സിന്ധുവിന് ഗംഭീര വരവേല്‍പ്പ്

Tuesday Aug 23, 2016

ഹൈദരാബാദ്> ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ പി വി സിന്ധുവിന് നാട്ടില്‍ രാജകീയ സ്വീകരണം. പാട്ടും നൃത്തവുമായി സിന്ധുവിന്റെ വരവ് ആഘോഷമാക്കി.

രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ സിന്ധുവിനെയും കോച്ച് പുല്ലേല ഗോപി ചന്ദിനെയും തുറന്ന വാഹനത്തില്‍ ഗച്ചിബൌളി സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. വഴിനീളെ സിന്ധുവിനെ കാണാന്‍ ജനങ്ങള്‍ കാത്തുനിന്നു. മെഡല്‍ കഴുത്തിലണിഞ്ഞ് കൈവീശിയായിരുന്നു യാത്ര. മാതാപിതാക്കളായ പി വി രമണയും വിജയയും ഒപ്പമുണ്ടായിരുന്നു.

സ്പോര്‍ട്സ് പ്രേമികളും കുട്ടികളും നിറഞ്ഞ സ്റ്റേഡിയത്തില്‍ 'സിന്ധു നാടിന്റെ അഭിമാനം' എന്ന ബാനര്‍ ഉയര്‍ത്തി. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരും കായിക സംഘാടകരും  പങ്കെടുത്തു. ദേശീയ പതാകകളുമായാണ് കുട്ടികള്‍ എത്തിയത്. പാട്ടും നൃത്തവും ചടങ്ങ് കൊഴുപ്പിച്ചു.

സ്വീകരണത്തിന് സിന്ധുവും ഗോപി ചന്ദും നന്ദിപറഞ്ഞു. "കഠിനാധ്വാനത്തിലൂടെ വിജയത്തിലെത്താമെന്നതിന്റെ തെളിവാണ് തന്റെ മെഡലെന്ന് സിന്ധു പറഞ്ഞു. ഗോപി ചന്ദിനെപ്പോലൊരു കോച്ചും മാതാപിതാക്കളുടെ പിന്തുണയും ഉണ്ടെങ്കില്‍ നേട്ടം കൈവരിക്കാനാകും''– സ്റ്റേഡിയത്തില്‍ നിറഞ്ഞ കുട്ടികളോടായി സിന്ധു പറഞ്ഞു.  തെലങ്കാന സര്‍ക്കാര്‍ സിന്ധുവിന് അഞ്ചു കോടി രൂപയാണ് പാരിതോഷികം  പ്രഖ്യാപിച്ചത്. പരിശീലനം നടത്തുന്ന അക്കാദമിക്കടുത്ത് വീടുവയ്ക്കാന്‍ ഭൂമിയും സര്‍ക്കാര്‍സര്‍വീസില്‍ ജോലിയും നല്‍കും. ഗോപി ചന്ദിന് ഒരുകോടിയാണ് പാരിതോഷികം.