28 May Sunday

വില്ലനായി ആഫ്രിക്കൻ പന്നിപ്പനി

ഡോ.എന്‍ അജയന്‍ കൂടല്‍Updated: Sunday Jul 31, 2022

കേരളത്തിൽ സൗത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് വളർത്തുപന്നികളിലും കാട്ടുപന്നികളിലും നിരീക്ഷണം തുടരുകയാണ്. സൂകരസന്നി (ക്ലാസിക്കൽ സ്വൈൻ ഫീവർ), എച്ച്1 എൻ1 (പന്നിപ്പനി) എന്നിവ കേരളത്തിൽ മുമ്പ് പലവട്ടം റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്. വയനാട്ടിൽ കണിയാരം തവിഞ്ഞാലിലെയും മാനന്തവാടിയിലെയും സ്വകാര്യ ഫാമുകളിൽ പന്നികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ഭോപാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ നടത്തിയ പരിശോധനയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

വിഭിന്നമായത്‌

അസ്ഫാർ വൈറിഡേ എന്ന ഡിഎൻഎ വൈറസുകളാണ് ആഫ്രിക്കൻ സ്വൈൻ ഫീവറിന്‌ കാരണം. എച്ച്1 എൻ1 എന്ന പേരിലറിയപ്പെടുന്ന പന്നിപ്പനി (സ്വൈൻ ഫ്ളൂ അഥവാ നോർത്ത് അമേരിക്കൻ സ്വൈൻ ഇൻഫ്ളുവൻസ), ഫ്ളേവി വൈറിഡേ കുടുംബത്തിൽപ്പെട്ട പെസ്റ്റി വൈറസ്  മൂലമുണ്ടാകുന്ന സൂകരസന്നി എന്നിവയിൽനിന്ന് വിഭിന്നമാണ്  ഇ പ്പോൾ കാണുന്ന ആഫ്രിക്കൻ സ്വൈൻ ഫീവർ.

മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരില്ല എന്നതാണ് ആശ്വാസകരം. എങ്കിലും ജാഗ്രത വേണം. രോഗബാധയേറ്റ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങും. കടുത്ത പനി, ശരീരം ചുവന്ന് തടിക്കുക, വിശപ്പില്ലായ്മ, വയറിളക്കം, ചുമ, ശ്വസന പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ മുന്നറിയിപ്പായി കരുതണം. പന്നികളുമായി ഇടപഴകുന്നവർ ജാഗ്രത പുലർത്തണം.  നന്നായി പാകം ചെയ്‌ത പന്നിമാംസമേ കഴിക്കാവൂ. ബിഹാർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടെയെല്ലാം പന്നിപ്പനി സ്ഥിരീകരിച്ചപ്പോൾ തന്നെ കേരളം യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു.

പന്നികളുടെ മരണനിരക്ക് 100 ശതമാനമായതിനാൽ  കർഷകരുടെ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു ആഫ്രിക്കൻ പന്നിപ്പനി. രോഗം പൊട്ടിപ്പുറപ്പെടുന്ന കേന്ദ്രത്തിന് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും കൊല്ലേണ്ടിവരും. പന്നികൾക്ക്‌ നൽകുന്ന ഭക്ഷണാവശിഷ്ടങ്ങളും അടുക്കളമാലിന്യങ്ങളും തിളപ്പിച്ചാറിച്ച്‌ നൽകുക,  ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവ അണുവിമുക്തമാക്കുക, സന്ദർശകരെ ഒഴിവാക്കുക, പുതുതായി എത്തിക്കുന്ന പന്നികളെ ഒരുമാസം ഐസൊലേഷനിൽ പാർപ്പിക്കുക, ഫാം ജീവനക്കാർ വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ കരുതലുകളാകാം. പന്നിഫാമുകളിൽ ബയോസെക്യൂരിറ്റി, മാലിന്യ നിർമാർജനം എന്നിവ കാര്യക്ഷമമാക്കണം. ജാഗ്രത കൂടുതൽ വേണം.

സൂകരസന്നി

ആദ്യകാലങ്ങളിൽ പന്നിപ്പനി പൊതുവിൽ സൂകരസന്നിയെന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. തുടർന്നാണ്‌ ഇവയുടെ പല ഇനങ്ങളുടെ കണ്ടെത്തൽ ഉണ്ടായത്‌. 1853ൽ അമേരിക്കയിലെ ഓഹ്യോയിലാണ്‌ സൂകരസന്നി  ആദ്യമായി കണ്ടെത്തിയത്‌. 1951ൽ  ഇന്ത്യയിലുമെത്തി. രോഗകാരണമായ  പെസ്റ്റേവൈറസുകൾക്ക് ഏത് പ്രതികൂല പരിതസ്ഥിതിയിലും വളരെക്കാലം വീര്യതയോടെ നിലനിൽക്കാനാകും. 56 ഡിഗ്രി സെന്റീഗ്രേഡിനെയും അതിജീവിക്കും. ശീതീകരിച്ച പന്നിമാംസത്തിൽ വർഷങ്ങളോളവും അഴുകിയ മാംസത്തിലും എല്ലുകളുടെ മജ്ജയിലും രോഗാണു ദിവസങ്ങളോളവും ജീവിക്കും. മാലിന്യത്തിൽപ്പെടുന്ന പന്നിയിറച്ചി കഷണങ്ങൾ തീറ്റയിലൂടെ മറ്റ് പന്നികൾക്കും രോഗമുണ്ടാക്കും.
സാധാരണ, തീറ്റയിലൂടെയാണ് രോഗപ്പകർച്ച. രോഗം ബാധിച്ച പന്നിയുടെ എല്ലാ സ്രവങ്ങളിലും വിസർജ്യങ്ങളിലും രോഗാണു കലർന്നിരിക്കും.  

എച്ച്‌ 1 എൻ 1

ഇതും പന്നിപ്പനി (സ്വൈൻ ഫ്‌ളു) തന്നെ. 90 ലെ പക്ഷിപ്പനിക്കുശേഷം 2009 ൽ പ്രത്യക്ഷപ്പെട്ട സ്വൈൻ ഫ്‌ളു പന്നി കാർഷിക വ്യവസായ മേഖലയിലുണ്ടാക്കിയ മാന്ദ്യം ചെറുതല്ല. പന്നികളിൽ ശ്വാസകോശ രോഗമുണ്ടാക്കുന്ന ഇൻഫ്ളുവൻസാ വൈറസിനങ്ങളാണ് സ്വൈൻ ഫ്ളൂവിന് കാരണക്കാർ. എ,ബി,സി എന്നിങ്ങനെയുള്ള ഇൻഫ്ളുവൻസാ വൈറസ് ടൈപ്പുകളിൽ ‘എ' ആണ് ഏറെ അപകടകാരി. ഇവയുടെ ഉപവിഭാഗങ്ങളായ എച്ച്‌1എൻ1, എച്ച്‌1എൻ2,  എച്ച്‌ 3എൻ 2, എച്ച്‌ 2എൻ 3എന്നിവയാണ് സ്വൈൻ ഇൻഫ്ളുവൻസയുണ്ടാക്കുന്നത്.  ഇതിൽ തന്നെ എച്ച്‌1എൻ1 കൂടുതൽ അപകടകാരിയാണ്. പക്ഷിപ്പനി വൈറസുമായി (എച്ച്‌5എൻ1 ) ഇവയ്‌ക്ക്‌ സാമ്യമുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top