വാഷിങ്ടൺ
അമേരിക്കൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ 120 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്തവണത്തേത്. അമേരിക്കൻ തെരഞ്ഞെടുപ്പ് വിലയിരുത്തുന്ന‘യുഎസ് ഇലക്ഷൻ പ്രോജക്ട്’ എന്ന നിഷ്പക്ഷ സൈറ്റിലെ വിവരമനുസരിച്ച് 23.9 കോടി വോട്ടർമാരിൽ 16 കോടിയോളം പേരാണ് ഇത്തവണ വോട്ട് ചെയ്തത്. വോട്ടെണ്ണൽ പൂർത്തിയാവുമ്പോഴേ കൃത്യമായ കണക്ക് അറിയാനാവൂ.
ഇത്തവണത്തെ പോളിങ് ശതമാനം 66.9 ശതമാനം എന്നാണ് കണക്കാക്കിയിട്ടുള്ളത്. 1990ൽ രേഖപ്പെടുത്തിയ 73.7 ശതമാനമാണ് ഏറ്റവും ഉയർന്ന പോളിങ്. അക്കാലത്ത് പക്ഷേ, വെള്ളക്കാരായ പുരുഷന്മാർക്ക് മാത്രമായിരുന്നു പൊതുവിൽ വോട്ടവകാശം. ചില സംസ്ഥാനങ്ങളിൽ കറുത്ത പുരുഷന്മാർക്കും വോട്ടവകാശം കിട്ടിയിരുന്നു.
ഈ വർഷം മിന്നെസൊട്ട, മെയ്ൻ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും ഉയർന്ന പോളിങ്. രണ്ടിടത്തും 79.2 ശതമാനം. 78.6 ശതമാനവുമായി അയോവ തൊട്ടുപിന്നിൽ. ഇതിൽ മെയ്നും അയോവയും ട്രംപിനും മിന്നെസൊട്ട ബൈഡനും ലഭിച്ചു.
കൊളറാഡോ(77.1), മാസച്യൂസെറ്റ്സ്(73.4), മിഷിഗൻ(73.5), ഫ്ലോറിഡ(72.9), മൊണ്ടാന (72.3), മേരിലൻഡ്(72.2), കണക്ടിക്കട്ട്(71.1), ഡെലവേർ(70.8) എന്നിവയാണ് 70 ശതമാനത്തിന് മുകളിൽ പോളിങ്ങുള്ള മറ്റ് സംസ്ഥാനങ്ങൾ. പ്രാഥമിക കണക്കനുസരിച്ച് അർകൻസാസിലാണ് ഏറ്റവും കുറവ്(56.1).
അമേരിക്ക പോളിങ് ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്നായതിനാൽ ഇത്തവണത്തെ ഉയർന്ന പോളിങ് ശതമാനം ശ്രദ്ദേയമാണെന്ന് ടൈം മാസിക പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..