05 July Tuesday

ഉക്രയ്‌നിൽ 60 ദിനം പിന്നിട്ട് യുദ്ധം

വെബ് ഡെസ്‌ക്‌Updated: Monday Apr 25, 2022

കീവ്‌ > യുദ്ധം 60 ദിവസം പൂർത്തിയാക്കിയ ദിനത്തിൽ അതിജീവിനപ്രതീക്ഷയില്‍ ഈസ്റ്റർ ആഘോഷിച്ച് ഉക്രയ്ന്‍ ജനത. റഷ്യൻ ഓർത്തഡോക്‌സ്‌ സഭാ കലണ്ടർ പിന്തുടരുന്ന റഷ്യയിലും ഉക്രയ്‌നിലും മറ്റിടങ്ങളേക്കാൾ ഒരാഴ്‌ച വൈകിയാണ്‌ ഈസ്റ്റർ. പ്രത്യാശ കൈവിടരുതെന്നും ഉക്രയ്‌നിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും പ്രസിഡന്റ്‌ വ്ലോദിമിർ സെലൻസ്കി പറഞ്ഞു. 51 ലക്ഷത്തിലേറെപേരാണ് രണ്ടമാസത്തിനിടെ ഉക്രയ്‌നില്‍ നിന്നും പലായനം ചെയ്‌ത‌ത്. ഫെബ്രുവരി 24ന്‌ പുലർച്ചെയാണ്‌ റഷ്യ ഉക്രയ്‌നില്‍ സൈനികനടപടി ആരംഭിച്ചത്‌.

●ഞായറാഴ്ചയും കിഴക്കൻ പ്രദേശത്ത്‌ റഷ്യയുടെ രൂക്ഷമായ ആക്രമണം.  ലുഹാൻസ്കിൽ എട്ടുപേർ കൊല്ലപ്പെട്ടു.
●ഉക്രയ്‌ൻ അതിർത്തിക്ക്‌ 60 കിലോമീറ്റർ അടുത്ത്‌ റഷ്യ ‘ഇസ്കാൻഡർ എം’ മൊബൈൽ റോക്കറ്റ്‌ ലോഞ്ചർ സ്ഥാപിച്ചതായി റിപ്പോര്‍ട്ട്.
●മരിയൂപോളിലെ അസോവ്‌സ്തലിൽ ഉരുക്കുപ്ലാന്റിലേക്ക്‌ റഷ്യ വ്യോമാക്രമണം തുടരുന്നു. ഉരുക്കുശാലയിൽ 1000 സാധാരണക്കാരും 2-000 ഉക്രയ്‌ൻ സൈനികരും കുടുങ്ങിയതായി റിപ്പോർട്ട്‌.
●മരിയൂപോളിൽ റഷ്യ 20,000 സാധാരണക്കാരെ കൊന്നതായി ഉക്രയ്‌ൻ.
●ഡോൺബാസ്‌ മേഖലയിലെ സ്ലോവിയൻസ്ക്‌ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്‌.
●ഖെർസണിലെ റഷ്യൻ കമാൻഡ്‌ പോസ്റ്റ്‌ തകർത്തതായി ഉക്രയ്‌ൻ. ഇവിടുണ്ടായിരുന്ന 50 റഷ്യൻ സൈനികരെപ്പറ്റി വിവരമില്ല.
●നിപ്രോയിലെ പാവ്‌ലൊറാഡിൽ വെടിമരുന്നും സ്‌ഫോടകവസ്തുക്കളും നിർമിക്കുന്ന ഫാക്ടറി തകർത്തതായി റഷ്യ.  ഒറ്റ രാത്രിയിൽ 423 ലക്ഷ്യങ്ങളിൽ ആക്രമണം നടത്തുകയും 26 സൈനികകേന്ദ്രം തകർത്തെന്നും റഷ്യന്‍ മാധ്യമങ്ങള്‍.
●യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്റ്റിനും കീവിൽ.
●ഉക്രയ്‌നുമുമ്പ്‌ റഷ്യ സന്ദർശിക്കാനുള്ള യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ തിരുമാനം യുക്തിരഹിതമെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലാദിമിർ സെലൻസ്‌കി. ചൊവ്വാഴ്‌ച മോസ്കോയിലും വ്യാഴാഴ്ച കീവിലുമാണ്‌ ഗുട്ടെറസിന്റെ സന്ദർശനം.

സമാധാനാഹ്വാനവുമായി മാർപാപ്പ

വത്തിക്കാൻ സിറ്റി > റഷ്യയും ഉക്രയ്‌നും ഈസ്റ്റർ ആഘോഷിച്ചപ്പോൾ യുദ്ധവിരാമത്തിന്‌ വീണ്ടും ആഹ്വാനം ചെയ്ത്‌ ഫ്രാൻസിസ്‌ മാർപാപ്പ. റഷ്യയുടെ ഉക്രയ്‌ൻ ആക്രമണം തുടങ്ങി രണ്ടുമാസമായെന്നും യുദ്ധം വഷളാവുകയാണെന്നും അദ്ദേഹം സെന്റ്‌ പീറ്റേഴ്‌സ്‌ സ്ക്വയറിൽ വിശ്വാസികളോട്‌ പറഞ്ഞു. ഉയിർത്തെഴുന്നേൽപ്പിനെ കുറിക്കുന്ന മണിശബ്ദത്തേക്കാൾ യുദ്ധകോലാഹലങ്ങൾ മുഴങ്ങിക്കേൾക്കുന്നു. ആക്രമണം അവസാനിപ്പിക്കണമെന്നും ദുരിതത്തിലായ ജനങ്ങളെ സഹായിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top