20 July Saturday

ന്യൂയോർക്ക‌് ടൈംസ‌് വെളിപ്പെടുത്തൽ; റഷ്യൻ വൈദ്യുതി ശൃംഖല ആക്രമിക്കാൻ യുഎസ‌് പദ്ധതി

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

ന്യൂയോർക‌്> വെനസ്വേലയിലേതുപോലെ റഷ്യൻ വൈദ്യുതി ശൃംഖലയിലും സൈബർ ആക്രമണം നടത്താൻ അമേരിക്ക പദ്ധതിയിട്ടതായി ന്യൂയോർക‌് ടൈംസിന്റെ റിപ്പോർട്ട‌്. യുഎസ‌് താൽപ്പര്യങ്ങളിൽ ഇടപെടുന്ന "റഷ്യയോട‌് പ്രതികാരം’ ചെയ്യാൻ അമേരിക്കൻ സർക്കാർ റഷ്യൻ സംവിധാനം ഹാക്ക‌് ചെയ്യാനുള്ള സോഫ‌്റ്റ‌്‌വെയർ സ്ഥാപിച്ചുകഴിഞ്ഞതായി വിരമിച്ചവരും അല്ലാത്തവരുമായ ഉദ്യോഗസ്ഥരാണ‌് വെളിപ്പെടുത്തിയത‌്.

എന്നാൽ, ഈ സൈബർ ആയുധങ്ങളുടെ പ്രഹരശേഷി വ്യക്തമല്ല. അമേരിക്കയുടെ സൈബർ ആക്രമണം യാഥാർഥ്യമായാൽ റഷ്യ ഇരുട്ടിൽ മുങ്ങും. വെനസ്വേലയിൽ അമേരിക്ക നടത്തിയ വൈദ്യുതിയുദ്ധം ഒരു പരീക്ഷണമായിരുന്നെന്ന‌് തെളിയിക്കുന്നതാണ‌് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്ന‌ാണ‌് ന്യൂയോർക‌് ടൈംസ‌ിലെ വാർത്ത.

തങ്ങളുടെ സഖ്യത്തിന‌ു പുറത്തുള്ള രാഷ്ട്രങ്ങൾക്കുമേൽ അമേരിക്ക ഇത്തരം ആക്രമണം തുടർന്നേക്കുമെന്നും അതിനുള്ള ഒരു പരീക്ഷണമായിരുന്നു വെനസ്വേലയിലെ ആക്രമണമെന്നുമാണ‌് വിദഗ‌്ധർ പറയുന്നത‌്. അമേരിക്കയിൽ ഇടപെടാനുള്ള റഷ്യയുടെയും മറ്റു രാജ്യങ്ങളുടെയും ശ്രമങ്ങൾക്ക‌് തിരിച്ചടി ഉണ്ടാകുമെന്ന‌് കഴിഞ്ഞ ദിവസം അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ‌് ജോൺ ബോൾട്ടൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, റഷ്യയുടെ നേരെയുള്ള സൈബർ ആക്രമണത്തെക്കുറിച്ച‌് അദ്ദേഹം പ്രതികരിച്ചില്ല.

അതേസമയം, സൈബർ പദ്ധതികൾ സ്വതന്ത്രമായി നടപ്പാക്കാനുള്ള യുഎസ‌് കോൺഗ്രസിന്റെയും വൈറ്റ‌് ഹൗസിന്റെയും അനുമതി പെന്റഗൺ നേടി. അമേരിക്കൻ സംവിധാനങ്ങൾ യുദ്ധകാലത്ത‌് നിശ്ചലമാക്കാൻ കഴിവുള്ള കംപ്യൂട്ടർ സോഫ‌്റ്റ‌്‌വെയർ റഷ്യ തയ്യാറാക്കിയിട്ടുണ്ടെന്ന‌് യുഎസ‌് അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ‌് ഇൻവെസ്റ്റിഗേഷനും (എഫ‌്ബിഐ) റിപ്പോർട്ട‌് ചെയ‌്തു. അമേരിക്കയുടെ നീക്കം ശീത സൈബർ യുദ്ധത്തിലേക്ക‌് നയിച്ചേക്കുമെന്ന‌് വിമർശകർ അഭിപ്രായപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top