കൽപ്പറ്റ
തിരുനെല്ലി കാട്ടിലെ ഔഷധഗുണമുള്ള പച്ചിലകൾ അരച്ചുചേർത്ത കാക്കോത്തി കോഴിയിറച്ചി, കാളിന്ദി തീരത്തെ പച്ചിലകൾ, പനവല്ലിയുടെ മാറിൽ വിളയുന്ന വയനാടൻ നെല്ല്, ബ്രഹ്മഗിരിമലയുടെ തെളിനീര്... ‘അടികമന’യുടെ രസപ്പെരുമ പറഞ്ഞു തീർക്കാനാവില്ല. കൃത്രിമ സ്വാദിന്റെ കലർപ്പില്ലാത്ത ഈ രുചിക്കൂട്ടാണ് ‘അടികമന’യെ വേറിട്ടതാക്കുന്നത്. കുടുംബശ്രീ സഹായത്തോടെ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്താണ് ‘അടികമന’ (നമ്മളുടെ അടുക്കള) എന്ന പേരിൽ ആദിവാസി വനിതകളുടെ കാറ്ററിങ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഇതിപ്പോൾ കുടുംബശ്രീയുടെ ലോ ബജറ്റ് ഹോട്ടൽ കൂടിയാണ്.
തിരുനെല്ലിയിലെ വിവിധ കോളനികളിലെ താമസക്കാരായ റീന, ഉഷ, സരസ്വതി, ദിവ്യ, മീനാക്ഷി, മിനി, എന്നിവരാണ് നടത്തിപ്പുകാർ. ദിവസേന 5000–-6000 രൂപ വരുമാനം ലഭിക്കുന്നു. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയിലുൾപ്പെടുത്തി കുടുംബശ്രീയുടെ രണ്ട് ലക്ഷം രൂപയും ബാങ്ക് വായ്പയുമടക്കം അഞ്ച് ലക്ഷം രൂപ ചെലവിലാണ് സംരംഭം തുടങ്ങിയത്. നാല് മാസംകൊണ്ട് വായ്പ തിരിച്ചടച്ചു.
ജോലിയും വരുമാനവുമില്ലാതെ ഊരുകളിൽ മടിച്ചിരുന്ന തങ്ങൾക്ക് ‘അടികമന’ പുതിയ ജീവിതം നൽകിയതായി റീനയും മിനിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..