18 February Monday

തയ‌്‌വാനിലും മഞ്ഞക്കുപ്പായ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Dec 28, 2018

തായ‌്പേയ‌് > ഫ്രാൻ‌സിൽനിന്ന‌് പ്രചോദനം ഉൾക്കൊണ്ട് തയ്‌വാനിലും മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം. നികുതിവ്യവസ്ഥ പരിഷ്കരിക്കണമെന്നും‌‌‌ അധികനികുതി കുറയ‌്ക്കണമെന്നും ആവശ്യപ്പെട്ട‌് പതിനായിരങ്ങളാണ് പ്രതിഷേധവുമായി തായ‌്പേയിലെ സാമ്പത്തിക മന്ത്രാലയത്തിനു മുന്നിൽ ഒത്തുകൂടിയത‌്. 

2016ൽ സ്ഥാപിച്ച ആക്ടിവിസ് ഗ്രൂപ്പ് ടാക്സ് ആൻഡ് ലീഗൽ റിഫോം ലീഗിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ നടന്ന  പ്രതിഷേധത്തിനൊടുവിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന‌് അധിക ഇന്ധന നികുതി പിൻവലിക്കേണ്ടി വന്നിരുന്നു. മുഴുവൻസമയ തൊഴിലാളികൾക്ക് മിനിമം വേതനം വർധിപ്പിക്കൽ ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും സമരക്കാർ നേടിയെടുത്തു. “ഫ്രാൻസിലെ പ്രക്ഷോഭത്തിനൊടുവിൽ മാക്രോണിന് മുട്ടുമടക്കേണ്ടി വന്നത് ഞങ്ങൾക്ക് പ്രചോദനമായി, ഞങ്ങളുടെ പ്രസിഡന്റ് ഈ പ്രതിഷേധം കേൾക്കുമെന്ന് ഉറപ്പുണ്ട‌്’–- ടാക്സ് ആൻഡ‌് ലീഗൽ റിഫോം ലീഗിന്റെ മാധ്യമപ്രതിനിധി വാങ് ചിഹ് ലാൻ പറഞ്ഞു.  ബെൽജിയം, നെതർലൻഡ്സ്, ഈജിപ്ത്, സ്പെയിൻ, ലെബനൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളില്ലേക്കും മഞ്ഞക്കുപ്പായ പ്രതിഷേധം വ്യാപിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top