ഓസ്ലോ
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ക്യൂബയെ വീണ്ടും ഉൾപ്പെടുത്തിയ അമേരിക്കയുടെ നടപടിയെ എതിർത്ത് വിവിധ രാജ്യങ്ങൾ രംഗത്ത്. പാശ്ചാത്യ ചേരിയിലുള്ള നോർവേ അമേരിക്കൻ തീരുമാനത്തെ ശക്തമായി വിമർശിച്ചു.
ചൈനയും കടുത്ത ഭാഷയിൽ പ്രതികരിച്ചു. നിരവധി സംഘടനകൾ, അമേരിക്കൻ കോൺഗ്രസിലെ അംഗങ്ങൾ, മത സംഘടനകൾ, ക്യൂബൻ കുടിയേറ്റ സമൂഹം എന്നിവയും നടപടിക്കെതിരെ രംഗത്തുവന്നു.
അമേരിക്കയുടെ ഏകപക്ഷീയമായ നടപടി ഖേദകരമാണെന്ന് നോർവേ വിദേശമന്ത്രി ഇനെ എറിക്സൺ സൊറീദെ പറഞ്ഞു. ഡോണൾഡ് ട്രംപിന്റെ ഈ നീക്കം ഇരു രാജ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പ്രക്രിയക്ക് എതിരാകുമെന്നും ക്യൂബയും നോർവേയും കൊളംബിയയിൽ സമാധാനം കൊണ്ടുവരുന്നതിൽ ഒന്നിച്ചാണ് പ്രവർത്തിച്ചതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. തെളിവില്ലാതെ ക്യൂബയെ ഭീകരവാദപ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണെന്ന് ചൈന പ്രതികരിച്ചു. അമേരിക്കയുടെ മനോഭാവം ക്യൂബയോട് മാത്രമല്ല; ചൈനയുടെ വ്യാപാരമേഖലയോടും എതിരാണെന്ന് ചൈനീസ് വിദേശമന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഹുവ ചുൻയിങ് പറഞ്ഞു.
അമേരിക്കൻ ഉപരോധത്തിനെതിരെ രംഗത്തുവന്ന അന്താരാഷ്ട്ര സമൂഹത്തെ ക്യൂബ നന്ദി അറിയിച്ചു. വിവിധ രാജ്യങ്ങളോടും സംഘടനകളോടും നന്ദിയുള്ളതായി വിദേശമന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..