22 October Tuesday

നായകനൊത്ത സുന്ദര വില്ലൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019


കൊച്ചി
ആഷിക്‌ അബു സംവിധാനം ചെയ്‌ത 22 ഫീമെയിൽ കോട്ടയം സിനിമയിലെ ഡികെ എന്ന സത്താർ കഥാപാത്രത്തെ ആരും ഇഷ്‌ടപ്പെടും. റിമ കല്ലിങ്കൽ അവതരിപ്പിച്ച ടെസ എന്ന കഥാപാത്രത്തിന്റെ പ്രതികാരങ്ങൾക്ക്‌ സഹായിയാകുമ്പോഴും പ്രതിഫലമായി അവളുടെ ശരീരം അയാൾ ചോദിച്ചു വാങ്ങുന്നുണ്ടെങ്കിലും. ഒരേസമയം കഥാനായികയുടെ ദൗത്യത്തെ സഹായിക്കുന്ന നായകനും അവളുടെ ശരീരം ആവശ്യപ്പെടുന്ന വില്ലനുമാകുന്ന വേഷപ്പകർച്ചകളെ ഒറ്റ സാന്നിധ്യത്തിൽ അനുഭവിപ്പിക്കാൻ  സത്താറിനല്ലാതെ ആർക്കു കഴിയും?

താടിയും മുടിയും നീട്ടിയ ഉയരക്കാരൻ യുവാവായാണ്‌ ആദ്യ സിനിമയായ ‘ഭാര്യയെ ആവശ്യമുണ്ട്‌’ ചിത്രത്തിൽ സത്താർ പ്രത്യക്ഷപ്പെടുന്നത്‌. എം കൃഷ്‌ണൻനായർ സംവിധാനം ചെയ്‌ത ആ സിനിമയ്‌ക്ക്‌ ശേഷം അടുത്തവർഷം എ വിൻസെന്റ്‌ ‘അനാവരണം’  ചിത്രത്തിൽ സത്താറിനെ നായകനാക്കി. നസീറും മധുവും സുധീറുമൊക്കെ നായകന്മാരായി തിളങ്ങി നിൽക്കുമ്പോഴാണ്‌ വിൻസെന്റ്‌ ഈ സാഹസത്തിനൊരുങ്ങിയത്‌. സിനിമയെ ഗൗരവമായി എടുത്തിട്ടില്ലാത്ത അന്ന്‌ തനിക്കതിന്റെ പ്രാധാന്യം മനസ്സിലായില്ലെന്നാണ്‌ പിൽക്കാലത്ത്‌ സത്താർ ഒരു അഭിമുഖത്തിൽ പറഞ്ഞത്‌.

എൺപതുകളിൽ വെള്ളിത്തിരയിൽ തിളങ്ങിനിന്ന ഒട്ടുമിക്ക നായകന്മാരോടും കിടപിടിക്കുന്ന മുഖ സൗന്ദര്യവും ആകാരഭംഗിയും സത്താറിനെ നായകനിരയിൽ പ്രതിഷ്‌ഠിച്ചെങ്കിലും പിന്നീട്‌ പലകാരണങ്ങളാൽ പ്രതിനായക വേഷത്തിലേക്ക്‌ ചുരുങ്ങുകയായിരുന്നു. യത്തീം, യാഗാശ്വം തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ മലയാളത്തിന്‌ പുതിയൊരു നായകഭാവം തന്നെയാണ്‌ സത്താർ നൽകിയത്‌. എന്നാൽ ജയൻ, പ്രേംനസീർ, മധു, സുധീർ, രതീഷ്‌  തുടങ്ങിയവരുടെ നായകവേഷങ്ങൾക്ക്‌ പിന്നിലേക്ക്‌ ഒതുങ്ങുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌. 

സത്താർ ജയഭാരതിക്കും മകനുമൊപ്പം (ഫയൽചിത്രം)

സത്താർ ജയഭാരതിക്കും മകനുമൊപ്പം (ഫയൽചിത്രം)

 

നായക, വില്ലൻ വേഷങ്ങളിൽ തിളങ്ങി നിൽക്കുമ്പോഴാണ്‌ ജയഭാരതിക്കൊപ്പം ബീന എന്ന ചിത്രത്തിൽ അഭിനയിച്ചത്‌. പിന്നീട്‌ ജീവിതത്തിലും ഒരുമിച്ച കൂട്ടുകെട്ടിന്റെ തുടക്കം അതായിരുന്നു. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരിക്കെയാണ്‌ സത്താറുമായുള്ള ജയഭാരതിയുടെ വിവാഹം. എൺപതുകളിൽ മമ്മൂട്ടി, മോഹൻലാൽ താരോദയത്തോടെ സത്താറിന്റെ വില്ലൻ വേഷമുറച്ചു. പിന്നീട്‌ വേഷമിട്ട സിനിമകളെല്ലാം അത്തരത്തിലുള്ളതായിരുന്നു. 1985ൽ ഒറ്റയാൻ എന്ന ചിത്രത്തിൽ ബലാത്സംഗസീനിൽ അഭിനയിച്ചാണ്‌ സത്താർ അത്തരം വേഷങ്ങളിലേക്ക്‌ ചുവടുമാറുന്നത്‌. സിനിമയല്ലേ, അഭിനയമല്ലേ എന്നുമാത്രമാണ്‌ ചിന്തിച്ചതെന്നും പിൽക്കാല ഇമേജ്‌ അത്തരത്തിലാകുമെന്ന്‌ വിചാരിച്ചില്ലെന്നുമാണ്‌ സത്താർ ഇതേക്കുറിച്ച്‌ പറഞ്ഞത്‌. ആദ്യകാലത്ത്‌ അത്തരം വേഷങ്ങൾ ആസ്വദിച്ചിട്ടുണ്ടാകുമെങ്കിലും പ്രേക്ഷകർക്കും സത്താറിനുപോലും മടുപ്പ്‌ പിന്നീട്‌ ബോധ്യപ്പെട്ടിരിക്കണം. തുടർന്നാണ്‌ സിനിമാ നിർമാണത്തിലേക്കും സ്വന്തമായ ബിസിനസിലേക്കും ചുവടുമാറ്റുന്നത്‌.  എന്നാൽ ‘കമ്പോളം’ സിനിമ നിർമിച്ചപ്പോൾ നായകനായത്‌ ബാബു ആന്റണിയായിരുന്നു. രതീഷുമായി ആത്മബന്ധം പുലർത്തിയിരുന്ന സത്താർ ബ്ലാക്ക്‌ മെയിൽ, റിവഞ്ച്‌, അയ്യർ ദി ഗ്രേറ്റ്‌ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. ഒന്നും സാമ്പത്തികമായി മെച്ചമായിരുന്നില്ല. സിനിമയോടുള്ള താൽപ്പര്യം തന്നെയാണ്‌ ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും മടങ്ങിവരവിന്‌ പ്രേരിപ്പിച്ചത്‌.

ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്‌ക്കുശേഷം 2012ൽ സത്താർ അവതരിപ്പിച്ചത്‌ 22 ഫീമെയിൽ കോട്ടയത്തിലെ നായകനെയും പ്രതിനായകനെയും സമന്വയിപ്പിച്ച കഥാപാത്രത്തെയാണ്‌.. ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത വില്ലൻ വേഷങ്ങളും ഇതിനിടെ തേടിയെത്തി. അതും സത്താർ മികവോടെ ഏറ്റെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top