റിയോയില്‍ വിളക്കണഞ്ഞു; ഇനി ടോക്യോ

Monday Aug 22, 2016

റിയോ > യുസൈന്‍ ബോള്‍ട്ട് ട്രിപ്പിളില്‍ ട്രിപ്പിള്‍ തികച്ച് വിടവാങ്ങിയ റിയോ ഒളിമ്പിക്സില്‍ ദീര്‍ഘദൂര ഓട്ടത്തില്‍ ബ്രിട്ടന്റെ മോ ഫറ ഡബിളില്‍ ഡബിള്‍ തികച്ചു. ലിംഗവിവാദത്തിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെട്ട ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ വനിതകളുടെ 800ല്‍ സ്വര്‍ണം നേടിയതാണ് റിയോ അത്ലറ്റിക്സിന്റെ അവസാനദിനത്തിലെ മറ്റൊരു പ്രധാന സംഭവം.

അമേരിക്കയുടെ കിരീടധാരണത്തോടെയാണ് 31–ാം ഒളിമ്പിക്സിന് സമാപനമായത്. അടുത്ത ലോക കായികമേള 2020ല്‍ ജപ്പാനിലെ ടോക്യോയില്‍ അരങ്ങേറും. എട്ടുവര്‍ഷംമുമ്പ് ആതിഥേയരായ ചൈനയ്ക്കു പിന്നില്‍ രണ്ടാമതായിരുന്നു അമേരിക്ക. എന്നാല്‍, കഴിഞ്ഞതവണ അമേരിക്ക തിരിച്ചെത്തിയപ്പോള്‍ ചൈന രണ്ടാംപടിയിലേക്കിറങ്ങി. ഇക്കുറി  43 സ്വര്‍ണം, 37 വെള്ളി, 37 വെങ്കലം ഉള്‍പ്പെടെ 117 മെഡലാണ് അമേരിക്ക നേടിയത്. ചൈനയെ പിന്തള്ളി രണ്ടാംപടിയിലേക്കു കയറിയ ബ്രിട്ടന് 27 സ്വര്‍ണം ഉള്‍പ്പെടെ 66 മെഡലുണ്ട്. മൂന്നാംസ്ഥാനത്ത് ചൈനയ്ക്ക് 26 സ്വര്‍ണം, 70 മെഡല്‍. ആറുവീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമുള്ള ബ്രസീല്‍ 14–ാം സ്ഥാനം കരസ്ഥമാക്കി. പി വി സിന്ധുവിന്റെ വെള്ളിയും സാക്ഷി മാലിക്കിന്റെ വെങ്കലവുമുള്ള ഇന്ത്യ 66–ാം പടിയിലാണ്.

മോ ഫറ അയ്യായിരത്തില്‍ സ്വര്‍ണം നേടി ഡബിള്‍ തികച്ചു. നേരത്തെ പതിനായിരത്തിലാണ് ഫറ സ്വര്‍ണം നേടിയത്. ലണ്ടനിലും ഇതേ നേട്ടം കൈവരിച്ചിരുന്നു. പുരുഷ, വനിതാ 4–400 മീറ്റര്‍ റിലേകളില്‍ സ്വര്‍ണം നേടി അമേരിക്ക ഈയിനത്തിലെ ആധിപത്യം കാത്തു.

പുരുഷ ഫുട്ബോളില്‍ സൂപ്പര്‍താരം നെയ്മറിന്റെ നേതൃത്വത്തിലുള്ള ബ്രസീല്‍ ടീം സ്വര്‍ണം നേടി. അഞ്ചുവട്ടം ലോക ചാമ്പ്യന്‍മാരായ ബ്രസീലിന്റെ കന്നി ഒളിമ്പിക്സ് കിരീടമാണിത്. പെനല്‍റ്റി ഷൂട്ടൌട്ടില്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെയാണ് ആതിഥേയര്‍ മറികടന്നത്.  വനിതാ ബാസ്ക്കറ്റ്ബോളില്‍ അമേരിക്ക ഇരട്ട ഹാട്രിക് തികച്ചു. സ്പെയിനിനെ തോല്‍പ്പിച്ചാണ് അവര്‍ തുടര്‍ച്ചയായ ആറാം സ്വര്‍ണം നേടിയത്.

ഗുസ്തിയില്‍ യോഗേശ്വര്‍ ദത്ത് യോഗ്യതാറൌണ്ടില്‍ പുറത്തായി. മാരത്തണില്‍ മലയാളിയായ ടി ഗോപിയും ഖേതാറാമും സ്വന്തം സമയം മെച്ചപ്പെടുത്തി യഥാക്രമം 25, 26 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. നിതേന്ദ്ര സിങ്ങ് 84–ാം സ്ഥാനത്താണ്.