12 November Tuesday

സൗദിയില്‍ ധന, ഇന്‍ഷ്വറന്‍സ് മേഖലയിലെ 13,000 തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നു

അനസ് യാസിന്‍Updated: Thursday Oct 17, 2019

മനാമ >  സൗദിയില്‍ വിവിധ ധനകാര്യ, ഇന്‍ഷ്വറന്‍സ് മേഖലകളിലെ സ്ഥാപനങ്ങളില്‍ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നു. സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയുടെ (സാമ) മേല്‍നോട്ടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ 13,000 തസ്തികകളാണ് സ്വദേശികള്‍ക്കു മാത്രമാക്കി പരിമിതപ്പെടുത്തിയത്.

 ബാങ്കുകള്‍, വിദേശ ബാങ്ക് ശാഖകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, റീ-ഇന്‍ഷ്വറന്‍സ് കമ്പനികള്‍, വിദേശ ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ഫിനാന്‍സ് കമ്പനികള്‍, റീ-ഫിനാന്‍സ് കമ്പനികള്‍, കോണ്‍ട്രാക്ട് രജിസ്ട്രേഷന്‍ കമ്പനികള്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍, മണി എക്സ്ചേഞ്ചുകള്‍, പെയ്മെന്റ്-ഫിനാന്‍ഷ്യല്‍ ടെക്നോളജി കമ്പനികള്‍, ഫ്രീ പ്രൊഫഷന്‍ കമ്പനികള്‍ എന്നിവയാണ് കേന്ദ്ര ബാങ്കിന്റെ മേല്‍നോട്ടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

 ഇത്തരം കമ്പനികളിലെ മാനവ വിഭവശേഷി മാനേജര്‍, ഗവേണന്‍സ് മാനേജര്‍ (ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറി), ഫിനാന്‍ഷ്യല്‍ എക്സിക്യൂഷന്‍ വിഭാഗം മാനേജര്‍, ഐടി മാനേജര്‍, സൈബര്‍ സെക്യൂരിറ്റി മാനേജര്‍, കോംപ്ലിയന്‍സ് മാനേജര്‍, പണം വെളുപ്പിക്കല്‍-ഭീകരതക്കുള്ള ഫണ്ടിംഗ് വിരുദ്ധ വിഭാഗം മാനേജര്‍, ലീഗല്‍ മാനേജര്‍, ഇന്‍ഷുറന്‍സ് കമ്പനികളിലെ കസ്റ്റമര്‍ കെയര്‍ വിഭാഗം മാനേജര്‍, വാഹന ഇന്‍ഷുറന്‍സ് ക്ലെയിം വിഭാഗം മാനേജര്‍, ഇന്‍ഷുറന്‍സ് കമ്പനികളിലെ റീട്ടെയില്‍ സെയില്‍സ് മാനേജര്‍ എന്നീ തസ്തികകളാണ് സ്വദേശിവല്‍ക്കരിച്ചത്.

 ഇതില്‍ ഏതെങ്കിലും സ്ഥാപനങ്ങളില്‍ ഉന്നത തസ്തികകളില്‍ വിദേശികളെ നിയമിക്കേണ്ട ആവശ്യം വരികയാണെങ്കില്‍ ഇത്തരം തസ്തികകളില്‍ നിയമിക്കുന്നതിന് മതിയായ യോഗ്യയുള്ള സൗദികളെ കിട്ടാനില്ല എന്ന കാര്യം സ്ഥാപനങ്ങള്‍ തെളിയിക്കണം. കൂടാതെ ഈ തസ്തികകളില്‍ വിദേശികള്‍ക്കു പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതിയും സ്ഥാപനങ്ങള്‍ തയാറാക്കി സാമക്ക് സമര്‍പ്പിക്കണം.
ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെയും ഇത്തരം തസ്തികകളില്‍ നിയമിക്കാനുദ്ദേശിക്കുന്നവരുടെയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്.

 സ്വകാര്യ മേഖലയിലെ നിരവധി തൊഴിലുകള്‍ സ്വദേശികള്‍ക്കു മാത്രമായി നേരത്തെ തന്നെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പരിമിതപ്പെടുത്തിയിട്ടുണ്ട്.

 സീനിയര്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍, എംപ്ലോയീസ് അഫയേഴ്സ് മാനേജര്‍, എംപ്ലോയീസ് അഫയേഴ്സ് ക്ലാര്‍ക്ക്, പേഴ്സണല്‍ റിലേഷന്‍സ് മാനേജര്‍, പേഴ്സണല്‍ അഫയേഴ്സ്‌സ്പെഷ്യലിസ്റ്റ്, പേഴ്സണല്‍ അഫയേഴ്സ് ക്ലാര്‍ക്ക്, റിക്രൂട്ട്മെന്റ് ക്ലാര്‍ക്ക്, ഡ്യൂട്ടി റൈറ്റര്‍, ജനറല്‍ റിസപ്ഷനിസ്റ്റ്, ഹോട്ടല്‍ റിസപ്ഷനിസ്റ്റ്, ഹോസ്പിറ്റല്‍ റിസപ്ഷനിസ്റ്റ്, കംപ്ലയിന്റ് ക്ലാര്‍ക്ക്, കാഷ്യര്‍, സെക്യൂരിറ്റി ഗാര്‍ഡ്, ഗവണ്‍മെന്റ് റിലേഷന്‍സ് ഓഫീസര്‍, താക്കോല്‍ കോപ്പി ചെയ്യുന്ന വിദഗ്ധന്‍, കസ്റ്റംസ് ക്ലിയറന്‍സ് ഓഫീസര്‍, ലേഡീസ് ഷോപ്പ് ജീവനക്കാരികള്‍, ജ്വല്ലറി, മൊബൈല്‍ ഫോണ്‍ കട ജീവനക്കാര്‍ എന്നീ തൊഴിലുകളാണ് സൗദിവല്‍ക്കരിച്ചത്. 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top