21 April Sunday
കഴുത്ത്‌ ഞെരിച്ച ശേഷം അപ്പം വാഗ‌്ദാനം ചെയ്യുന്നത‌് എന്തിന‌്

വെനസ്വേല; 'തടഞ്ഞുവച്ച പണം നൽകിയ ശേഷം മാനുഷിക പരിഗണന നൽകി സഹായിച്ചാൽ മതി': മഡൂറോ

വെബ് ഡെസ്‌ക്‌Updated: Sunday Feb 10, 2019

കറാക്കസ‌് > തടഞ്ഞുവച്ച പണം നൽകിയ ശേഷം വെനസ്വേലയ‌്ക്ക‌്  മാനുഷിക പരിഗണന നൽകി സഹായിച്ചാൽ മതിയെന്ന‌് പ്രസിഡന്റ‌് നിക്കോളാസ‌് മഡൂറോ. കഴുത്തു ഞെരിച്ച‌് പിടിച്ചിട്ട‌് അപ്പം വാഗ‌്ദാനം ചെയ്യുന്നതെന്തിനാണ‌്. സഹായിക്കാൻ മനസ്സുണ്ടെങ്കിൽ ആവശ്യസാധനങ്ങൾ കുക്കുട്ടയ്ക്ക‌്(കൊളംബിയ –- വെനസ്വേല അതിർത്തിയുള്ള നഗരം)  കൊടുക്കണം‌. അവിടെയാണ‌് വെനസ്വേലയെക്കാൾ കൂടുതൽ ആവശ്യക്കാരുള്ളത‌്. രാജ്യത്ത‌് ഭക്ഷണക്ഷാമം നേരിടുന്നത‌് അമേരിക്ക എണ്ണക്കമ്പനിയായ പിഡിവിഎസ‌്‌എയിൽ നടത്തിയ ഉപരോധം മൂലമാണ‌് –- മഡൂറോ മാധ്യമ പ്രവർത്തകരോട‌് പറഞ്ഞു.

വ്യാജ സഹായവാഗ‌്ദാനങ്ങളുമായി വരുന്നവരെ പ്രതിരോധിക്കും. വെനസ്വേലയിൽ ‘മാനുഷിക പരിഗണന’ ആവശ്യപ്പെട്ട‌് സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച  ജുവാൻ ഗുഅയ‌്ഡോ രംഗത്തെത്തിയിരുന്നു.  എന്നാൽ, സഹായമഭ്യർഥിക്കാൻ തങ്ങൾ ഭിക്ഷ യാചിക്കുന്നവരല്ലെന്ന‌് മഡൂറോ തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ പ്രതിനിധികളും  ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും വെനസ്വേലയിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ പ്രസിഡന്റ‌് തെരഞ്ഞെടുപ്പ‌് വേണമെന്നാവശ്യപ്പെട്ടിരുന്നു.
പുതിയ തെരഞ്ഞെടുപ്പ‌് വേണമെന്ന‌് പറയുന്നത‌്  ഗൂഢാലോചനയാണ‌് . ചരിത്രത്തിലുടനീളം മാനുഷികപരിഗണനയുടെ പേരിൽ മുതലാളിത്തരാജ്യങ്ങൾ, വികസ്വര രാജ്യങ്ങളിലെ ഭരണത്തിൽ കൈകടത്താനാണ‌് ശ്രമിച്ചിട്ടുള്ളത‌്. ലാറ്റിൻ അമേരിക്കയിൽ വർഷങ്ങളായി ഈ പ്രവണത നടന്നുവരികയാണ‌്.

ഗുഅയ‌്ഡോ ആവശ്യപ്പെടുന്ന ‘മാനുഷികപരിഗണന’ വാഷിങ‌്ടൺ ഗൂഢാലോചന അല്ലാതെ മറ്റൊന്നുമല്ല. ജനുവരി 23നാണ‌് ഭരണഘടനയ്ക്ക‌് വിരുദ്ധമായി സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച ഗുഅയ‌്ഡോയ്ക്ക‌് പിന്തുണ നൽകി അമേരിക്കയും മറ്റ‌് വലതുപക്ഷരാജ്യങ്ങളുമെത്തിയത‌്. സമാധാനചർച്ചയ്ക്കായി ഗുഅയ‌്ഡോയേ നിരന്തരം ക്ഷണിച്ചിരുന്നെങ്കിലും ഇതുവരെ തയ്യാറായില്ല.


പ്രധാന വാർത്തകൾ
 Top