28 May Thursday

പരിഹസിക്കരുത്‌, ഒറ്റപ്പെടുത്തരുത്‌; ചേർത്തുപിടിക്കാം

റഷീദ‌് ആനപ്പുറംUpdated: Sunday Mar 29, 2020


തിരുവനന്തപുരം
‘മുറിയിൽ അടച്ചിട്ടിരിക്കുകയാണ്‌ അച്ഛൻ.  ഇടയ്‌ക്ക്‌ നിലവിളിയും ആക്രോശവും. വാതിൽ തുറക്കുന്നില്ല. വല്ലാത്ത ഭയത്തിലാണ്‌ ഞങ്ങൾ. ...’ വെള്ളിയാഴ്‌ച വൈകിട്ട്‌ എക്‌സൈസ്‌ ആസ്ഥാനത്തെ വിമുക്തി കൗൺസലിങ്‌ സെന്ററിലേക്ക്‌ വിളിച്ച്‌ കരയുകയാണ്‌  എറണാകുളത്തെ ഒരു യുവതി.  അവർക്ക്‌  നിർദേശം നൽകിത്തീർന്നില്ല. അപ്പോഴേക്കും അടുത്തയാൾ വിളിച്ചു. കൊച്ചിയിലെതന്നെ ഒരു നേവി ഉദ്യോഗസ്ഥന്റെ ഭാര്യ. ‘ഭർത്താവ്‌ ഉറങ്ങുന്നില്ല. ഇടയ്‌ക്കിടെ മാനസിക വിഭ്രാന്തി കാണിക്കുന്നു’ . അവരുടെ വാക്കുകളിലും ഭയം.    

മൂന്ന്‌ കൗൺസലിങ്‌ സെന്ററുകളിലേക്ക്‌ രണ്ട്‌ ദിവസംകൊണ്ട്‌ വന്നത്‌ 300ഓളം ഫോണുകൾ. 104 പേർ ചികിത്സ തേടിയെത്തി. 11 പേരെ അഡ്‌മിറ്റ്‌ ചെയ്‌തു. ഉറക്കമില്ലായ്‌മയാണ്‌  പ്രശ്‌നം. വിറയൽ, ഭയം, തലകറക്കം, ഓർമ കുറവ്‌ തുടങ്ങിയ അവസ്ഥകളും കാണിക്കും. ചെന്നിപോലുള്ള രോഗാവസ്ഥയും മാനസിക വിഭ്രാന്തി ഗുരുതര പ്രശ്‌നങ്ങളും വേറെ. അക്രമകാരികളാകുന്നവരും ഏറെ.  സ്ഥിരം മദ്യപാനികൾക്ക്‌  മദ്യം കിട്ടാതായതോടെ ആൾക്കഹോൾ വിഡ്രോവല്‍ സിൻഡ്രോം കാരണം വലിയ ആരോഗ്യ മാനസിക പ്രശ്‌നങ്ങളാണ്‌  നേരിടുന്നത്‌. ഇതൊരു സാമൂഹ്യ വിപത്തായി മാറാൻ അധികം സമയം വേണ്ട.  

വേണം ചികിത്സ
ചെറിയ  പ്രശ്‌നങ്ങൾക്ക്‌ കൗൺസലിങ്‌ നൽകാം. എന്നാൽ ആൾക്കഹോൾ വിഡ്രോവൽ സിൻഡ്രോം പ്രകടിപ്പിക്കുന്നവർക്ക്‌ ചികിത്സ നിർബന്ധമാണ്‌.  എല്ലാ ജില്ലകളിലും വിമുക്തിയുടെ ഡീ അഡിക്‌ഷൻ സെന്ററുകളുണ്ട്‌. സൈക്യാട്രിസ്‌റ്റിന്റെയും  മറ്റു ഡോക്ടർമാരുടെയും സേവനം ഇവിടെ ലഭ്യമാണ്‌.  പ്രാഥമിക–- കുടുംബാരോഗ്യ–-സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ ലഹരിമുക്ത ചികിത്സാ സൗകര്യമുണ്ട്‌. ചികിത്സകൊണ്ട് സുഖപ്പെടും. പക്ഷേ ചികിത്സിക്കാതിരുന്നാൽ ചിലപ്പോൾ ഗുരുതരാവസ്ഥയിലെത്തിക്കും.

ഒറ്റപ്പെടുത്തരുത്‌
മദ്യം കിട്ടാതെ വരുമ്പോൾ വിഡ്രോവൽ സിൻഡ്രോം പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ  ചെയ്യരുതെന്ന്‌ എക്‌സൈസ്‌ ആസ്ഥാനത്തെ സൈക്കോളജിസ്‌റ്റ്‌ ഡോ. എസ്‌ ലിഷ പറഞ്ഞു. ഇവരെ മുറിയിൽ അടച്ചിടരുത്‌. ഒറ്റയ്‌ക്ക്‌ വിടാനും പാടില്ല.  ഡ്രൈവ്‌ ചെയ്യാൻ അനുവദിക്കരുത്‌. എപ്പോഴും ശ്രദ്ധ വേണം. ലഹരിക്കായി മറ്റേതെങ്കിലും രീതി തെരഞ്ഞെടുക്കരുത്.  –- അവർ പറഞ്ഞു.


 


പ്രധാന വാർത്തകൾ
 Top