14 December Saturday

അമേരിക്കൻ അട്ടിമറിനീക്കത്തിനെതിരെ വെനസ്വേലൻ ജനത

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

കാരക്കാസ്‌> ബൊളീവിയക്കു പിന്നാലെ വെനസ്വേലയിലും ഇടതുപക്ഷ ഭരണം അട്ടിമറിക്കാൻ അമേരിക്ക നീക്കം ശക്തമാക്കിയതോടെ പ്രതിഷേധവുമായി വെനസ്വേലൻ ജനത. അട്ടിമറി ലക്ഷ്യമിട്ട്‌ വലതുപക്ഷനേതാവ്‌ ഹുവാൻ ഗുവായ്‌ദോ ശനിയാഴ്‌ച തലസ്ഥാനമായ കാരക്കാസിൽ റാലി സംഘടിപ്പിച്ചതിന്‌ മറുപടിയായിക്കൂടിയാണ്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോയുടെ സോഷ്യലിസ്റ്റ്‌ സർക്കാരിന്‌ പിന്തുണയുമായി  ജനങ്ങൾ തെരുവിലിറങ്ങിയത്‌. അമേരിക്കയ്‌ക്കും വലതുപക്ഷത്തിനുമെതിരെ മുദ്രാവാക്യങ്ങളുമായി വിവിധ തെരുവുകളിലൂടെ നീങ്ങിയ ജനങ്ങൾ പ്രസിഡന്റിന്റെ വസതിയായ മിറാഫ്ലോസിന്‌ ചുറ്റും സംഗമിച്ചു.

പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയോടെയാണ്‌ ഗുവായ്‌ദോയുടെ അട്ടിമറിനീക്കം. കഴിഞ്ഞവർഷം നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം സ്വയം   പ്രസിഡന്റായി അവകാശപ്പെടുന്ന ഗുവായ്‌ദോയെയാണ്‌ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും അംഗീകരിക്കുന്നത്‌.

ബൊളീവിയയിലെ അട്ടിമറിക്ക്‌ പിന്നാലെ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ വെനസ്വേലയ്‌ക്കും നിക്കരാഗ്വായ്‌ക്കുമെതിരെ ഭീഷണി മുഴക്കിയിരുന്നു. ശനിയാഴ്‌ച യുഎസ്‌ വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെൻസ്‌, കലാപത്തിനൊരുങ്ങുന്ന വലതുപക്ഷ അട്ടിമറിക്കാർക്കൊപ്പം ചേരാൻ വെനസ്വേലൻ പട്ടാളത്തോട്‌ ആവശ്യപ്പെട്ടിരുന്നു.  ഇതിന്‌ മറുപടിയായാണ്‌ സോഷ്യലിസ്‌റ്റ്‌ സർക്കാരിനെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയുമായി പതിനായിരക്കണക്കിനാളുകൾ പ്രകടനം നടത്തിയത്‌.
അമേരിക്കൻ സേനയുടെ ദക്ഷിണ കമാൻഡും വെനസ്വേലയിൽ അട്ടിമറിക്ക്‌ ആഹ്വാനംചെയ്‌തിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top