വാഷിങ്ടൺ
അമേരിക്കൻ തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് സ്റ്റേറ്റ് തെരഞ്ഞെടുപ്പ് അധികൃതർ പറഞ്ഞു. വോട്ട് തിരിമറി നടത്തിയെന്ന ട്രംപിന്റെ വാദം തള്ളിയ അധികൃതർ നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും സുരക്ഷിത തെരഞ്ഞെടുപ്പായിരുന്നെന്നും പറഞ്ഞു.
തനിക്ക് ലഭിച്ച 27 ലക്ഷം വോട്ട് ഒരു ഉപകരണം ഉപയോഗിച്ച് മായ്ച് കളഞ്ഞെന്ന അടിസ്ഥാനരഹിതമായ ആരോപണം വീണ്ടും ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ട്രംപിനെ തള്ളി അധികൃതർ രംഗത്തുവന്നത്.
വോട്ടുകൾ ഇല്ലാതാക്കുകയോ നഷ്ടപ്പെടുകയോ വോട്ടുകൾ മാറ്റുകയോ ഏതെങ്കിലും വിധത്തിൽ വിട്ടുവീഴ്ച ചെയ്യുകയോ ചെയ്തതായി തെളിവുകളൊന്നുമില്ലെന്ന് ഫെഡറൽ തെരഞ്ഞെടുപ്പ് സുരക്ഷാ സംഘത്തിനു കീഴിലുള്ള ഇലക്ഷൻ ഇൻഫ്രാസ്ട്രക്ചർ ഗവൺമെന്റ് കോ–-ഓർഡിനേറ്റിങ് കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പെൻസിൽവാനിയയിലും മറ്റു സംസ്ഥാനങ്ങളിലുമായി തന്റെ 27 ലക്ഷം വോട്ട് ബൈഡന് ലഭിച്ചെന്നാണ് ട്രംപിന്റെ ആരോപണം. ബൈഡന്റെ വിജയം അംഗീകരിക്കാൻ തയ്യാറാകാത്ത ട്രംപ് സംഘം നടത്തുന്ന അടിസ്ഥാനരഹിത ആരോപണങ്ങളിൽ പുതിയതാണ് ഇത്.
ആളുകൾ അവരുടെ നിലപാട് വ്യക്താക്കിക്കഴിഞ്ഞു. ജോ ബൈഡൻ വിജയിച്ചു. ഒപ്പം കമല ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റാകുമെന്നും ഡെമോക്രാറ്റും പ്രതിനിധി സഭാ സ്പീക്കറുമായ നാൻസി പെലോസി പറഞ്ഞു.
യാഥാർഥ്യം അംഗീകരിക്കാത റിപ്പബ്ലിക്കന്മാർ ഗൂഢാലോചനാ സിദ്ധാന്തം സൃഷ്ടിച്ച് ജനാധിപത്യത്തെ വിഷലിപ്തമാക്കുകയാണെന്ന് സെനറ്റിലെ ന്യൂനപക്ഷ നേതാവ് ചക് ഷുമെ പറഞ്ഞു.അതേസമയം, ബൈഡന്റെ വിജയം അംഗീകരിക്കാത്ത നിലപാടിനെതിരെ വലിയ വിമർശമാണ് ഉയരുന്നത്. ട്രംപിനൊപ്പം പ്രവർത്തിച്ച ചിലരുൾപ്പെടെ 161 മുൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ, ബൈഡന്റെ വിജയം ട്രംപ് ഭരണകൂടത്തിന്റെ നിലപാട് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ അപകടമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..