ബോള്‍ട്ട്, ഫറാ വരുന്നു പിന്നാലെ

Monday Aug 22, 2016

റിയോ > ദീര്‍ഘദൂരത്തിലെ യുസൈന്‍ ബോള്‍ട്ടായ മുഹമ്മദ് മുക്താര്‍ ജമാ മൊ ഫറാ ഡബിള്‍ ഡബിള്‍ തികച്ചു. അയ്യായിരത്തില്‍ സ്വര്‍ണം നേടിയാണ് ബ്രിട്ടീഷ് താരമായ മോ ഫറാ ഇരട്ടനേട്ടം ഇരട്ടിയാക്കിയത്. ലണ്ടനില്‍ 5000, 10,000 മീറ്ററില്‍ സ്വര്‍ണം നേടിയ ഫറാ റിയോയിലും അതാവര്‍ത്തിച്ചു.
ലണ്ടനിലെ ഇരട്ടകിരീടവുമായി റിയോയിലെത്തിയ ഫറാ 10,000 നിലനിര്‍ത്തിയാണ് ചരിത്രത്തിലേക്കുള്ള പ്രയാണം തുടങ്ങിയത്. ഞായറാഴ്ച രാവിലെ നടന്ന അയ്യായിരത്തില്‍ 13 മിനിറ്റ് 03.30 സെക്കന്‍ഡിന് ഫിനിഷ്ചെയ്ത് ഫറാ ലണ്ടന്‍നേട്ടം ആവര്‍ത്തിച്ചു. അമേരിക്കയുടെ പോള്‍ ചെലിമോ (13.03.90) വെള്ളിയും എത്യോപ്യയുടെ ഹാഗോസ് ജെബ്രിവെറ്റ് (13:04.45) വെങ്കലവും കരസ്ഥമാക്കി.

ലാസെ വിറെനുശേഷം രണ്ടു ഒളിമ്പിക്സുകളില്‍ 5000, 10,000 സ്വര്‍ണം നേടുന്ന ആദ്യതാരമാണ് ഫറാ. ഈ നേട്ടത്തോടെ ലോക, ഒളിമ്പിക് വേദികളില്‍ ബ്രിട്ടീഷ്താരത്തിന് ഒമ്പതു മെഡലായി. ഒളിമ്പിക്സിനു പുറമെ ലോക ചാമ്പ്യന്‍ഷിപ്പിലും ഡബിള്‍ ഡബിളുണ്ട് ഫറായ്ക്ക്. 2013 മോസ്കോ, 2015 തേഗു ചാമ്പ്യന്‍ഷിപ്പുകളിലാണ് 5000, 10,000 മീറ്ററില്‍ സ്വര്‍ണം നേടിയത്. 2011 തേഗുവില്‍ അയ്യായിരത്തില്‍ സ്വര്‍ണവും പതിനായിരത്തില്‍ വെള്ളിയും.

ഏഴുദിവസത്തിനിടയില്‍ 10,000 ഫൈനലും 5000 ഹീറ്റ്സും ഫൈനലും ഓടേണ്ടിവന്നത് ശാരീരികമായി ബാധിച്ചിരുന്നു. തളര്‍ച്ചയും കടുത്ത സമ്മര്‍ദവുമുണ്ടായിരുന്നുവെന്ന് മത്സരശേഷം ഫറാ വെളിപ്പെടുത്തുന്നതുവരെ ആരും തിരിച്ചറിഞ്ഞില്ല. ഒരു ചാമ്പ്യന്റെ, പോരാളിയുടെ മുഖഭാവവും ശരീരഭാഷയുമായാണ് മത്സരത്തിന് തയ്യാറെടുത്തത്. പേര് വിളിച്ചപ്പോള്‍ ഒരു ബോക്സിങ് താരത്തെപ്പോലെ അന്തരീക്ഷത്തില്‍ മുഷ്ടിചുരുട്ടി ഇടിച്ചു.

മത്സരം തുടങ്ങിയപ്പോള്‍ ഫറാ പതിവുപോലെ പിറകിലായിരുന്നു. മറ്റുള്ളവരുടെ ഓട്ടം കൊഴുക്കുന്നതുവരെ പിറകില്‍ത്തുടര്‍ന്നു. കുതിച്ചോടി ഹാഗോസ് ജെബ്രിവെറ്റ് മുന്നില്‍ക്കയറി. ഇതോടെ മറ്റുള്ളവരും വേഗംകൂട്ടി. മുന്നിലോടിയ ജെബ്രിവെറ്റിനു പിന്നില്‍ ഒന്നിച്ചണിനിരന്നവരില്‍ ആറാമനായി ഫറായും കൂടി. നാലു ലാപ്പുകള്‍ ശേഷിക്കേ ഫറാ ഒന്നാമനായി. കൂട്ടുകാരനെ സംരക്ഷിച്ച് ബ്രിട്ടീഷ്താരം ആന്‍ഡ്രു ബുച്ചാര്‍ഡ് രണ്ടാമതും. അവസാന ലാപ്പിനുള്ള ബെല്‍ മുഴങ്ങിയപ്പോള്‍ മുന്നിലുള്ള ഫറായ്ക്ക് തൊട്ടുപിന്നിലായി ആറുപേര്‍. 250 മീറ്റര്‍ ശേഷിക്കെ ജെബ്രിവെറ്റ് മുന്നില്‍. കുതിച്ച ഫറാ വീണ്ടും മുന്നില്‍. പിന്നെ ചരിത്രത്തിലേക്കുള്ള വന്‍ കുതിപ്പ്. അവസാന 400 മീറ്റര്‍ 52.83 സെക്കന്‍ഡിനാണ് ഓടിത്തീര്‍ത്തത്.

തോല്‍ക്കാന്‍ എനിക്കു മനസ്സില്ല–മത്സരശേഷം ഫറാ പറഞ്ഞു. പതിനായിരത്തിനുശേഷം തളര്‍ന്നുപോയി. കാലുകള്‍ക്ക് പഴയ കരുത്തില്ലാത്തതുപോലെ. പക്ഷേ, എനിക്കൊരിക്കലും തോല്‍ക്കാനാകില്ല. തോല്‍ക്കുക എന്ന പദം എന്റെ നിഘണ്ടുവിലില്ല–ഫറാ പറഞ്ഞു.

ലണ്ടനില്‍ നേടിയ ആദ്യ രണ്ടു സ്വര്‍ണം ഇരട്ടകളായ അമാനിക്കും അയിഷക്കും നല്‍കി. റിയോയിലെ 10,000 മീറ്റര്‍ സ്വര്‍ണം മൂത്തമകള്‍ റിഹാനയ്ക്ക്. ഏറ്റവും ഇളയവന്‍ ഹുസൈനോടും സ്വര്‍ണം തരാമെന്നു വാഗ്ദാനംചെയ്തിരുന്നു. അയ്യായിരത്തില്‍ അതു നേടി ഹുസൈനോടുള്ള വാക്കുപാലിച്ചു. കുട്ടികള്‍ അതു കഴുത്തിലണിഞ്ഞു നടക്കട്ടെ–നേടിയ മെഡലുകള്‍ കുട്ടികള്‍ക്ക് സമര്‍പ്പിക്കുന്നതിനനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫറായുടെ പ്രതികരണം ഇങ്ങനെ. അവര്‍ക്കുവേണ്ടിയാണ് താനിതു നേടുന്നതെന്നും സ്നേഹനിധിയായ ഈ പിതാവ് അഭിമാനത്തോടെ പറയുന്നു.