തുണിയുരിഞ്ഞ് പ്രതിഷേധം പരിശീലകര്‍ കുടുങ്ങിയേക്കും

Tuesday Aug 23, 2016

റിയോ > ഗുസ്തി വെങ്കലമെഡല്‍ മത്സരത്തിന്റെ ഫലത്തിനെതിരെ തുണിയുരിഞ്ഞ് പ്രതിഷേധിച്ച മംഗോളിയന്‍ പരിശീലകര്‍ക്കെതിരെ നടപടിക്ക് സാധ്യത. ഫ്രീസ്റ്റൈല്‍ 65 കിലോ വിഭാഗത്തില്‍ ഉസ്ബെക്കിസ്ഥാന്റെ ഇഖ്തിയോര്‍ നവ്റുസോവും മംഗോളിയയുടെ മന്ദഖ്നാരന്‍ ഗാന്‍സോരിഗും തമ്മിലുള്ള മത്സരത്തിന്റെ ഒടുവിലാണ് മംഗോളിയന്‍ താരത്തിന്റെ പരിശീലകര്‍ ഗോദയില്‍ കയറി ഉടുതുണി കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. മുഖ്യ പരിശീലകന്‍ ബയോമ്പാരെഞ്ചിന്‍ ബയോറയും  സെന്‍റെന്‍ബതാര്‍ സോസ്ത്ബയാറുടെയും പ്രതിഷേധത്തിന് പക്ഷേ ഫലമുണ്ടായില്ല.

മത്സരത്തിന്റെ മൂന്നുമിനിറ്റുള്ള രണ്ടാം സെഷനില്‍ 16 സെക്കന്‍ഡ് ശേഷിക്കെ പോയിന്റ് നേടി ഗാന്‍സോരിഗ് 7–6ന് നവ്റുസോവിനെക്കാള്‍ മുന്നിലെത്തിയതായിരുന്നു. ആറ് സെക്കന്‍ഡ് മാത്രം ബാക്കിയുണ്ടായപ്പോള്‍ ജയമുറപ്പിച്ച മംഗോളിയന്‍ താരം നവ്റുസോവിനെ ഗോദയില്‍ വിട്ട് മെഡല്‍നേട്ടം ആഘോഷിക്കാന്‍ തുടങ്ങി.

എന്നാല്‍ ഏവരെയും ഞെട്ടിച്ച് വിധികര്‍ത്താക്കള്‍ നവ്റുസോവിന് ഒരു പോയിന്റ് സമ്മാനിക്കുകയും ഉസ്ബെക്ക് താരത്തെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. മത്സരം അവസാനിക്കുമ്പോള്‍ എതിരാളിയുമായി പോരിലേര്‍പ്പെടാതിരുന്നതിന് ഗാന്‍സോരിഗിന് പിഴയായി ആയിരുന്നു നവ്റുസോവിന് പോയിന്റ് നല്‍കിയത്. സമനിലയായെങ്കിലും അവസാന പോയിന്റ് നേടിയതിനാല്‍ നവ്റുസോവിനെ വിജയിയാക്കുകയും ചെയ്തു.