22 February Saturday

തുർക്കിയിൽ ഭൂകമ്പം: 29 മരണം

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

ഇലാസിഗ്‌ > കിഴക്കൻ തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. 6.8 തീവ്രതയിൽ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സിവ്‌റിസാണ്‌. സിറിയ, ലെബനൻ, ഇറാഖ്‌, ഇറാൻ തുടങ്ങിയ അയൽരാജ്യങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. മലാത്യയിൽ മാത്രമായി 1500 പേർ ദുരന്തബാധിതരായി.

പ്രസിഡന്റ്‌ റിസെപ്‌ തയ്യിപ്‌ എർദോഗൻ  ഇസ്‌താംബുളിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ച്‌ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ എല്ലാവിധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ടെന്ന്‌ എർദോഗൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഇലാസിഗിൽനിന്ന്‌ മാത്രമായി 43 പേരെ രക്ഷപ്പെടുത്തിയിരുന്നു. 19 പേരോളം ഇപ്പോഴും കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്‌. 3500 രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്ത്‌ തെരച്ചിൽ നടത്തുന്നുണ്ട്‌.  എന്നാൽ, കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ശാശ്വതമല്ലെന്നാണ്‌ നാട്ടുകാർ ആരോപിക്കുന്നത്‌. നിലവിൽ 72 കെട്ടിടം തകർന്നടിഞ്ഞു. 514 കെട്ടിടം പൂർണമായും 409 കെട്ടിടം ഭാഗികമായും നശിച്ചു.


പ്രധാന വാർത്തകൾ
 Top