തൃശൂർ
തന്റെ ഗുരുനാഥനെ കാണാനും അനുഗ്രഹം തേടാനും മന്ത്രി എ കെ ബാലൻ നേരിട്ടെത്തി. തൃശൂർ കോട്ടപ്പുറം നമ്പൂതിരി വിദ്യാലയത്തിന് സമീപത്തെ രാഗമാലികപുരം ലെയ്നിലെ ആറ്റൂർ രവിവർമയുടെ ‘സഹാന'യെന്ന വീട്ടിലാണ് മന്ത്രി നേരിട്ടെത്തി സ്നേഹവിവരങ്ങൾ ചോദിച്ചറിഞ്ഞത്. അസുഖബാധിതനായി വീട്ടിൽ കഴിയുന്ന വിവരം അറിഞ്ഞാണ് മന്ത്രി കവി ആറ്റൂർ രവിവർമയുടെ അടുത്തെത്തിയത്.
കണ്ണൂർ ബ്രണ്ണൻ കോളേജിൽ അധ്യാപകനായിരിക്കെയാണ്, എ കെ ബാലനെ ആറ്റൂർ പഠിപ്പിച്ചത്. കോളേജ് കാലഘട്ടത്തിലും പിന്നീട് കലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലും ആറ്റൂരിനൊപ്പം പ്രവർത്തിക്കാനായിരുന്നു. സംസ്ഥാനത്തെ വിവിധ സർക്കാർ കോളേജുകളിലെ സേവനത്തിനുശേഷം ആറ്റൂർ സാഹിത്യ മേഖലയിലും എ കെ ബാലൻ രാഷ്ട്രീയ രംഗത്തും സജീവമായി. ഇതോടെ സൗഹൃദംപുലർത്താനുള്ള അവസരങ്ങൾ കുറവായി . ആഴ്ചകൾക്കുമുമ്പ് ആറ്റൂർ ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ബാലനും തന്റെ സ്നേഹം നിറഞ്ഞ ശിഷ്യരാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അന്നുമുതൽ ആറ്റൂരിനെ വീണ്ടും നേരിൽക്കാണാൻ മന്ത്രി ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. തുടർന്നാണ് മറ്റു തിരക്കുകളെല്ലാം മാറ്റിവച്ച് മന്ത്രി കാണാൻ എത്തിയത്. ഓർമശക്തിക്ക് നേരിയ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും തന്റെ ശിഷ്യനെത്തിയതോടെ ആറ്റൂർ സന്തോഷവാനായി.
ധർമടത്തെ ബ്രണ്ണൻ കോളേജിലെ അന്നത്തെ അധ്യാപകരുടെയും വിദ്യാർഥികളുടെയും പേരെടുത്ത് പറഞ്ഞ് ഇരുവരും ചർച്ച തുടങ്ങി. എം എൻ വിജയൻ, ഇന്ദുചൂഡൻ, ബി രാജീവൻ തുടങ്ങി ബ്രണ്ണനിലെ മുൻ അധ്യാപകരുടെ നിര ബാലൻ പുറത്തെടുത്തതോടെ, പേരിനൊപ്പം അവരുടെ വിവരങ്ങളും തന്റെ ഓർമയിൽനിന്ന് ആറ്റൂർ പറഞ്ഞുതുടങ്ങി. നേരത്തേ ബ്രണ്ണൻ കോളേജ് തലശേരി ടൗണിൽ പ്രവർത്തിച്ചതും പിന്നീട് ധർമടത്തേക്ക് മാറ്റിയതും ആറ്റൂർ ചൂണ്ടിക്കാട്ടി.
തന്റെ അധ്യാപക ജീവിതത്തിൽ കൂടുതൽ സ്നേഹം ലഭിച്ചതും ഓർത്തുവയ്ക്കാൻ ധാരാളമുള്ളതും ഈ മാതൃകാ കലാലയത്തിലാണെന്ന് ആറ്റൂർ പറഞ്ഞു. 15 മിനിറ്റോളം നീണ്ടു ഇരുവരുടെയും സ്നേഹനിർഭരമായ ചർച്ചകൾ. തുടർന്ന് മകന്റെ വിവാഹം ക്ഷണിച്ചശേഷം യാത്രപറഞ്ഞാണ് അടുത്ത പരിപാടിയായ അന്താരാഷ്ട്രനാടകോത്സം ഉദ്ഘാടനം ചെയ്യാൻ റീജണൽ തിയറ്ററിലേക്ക് മന്ത്രി പോയത്. കേരള സംഗീതനാടക അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായരും മന്ത്രിയോടൊപ്പം ഉണ്ടായി. ആറ്റൂരിന്റെ സഹധർമിണി ശ്രീദേവി, മകൻ ഡോ. പ്രവീൺ, മരുമകൾ ഡോ. ജാനകി, സിപിഐ എം തൃശൂർ ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ എന്നിവരും ആറ്റൂരിന്റെ വസതിയിൽ ഉണ്ടായി.