക്കുള്ള ഊർജം പകർന്നുനേടി. ബീഡിത്തൊഴിലാളിയായിരിക്കെ കോൺഗ്രസ്‌ അംഗമായി. ഒപ്പം കോൺഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ പാർടി പ്രവർത്തനവും ആരംഭിച്ചു. കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തോടെ പാർടി അംഗമായ അഴീക്കോടൻ രക്തസാക്ഷിത്വം വരിക്കുമ്പോൾ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും ഐക്യമുന്നണി കൺവീനറുമായിരുന്നു.

ഈ കാലയളവിൽ ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ പ്രോജ്വലമായ അവകാശ പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകാനും രാപകലില്ലാതെ പ്രവർത്തിച്ചു. രണ്ടാം ലോക യുദ്ധകാലത്ത്‌ ഭക്ഷ്യക്ഷാമവും പകർച്ചവ്യാധിയും രൂക്ഷമായപ്പോൾ പാർടി പ്രവർത്തകരെ അണിനിരത്തി പ്രതിരോധ പ്രവർത്തനം സംഘടിപ്പിച്ചു. ആറോൺ മിൽ സമരം, റെയിൽവേ തൊഴിലാളി പണിമുടക്ക്‌, ട്രാൻസ്‌പോർട്ട്‌ ജീവനക്കാരുടെ സമരം എന്നിവയിലെല്ലാം സഖാവിന്റെ കൈയൊപ്പ്‌ പതിഞ്ഞു.

1947 ജനുവരിയിൽ ബ്രീട്ടീഷ്‌ സർക്കാർ കരുതൽ തടങ്കൽ പ്രകാരം അറസ്‌റ്റുചെയ്‌ത്‌ ജയിലിലടച്ചു. സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ ഭാഗമായി ആഗസ്‌ത്‌ 15നാണ്‌ വിട്ടയച്ചത്‌. 1950 ൽ വീണ്ടും അറസ്‌റ്റുചെയ്‌ത് ഏകാന്ത തടവിലാക്കി. ജയിലിലും പുറത്തും പൊലീസിന്റെയും ഗുണ്ടകളുടെയും ക്രൂരമർദനത്തിനും നിരവധി തവണ ഇരയായി. ഫ്രഞ്ച്‌ ആധിപത്യത്തിൽനിന്നും മാഹിയെ മോചിപ്പിക്കാൻ കമ്യൂണിസ്‌റ്റ്‌ പാർടി നടത്തിയ ധീരമായ പോരാട്ടത്തിലും അഴീക്കോടൻ പങ്കെടുത്തു. വലതുപക്ഷ വ്യതിയാനങ്ങൾക്കും തീവ്ര ഇടതുപക്ഷ ആശയങ്ങൾക്കുമെതിരെ സന്ധിയില്ലാതെ നിലകൊണ്ട സഖാവ്‌ ദീർഘകാലം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top